സംഘ് പാളയത്തിന് പറ്റിയ ആളുതന്നെ പി.സി; കാരണങ്ങൾ

566

Vishnu Vijayan  എഴുതുന്നു
എന്തൊക്കെ പറഞ്ഞാലും പി.സി ജോർജ് കൊള്ളാം, എന്തും വിളിച്ചു പറയാനുള്ള പുള്ളിക്കാരൻ്റെ ആ ധൈര്യമൊക്കെ ഒരു സംഭവമാണ്.

ഇങ്ങനെ ഡയലോഗ് അടിച്ചു നടക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം നിഷ്പക്ഷ/അരാഷ്ട്രീയ വർഗ്ഗം നെഞ്ചേറ്റി നടക്കുന്ന കേരള രാഷ്ട്രീയത്തിലെ ഷെമ്മിയാണ് പിസി ജോർജ്ജ് എന്ന നേതാവ്.

Vishnu Vijayan

ഈ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ വേണ്ടതെല്ലാം അതാത് കാലത്ത് അയാൾ നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ്, അവയിൽ ചിലത് ശ്രദ്ധിച്ചു നോക്കൂ.

നടിയെ അക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനെ പിന്തുണച്ച്
പിസി ജോർജ്ജ് പറഞ്ഞത്.

നിര്‍ഭയയേക്കാള്‍ ക്രൂരമായ രീതിയിൽ നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു ഷൂട്ടിങ്ങിന് വരുന്നത് എങ്ങനെയാണ് ! ബലാത്സംഗം കഴിഞ്ഞുവെങ്കില്‍ പെണ്ണുങ്ങള്‍ക്ക് ശരിക്കൊന്ന്‌ നടക്കാനൊക്കുമോ എന്നാണ് !

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമത്തെ കുറിച്ചുള്ള ചർച്ചയിൽ പറഞ്ഞത് ഇങ്ങനെ, കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ആരെങ്കിലും സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല, സ്ത്രീക്ക് പുരുഷന്റെ ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയില്‍ അല്ല, മാന്യതയുള്ള പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങി നടക്കില്ല എന്നും.

നീ ആണാണെന്നും എന്തിനാണ് പെണ്ണിനെ പോലെ ഇങ്ങനെ വേഷം കെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് അധിക്ഷേപിച്ചത് ട്രാന്‍സ്‍ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രോജക്ട് ഓഫീസറായ ശ്യാമ എസ് പ്രഭയെയാണ്.

ജസ്നയുടെ തിരോധാനത്തില്‍ പറഞ്ഞത്, പിതാവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധമുണ്ടെന്നാണ് അവളുടെ അച്ഛനെ പിടിച്ചു ശരിക്കൊന്നു ചോദ്യം ചെയ്താല്‍ മകൾ എവിടെയാണെന്ന സത്യം മണി മണിയായി പുറത്തു വന്നേക്കും എന്നാണ്

കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു. ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം. അവര്‍ പരിശുദ്ധകളാണോ എന്ന് അപ്പോള്‍ അറിയാമെന്നും, ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീകളെ വെടികൾ എന്നു പോലും പരസ്യമായി വിളിച്ച ആളാണ് പിസി ജോർജ്ജ്.

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ബിജെപി എംഎല്‍എ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ഇതേ വിഷയത്തില്‍ സര്‍ക്കാർ നിലപാടിനെയും സ്ത്രീകളെയും അധിക്ഷേപിച്ച് പ്രസംഗിക്കുകയും ചെയ്തിരുന്നു.

ഒരു വർഷം മുൻപ് പി സി ജോർജ് ഒരു ദളിത് വൈദികനെ കുറിച്ചു പറഞ്ഞത് മറന്നോ !

ഞാന്‍ ചിന്തിച്ചു, ഇയാള്‍ എങ്ങനെ ചന്തകള്‍ക്കൊപ്പം കൂടിയെന്ന് ! അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ജനിച്ചതാണ് പോരെ, അവന്‍ വൈദികനായി. എങ്ങനെ സഭ നന്നാകും ! പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്.

ദിലീപിന് പിന്തുണ.

ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണ.

അക്രമിക്കപ്പെട്ട നടിയെ പരസ്യമായി അപകീർത്തിപ്പെടുത്തൽ.

കന്യാസ്ത്രീകളെ കുറിച്ച് പരസ്യമായി അവഹേളനം നടത്തൽ.

സ്ത്രീ വിരുദ്ധത.

ട്രാൻജെൻ്റഡ് വിരുദ്ധത.

ദളിത് വിരുദ്ധത.

ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്തു നിയമസഭയിൽ കറുപ്പ് വസ്ത്രം ധരിച്ച് വരുക.

ഇങ്ങനെ ഒരാൾ എന്തുകൊണ്ട് സംഘ് പാളയത്തിൽ ഐക്യപ്പെടാൻ ഇത്രത്തോളം വൈകിയതെന്നാണ് ആലോചിക്കുന്നത്. ബ്രാഹ്മണിക്കൽ പാട്രിയാർക്കി ഉയർത്തി പിടിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിൽ മുന്നിൽ നിർത്താൻ കഴിയുന്ന ഇതിലും മികച്ചൊരു ഓപ്ഷൻ വേറെയില്ല.

സ്ത്രീ/ദളിത്/ട്രാൻജെൻ്റഡ് വിരുദ്ധ അരാഷ്ട്രീയ കൂട്ടമേ നിങ്ങൾ ഇനിയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണം ആ നാവിൽ നിന്ന് വരുന്ന മൊഴിമുത്തുകൾ…