കൊള്ളസംഘങ്ങൾക്ക് എന്തുപറ്റി ?

721

Peeyaar Shiju എഴുതുന്നു 

“അല്ലോളീ, ഇപ്പ കൊള്ളസംഘൊന്നൂല്യേ?” ജോസ് പ്രകാശിനെ ‘റോട്ടുമ്മല് ‘ വച്ച് കണ്ട കോഴിക്കോട്ടുകാരന്റെ സംശയത്തിലെ തമാശ വിടുക. എന്നിട്ടോർത്തു നോക്കുക. എവിടെപ്പോയി നമ്മുടെ കൊള്ളസംഘങ്ങൾ? എത്ര നാളായി അസ്സല്, ലക്ഷണമൊത്ത ഒരു കൊള്ളസംഘത്തെ കണ്ടിട്ട്?

Peeyaar Shiju
Peeyaar Shiju

എന്തായിരിക്കും കൊള്ളസംഘങ്ങൾക്കു പറ്റിയിട്ടുണ്ടാവുക? നമുക്കറിയാം, സാമ്പത്തിക ഉദാരവത്കരണത്തിനു ശേഷം പരമ്പരാഗത കള്ളക്കടത്ത് അത്ര ലാഭകരമല്ലാത്ത ഏർപ്പാടായി മാറി. ഇലക്ട്രോണിക് സാധനങ്ങളുടെ കടത്തൊന്നും കള്ളക്കടത്തേ അല്ലാതായി. കസ്റ്റംസിനെ വെട്ടിച്ച് താരാദാസ് കൊണ്ടുവന്നിരുന്ന റെക്കോഡ് പ്ലെയറും ട്രാൻസിസ്റ്ററും പെർഫ്യൂമുമെല്ലാം കച്ചവടം ചെയ്ത് എത്ര പേരാണ് കഴിഞ്ഞിരുന്നത്, കടപ്പുറത്ത്! ബോംബെ ഡോക്കിൽ ഇലക്ട്രോണിക്സ് ഗുഡ്സ് കടത്തിയിരുന്നവർ സ്വർണത്തിലേക്കും പിന്നെ ഡ്രഗ്സിലേക്കും ഒടുവിൽ ആയുധങ്ങളിലേക്കുമൊക്കെ മാറിയതാണ് ഇന്ത്യൻ അധോലോകത്തിന്റെ ചരിത്രം. അങ്ങനെ മാറിയിരിക്കാൻ ഒരു സാധ്യതയുമില്ലാത്ത, ആര്യനിലെ കുതിരവട്ടം പപ്പു ജൂഹു കടപ്പുറത്തെ വാച്ചു കച്ചവടമൊക്കെ പൊളിഞ്ഞ് എന്തായോ എന്തോ? ഒരുപക്ഷേ വിദർഭയിലെ പരുത്തിക്കർഷകർക്കു മുമ്പേ ഉദാരവത്കരണത്തിനു മുന്നിൽ ജീവിതം വച്ച് കീഴടങ്ങിയത് പരമ്പരാഗത കള്ളക്കടത്തുകാരാവാം. നാർക്കോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ് എന്നു ജാക്കി വിലക്കിയിട്ടും ശേഖരൻ കുട്ടി ആ വഴിക്കു തന്നെ പോയത് ഇതൊക്കെ മുൻകൂട്ടി കണ്ടാവണം.

എന്നുവച്ച് സകലതിനും ഉത്തരവാദി ഉദാരവത്കരണമാണെന്ന് പറയാമോ? കൊള്ളസംഘങ്ങളുടെ ഭാഗത്തും നിശ്ചയമായും തെറ്റുണ്ട്. പ്രി ലിബറലൈസേഷൻ ഇറയിലെ ഏതെങ്കിലും കൊള്ളസംഘ രംഗം കണ്ടിട്ടുള്ളവർക്ക് അറിയാം, യാതോരു കോസ്റ്റ് ബെനിഫിറ്റ് അനാലിസിസും നടത്താതെയായിരുന്നു Related imageഅവരുടെ വർക്ക് മോഡൽ. വലിയൊരു ചക്രം തിരിച്ച് ഭിത്തിയിൽ ഒളിപ്പിച്ചു വച്ച വാതിൽ തുറന്നാണ് ഒട്ടുമിക്ക കൊള്ള സങ്കേതങ്ങളിലേക്കും പ്രവേശനം. അന്നത്തെ സാങ്കേതിക വിദ്യ വച്ചുള്ള മെക്കാനിക്കൽ സംവിധാനമാവണം അത്‌. അകത്തേക്കു കടന്നാൽ പല സൂചനകൾക്കായി പലവിധ ബൾബുകൾ, അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് സന്ദേശങ്ങൾ നൽകാനുള്ള ശബ്ദസംവിധാനം, അസിസ്റ്റൻറ് കൊള്ളക്കാർ പിടിച്ചു കൊണ്ടുവരുന്ന സിഐഡികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട് കൊള്ളത്തലവന് പൊട്ടിച്ചിരിക്കാൻ ക്ലോസ്ഡ് സർക്യൂട്ട് ടിവി. ഇത്രയും മെയിന്റയിൻ ചെയ്യാൻ തന്നെ വലിയൊരു ഇ ആൻഡ് സി വിങ് വേണ്ടി വരും. (മീറ്റർ പുറത്തു വയ്ക്കാൻ പറ്റാത്തതു കൊണ്ട് കൊള്ള സങ്കേതത്തിന് കെഎസ്ഇബി കണക്ഷൻ കിട്ടിയിട്ടുണ്ടാവില്ല, ജനറേറ്ററിൽ ആയിരുന്നിരിക്കും പ്രവർത്തനം. ഡീസൽ വില നിയന്ത്രണം നീക്കിയത് അവർക്ക് ഇരുട്ടടിയായിക്കാണും)

Related imageസങ്കേതത്തിനുള്ളിൽ എവിടെ കാമറ വച്ചാലും ഫ്രെയ്മിൽ വരുന്ന തടിമാടന്മാരായ ഗുണ്ടകളെ വിടുക, കാരണം സെക്യൂരിറ്റി ഈ ബിസിനസിൽ കോംപ്രമൈസിന് സാധ്യതയില്ലാത്ത ഒന്നാണ്. എന്നാൽ കൾച്ചറൽ വിങ്ങിന്റെ കാര്യം അതല്ല. കൊള്ളത്തലവൻ കൈ രണ്ടുവട്ടം അടിക്കുമ്പോൾ നിരനിരയായി എത്തുന്ന നർത്തകികൾ. കരോക്കെയല്ല, സ്വന്തം ഓർക്കസ്ട്ര, പാട്ടുകാർ. ചെലവ് താങ്ങാനാവാതെ എഫ് എ സി ടി കഥകളി ക്ലബിനേയും ട്രാവൻകൂർ ടൈറ്റാനിയം ഫുട്ബോൾ ടീമിനേയും ഡിസ് ബാൻഡ് ചെയ്തപ്പോഴും കൊള്ളസംഘങ്ങൾ സാംസ്കാരിക വിഭാഗം നിലനിർത്തിപ്പോന്നെന്നാണ് ഓർമ.

വരവ് കുറവും ചെലവ് കൂടുതലുമുള്ള ഏത് കമ്പനിയേയും പോലെ കൊള്ളസംഘം നിർത്താൻ Related imageതീരുമാനിച്ചപ്പോൾ എങ്ങനെയാവും അവർ അത് എക്‌സിക്യൂട്ട് ചെയ്തിട്ടുണ്ടാവുക? പിടയ്ക്കുന്ന ഹൃദയത്തോടെയാവും അവർ അവസാനത്തെ കള്ളക്കടത്ത് നടത്തിയിട്ടുണ്ടാവുക. അന്നു രാത്രിസംഘത്തിന്റെ ഫുൾ കോർട്ട് വിളിച്ചു ചേർത്ത് കൊള്ളത്തലവൻ ഒരു വിടവാങ്ങൽ പ്രസംഗം നടത്തിയിട്ടുണ്ടാവും. കൊള്ളസംഘത്തിലെ എന്റെ സഹോദരീ സഹോദരന്മാരേ എന്നയാൾ അഭിസംബോധന ചെയ്തപ്പോൾ അവർ ദീർഘമായി കൈയടിച്ചിട്ടുണ്ടാവും. ഒടുവിൽ കൊള്ള മുതലുകൾ അവസാനത്തെയാൾക്കു വരെ വീതിച്ചു നൽകി, ജോണി എന്ന മുതലയെ മാത്രം തനിക്കായെടുത്ത് അയാൾ രഹസ്യകോഡുകൾ ഇല്ലാത്ത രാത്രിയിലേക്ക് ഇറങ്ങിയിട്ടുണ്ടാവും.

(ഉദാരവത്കരണം ജോണി എന്ന മുതലയോട് ചെയ്തത്)

Advertisements