വിജയ് ബാബു നായകനായ പെൻഡുലം എന്ന പുതിയ മലയാള സിനിമയുടെ പ്രമേയമായ ലൂസിഡ് ഡ്രീം എന്താണ് ?

 അറിവ് തേടുന്ന പാവം പ്രവാസി

​👉മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ സിനിമ എന്ന വിശേഷണത്തോടുകൂടി തിയറ്ററുകളിലെത്തിയ പെൻഡുലം എന്ന ചിത്രത്തിൽ പ്രധാന പ്രമേയമായെത്തുന്നത് സ്വപ്നങ്ങളും ലൂപ്പുകളുമാണ്.’ലൂസിഡ് ഡ്രീംസ്’ എന്ന വിഷയത്തെക്കുറിച്ച് പ്രേക്ഷകർക്ക് പുതിയൊരു അറിവ് നൽകുന്ന ചിത്രം കൂടിയാണ് പെൻഡുലം. കഥയിലെ പ്രധാന കോൺഫ്ലിക്ട് എന്ന് പറയുന്നത് സ്വപ്നവും യാഥാർത്ഥ്യം നടക്കുന്ന കാലഘട്ടങ്ങൾ രണ്ടാണ് എന്നതാണ്. രണ്ട് കാലഘട്ടങ്ങളിൽ നിൽക്കുന്ന ചില കഥാപാത്രങ്ങൾ തങ്ങൾ പോലുമറിയാതെ മറ്റുള്ളവരുടെ സ്വപ്നങ്ങളിലേക്ക് കടന്നു കയറുന്നതോടെ കഥാപാത്രങ്ങൾക്കൊപ്പം ആശയക്കുഴപ്പത്തിലാകുന്നത് പ്രേക്ഷകർ കൂടിയാണ്.

സാധാരണയായി നമ്മൾ സ്വപ്നം കാണുമ്പോൾ നമ്മുടെ ബോധമനസ്സ് ഉപബോധമനസ്സിനെ ചുമ്മാ മേയാൻ വിട്ട് ഒന്നിനെയും കണ്ട്രോൾ ചെയ്യാൻ നോക്കാതെ ഇരിക്കുവായിരിക്കും. പക്ഷെ എങ്ങാനം ഈ ഉറങ്ങിക്കിടക്കുന്ന ബോധമനസ്സിലെ control freak ഉണർന്നാൽ നമുക്ക് നമ്മുടെ സ്വപ്നത്തിൽ എന്താ നടക്കുന്നത് എന്ന് നിയന്ത്രിക്കാൻ കഴിയുമത്രേ! അതെ !സ്വപ്നമായ യാഥാർത്ഥ്യമാണ് – “ലൂസിഡ് ഡ്രീം”.

ഉറക്കത്തിൽ സ്വപ്നം കാണുന്നയൊരാൾക്ക് അത് സ്വപ്നമാണെന്ന് തിരിച്ചറിയാൻ സാധിച്ചാൽ ആ വ്യക്തിക്ക് തുടർന്ന് കെെവന്നേക്കാവുന്ന സ്വപ്നാന്തരമായ അവസ്ഥ. ആ ഒരൊറ്റ ക്ഷണിക നിമിഷത്തിൽ തുടങ്ങി ആ വ്യക്തിക്ക് സ്വപ്നത്തെ സ്വപ്നമാകുന്ന യാഥാർത്ഥ്യതയിലേക്ക് നയിക്കുവാൻ സാധിച്ചേക്കും.ഞാന്‍ സ്വപ്നത്തില്‍ ആണ് എന്ന് തിരിച്ചറിയുന്നതാണ് ലൂസിഡ് ഡ്രീം. പലര്‍ക്കും സ്വമേധയാ ലൂസിഡ് ഡ്രീം അനുഭവപ്പെടാറുണ്ട് . എന്നാല്‍ അവര്‍ അപ്പോള്‍ തന്നെ ഉണര്‍ന്നു പോവുകയോ മറന്നു പോവുകയോ ചെയ്യുന്നു. പരിധിയില്ലാത്ത സാങ്കല്‍പ്പിക ലോകം ആയത് കൊണ്ട് ലൂസിഡ് ഡ്രീം ഒരു പ്രത്യേക അനുഭവം ആണ്.സ്വപ്നം കാണുകയാണെന്ന് സ്വപ്നത്തിൽ തന്നെ നിങ്ങൾ മനസ്സിലാക്കുന്നതിനെയാണ് ലൂസിഡ് ഡ്രീം എന്നു പറയുന്നത്. സ്വപ്നത്തിന്റെ മധ്യത്തിലാണ് ഇത്തരം സ്വപ്നങ്ങൾ ആരംഭിക്കുക. പറക്കുക , മരിച്ച ഒരാളെ കാണുക പോലുള്ള അസാധാരണമായ കാര്യങ്ങൾ ശ്രദ്ധയിൽ പെടുമ്പോളാണ് ഇത് സംഭവിക്കുക. ലൂസിഡ്‌ ഡ്രീം സമയത്ത് സ്വപ്ന കഥാപാത്രങ്ങൾ, ആഖ്യാനം, പരിസ്ഥിതി എന്നിവയിൽ സ്വപ്‌നം കാണുന്നയാൾക്ക് കുറച്ച് നിയന്ത്രണം നേടാം.

എന്നിരുന്നാലും, ഒരു സ്വപ്നത്തെ ലൂസിഡ്‌ ഡ്രീം എന്ന് വിശേഷിപ്പിക്കാൻ ഇത് യഥാർത്ഥത്തിൽ ആവശ്യമില്ല.സ്വപ്നത്തെ നിയന്ത്രിക്കുന്നതിനെ യാണ് ലൂസിഡ് ഡ്രീം എന്ന് പറഞ്ഞാൽ പൂർണ്ണമായും ശരിയല്ല . ലുസിഡിറ്റിയിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര നിയന്ത്രണം നൽകാനാവും.ആവശ്യാനുസരണം വളരെ കുറച്ചോ അല്ലെങ്കിൽ മുഴുവനുമായോ.ഇത് രണ്ട് രീതിയിൽ സംഭവിക്കാം. ഒന്ന് നിങ്ങൾ ഒരു സ്വപ്നം കാണുന്നു.ആ സ്വപ്നത്തിന്റെ ഒഴുക്കിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ലൂസിഡിറ്റി സംഭവിക്കുകയും അസാധാരണ മായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുക. ഉദാഹരണം പറക്കണമെന്ന് ആഗ്രഹിച്ച് പറക്കുക.നടക്കുന്ന സ്വപ്നം സ്വപ്നമാണെന്ന് തിരിച്ചറിയുകയും അതോടൊപ്പം അതിൽ ആഗ്രഹിക്കുന്ന കാര്യങ്ങളും കൂട്ടിച്ചേർക്കുകയും ചെയ്യാം.

രണ്ടാമത്തെ രീതി സ്വപ്നം അപ്പാടെ തന്നെ മാറ്റിയെടുക്കുക എന്നതാണ്.ഡ്രീം പശ്ചാത്തലം, കഥ, അതുമല്ലെങ്കിൽ നിങ്ങളെ തന്നെ മാറ്റാം. ഇതത്ര എളുപ്പമല്ല .സ്വപ്നം കാണുന്നയാളുടെ ആത്മ വിശ്വാസത്തിനനുസരിച്ചിരിക്കും ഇതെല്ലാം. സ്വപ്നലോകത്ത് സാധിക്കാത്തതായി ഒന്നുമില്ലെന്ന് തന്നെ പറയാം.പലപ്പോഴും നമ്മുടെ ചുറ്റും നടക്കുന്ന പ്രധാന കാര്യങ്ങൾ നാം കാണാറുണ്ട് അതിനെ മനസ്സിൽ സൂക്ഷിച്ചു വക്കാറുണ്ട് . പ്രാധാന്യം ഇല്ലാത്തവയെ നാം ശ്രദ്ധിക്കാറില്ലെങ്കിലും നമ്മുടെ ഉൾക്കണ്ണിൽ പതിയാറുണ്ട് അവ. ബോധ മനസ്സ് കൊണ്ട് അവഗണിച്ചാലും പക്ഷെ നമ്മുടെ ബ്രയിനിൽ അതും സ്റ്റോർ ആകാറുണ്ട് . ചിലപ്പോൾ സ്വപ്നങ്ങളിൽ അത്‌ നമ്മുടെ സ്വപ്നത്തിലേക്ക് കടന്ന് വരാറുണ്ട്. നാം ഉറങ്ങുന്ന സമയം ആണ് നമ്മുടെ ബ്രയിൻ മെമ്മറികളെ റിവിഷൻ ചെയ്ത് ബ്രയിനിൽ സ്റ്റോർ ചെയ്യുന്നത് അതിന്റെ ഒരു പ്രതിപ്രവർ ത്തനവും ആവാം സ്വപ്നം എന്നത്. അവിടെ ചിലപ്പോൾ മേൽ പറഞ്ഞ പ്രാധാന്യം ഇല്ലാത്തതെന്ന് കരുതിയ കാര്യങ്ങൾ പോലും നമ്മുടെ കൺമുന്നിൽ കാണറുണ്ട് നാം. ചെറിയ ചില പരിശീലനം കൊണ്ട് നിങ്ങള്‍ക്ക്‌ ലൂസിഡ് ഡ്രീം ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും സ്വപ്നം ഓര്‍ത്തു വയ്ക്കാനും(ഡ്രീം റീ കാള്‍ ) കഴിയും.

⚡1. ഡ്രീം ജേണല്‍: ഒരു ഡ്രീം ജേണൽ കരുതിയാല്‍ നിങ്ങള്‍ക്ക്‌ ഡ്രീം റീ കാള്‍ ചെയ്യാന്‍ എളുപ്പമാവും. ഒരു ഡയറിയോ , നോട്ട്ബുക്കോ അല്ലെങ്കില്‍ ലെറ്റര്‍ പാഡോ ഡ്രീം ജേണല്‍ ആയി ഉപയോഗിക്കാം. മെത്തയുടെ ഏറ്റവും അടുത്ത് എഴുന്നേറ്റ് ഇരുന്നാല്‍ എത്തുന്ന ദൂരത്തു ഡ്രീം ജേണല്‍ സൂക്ഷിക്കുക. ഉണര്‍ന്ന ഉടനെ ഓര്‍മ്മയില്‍ നിന്ന് സ്വപ്നം എടുത്തു ജേണലില്‍ പകര്‍ത്തുക. ആദ്യമാദ്യം ഓര്‍മ്മ കുറവായിരിക്കും എങ്കിലും പിന്നീട് നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വപ്നം പൂര്‍ണ്ണമായും ഓര്‍ത്തെടു ക്കാനാവും. എഴുതുന്നത് ബുദ്ധിമുട്ടാണെങ്കില്‍ ടേപ്പ്‌ റെക്കോര്‍ഡര്‍ ഉപയോഗിക്കാം.

⚡2. റിയാലിറ്റി ടെസ്റ്റ്‌: പകല്‍ സമയത്ത് മനസ്സില്‍ ‘ഞാന്‍ സ്വപ്നത്തിലാണോ’ എന്ന് ഇടയ്ക്കിടെ ചോദിക്കുക . കൂടെ റിയാലിറ്റി ടെസ്റ്റ്‌ ചെയ്യുക. യഥാര്‍ത്ഥ ലോകത്ത് സംഭവിക്കാത്ത എന്തും റിയാലിറ്റി ടെസ്റ്റ്‌ ആയി എടുക്കാം.

ഉദാ: മൂക്ക് അമര്‍ത്തി പിടിച്ചു ശ്വസിക്കാന്‍ ശ്രമിക്കുക പോലെ ഉള്ളവ, യഥാര്‍ത്ഥ ലോകത്ത് നിങ്ങള്‍ക്ക്‌ അത് സാധിക്കില്ല. പകല്‍ ഇത് മൂന്നു നാല് തവണ ആവര്‍ത്തിച്ചാല്‍ നിങ്ങളുടെ സ്വപ്നത്തിലും ഈ ചിന്ത കടന്നു വരികയും നിങ്ങള്‍ യഥാര്‍ത്ഥ്യത്തെ വെല്ലു വിളിക്കുകയും നിങ്ങള്‍ സ്വപ്നത്തില്‍ ആണെന്നുള്ള ബോധം ഉണ്ടാവുകയും ചെയ്യും.

⚡3. MILD ടെക്നിക്: ലുസിഡ്‌ ഡ്രീം ആധികാരികമായി പഠിച്ചു ഡോക്ടറേറ്റ്‌ എടുത്ത സ്റ്റീഫന്‍ ലാബര്‍ഗ് നിര്‍ദേശിച്ച ടെക്നിക് ആണിത്. ഉറങ്ങി 4, 5, 6 മണിക്കൂര്‍ കഴിഞ്ഞു റിംഗ് ചെയ്യുന്നവിധം അലാറം സെറ്റ്‌ ചെയ്തു ഉറങ്ങുക.അലാറം റിംഗ് ചെയ്തു നിങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ കഴിയുന്ന വിധത്തില്‍ സ്വപ്നം ഓര്‍ത്തെടുക്കുക. അതിനു ശേഷം വീണ്ടും ഉറങ്ങാന്‍ കിടക്കുക. ‘ഞാന്‍ സ്വപ്നത്തില്‍ ആണെന്നുള്ള കാര്യം ഞാന്‍ തിരിച്ചറിയും’ എന്ന് മനസ്സില്‍ ആവര്‍ത്തിച്ചു പറഞ്ഞു ഉറപ്പിക്കുക.മറ്റു ചിന്തകള്‍ മനസ്സില്‍ കടന്നു വരികയാണെങ്കില്‍ വീണ്ടും പറഞ്ഞു ഉറപ്പിക്കുക, ഉറക്കത്തിലേക്ക് വീഴുക.

⚡4. വാക്ക്‌ ബാക്ക് ടു ബെഡ്: ഇത് ലുസിഡ്‌ ഡ്രീം അനുഭവിക്കാനുള്ള ഒരു എളുപ്പവിദ്യയാണ്. ഉറങ്ങി അഞ്ചു മണിക്കൂര്‍ കഴിഞ്ഞു റിംഗ് ചെയ്യുന്ന വിധത്തില്‍ അലാറം സെറ്റ്‌ ചെയ്യുക.ഉറക്കത്തിലേക്ക് പോവുക,അലാറം റിംഗ് ചെയ്യുമ്പോള്‍ ഉണര്‍ന്നു, ഒരു മണിക്കൂര്‍ നേരം ലുസിഡ്‌ ഡ്രീം എന്ന ചിന്ത മാത്രം മനസ്സില്‍ കൊണ്ട് വരിക.MILD ടെക്നിക് ഉപയോഗിച്ച് ഉറങ്ങുക.

⚡5. ഉണര്‍ന്നിരിക്കുമ്പോള്‍ കയ്യില്‍ ‘A’ എന്നോ ‘D’ എന്നോ എഴുതുക(Awake, Dream). നിങ്ങള്‍ ദിവസം മുഴുവന്‍ കയ്യില്‍ ആ അക്ഷരം കാണുമ്പോള്‍ ‘റിയാലിറ്റി ചെക്ക്‌’ നടത്തുക. അല്ലെങ്കില്‍ ‘ഞാന്‍ സ്വപ്നത്തില്‍ ആണോ’ എന്ന് സ്വയം ചോദിക്കുക. സ്വാഭാവികമായും സ്വപ്നത്തിലും നിങ്ങള്‍ സ്വന്തം കൈപ്പത്തിയില്‍ ആ അക്ഷരം കാണുകയും സ്വപ്നത്തില്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്യും.
വേറെയും ഒരു പാട് വിദ്യകള്‍ ഉപയോഗിച്ച് ലുസിഡ്‌ ഡ്രീം കാണാവുന്നതാണ്. ലുസിഡ്‌ ഡ്രീം അനന്തമായ പരിധിയില്ലാത്ത ഒരു സ്വപ്ന ലോകം നിങ്ങള്‍ക്ക്‌ തരുന്നു.എന്തും ചെയ്യാവുന്ന നിങ്ങളുടെ മാത്രം ലോകം. പ്രശ്ന പരിഹാര ത്തിനും, ചുമ്മാ എന്റെർടൈന്‍മെന്‍റ്നു വേണ്ടി ഒക്കെ ഉപയോഗിക്കാം.

You May Also Like

എ. ആർ റഹ്മാൻ തകർത്തു, വിക്രത്തിന്റെ ‘കോബ്ര’ ലിറിക്കൽ സോങ് വീഡിയോ പുറത്തിറങ്ങി

ചിയാൻ വിക്രമിന്‍റെ പുതിയ ചിത്രം കോബ്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. ഇപ്പോഴിതാ “കോബ്ര” ലിറിക്കൽ…

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, പ്രയാ​ഗ മാർട്ടിൻ എന്നിവർ ഒന്നിക്കുന്ന ഡാൻസ് പാർട്ടിയിലെ റാപ് സോങ് പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, പ്രയാ​ഗ മാർട്ടിൻ എന്നിവർ ഒന്നിക്കുന്ന ഡാൻസ്…

രാജേഷ് ഒരു ദുഷ്ടൻ ആണെന്ന് ഒരിക്കലും തോന്നിച്ചില്ല

San Geo മലയാളത്തിലെ പുതു സിനിമകൾ പലപ്പോഴും മനം പിരട്ടുന്നത് അവയിൽ അനാവശ്യമായി പതിക്കുന്ന ജാതി…

‘പഞ്ചാഗ്നി’യിലെ വേഷം ആ ബോളിവുഡ് നടന് നൽകാൻ എംടിയും ഹരിഹരനും തീരുമാനിച്ചു, ഒടുവിൽ മോഹൻലാലിലേക്ക് എത്തിയത് ഇങ്ങനെ…

Bineesh K Achuthan · “വസന്തത്തിൻ്റെ ഇടി മുഴക്കങ്ങൾ ” സ്വപ്നം കണ്ട്, കേരളത്തിലെ നക്സൽ…