അബദ്ധത്തിലൂടെ കണ്ടുപിടിക്കുകയും പിന്നീട് ലക്ഷക്കണക്കിനു മനുഷ്യ ജീവൻ രക്ഷപ്പെടാൻ വഴിയൊരുക്കിയതുമായ കണ്ടുപിടിത്തം ഏതാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയിലെ പരീക്ഷണശാലയിൽ സ്റ്റഫലോകോക്കസ് ഓറിയസ് ബാക്റ്റീരിയകളെക്കുറിച്ച് തിരക്കിട്ട ഗവേഷണങ്ങളിലായിരുന്നു ആ ശാസ്ത്രജ്ഞൻ.
ഈ ബാക്റ്റീരിയയെ പെട്രി ഡിഷുകളിൽ കൾചർ ചെയ്തെടുത്ത് അവ അടച്ചു വച്ച ശേഷം കുടുംബത്തോടൊപ്പം ചെറിയൊരു അവധിക്കാലം ചെലവഴിക്കാൻ അദ്ദേഹം പോയി. ഏതാനും ദിവസങ്ങൾക്കു ശേഷം തിരികെ പരീക്ഷണശാലയിൽ എത്തി പെട്രിഡിഷുകൾ പരിശോധിക്കാൻ തുടങ്ങി. ജനലരികിൽ താൻ മൂടി വയ്ക്കാൻ മറന്ന ഒരു പെട്രി ഡിഷ് അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. തിരക്കിട്ട പ്രവർത്തനങ്ങൾ ക്കിടെ പറ്റിയ ഒരു ചെറിയ അശ്രദ്ധ. ആ പെട്രിഡിഷ് പരിശോധിച്ച ശാസ്ത്രജ്ഞൻ അമ്പരന്നു.

അതിൽ ഒരുതരം പൂപ്പൽ വളർന്നു നിൽക്കുന്നു. തീർന്നില്ല അദ്ഭുതം. പെട്രിഡിഷിലെ ബാക്റ്റീരിയകൾ നശിക്കുകയും ചെയ്തിരിക്കുന്നു. കടുവയെ പിടിക്കുന്ന കിടുവ എന്നു പറഞ്ഞതുപോലെ ബാക്റ്റീരിയകളെ നശിപ്പിക്കാൻ കഴിവുള്ള ഫംഗസ്. അതിന്റെ സാധ്യതകളെക്കുറിച്ചോർത്ത അദ്ദേഹം ആവേശഭരിതനായി .1928 സെപ്റ്റംബർ 28നായിരുന്നു ഈ സംഭവം. ആ പൂപ്പൽ വേർതിരിച്ചെടുത്ത് പ്രത്യേകം വളർത്തി ബാക്റ്റീരിയകളെ വളർത്തുന്ന ഡിഷിൽ ഇട്ട് പല തവണ നിരീക്ഷിച്ചു.

അപ്പോഴൊക്കെ പൂപ്പലിനു സമീപമുള്ള ബാക്റ്റീരിയകൾ നശിച്ചുപോവുന്നത് അദ്ദേഹം വിസ്മയത്തോടെ നിരീക്ഷിച്ചു. ഈ പൂപ്പലിൽ അടങ്ങിയിക്കുന്ന അദ്ഭുത രാസവസ്തുവിനെ അദ്ദേഹം ‘മോൾഡ് ജ്യൂസ്’ എന്നാണ് ആദ്യം വിളിച്ചത്. ഇതിനു മുറിവുണക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം കണ്ടെത്തി. പെനിസിലിയം നൊട്ടേറ്റം ആണ് ആ പൂപ്പൽ എന്ന് പിന്നീടു തിരിച്ചറിഞ്ഞു. ഈ ‘മോൾഡ് ജ്യൂസ്’ ആണ് പെനിസിലിൻ എന്ന ആന്റിബയോട്ടിക്.

ആ ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഫ്ലെമിങ്ങും. ലക്ഷക്കണക്കിനു മനുഷ്യ ജീവൻ രക്ഷപ്പെടാൻ വഴിയൊരുക്കിയതിന്, ആന്റിബയോട്ടിക്കുകളുടെ പുതുയുഗപ്പിറവിക്ക് കാരണക്കാരൻ ആയതിന് മാനവരാശി അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. ലണ്ടനിലെ സെന്റ് മേരീസ് മെഡിക്കൽ സ്കൂളിൽ നിന്നാണ് ഫ്ലെമിങ് വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയത്. പിന്നീട് അവിടെത്തന്നെ ഇനോക്കുലേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്നതിനിടെ ഒന്നാം ലോകയുദ്ധത്തിൽ സൈനികസേവനത്തിനായി ഫ്ലെമിങ്ങിന് ഫ്രാൻസിലേക്ക് പോകേണ്ടി വന്നു. മുറിവുണക്കാൻ പുരട്ടുന്ന പല രാസവസ്തുക്കളും പൂർണമായും ഫലപ്രദമല്ലെന്നും ,ചിലത് മുറിവു പഴുക്കാൻ കാരണമാകുന്നുവെന്നും ആ സമയത്ത് അദ്ദേഹം ശ്രദ്ധിച്ചു.

തിരികെയെത്തി ഗവേഷണങ്ങളിൽ മുഴുകിയ ഫ്ലെമിങ് കണ്ണീരിലും, മൂക്കിലെ ശ്ലേഷ്മദ്രവത്തിലുമൊക്കെ അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന പദാർഥത്തിനു ചെറിയ അണുനാശക ശേഷിയുണ്ടെന്ന് 1922ൽ തിരിച്ചറിഞ്ഞു. പിന്നെയും ആറു വർഷം കഴിഞ്ഞാണ് പെനിസിലിൻ കണ്ടുപിടിക്കുന്നത്. 1929 ൽ ഫ്ലെമിങ് തന്റെ ഗവേഷണ പ്രബന്ധത്തിൽ പെനിസിലിൻ മുറിവിൽ പുരട്ടുകയോ, കുത്തിവയ്ക്കുകയോ ചെയ്താൽ സൂക്ഷ്മാണുക്കൾക്കെതിരെ ഒരു രോഗാണുനാശിനിയായി അത് പ്രവർത്തിക്കുമെന്നു രേഖപ്പെടുത്തി.
എന്നാൽ ഓക്സ്ഫഡ് സർവകലാശാലയിൽ ഗവേഷകരായിരുന്ന ഹൊവാഡ് ഫ്ലോറി, ഏൺസ്റ്റ് ബോറിസ് ചെയിൻ എന്നിവരാണ് 1940-കളുടെ തുടക്കത്തിൽ ആദ്യമായി പെനിസിലിൻ ശുദ്ധമായ രൂപത്തിൽ വേർതിരിച്ചെടുത്തത്. ഇതോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള പെനിസിലിൻ നിർമാണത്തിനു തുടക്കമായി. അലക്സാണ്ടർ ഫ്ലെമിങ്, ഫ്ലോറി, ചെയിൻ എന്നിവരെത്തേടി 1945 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനവുമെത്തി.

രണ്ടാം ലോകയുദ്ധകാലത്ത് പെനിസിലിൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പെനിസിലിൻ ജി, പെനിസിലിൻ വി എന്നീ പ്രകൃതിദത്ത പെനിസിലിനുകൾക്കു പുറമേ സെമി സിന്തെറ്റിക് പെനിസിലിനുകളും രംഗത്തെത്തി. പല ബാക്റ്റീരിയാ രോഗങ്ങളും ഭേദമാക്കാനും, മുറിവുണക്കാനുമൊക്കെയുള്ള കുത്തിവയ്പായും, ഔഷധമായും പെനിസിലിൻ എന്ന ആന്റിബയോട്ടിക് എത്രയോ ലക്ഷം മനുഷ്യജീവനാണ് കെടാതെ കാത്തത്.

You May Also Like

വ്‌ളാഡിമിർ കൊമറോവ്: മരണത്തിലേക്ക് പറന്നുയർന്ന ബഹിരാകാശയാത്രികൻ

Sreekala Prasad വ്‌ളാഡിമിർ കൊമറോവ്: മരണത്തിലേക്ക് പറന്നുയർന്ന ബഹിരാകാശയാത്രികൻ 1967- സോവിയറ്റ് യൂണിയന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്ന…

സർ ഐസക് ന്യുട്ടന്റെ ജീവിതവുമായ ബന്ധപ്പെട്ട്, നിങ്ങൾക്കറിയാത്തതുമായ ചില കാര്യങ്ങൾ

ഒരു ഏകാന്ത പഥികനായ അദ്ദേഹം ക്ലാസിക്കല്‍ മെക്കാനിക്സ്, മാത്തമാറ്റിക്സ്, പ്രകാശ വേഗത്തെകുറിച്ചുള്ള പഠനം (Optics) എന്നീ ശാസ്ത്ര ശാഖകളില്‍ പല അടിസ്ഥാന തത്വങ്ങളും സംഭാവന നൽകി.

Zombie- നടക്കുന്ന മരണം !

1981 ലെ ഒരു പ്രഭാതം . ഹെയ്തി എന്ന രാജ്യത്തെ L’Estère എന്ന സ്ഥലത്തെ ഒരു ചെറു മാര്‍ക്കറ്റ് ആണ് രംഗം. ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി ആ ചെറു മാര്‍ക്കറ്റിനെ ഞെട്ടിച്ചു . എയ്ജലീന നാര്‍സിസ് (Angelina Narcisse) എന്ന സ്ത്രീ എല്ലാ മാസത്തെയും പോലെ പഴങ്ങളും പച്ചക്കറികളും വാങ്ങുവാന്‍ വന്നതാണ്. പണ്ട് മരിച്ചു പോയ തന്റെ സഹോദരന്‍ തന്നെ വിളിച്ചിരുന്ന കളിയാക്കി പേര് തന്റെ മുന്‍പില്‍ നില്‍ക്കുന്ന ഒരു വൃദ്ധന്‍ വിളിച്ചത് കേട്ടാണ് എയ്ജലീന ഞെട്ടിയത്. വിളിച്ചയാളെ ഒന്നുകൂടി സൂക്ഷിച്ച് നോക്കിയ അവര്‍ ശരിക്കും ഞെട്ടി !

ചൊവ്വയിലേയ്ക്ക് മനുഷ്യനെ അയക്കാന്‍ നാസ നിര്‍മിക്കുന്ന പടുകൂറ്റന്‍ റോക്കറ്റ്

നിര്‍മാണത്തില്‍ ഇരിക്കുന്നതില്‍ ഏറ്റവും വലിയ റോക്കറ്റ് ആണ് നാസയുടെ സ്പെയ്സ് ലോഞ്ച് സിസ്റ്റം