പെണ്ണിന്റെ വില !

964

ലേഖകന്റെ വീക്ഷണം ആണ് ലേഖനത്തില്‍ ഉള്ളത്. ബൂലോകം ഒരു ചേരിയോടും ചാഞ്ഞു സഞ്ചരിക്കുന്നവര്‍ അല്ലെന്നു അറിയിച്ചു കൊള്ളട്ടെ: എഡിറ്റര്‍

മക്കയില്‍ മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ തുടക്കകാലം. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും നബിയും, വിശ്വാസികളും വിധേയരായി കൊണ്ടിരിക്കുന്നു. ഒരു മരത്തണലില്‍ ചിന്തയോടെ കിടക്കുന്ന നബിയുടെ അടുക്കലേക്കു മര്‍ദ്ദനമേറ്റ് അവശരായ ശിഷ്യരില്‍ ചിലര്‍ എത്തി.

“അങ്ങ് ദൈവത്തോട് പ്രാര്‍ഥിക്കുന്നില്ലേ നബിയെ..? ഞങ്ങളുടെ ഈ ദുരിതം അവസാനിക്കില്ലേ..?”

നബി എഴുന്നേറ്റിരുന്നു. പിന്നെ പറഞ്ഞു..

“നിങ്ങള്‍ക്ക് മുന്‍പ് പല നബിമാരുംഅനുയായികളുംമര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട്. ഇരുമ്പു ചീപ്പിനാല്‍ മാംസം ചീന്തപ്പെട്ടിട്ടുപോലും അവര്‍ വിശ്വാസം വെടിഞ്ഞില്ല. ദൈവം സത്യം, ഈ മതം അവന്‍ പൂര്‍ത്തികരിക്കുക തന്നെ ചെയ്യും. ഒറ്റയ്ക്ക് ഒരു പെണ്ണിന് ഈ നാട്ടില്‍ വലിയ ദൂരം യാത്ര ചെയ്യാന്‍ കഴിയും പ്രകാരം ഈ നാട് സുരക്ഷിതവും, നിര്‍ഭയവുമാകും..”

ശ്രദ്ധിക്കുക, ഒരു നാട് സുരക്ഷിതമാകുന്നതിനു നബി പറഞ്ഞ അടയാളം പെണ്ണിന്റെസുരക്ഷയാണ്..!

തീരുന്നില്ല പെണ്ണിന്റെ മഹത്വങ്ങള്‍, നബി വചനങ്ങള്‍ കാണുക:

“മൂന്നു പെണ്‍ മക്കളോ, സഹോദരിമാരോ ഉള്ളവന്‍ അവരെ നന്നായി സംരക്ഷിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ കടക്കുന്നതാണ്.”

“ഏറ്റവും വലിയ ദാനം ഏതാണെന്നറിയുമോ? കല്യാണം കഴിപ്പിച്ചയച്ച നിന്റെ മകള്‍ ഉപേക്ഷിക്കപ്പെട്ടു തിരികെ നിന്റെ അടുത്തേക്ക് വന്നാല്‍ അവരെ സംരക്ഷിക്കലാകുന്നു. അത് നരകത്തില്‍ നിന്നുള്ള രക്ഷയാണ്…!”

നബിക്ക് മൂന്നു പെണ്‍ മക്കളാണ് ഉണ്ടായിരുന്നത്. ആണ്മക്കള്‍ ജനിച്ചെങ്കിലും അവര്‍ ഉടനെ മരിച്ചുപോയി.. അതോടെ ശത്രുക്കള്‍നബിയെ “കുറ്റിയറ്റവന്‍” എന്ന് പരിഹസിച്ചു. നബിയുടെ തലമുറ നിലനില്‍ക്കില്ല എന്ന് കളിയാക്കി പറഞ്ഞു. അല്ലാഹു അവര്‍ക്ക് മറുപടി നല്‍കി.

“നിശ്ചയം, (മുഹമ്മദ് ) നിന്റെ ശത്രുക്കളാണ് കുറ്റിയറ്റവര്‍..!” (ഖുര്‍ആന്‍ 108)

പതിനാലു നൂറ്റാണ്ടു കഴിഞ്ഞിട്ടും നബിയുടെ കുടുംബം ഇന്നും ലോകത്ത് നിലനില്‍ക്കുന്നു..
ശത്രുക്കളുടെ വേരുകള്‍ ഇന്നെവിടെയുമില്ല…!
അല്ലാഹു അവന്റെ ദൂതന്റെ തലമുറ നിലനിര്‍ത്തിയത് പെണ്‍മക്കളിലൂടെ…!

നബിയുടെ കാലത്ത് ഒരു ജൂത പെണ്‍കുട്ടിയെ ഒരാള്‍ ആക്രമിച്ചു. അവളെ കല്ല് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. മരിച്ചെന്ന ധാരണയില്‍ അയാള്‍ പോയി. വിവരമറിഞ്ഞെത്തിയ നബി അവളോട്
ആരാണ് ചെയ്തതെന്ന് ചോദിച്ചു.

അവള്‍ക്കു നാവു ചലിപ്പിക്കാന്‍ പ്രയാസം കണ്ട് ആ നാട്ടിലെ ചില അക്രമികളുടെ പേര് ഒന്നൊന്നായി
നബിയും ശിഷ്യരും പറഞ്ഞു കൊണ്ടിരുന്നു. തന്നെ ആക്രമിച്ചവന്റെ പേര്കേട്ടപ്പോള്‍
ആ കുട്ടിതലയാട്ടി. അവനെയും അതേപോലെകല്ല് കൊണ്ട്
തലയ്ക്കടിച്ചു കൊല്ലാന്‍ നബി ആജ്ഞാപിച്ചു..

എന്നാല്‍ ഇതേ നബി തന്നെയാണ് തന്റെ മേല്‍ ദിവസവും ചവറു വാരിയിട്ട ഒരു ജൂത പെണ്‍കുട്ടി ഒരു ദിവസം ചവറു എറിയാന്‍ വരാത്തത് കണ്ട് അന്വേഷിച്ചു ചെന്നത്. അവള്‍ രോഗം വന്നു കിടക്കുന്നത്കണ്ട നബി പറഞ്ഞു:

“എന്നെ ചവറു എറിയുമ്പോള്‍ നല്ല സന്തോഷമാണെന്നല്ലേ മോള് പറഞ്ഞത് ആ സന്തോഷം കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതാ, ഞാനിവിടെ …എന്നെ എറിഞോളൂ” എന്ന്..!

ആ ജൂത പെണ്‍കുട്ടി കരഞ്ഞു മാപ്പ് പറഞ്ഞെന്നു ചരിത്രം പറയുന്നു.

ഒരിക്കല്‍ ഒട്ടകപ്പുറത്ത് ഭാര്യയെയും ഇരുത്തി ധൃതിയില്‍ ഒട്ടകത്തെ ഓടിച്ച ശിഷ്യനോട് നബി പറഞ്ഞു:

“വേഗത കുറയ്ക്കൂ.. നിന്റെ കൂടെയുള്ളത് സ്ഫടിക പാത്രമാണ് അവളെ വിഷമിപ്പിക്കരുത്, ഉടയ്ക്കരുത്” എന്ന്..

ഇന്ന് ആധുനിക ലോകത്തിനു ആ സ്ഫടികം ഉടച്ചു നശിപ്പിക്കാനാണ് ഇഷ്ടം. പ്രണയം നിരസിച്ചാല്‍ അവളെ കഴുത്ത് അറുത്തും, ആസിഡ് ഒഴിച്ചും, കൊല്ലുന്നവര്‍ പെരുകി വരുന്നു. തട്ടിക്കൊണ്ടു പോയി ബ്‌ളാക്മെയില്‍
ചെയ്യുന്നവരും നമുക് ചുറ്റും പെരുകുന്നു. എന്ത് ചെയ്യണം എന്നറിയാതെ സമൂഹം പരുങ്ങുന്നു..

അപ്പോഴും കാടന്‍ നിയമം എന്ന് പരിഹസിക്കപ്പെടുന്ന ഇസ്‌ലാമിക നിയമം ഇന്നും അന്തസോടെ ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.

ബലാല്‍സംഘമോ, കൊലയോ നടത്തിയാല്‍ വേഗത്തിലുള്ള വിചാരണയും വധശിക്ഷയും. സ്ത്രീക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായാല്‍ ശിക്ഷ എണ്‍പതു ചാട്ടവാര്‍ അടി. ഇതെല്ലാം പരസ്യമായി ചെയ്യണം എന്നും ഇസ്‌ലാം പറയുന്നു.

എന്ത് വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല, പെണ്ണിനെ ശല്യപ്പെടുത്താതിരിക്കണമെങ്കില്‍ മാനസികമായി ശുദ്ധി കൈവരണം. സ്ത്രീകള്‍ക്കു ബഹുമാനം ലഭിക്കുമ്പോഴേ സമൂഹംഉന്നത നിലവാരം പ്രാപിക്കുന്നുള്ളൂ. അക്കാര്യത്തില്‍ ലോകത്തിനു എന്നും മാതൃക കാണിച്ച എന്റെ പുണ്യ പ്രവാചകാ, അങ്ങേയ്ക്ക് സലാം…!