ജനാധിപത്യത്തില്‍ ജനങ്ങളോ കോടതിയോ വലുത് ? : സുനില്‍ എം എസ്

0
657

01

ജനാധിപത്യത്തില്‍ ജനതയോ കോടതിയോ വലുത്? ആര്‍ക്കായിരിയ്ക്കണം പരമാധികാരം, ജനതയ്‌ക്കോ കോടതിയ്‌ക്കോ? ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരത്തെച്ചൊല്ലി സര്‍ക്കാരും സുപ്രീം കോടതിയും ബലപരീക്ഷണത്തിനു മുതിരുമോ? ജനത ആകാംക്ഷയോടെ, തെല്ലെരുല്‍ക്കണ്ഠയോടെ നോക്കിക്കൊണ്ടിരിയ്ക്കുന്നൊരു കാര്യമാണിത്. സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ചീഫ് ജസ്റ്റീസുമാരുള്‍പ്പെടെയുള്ള ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവുമാണ് ഈ ലേഖനവിഷയം. താഴ്ന്ന കോടതികളിലെ ന്യായാധിപന്മാരെ നിയമിയ്ക്കുന്നത് അതാതു ഹൈക്കോടതികളും ഗവര്‍ണ്ണര്‍മാരും സംസ്ഥാനസര്‍ക്കാരുകളുമൊരുമിച്ചാണ്; അത് ഈ ലേഖനവിഷയമല്ല.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സുപ്രീംകോടതിയ്ക്കുണ്ടായിരുന്ന ഒരു പ്രത്യേക അധികാരം നേര്‍പകുതിയായി വെട്ടിക്കുറയ്ക്കുന്ന ഭരണഘടനാഭേദഗതി പാസ്സാക്കിയെടുത്തിരിയ്ക്കുകയാണു ജനപ്രതിനിധികള്‍. സുപ്രീംകോടതിയുടെ പ്രത്യേകാധികാരം വെട്ടിക്കുറയ്ക്കുന്നതായതുകൊണ്ട് ആ ഭരണഘടനാഭേദഗതിയെ സുപ്രീംകോടതി അപ്രീതിയോടെ വീക്ഷിയ്ക്കുകയും, അസാധുവാക്കുകയും ചെയ്യുന്നെങ്കില്‍ അതിശയത്തിനു വഴിയില്ല. സ്വന്തം അധികാരം വിട്ടുകൊടുക്കാന്‍ ആരാണു തയ്യാറാകുക! ഇതേപ്പറ്റിയുള്ള ചില ചിന്തകളാണു താഴെക്കൊടുക്കുന്നത്.

02

ജനാധിപത്യം നിലവിലിരിയ്ക്കുന്ന മിക്ക രാഷ്ട്രങ്ങളിലും ഭരണകര്‍ത്താക്കളും പരമോന്നത കോടതികളും തമ്മില്‍ വടംവലി നടക്കാറുണ്ട്. മിക്കയിടങ്ങളിലും ഭരണകര്‍ത്താക്കളുടെ അധികാരപരിധിയ്ക്കു പുറത്ത്, കുറച്ചൊക്കെ സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കാന്‍ പരമോന്നതകോടതികളെ അനുവദിയ്ക്കുന്ന വ്യവസ്ഥിതിയാണുള്ളത്. ഇന്ത്യയില്‍ നിലവിലിരിയ്ക്കുന്ന വ്യവസ്ഥിതിയും വ്യത്യസ്തമല്ലെന്നു മാത്രമല്ല, ഇവിടുത്തെ കോടതികള്‍ക്കുള്ളിടത്തോളം സ്വാതന്ത്ര്യം ലോകത്തു മറ്റൊരിടത്തുമില്ലെന്നും എഴുതിക്കാണാറുണ്ട്. കോടതികളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ഇവിടുത്തെ സര്‍ക്കാരുകള്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ ചെറുക്കാന്‍ കോടതികള്‍ മടിച്ചിട്ടുമില്ല. അത്തരമൊരു ബലപരീക്ഷണമാണിപ്പോളുണ്ടാകാനിടയുള്ളത്.

ജനാധിപത്യമെന്നു വച്ചാല്‍ ജനതയുടെ ആധിപത്യം. നൂറ്റിരുപത്തിരണ്ടുകോടിയോളം വരുന്ന ജനസംഖ്യയിലുള്‍പ്പെട്ട എണ്‍പത്തിരണ്ടു കോടി സമ്മതിദായകരെയാണു ജനതയെന്ന പദം കൊണ്ടിവിടെ വിവക്ഷിയ്ക്കുന്നത്. ജനാധിപത്യഭരണവ്യവസ്ഥിതിയില്‍ മൂന്നു വിഭാഗങ്ങള്‍ മൂന്നു തൂണുകള്‍ ആണുള്ളത്: നിയമനിര്‍മ്മാണസഭ (പാര്‍ലമെന്റ് – ലെജിസ്ലേച്ചര്‍), ഭരണനിര്‍വ്വഹണത്തിനു ചുമതലപ്പെട്ട സര്‍ക്കാര്‍ (എക്‌സിക്യൂട്ടീവ്), പിന്നെ കോടതികളും (നീതിന്യായവിഭാഗം ജുഡീഷ്യറി). ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളുടേതാണു നിയമനിര്‍മ്മാണസഭ. ജനപ്രതിനിധികള്‍ തെരഞ്ഞെടുത്തവരാണു പ്രധാനമന്ത്രിയും രാഷ്ട്രപതിയും. പ്രധാനമന്ത്രിയും, പ്രധാനമന്ത്രി തെരഞ്ഞെടുത്ത മന്ത്രിമാരും രാഷ്ട്രപതിയും കൂടി ഭരണനിര്‍വ്വഹണം നടത്തുന്നു. ഭരണനിര്‍വ്വഹണം നടത്തുന്ന, ജനപ്രതിനിധികളോ ജനപ്രതിനിധികളുടെ പ്രതിനിധികളോ ആയ ഇവര്‍ക്ക് അധികാരം ലഭിച്ചതു ജനതയില്‍ നിന്നു തന്നെ.

03

സര്‍ക്കാരിന്റെ ഔപചാരിക ഭരണത്തലവനായ രാഷ്ട്രപതി നിയമിയ്ക്കുന്നവരാണു ജഡ്ജിമാര്‍. ജനങ്ങളില്‍ നിന്നു നേരിട്ട് അധികാരം ലഭിച്ചിട്ടില്ലാത്തവരാണു ജഡ്ജിമാര്‍. ജനതയില്‍ നിന്നു നേരിട്ട് അധികാരം ലഭിച്ചവര്‍ക്കു ജനാധിപത്യത്തില്‍ മുന്‍തൂക്കമുണ്ടാകണം. അല്ലെങ്കിലതു ജനാധിപത്യമാവില്ല.

തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടിയിരിയ്ക്കുന്നൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയോ മുന്നണിയുടേയോ വരുതിയില്‍ നില്‍ക്കുന്നവരായിരിയ്ക്കും പാര്‍ലമെന്റും സര്‍ക്കാരും. സര്‍ക്കാരിന്റെ നേതൃത്വം വഹിയ്ക്കുന്നതു പ്രധാനമന്ത്രിയാണെങ്കിലും, രാഷ്ട്രപതിയുടെ പേരിലാണു സര്‍ക്കാര്‍ ഭരണനിര്‍വ്വഹണം നടത്തുന്നത്. പ്രധാനമന്ത്രി രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണെങ്കിലും, അദ്ദേഹം ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പെട്ടയാളായിരിയ്ക്കും. അദ്ദേഹത്തിനു രാഷ്ട്രീയമുണ്ട്. രാഷ്ട്രപതി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും പെടുന്നില്ല; അദ്ദേഹത്തിനു രാഷ്ട്രീയമില്ല.

ഇന്ത്യയിലെ ഏറ്റവും പ്രബലമായ നിയമനിര്‍മ്മാണസഭയാണു പാര്‍ലമെന്റ്. പാര്‍ലമെന്റിന് ലോക്ള്‍സഭ, രാജ്യസഭ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടെങ്കിലും, അവ രണ്ടും ജനപ്രതിനിധിസഭകള്‍ തന്നെ. ലോക്ള്‍സഭയില്‍ ആകെയുള്ള 545 അംഗങ്ങളില്‍ 543 പേരും ജനത തെരഞ്ഞെടുത്തവരാണ്. രണ്ടു പേര്‍ മാത്രം രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തവരും. രാജ്യസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട 235 അംഗങ്ങളും, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പത്തുപേരുമാണുള്ളത്. ലോക്ള്‍സഭയിലെ എല്ലാ അംഗങ്ങള്‍ക്കും സഭയില്‍ വോട്ടു ചെയ്യാനവകാശമുണ്ട്. രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരൊഴികെ, ശേഷിയ്ക്കുന്ന എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ഈ രണ്ടു സഭകളുമടങ്ങുന്ന പാര്‍ലമെന്റെന്ന ജനപ്രതിനിധിസഭയാണ് ഇന്ത്യയിലൊട്ടാകെ ബാധകമാകുന്ന നിയമങ്ങള്‍ നിര്‍മ്മിയ്ക്കുന്ന പരമോന്നതസഭ.

04

സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് ഭരണഘടന എഴുതിയുണ്ടാക്കിയ വേളയില്‍ കോടതികള്‍ക്കു കഴിയുന്നത്ര സ്വാതന്ത്ര്യം നല്‍കാന്‍ ഭരണഘടനാനിര്‍മ്മാണസഭ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി ആഗ്രഹിച്ചിരുന്നു. എങ്കിലും, സുപ്രീംകോടതിയിലേയോ ഹൈക്കോടതികളിലേയോ ജഡ്ജിമാരെ നിയമിയ്ക്കുന്നതിനു മുമ്പു രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റേയും ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റേയും സമ്മതം വാങ്ങിയിരിയ്ക്കണമെന്ന വ്യവസ്ഥ ഭരണഘടനയിലുള്‍പ്പെടുത്തണമെന്നു നിര്‍ദ്ദേശിയ്ക്കപ്പെട്ടപ്പോള്‍ എതിര്‍പ്പുയര്‍ന്നിരുന്നു. കോടതിയ്ക്ക് അമിതസ്വാതന്ത്ര്യം നല്‍കേണ്ടതില്ല എന്ന കാഴ്ചപ്പാടിനു മുന്‍തൂക്കം ലഭിച്ചു. ഒടുവില്‍, സമ്മതം വാങ്ങണമെന്ന വ്യവസ്ഥയ്ക്കു പകരം അഭിപ്രായം ആരാഞ്ഞാല്‍ മതി എന്ന നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു. ജഡ്ജിമാരുടെ നിയമനങ്ങള്‍ രാജ്യസഭ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസ്സാക്കണമെന്ന നിര്‍ദ്ദേശം അതിനിടയില്‍ പൊന്തിവന്നെങ്കിലും, ജനപ്രതിനിധികള്‍ക്കു കോടതികളിന്മേല്‍ അമിതസ്വാധീനമുണ്ടാകാതിരിയ്ക്കാന്‍ വേണ്ടി ആ നിര്‍ദ്ദേശം സ്വീകരിയ്ക്കപ്പെട്ടില്ല.

ചീഫ് ജസ്റ്റീസിന്റേയും ജഡ്ജിമാരുടേയും സേവനവേതനവ്യവസ്ഥകള്‍ തീരുമാനിയ്ക്കുന്നതു ജനപ്രതിനിധികളാണ്: പാര്‍ലമെന്റ്. പാര്‍ലമെന്റു നിശ്ചയിയ്ക്കുന്ന ശമ്പളം ചീഫ് ജസ്റ്റീസിനും ജഡ്ജിമാര്‍ക്കും നല്‍കുന്നതു ഭരണനിര്‍വ്വഹണം നടത്തുന്ന സര്‍ക്കാരും. ഇതിനൊക്കെപ്പുറമെ, ചീഫ് ജസ്റ്റീസിനെപ്പോലും നീക്കം ചെയ്യാനുള്ള ശക്തിയും ജനപ്രതിനിധിസഭകള്‍ക്കുണ്ട്; ലോക്ള്‍സഭയും രാജ്യസഭയും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കണമെന്നേയുള്ളു. ചീഫ് ജസ്റ്റീസിന്റെ നിയമനത്തില്‍ പരോക്ഷമായും, വേതനവ്യവസ്ഥകളില്‍ നേരിട്ടും പങ്കുള്ള, ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്യാന്‍ പ്രാപ്തിയുള്ള ജനപ്രതിനിധിസഭയ്ക്ക് അസ്തിത്വം നല്‍കുന്നതു ജനതയായതുകൊണ്ട്, ജനാധിപത്യത്തില്‍ ജനതയ്ക്കു തന്നെ പരമാധികാരം.

ജനാധിപത്യം നിലവിലിരിയ്ക്കുന്ന രാജ്യത്തു ജനപ്രതിനിധിസഭയ്ക്കു മാത്രമേ നിയമനിര്‍മ്മാണാധികാരമുണ്ടാകാവൂ. എന്നാലിവിടെ, സുപ്രീംകോടതിയ്ക്കും നിയമനിര്‍മ്മാണത്തിനുള്ള അധികാരമുണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരല്ല, രാഷ്ട്രപതിയാല്‍ നിയമിയ്ക്കപ്പെടുന്നവരാണ്. എന്നിരുന്നാലും, സുപ്രീംകോടതി വിധികള്‍ ഇന്ത്യയിലെ എല്ലാ കോടതികള്‍ക്കും ബാധകമാണെന്നു ഭരണഘടനയിലെ നൂറ്റിനാല്പത്തൊന്നാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അവ ജനപ്രതിനിധിസഭ പാസ്സാക്കിയ നിയമങ്ങള്‍ക്കു തുല്യവുമാണ്. സുപ്രീംകോടതിയുടെ വിധിപ്രസ്താവങ്ങളിലൂടെയുണ്ടാകുന്ന ഇത്തരം നിയമങ്ങള്‍ക്ക് ജനപ്രതിനിധിസഭയുടേയോ രാഷ്ട്രപതിയുടേയോ അംഗീകാരമാവശ്യമില്ല.

05

സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റീസുള്‍പ്പെടെ ആകെ 31 ജഡ്ജിമാരാണുള്ളത്. ഒരു കേസില്‍ വിധി പറയുന്നത് ഒരു ജഡ്ജി മാത്രമുള്ള സിംഗിള്‍ ബെഞ്ചാകാം, ഒന്നിലേറെപ്പേരുള്ള ബെഞ്ചുമാകാം. ഇതുവരെ വിധി പ്രസ്താവിച്ച ബെഞ്ചുകളില്‍ ഏറ്റവും വലുതില്‍ പതിമ്മൂന്നു ജഡ്ജിമാരാണുണ്ടായിരുന്നത്. ഭരണഘടനയെ സംബന്ധിച്ച കേസുകള്‍ കേള്‍ക്കുന്ന ഭരണഘടനാബെഞ്ചില്‍ അഞ്ചോ അതിലധികമോ ജഡ്ജിമാരുണ്ടാകാറുണ്ട്. വിധി പ്രസ്താവിയ്ക്കുന്ന ബെഞ്ചിലുള്ള ജഡ്ജിമാരുടെ എണ്ണം എത്രയാണെങ്കിലും, ആ വിധി നിയമമായിത്തീരുന്നു. ഒരിയ്ക്കല്‍ പ്രസ്താവിച്ച വിധി തിരുത്തിക്കൊണ്ടുള്ള പുതിയ വിധി പ്രസ്താവിയ്ക്കാനുള്ള അധികാരവും സുപ്രീം കോടതിയ്ക്കുണ്ട്.

ഇനിപ്പറയാന്‍ പോകുന്ന അധികാരമാണു കൂടുതല്‍ ശ്രദ്ധയര്‍ഹിയ്ക്കുന്നത്: ഒരു നിയമം ഭരണഘടനയ്‌ക്കെതിരാണെന്നു കാണുന്ന പക്ഷം, സുപ്രീം കോടതിയ്ക്ക് അത് അസാധുവാക്കാം. ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിനു പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നു ഭരണഘടനയുടെ മുന്നൂറ്ററുപത്തെട്ടാം വകുപ്പില്‍ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. അതിനുള്ള നടപടിക്രമവും അതില്‍ വിവരിച്ചിട്ടുണ്ട്. കാതലായ മാറ്റമാണു വരുത്തുന്നതെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അതു സംബന്ധിച്ച പ്രമേയം പാസ്സാക്കിയിരിയ്ക്കണം. തുടര്‍ന്ന്, പകുതിയിലേറെ സംസ്ഥാനങ്ങളും ആ ഭേദഗതിയെ പിന്തുണയ്ക്കുന്ന പ്രമേയം പാസ്സാക്കിയിരിയ്ക്കണം. അതിനെത്തുടര്‍ന്നു രാഷ്ട്രപതിയുടെ അംഗീകാരവും നേടിയിരിയ്ക്കണം. ഈ കടമ്പകളെല്ലാം കടന്ന്, പ്രാബല്യത്തില്‍ വന്നു കഴിഞ്ഞ ഒരു ഭരണഘടനാഭേദഗതിനിയമം ഭരണഘടനയ്‌ക്കെതിരെന്നു കണ്ടാല്‍ ആ നിയമം അസാധുവാക്കാന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ അഞ്ചുപേരില്‍ക്കുറയാത്ത ബെഞ്ചിന്റെ തീരുമാനം മാത്രം മതി.

ഭരണഘടനയുടെ നൂറ്റിരുപത്തിനാലാം വകുപ്പനുസരിച്ച്, സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ നിയമിയ്‌ക്കേണ്ടതു രാഷ്ട്രപതിയാണെന്നു മുമ്പു പറഞ്ഞുവല്ലോ. സുപ്രീം കോടതി ചീഫ് ജസ്റ്റീസൊഴികെയുള്ള ജഡ്ജിമാരെ നിയമിയ്ക്കും മുമ്പു സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം രാഷ്ട്രപതി ആരാഞ്ഞിരിയ്ക്കണമെന്നു ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റേതിനു പുറമെ, മറ്റു ജഡ്ജിമാരുടെ അഭിപ്രായവും രാഷ്ട്രപതിയ്ക്കു വേണമെന്നു തോന്നുന്നെങ്കില്‍ ആരായാം. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിയമനക്കാര്യത്തില്‍ മാത്രം ഈ നിബന്ധന ബാധകമല്ല. ഇക്കാര്യങ്ങള്‍ ഭരണഘടനയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ്.

പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ചാണു രാഷ്ട്രപതി പൊതുവില്‍ പ്രവര്‍ത്തിയ്ക്കാറ്. പ്രധാനമന്ത്രിയുടെ ഉപദേശം രാഷ്ട്രപതി അനുസരിയ്ക്കുകയും വേണം. എന്നാല്‍, ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ പ്രധാനമന്ത്രി ഉപദേശം നല്‍കണമെന്നോ, പ്രധാനമന്ത്രി ഉപദേശം നല്‍കിയാലതു രാഷ്ട്രപതി അനുസരിയ്ക്കണമെന്നോ ഭരണഘടനയിലില്ല. ജഡ്ജിമാരുടെ മാത്രമല്ല, സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിയമനക്കാര്യത്തില്‍പ്പോലും രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഉപദേശം തേടണമെന്നു ഭരണഘടനയില്‍ പറയുന്നില്ല. ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ രാഷ്ട്രീയവും ഭരണകര്‍ത്താക്കളും സ്വാധീനം ചെലുത്താതിരിയ്ക്കാനായിരിയ്ക്കണമത്. കോടതികള്‍ രാഷ്ട്രീയേതരവും നിഷ്പക്ഷവുമായിരിയ്ക്കണം.

ss1

ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം ആരായണമെന്നു ഭരണഘടന നിഷ്‌കര്‍ഷിയ്ക്കുന്നുണ്ടെങ്കിലും, പുതിയ ചീഫ് ജസ്റ്റീസിനെ നിയമിയ്ക്കുമ്പോള്‍ നിലവിലുള്ള ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം ആരായണമെന്നു ഭരണഘടന നിഷ്‌കര്‍ഷിയ്ക്കുന്നില്ല. രാഷ്ട്രപതി ആരുടെയെങ്കിലും ഉപദേശമില്ലാതെ ചീഫ് ജസ്റ്റീസിന്റെ നിയമനം നടത്തുമെന്നു തോന്നുന്നില്ല. ചീഫ് ജസ്റ്റീസിന്റെ നിയമനക്കാര്യത്തില്‍ രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഉപദേശം തേടാറുണ്ടായിരുന്നു കാണണം. മുമ്പു നിലവിലിരുന്നിരുന്ന ചില സര്‍ക്കാരുകള്‍ സുപ്രീം കോടതി ചീഫ്ജസ്റ്റീസിന്റെ നിയമനക്കാര്യത്തില്‍ നേരിട്ടിടപെട്ട കാര്യം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായമാരായണമെന്നു ഭരണഘടനയിലുള്ള നിഷ്‌കര്‍ഷയെപ്പറ്റി മുമ്പുയര്‍ന്നുകൊണ്ടിരുന്ന കാതലായൊരു ചോദ്യം, അഭിപ്രായമെന്നാല്‍ സമ്മതമാണോ എന്നതായിരുന്നു. അഭിപ്രായവും സമ്മതവും ഒന്നല്ല. അഭിപ്രായം സ്വീകരിയ്ക്കപ്പെടുകയും തിരസ്‌കരിയ്ക്കപ്പെടുകയുമാവാം. സമ്മതമാകട്ടെ, സ്വീകരിയ്ക്കപ്പെടുക തന്നെ വേണം. കോടതികളുടെ മേല്‍ സര്‍ക്കാര്‍ അമിതസ്വാധീനം ചെലുത്തുന്നുവെന്ന പരാതി കോടതികള്‍ക്കിടയില്‍ ശക്തിപ്പെട്ടതുകൊണ്ട് 1974ല്‍ സുപ്രീം കോടതി ഒരു വിധിപ്രസ്താവം നടത്തിയിരുന്നു. അതനുസരിച്ച്, സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ അംഗീകാരം എല്ലാ നിയമനങ്ങള്‍ക്കും നിര്‍ബന്ധമായി.

ഇതിനു നേര്‍വിപരീതമായൊരു വിധി 1981ലുണ്ടായി. അഭിപ്രായമെന്നാല്‍ അഭിപ്രായം മാത്രമാണെന്നും, അതു സമ്മതമല്ലെന്നും അതില്‍ വിശദീകരിയ്ക്കപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം സര്‍ക്കാരിനു തിരസ്‌കരിയ്ക്കാവുന്നതാണെന്നും ആ വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാണിയ്ക്കപ്പെട്ടിരുന്നു. ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ സര്‍ക്കാരിന് 1974നു മുമ്പുണ്ടായിരുന്ന മേല്‍ക്കോയ്മ 1981ലെ വിധി പുനഃസ്ഥാപിച്ചു.

ഒമ്പതു വര്‍ഷം കഴിഞ്ഞപ്പോള്‍, 1990ല്‍, ജഡ്ജിമാരുടെ നിയമനത്തിനായൊരു നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിയ്ക്കണമെന്നു നിര്‍ദ്ദേശിയ്ക്കുന്ന അറുപത്തേഴാമതു ഭരണഘടനാഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കപ്പെട്ടു. അവതരിപ്പിയ്ക്കപ്പെട്ടുവെന്നല്ലാതെ, അതിന്മേല്‍ കൂടുതല്‍ നടപടികളൊന്നുമുണ്ടായില്ല.

സര്‍ക്കാരിന്റെ മേല്‍ക്കോയ്മയ്ക്കു പ്രതികൂലമായൊരു വിധി വീണ്ടുമുണ്ടായി. ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസും അദ്ദേഹത്തിന്റെ നേരേ താഴെയുള്ള രണ്ടു ജഡ്ജിമാരും ചേര്‍ന്നു നല്‍കുന്ന അഭിപ്രായം രാഷ്ട്രപതി സ്വീകരിയ്ക്കുക തന്നെ വേണം എന്നായിരുന്നു 1993ല്‍ പുറപ്പെടുവിയ്ക്കപ്പെട്ട ആ വിധി. സുപ്രീം കോടതിയുടെ മേല്‍ക്കോയ്മ ഉറപ്പാക്കുന്നതായിരുന്നു ആ വിധി. ആ വിധിയ്ക്കു ഭരണഘടനയുടെ പിന്‍ബലമുണ്ടായിരുന്നില്ല.

06

കോണ്‍ഗ്രസ്സു മുന്നണിയാണ് അന്നു ഭരിച്ചിരുന്നത്; നരസിംഹറാവു പ്രധാനമന്ത്രിയും. അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിയ്ക്കുന്ന വിവരമറിഞ്ഞിട്ടും നിഷ്‌ക്രിയനായിരുന്ന പ്രധാനമന്ത്രിയായിരുന്നു, നരസിംഹറാവു. സുപ്രീം കോടതിയുടെ തീരുമാനമറിഞ്ഞപ്പോഴും അദ്ദേഹം എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ പരാതിയൊന്നും പറയാതെ തന്നെ സുപ്രീംകോടതി വിധിയനുസരിച്ചു. ജഡ്ജിമാരുടെ നിയമനം സുപ്രീംകോടതി തീരുമാനിയ്ക്കുന്ന പതിവ് അങ്ങനെ നിലവില്‍ വന്നു. സുപ്രീംകോടതിയുടെ തീരുമാനം അതേപടി നടപ്പാക്കിയ രാഷ്ട്രപതി ഇക്കാര്യത്തില്‍ ശരിയ്ക്കുമൊരു റബര്‍ സ്റ്റാമ്പായി. സര്‍ക്കാരിനും ജനപ്രതിനിധിസഭകള്‍ക്കും ജഡ്ജിമാരുടെ നിയമനത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ യാതൊരു പങ്കുമില്ലാതായി.

അധികം താമസിയാതെ അപസ്വരങ്ങളുയര്‍ന്നു. ചീഫ് ജസ്റ്റീസ് രാഷ്ട്രപതിയ്ക്കു കൊടുക്കുന്ന ലിസ്റ്റിനു മറ്റു രണ്ടു ജഡ്ജിമാരുടെ അംഗീകാരമുണ്ടോ എന്ന സംശയമുയര്‍ന്നു. ചിലപ്പോള്‍ ജഡ്ജിമാരുടെ അഭിപ്രായമാരായുകപോലും ചെയ്യാതെ ചീഫ് ജസ്റ്റീസ് സ്വാഭീഷ്ടപ്രകാരം രാഷ്ട്രപതിയ്ക്കു ലിസ്റ്റു നല്‍കിയെന്നും ആരോപണമുണ്ടായി. 1993ലെ കോടതിവിധിയനുസരിച്ച്, ചീഫ് ജസ്റ്റീസിന്റേതിനു പുറമെ മറ്റു രണ്ടു ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ കൂടി രാഷ്ട്രപതി പരിഗണിയ്‌ക്കേണ്ടതുണ്ട്. ചീഫ് ജസ്റ്റീസു രാഷ്ട്രപതിയുടെ മുന്നില്‍ വയ്ക്കുന്ന അഭിപ്രായം മറ്റു രണ്ടു ജഡ്ജിമാരുടേതു കൂടിയാണ് എന്നുറപ്പുവരുത്താന്‍ രാഷ്ട്രപതിയ്ക്കു മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല.

ആശയക്കുഴപ്പങ്ങളുടേതായ അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍, ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ പിന്‍ഗാമിയായി കെ ആര്‍ നാരായണന്‍ വന്നു. എന്തിനും ചിട്ട വേണമെന്ന നിര്‍ബന്ധമുള്ളയാളായിരുന്നു കെ ആര്‍ നാരായണന്‍. ചീഫ് ജസ്റ്റീസു നല്‍കുന്ന അഭിപ്രായം മാത്രം വാങ്ങിയാല്‍ മതിയോ, മറ്റു രണ്ടു ജഡ്ജിമാരുടെ അഭിപ്രായം പ്രത്യേകം വാങ്ങേണ്ടതുണ്ടോ എന്ന വിശദീകരണം അദ്ദേഹം സുപ്രീം കോടതിയില്‍ നിന്നാവശ്യപ്പെട്ടു. ഭരണഘടനയുടെ നൂറ്റിനാല്പത്തിമൂന്നാം വകുപ്പനുസരിച്ച് രാഷ്ട്രപതിയ്ക്കു സുപ്രീംകോടതിയുടെ വിശദീകരണമാവശ്യപ്പെടാം: ഇതു ‘പ്രെസിഡെന്‍ഷ്യല്‍ റെഫറന്‍സ്’ എന്നറിയപ്പെടുന്നു. 1998ലായിരുന്നു, ഇത്.

എസ് പി ഭറൂച്ചയായിരുന്നു, അന്നത്തെ ചീഫ് ജസ്റ്റീസ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒമ്പതു ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബെഞ്ച് രാഷ്ട്രപതിയാവശ്യപ്പെട്ട വിശദീകരണവും അതിലേറെയും നല്‍കി. നാലു ജഡ്ജിമാര്‍ വിയോജിച്ച ആ വിധിയില്‍ ഒരുകൂട്ടം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു. അവയിലൊന്നായിരുന്നു, കൊളീജിയം എന്ന പേരിലറിയപ്പെടുന്ന സമിതിയുടെ സൃഷ്ടി. ചീഫ് ജസ്റ്റീസുള്‍പ്പെടെയുള്ള, ഏറ്റവും മുതിര്‍ന്ന, അഞ്ചു സുപ്രീംകോടതി ജഡ്ജിമാരായിരുന്നു കൊളീജിയത്തിലെ അംഗങ്ങള്‍.

ജഡ്ജിമാരുടെ നിയമനക്കാര്യങ്ങളില്‍ ചീഫ് ജസ്റ്റീസെന്ന വ്യക്തിയുടെ മാത്രം അഭിപ്രായം ഭരണഘടനയനുസരിച്ചു മതിയായ അഭിപ്രായമാവില്ല, പകരം, കൊളീജിയത്തിന്റെ ഒന്നാകെയുള്ള അഭിപ്രായം വേണം രാഷ്ട്രപതി മാനിയ്ക്കാന്‍ എന്നു കോടതി വിധിച്ചു. കൊളീജിയത്തിലെ എല്ലാ അംഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങള്‍ രാഷ്ട്രപതിയ്ക്ക് എഴുതിക്കൊടുക്കണമെന്നതായിരുന്നു, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൊന്ന്. ഇവ കോടതിയ്ക്കകത്തു പാലിയ്‌ക്കേണ്ട നിര്‍ദ്ദേശങ്ങളായിരുന്നെങ്കില്‍, രാഷ്ട്രപതി പാലിയ്‌ക്കേണ്ട ഒരു നിര്‍ദ്ദേശം കൂടി ആ വിധിയിലുള്‍പ്പെട്ടിരുന്നു. കൊളീജിയത്തിന്റെ തീരുമാനങ്ങള്‍ മാറ്റം കൂടാതെ രാഷ്ട്രപതി നടപ്പില്‍ വരുത്തണം എന്നതായിരുന്നു, അത്. ഭരണത്തലവനും സര്‍വ്വസൈന്യാധിപനുമായ രാഷ്ട്രപതിയ്ക്ക് ഉപദേശം നല്‍കുന്നതു മനസ്സിലാക്കാം, പക്ഷേ, അദ്ദേഹത്തിനു നിര്‍ദ്ദേശം നല്‍കുന്നതൊരു വൈരുദ്ധ്യമാണ്. ജഡ്ജിമാരുടേതിനു മാത്രമല്ല, ചീഫ്ജസ്റ്റീസിന്റെ നിയമനത്തിനും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമായിരുന്നു.

ചീഫ്ജസ്റ്റീസുള്‍പ്പെടെയുള്ള ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ സുപ്രീംകോടതിയുടെ മേല്‍ക്കോയ്മ ഈ വിധിയോടെ പരിപൂര്‍ണ്ണമായി.

അധികം താമസിയാതെ കൊളീജിയത്തെപ്പറ്റി പല പരാതികളുമുയര്‍ന്നു. ഭരണഘടനയിലില്ലാത്ത ഒന്നാണു കൊളീജിയം. സുപ്രീംകോടതിയ്ക്കു മേല്‍ക്കോയ്മ നേടാന്‍ വേണ്ടി ഏതാനും ജഡ്ജിമാര്‍ ചേര്‍ന്നുണ്ടാക്കിയ ഒരു സംവിധാനം. ഭരണഘടന നല്‍കിയിട്ടില്ലാത്ത അധികാരം സ്വായത്തമാക്കാന്‍ സുപ്രീംകോടതിജഡ്ജിമാര്‍ സ്വീകരിച്ച മാര്‍ഗ്ഗം. മിക്ക ജനാധിപത്യരാജ്യങ്ങളിലും സര്‍ക്കാരാണ്, അതായത് എക്‌സിക്യൂട്ടീവാണ്, ജഡ്ജിമാരുടെ നിയമനം നടത്തുന്നത്. ഇവിടെയാകട്ടെ, ഫലത്തില്‍ ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിയ്ക്കുന്നു. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിയ്ക്കുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ കോടതികള്‍ക്കു കിട്ടിയിരിയ്ക്കുന്ന സ്വാതന്ത്ര്യം അതിരു കവിഞ്ഞതാണ്. ജഡ്ജിമാരെ നിയമിയ്ക്കാന്‍ ജഡ്ജിമാര്‍ക്കുള്ള സ്വാതന്ത്ര്യം ഇത്രത്തോളം ഏകപക്ഷീയമാകരുത്. ജഡ്ജിമാരുടെ ശമ്പളവും സേവനവ്യവസ്ഥകളുമെല്ലാം തീരുമാനിയ്ക്കുന്നതു പാര്‍ലമെന്റാണ്. ശമ്പളം നല്‍കുന്നതു സര്‍ക്കാരുമാണ്. എന്നിട്ടും അവരുടെ നിയമനത്തില്‍ പാര്‍ലമെന്റിനോ സര്‍ക്കാരിനോ യാതൊരു പങ്കുമില്ലാത്തതു ശരിയല്ല. ഇങ്ങനെ പോയി, പരാതികള്‍.

കൊളീജിയത്തിനകത്തുള്ള നടപടിക്രമങ്ങള്‍ സുതാര്യമായിരുന്നുമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ രഹസ്യങ്ങളാണു കൊളീജിയത്തിനകത്തെ കാര്യങ്ങളെന്ന് ആക്ഷേപിയ്ക്കപ്പെട്ടു. നിയമനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ അര്‍ഹത കൊളീജിയം രാഷ്ട്രപതിയ്ക്കു വിശദീകരിച്ചുകൊടുത്തിരുന്നെങ്കിലും, തിരസ്‌കരിയ്ക്കപ്പെട്ടവര്‍ ആരൊക്കെയെന്നും, തിരസ്‌കരണത്തിനുള്ള കാരണമെന്തെന്നും കൊളീജിയം രാഷ്ട്രപതിയെ അറിയിച്ചിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട പലരേയുംകാള്‍ യോഗ്യരായ പലരും തെരഞ്ഞെടുക്കപ്പെടാതെ പോയി. തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡം സീനിയോറിറ്റി മാത്രമായി. കാര്യനിര്‍വ്വഹണശേഷിയും ചുമതലാബോധവും കുറഞ്ഞവര്‍ പോലും സീനിയോറിറ്റിയുടെ പിന്‍ബലത്തില്‍ ഉദ്യോഗക്കയറ്റം നേടി.

കൊളീജിയത്തിന്റെ നിയമനപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. അതുമൂലം ജഡ്ജിമാരുടെ നിയമനവും മന്ദഗതിയിലായി. നിരവധി ഒഴിവുകള്‍ നികത്തപ്പെടാതെ കിടന്നു. 2013ല്‍ 3650 ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടന്നിരുന്നു. ഇത് ആകെയുണ്ടാകേണ്ടിയിരുന്ന 17945 ജഡ്ജിമാരുടെ ഇരുപതു ശതമാനത്തിലേറെയായിരുന്നു. ഹൈക്കോടതികളില്‍പ്പോലും 282 ഒഴിവുകള്‍ നികത്തപ്പെടാതെ കിടന്നു. ഇത് ആകെയുണ്ടാകേണ്ട അംഗസംഖ്യയുടെ മുപ്പതുശതമാനത്തിലേറെയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലിത് 266 ആയിരുന്നു.

സുപ്രീം കോടതിയില്‍ 61300 കേസുകള്‍ ഇക്കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ കെട്ടിക്കിടന്നിരുന്നെന്നു സുപ്രീം കോടതിയുടെ തന്നെ വെബ്‌സൈറ്റു കാണിയ്ക്കുന്നു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള കേസുകളും ധാരാളമുണ്ടെന്നു പത്രവാര്‍ത്ത. നാല്പത്തിനാലര ലക്ഷം കേസുകളാണ് ഇന്ത്യയിലെ 24 ഹൈക്കോടതികളിലായി കഴിഞ്ഞ ഡിസംബറിലുണ്ടായിരുന്നത്. 2013ല്‍ നടന്ന കണക്കെടുപ്പില്‍ ആകെ 3.32 കോടി കേസുകള്‍ ഇന്ത്യന്‍ കോടതികളില്‍ കെട്ടിക്കിടപ്പുള്ളതായും കണ്ടെത്തിയിരുന്നു. ‘ജസ്റ്റിസ് ഡിലെയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ്’. നീതിവിളംബം നീതിനിരാസം തന്നെ. ഈ കാലതാമസം ജനതയില്‍ മടുപ്പുളവാക്കിയിരിയ്ക്കണം. കാത്തിരുന്നു മടുത്ത ചിലരെങ്കിലും നീതിയ്ക്കായി നിയമാനുസൃതമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുപോയിട്ടുണ്ടെങ്കില്‍ അതിലതിശയിയ്ക്കാനില്ല.

ഒരു ദശലക്ഷം ജനതയ്ക്ക് പതിന്നാലു ജഡ്ജിമാര്‍: ഇതാണിപ്പോളിവിടുത്തെ അനുപാതം. ലോകത്തെ ഏറ്റവും താഴ്ന്ന അനുപാതമാണിത് എന്നാണു പത്രവാര്‍ത്ത. അമേരിക്കയിലെ അനുപാതം നൂറ്റിനാലാണത്രെ. ബംഗ്ലാദേശിന്റേതു പോലും നമ്മുടേതിനോളമുണ്ട്. ഇന്ത്യയിലെ അനുപാതം പതിന്നാലിനു പകരം അമ്പതാക്കി ഉയര്‍ത്തണമെന്ന് ഒരു ദശാബ്ദത്തിനു മുമ്പു തന്നെ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നതാണ്. ആയിരത്തിലേറെ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സര്‍ക്കാര്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ആകെ കേസുകളുടെ എണ്ണം ഭീമമായിത്തന്നെ തുടരുന്നു.

വിശ്വാസത്തിന്റെ കാര്യമെടുക്കാം. രാഷ്ട്രീയനേതാക്കളിലോ ജഡ്ജിമാരിലോ കൂടുതല്‍ വിശ്വാസം എന്നു ചോദിച്ചാല്‍ ജഡ്ജിമാരില്‍ എന്നായിരിയ്ക്കും സാമാന്യജനത്തിന്റെ മറുപടി. രാഷ്ട്രീയനേതാക്കളില്‍ ജനത്തിനു പൊതുവില്‍ വിശ്വാസക്കുറവുണ്ട്. അത്രയധികം ആരോപണങ്ങള്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ‘എവരി നേഷന്‍ ഗെറ്റ്‌സ് ദ ഗവണ്മെന്റ് ഇറ്റ് ഡിസെര്‍വ്‌സ്’ എന്നൊരു ചൊല്ലുണ്ട്. ജനത അര്‍ഹിയ്ക്കുന്ന സര്‍ക്കാരിനെ മാത്രമേ ജനതയ്ക്കു കിട്ടുകയുള്ളു എന്നര്‍ത്ഥം. ഈ ആപ്തവാക്യം രാഷ്ട്രീയനേതാക്കളുടെ കാര്യത്തില്‍ മാത്രമല്ല, ജഡ്ജിമാരുടെ കാര്യത്തിലും ശരിതന്നെയാകാമെന്നു സൂചിപ്പിയ്ക്കുന്ന, നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസത്തില്‍ ഇടിവു വരുത്തുന്ന, പല സംഭവങ്ങളുമുണ്ടായി. ഇന്ത്യയിലെ അഞ്ചു ജഡ്ജിമാരിലൊരാള്‍ വീതം അഴിമതിക്കാരനാണെന്നു ചീഫ് ജസ്റ്റീസായിരുന്ന എസ് പി ഭറൂച്ച ഒരിയ്ക്കല്‍ പ്രസ്താവിച്ചിരുന്നു. ജസ്റ്റീസ് കപാഡിയ ചീഫ് ജസ്റ്റീസായിരിയ്‌ക്കെ കോടതികളിലെ അഴിമതിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. ജസ്റ്റീസ് പി സദാശിവവും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

കോടതികളില്‍ അഴിമതിയുണ്ടെന്നതിനു ചീഫ് ജസ്റ്റീസുമാരുടെ പരസ്യപ്രസ്താവനകള്‍ക്കു പുറമെ, തെളിവുകളുമുണ്ടായി. സുപ്രീംകോടതി ജസ്റ്റീസായിരുന്ന വി രാമസ്വാമിയ്‌ക്കെതിരെ ഉന്നയിയ്ക്കപ്പെട്ട അഴിമതിയാരോപണങ്ങളില്‍ ഭൂരിഭാഗവും തെളിയിയ്ക്കപ്പെട്ടു. കൈക്കൂലി വാങ്ങിയ ഒരു സാധാരണ സര്‍ക്കാരുദ്യോഗസ്ഥനെ കൈയോടെ പിടികൂടി ജയിലിലടയ്ക്കാം. സര്‍ക്കാരുദ്യോഗസ്ഥരുടെ കാര്യത്തില്‍ പതിവുള്ള ഇത്തരം നടപടികള്‍ ജഡ്ജിമാര്‍ക്കെതിരെ സ്വീകരിയ്ക്കാനാവില്ല. ഹൈക്കോടതികളിലേയോ സുപ്രീം കോടതിയിലേയോ ഒരു ജഡ്ജിയെ നീക്കം ചെയ്യാന്‍ ഇംപീച്ചു ചെയ്യാന്‍ മാത്രമേ സാധിയ്ക്കൂ. അതിനു പോലും, പാര്‍ലമെന്റിന്റെ ഇരുസഭകളും ഇംപീച്ച്‌മെന്റ് പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസ്സാക്കണം. ഇന്ത്യയിലെ ജഡ്ജിമാര്‍ക്കു ഭരണഘടനയിലൂടെ നല്‍കപ്പെട്ടിരിയ്ക്കുന്ന സംരക്ഷണമാണിത്.

ജസ്റ്റീസ് രാമസ്വാമിയെ നീക്കം ചെയ്യാനുള്ള പ്രമേയം ലോക്ള്‍സഭയില്‍ അവതരിപ്പിയ്ക്കപ്പെട്ടെങ്കിലും അതു പാസ്സായില്ല. അദ്ദേഹം പെന്‍ഷന്‍ പറ്റുന്നതു വരെ ജസ്റ്റീസായി തുടരുകയും ചെയ്തു. കൊല്‍ക്കത്താ ഹൈക്കോടതിയിലെ ജഡ്ജായിരുന്ന ജസ്റ്റീസ് സൌമിത്ര സെന്നിനെതിരേയും അഴിമതിയാരോപണമുയരുകയും അതു തെളിയിയ്ക്കപ്പെടുകയും ചെയ്തു. ജസ്റ്റീസ് സെന്നിനെതിരേ രാജ്യസഭ പ്രമേയം പാസ്സാക്കി. ആ പ്രമേയം ലോക്ള്‍സഭയുടെ മുന്നിലെത്തും മുമ്പു സെന്‍ രാജി വച്ചു. സിക്കിം ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസായിരുന്ന പി ഡി ദിനകരനെതിരേയും ഇംപീച്ച്‌മെന്റ് നടപടികളാരംഭിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹവും രാജി വച്ചു. കോടതികളില്‍ അഴിമതിയുണ്ടെന്നു മൂന്നു ചീഫ് ജസ്റ്റീസുമാര്‍ പരസ്യപ്രസ്താവന നടത്തിയിട്ടും, ഒരു ജഡ്ജിപോലും ഇതേവരെ ഇംപീച്ചു ചെയ്യപ്പെട്ടിട്ടില്ല.

പല രാജ്യങ്ങളിലും ജഡ്ജിമാര്‍ ചെയ്യുന്ന ചെറു കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഇംപീച്ച്‌മെന്റല്ലാത്ത ചെറു ശിക്ഷകള്‍ നല്‍കാനുള്ള സംവിധാനമുണ്ട്. അവിടങ്ങളില്‍ ജഡ്ജിമാരുടെ സേവനം ഇടയ്ക്കിടെ വിലയിരുത്തപ്പെടുന്നുമുണ്ട്. ഇവിടെയാകട്ടെ അത്തരം സംവിധാനങ്ങളില്ല. ചുമതലാബോധമില്ലാത്ത ജഡ്ജിയ്ക്കു പോലും ഇവിടെ നിര്‍ബ്ബാധം സേവനം തുടരാം. 3.32 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നതിനുള്ള പല കാരണങ്ങളിലൊന്ന് ചുമതലാബോധം കുറഞ്ഞ ജഡ്ജിമാരുള്ളതായിരിയ്ക്കണം. ഈയിടെ സുപ്രീം കോടതിയില്‍ നടന്ന ഒരു വിചാരണയ്ക്കിടയില്‍ ചുമതലാബോധം കുറഞ്ഞ ജഡ്ജിമാരുടെ ഉദാഹരണമായി ജസ്റ്റീസ് സിറിയക് ജോസഫ് പരാമര്‍ശിയ്ക്കപ്പെട്ടിരുന്നു. കൊളീജിയമെന്ന സംവിധാനം സീനിയോറിറ്റി മാത്രം പരിഗണിയ്ക്കുന്നതുകൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങളിലൊന്ന് കാര്യശേഷിയും ആത്മാര്‍ത്ഥതയും കുറഞ്ഞവരും ജഡ്ജിമാരാകുന്നതാണെന്നു പത്രങ്ങളില്‍ ആവര്‍ത്തിയ്ക്കപ്പെട്ടിട്ടുള്ളതാണ്.

തങ്ങളുടെ പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും നിശ്ചയിയ്ക്കാനുള്ള അധികാരം ഭരണഘടനയുടെ നൂറ്റിനാല്പത്തഞ്ചാം വകുപ്പു സുപ്രീംകോടതിയ്ക്കു നല്‍കുന്നുണ്ട്. സുപ്രീം കോടതിയില്‍ 61300 കേസുകള്‍ നിലവിലുണ്ടെങ്കിലും, വര്‍ഷത്തില്‍ കേവലം 190 ദിവസം മാത്രമേ ആകെ മുപ്പത്തൊന്നു ജഡ്ജിമാര്‍ മാത്രമുള്ള സുപ്രീം കോടതി പ്രവര്‍ത്തിയ്ക്കാറുള്ളു. ശേഷിയ്ക്കുന്ന 175 ദിവസവും ഒഴിവുദിനങ്ങള്‍. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമേ സുപ്രീം കോടതി പ്രവര്‍ത്തിയ്ക്കുകയുള്ളു. കുറഞ്ഞൊരു കാലം മുമ്പു വരെ പത്താഴ്ചയായിരുന്നു സുപ്രീം കോടതിയുടെ വേനല്‍ക്കാലാവധി. ഇപ്പോഴത് ഏഴാഴ്ചയായി കുറച്ചിട്ടുണ്ട്. വേനല്‍ക്കാലാവധി ബ്രിട്ടീഷ് ഭരണകാലത്തെ പതിവുകളുടെ അവശിഷ്ടമായിരിയ്ക്കണം. പത്തുകൊല്ലത്തിലേറെ പഴക്കമുള്ള നിരവധി കേസുകളുള്‍പ്പെടെ 61300 കേസുകള്‍ നിലവിലുള്ളപ്പോള്‍ 175 ഒഴിവുദിനങ്ങള്‍ വളരെക്കൂടുതലാണെന്നു തന്നെ പറയേണ്ടിയിരിയ്ക്കുന്നു. അവധിദിനങ്ങള്‍ കുറയ്ക്കാന്‍ ചുമതലാബോധമുള്ള ചില ചീഫ്ജസ്റ്റീസുമാര്‍ ശ്രമം നടത്തിയപ്പോഴൊക്കെ എതിര്‍പ്പുകളുയര്‍ന്നിരുന്നു.

സുപ്രീം കോടതി ജഡ്ജിമാര്‍ മാത്രമടങ്ങുന്ന കൊളീജിയം ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പതിവു തുടരുവോളം, സത്യനിഷ്ഠയും ഉത്തരവാദിത്വബോധവും കാര്യശേഷിയും കുറഞ്ഞവരും ജഡ്ജിമാരാകുമെന്ന സംശയം പ്രബലമായി. അഴിമതിക്കാരായ ജഡ്ജിമാരെ നീക്കം ചെയ്യുന്നതു ദുഷ്‌കരമായതിനാല്‍, അത്തരക്കാരെ തിരിച്ചറിഞ്ഞ്, നിയമനവേളയിലും ഉദ്യോഗക്കയറ്റവേളയിലും മാറ്റിനിര്‍ത്തുകയാണു നല്ലതെന്നു സര്‍ക്കാര്‍ മനസ്സിലാക്കി. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ലക്ഷക്കണക്കിനു കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍, ജഡ്ജിമാരുടെ നിയമനത്തില്‍ കാലതാമസം ഒഴിവാക്കുന്നതും അത്യന്താപേക്ഷിതമായി. കൊളീജിയത്തിന്റെ പ്രവര്‍ത്തനം നീതിന്യായവ്യവസ്ഥയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിയ്ക്കുന്നതല്ലെന്നു ബോദ്ധ്യപ്പെട്ട സര്‍ക്കാര്‍ അതിനൊരു മാറ്റം വരുത്തണമെന്നാഗ്രഹിച്ചു.

2003ല്‍ വാജ്‌പേയിസര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനത്തിനായൊരു നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിയ്ക്കാനുള്ള പ്രമേയം ലോക്ള്‍സഭയിലവതരിപ്പിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി അതൊരു കമ്മിറ്റിയ്ക്കു കൈമാറുകയാണുണ്ടായത്. കോടതികളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണു സര്‍ക്കാരിന്റേതെന്നു നിയമവൃത്തങ്ങളില്‍ നിന്നു നിശിതമായ വിമര്‍ശനവുമുയര്‍ന്നു. എന്തായാലും പ്രമേയത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ആര്‍ജ്ജവം ആ സര്‍ക്കാരിനുമുണ്ടായില്ല.

പത്തു കൊല്ലം കഴിഞ്ഞ്, 2013ല്‍, ഒരു നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിയ്ക്കാനുള്ള പുതിയൊരു ബില്ല്, മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യൂപിഏ സര്‍ക്കാര്‍ രാജ്യസഭയിലവതരിപ്പിച്ചു. രാജ്യസഭയതു പാസ്സാക്കുകയും ചെയ്തു. എന്നാല്‍ ആ ബില്ലിനു ലോക്ള്‍സഭയിലേയ്ക്കു കടക്കാനുള്ള ഭാഗ്യമുണ്ടായില്ല. 2003ലെപ്പോലെ, നിയമവൃത്തങ്ങളില്‍ നിന്നു കഠിനമായ എതിര്‍പ്പുമുയര്‍ന്നു. അതിനിടെ ലോക്ള്‍സഭാതെരഞ്ഞെടുപ്പും അരികിലെത്തിയിരുന്നു. രാജ്യസഭ പാസ്സാക്കിയ ആ ബില്ല്, പുതിയ ലോക്ള്‍സഭ രൂപീകൃതമായ ശേഷം പിന്‍വലിയ്ക്കപ്പെട്ടു.

ഇക്കാര്യത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിലവിലുള്ള എന്‍ ഡി ഏ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരുകള്‍ക്കായതിനേക്കാളേറെ ദൂരം മുന്നോട്ടു പോയി. വെറുമൊരു ബില്ലവതരിപ്പിയ്ക്കലല്ല, സര്‍ക്കാര്‍ ചെയ്തത്. ഭരണഘടനയില്‍ത്തന്നെ ഭേദഗതി വരുത്തി, അവര്‍. കഴിഞ്ഞ ആഗസ്റ്റില്‍ തൊണ്ണൂറ്റൊമ്പതാമതു ഭരണഘടനാഭേദഗതിബില്ലിലൂടെ ഭരണഘടനയില്‍ 124ഏ, ബി, സി എന്നീ വകുപ്പുകള്‍ അവരെഴുതിച്ചേര്‍ത്തു. ഭേദഗതിയനുസരിച്ചുള്ള നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ്‌സ് കമ്മീഷന്റെ (എന്‍ ജെ ഏ സി) രൂപീകരണത്തിനാവശ്യമായ നിയമവും പാര്‍ലമെന്റിന്റെ ഇരുസഭകളും ശബ്ദവോട്ടോടെ പാസ്സാക്കി. ഭരണഘടനാഭേദഗതി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയതിനു പുറമേ, ഇരുപതോളം സംസ്ഥാനനിയമസഭകളും അതിനെ പിന്തുണച്ചു. ഡിസംബറില്‍ രാഷ്ട്രപതിയുടെ വിജ്ഞാപനമിറങ്ങിയതോടെ ഭരണഘടനാഭേദഗതിയും എന്‍ ജെ ഏ സി ആക്റ്റുമെല്ലാം പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ ഡിസംബറില്‍ പ്രാബല്യത്തില്‍ വന്ന ഭരണഘടനാഭേദഗതിയനുസരിച്ച്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, സുപ്രീംകോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ്ജസ്റ്റീസുമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍, ഇവരുടെയെല്ലാം നിയമനവും സ്ഥലം മാറ്റവുമെല്ലാം എന്‍ ജെ ഏ സിയുടെ ചുമതലകളാണ്. നിലവിലുള്ളതും ഉടനുണ്ടാകാന്‍ പോകുന്നതുമായ ഒഴിവുകളെല്ലാം സര്‍ക്കാര്‍ എന്‍ ജെ ഏ സിയെ അറിയിയ്ക്കും. ആരെയൊക്കെ നിയമിയ്ക്കണം, ആര്‍ക്കൊക്കെ ഉദ്യോഗക്കയറ്റവും സ്ഥലം മാറ്റവും നല്‍കണം എന്നെല്ലാം എന്‍ ജെ ഏ സി തീരുമാനിച്ച്, ആ തീരുമാനങ്ങളടങ്ങുന്ന ശുപാര്‍ശ അവര്‍ രാഷ്ട്രപതിയുടെ മുന്നില്‍ വയ്ക്കുന്നു. രാഷ്ട്രപതി നിയമനങ്ങള്‍ നടത്തുന്നു.

എന്‍ ജെ ഏ സിയില്‍ ആരൊക്കെയാണുണ്ടാകുകയെന്നു നോക്കാം:

(1) സുപ്രീംകോടതി ചീഫ്ജസ്റ്റീസ്
(2) അദ്ദേഹത്തിന്റെ നേരേ താഴേയുള്ള രണ്ടു ജഡ്ജിമാര്‍
(3) കേന്ദ്രനിയമമന്ത്രി
(4) നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന രണ്ടു മഹദ്‌വ്യക്തികള്‍

ആകെ ആറുപേര്‍. നാമനിര്‍ദ്ദേശം ചെയ്യപ്പെടേണ്ട ഒഴിവിലേയ്ക്ക് രണ്ടുപേരെ നാമനിര്‍ദ്ദേശം ചെയ്യേണ്ടത് മൂന്നുപേരടങ്ങുന്നൊരു സമിതിയാണ്. താഴെപ്പറയുന്നവരായിരിയ്ക്കും ആ നാമനിര്‍ദ്ദേശസമിതിയിലുണ്ടാകുക:

(1) പ്രധാനമന്ത്രി
(2) പ്രതിപക്ഷനേതാവ്
(3) സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

എന്‍ ജെ ഏ സിയിലെ ഏതെങ്കിലും രണ്ടംഗങ്ങള്‍ വിയോജിപ്പു പ്രകടിപ്പിച്ച നാമം രാഷ്ട്രപതിയ്ക്കു നല്‍കുന്ന ലിസ്റ്റില്‍ പെടുകയില്ല. ഏതെങ്കിലും രണ്ടംഗങ്ങള്‍ വിചാരിച്ചാല്‍ ഒരു നിയമനത്തെ വീറ്റോ ചെയ്യാമെന്നര്‍ത്ഥം. എന്‍ ജെ ഏ സി രാഷ്ട്രപതിയുടെ മുന്നില്‍ വയ്ക്കുന്ന ശുപാര്‍ശകള്‍ രാഷ്ട്രപതിയെ സംബന്ധിച്ചിടത്തോളം അന്തിമമല്ല. അവ പുനഃപരിശോധന നടത്തണമെന്ന് എന്‍ ജെ ഏ സിയോടു നിര്‍ദ്ദേശിയ്ക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രപതിയ്ക്കുണ്ട്. കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ മടക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രപതിയ്ക്കുണ്ടായിരുന്നില്ലെന്നോര്‍ക്കുക.

എന്‍ ജെ ഏ സിയിലേയ്ക്കാവശ്യമുള്ള രണ്ടുന്നതവ്യക്തികളുടെ പ്രഥമനാമനിര്‍ദ്ദേശം നടക്കുന്നതിനു മുമ്പു തന്നെ എന്‍ ജെ ഏ സിയ്ക്കായി വരുത്തിയിരിയ്ക്കുന്ന ഭരണഘടനാഭേദഗതി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിയ്ക്കുന്നു. അഞ്ചു ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബെഞ്ച് ഇതു സംബന്ധിച്ച വിചാരണ കേട്ടു കഴിഞ്ഞിരിയ്ക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വിധിപ്രസ്താവമുണ്ടാകും. ഒരു പക്ഷേ, ഈ ലേഖനം വെളിച്ചം കാണും മുമ്പേ വിധിപ്രസ്താവമുണ്ടായെന്നും വരാം. എന്തായിരിയ്ക്കാം വിധി?

1998 മുതല്‍ കഴിഞ്ഞ വര്‍ഷം എന്‍ ജെ ഏ സി നിയമം ഭരണഘടനാഭേദഗതിയിലൂടെ പ്രാബല്യത്തില്‍ വന്നതു വരെയുള്ള 17 വര്‍ഷക്കാലം മുഴുവന്‍ ഏറ്റവും മുതിര്‍ന്ന അഞ്ചു സുപ്രീംകോടതി ജഡ്ജിമാരടങ്ങിയ കൊളീജിയത്തിന്റെ നിര്‍ദ്ദേശമായിരുന്നു ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ അന്തിമം. കൊളീജിയത്തിന്റെ നിര്‍ദ്ദേശത്തിന്മേല്‍ ഒപ്പുവച്ചുകൊടുക്കുകയല്ലാതെ, മറ്റൊരു സ്വാതന്ത്ര്യവും രാഷ്ട്രപതിയ്ക്ക് ഇക്കാര്യത്തിലുണ്ടായിരുന്നില്ല. സര്‍ക്കാരിനാകട്ടെ, ജഡ്ജിമാരുടെ നിയമനക്കാര്യത്തിലേയ്ക്കു പ്രവേശനം പോലുമുണ്ടായിരുന്നില്ല. സുപ്രീംകോടതിയുടെ മേല്‍ക്കോയ്മ പൂര്‍ണ്ണമായിരുന്നു.

എന്‍ ജെ ഏ സിയുടെ ജനനത്തോടെ ഇക്കാര്യത്തില്‍ സുപ്രീംകോടതിയ്ക്കുണ്ടായിരുന്ന മേല്‍ക്കോയ്മ അവസാനിച്ചു. കേന്ദ്രനിയമമന്ത്രിയും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന രണ്ടുന്നത വ്യക്തികളും സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നു ജഡ്ജിമാരോടൊപ്പം എന്‍ ജെ ഏ സിയില്‍ അംഗങ്ങളാകുന്നതുകൊണ്ട്, സമിതിയില്‍ സുപ്രീംകോടതിയുടെ അംഗബലം നേര്‍പകുതി മാത്രം. സുപ്രീംകോടതിയ്ക്കകത്തു നിന്നു മൂന്നു പേര്‍, പുറത്തു നിന്നു മൂന്നു പേര്‍. സ്വന്തം അധികാരം പകുതിയായി കുറയ്ക്കുന്നൊരു നടപടിയെ സുപ്രീംകോടതിയെങ്ങനെ പിന്താങ്ങും? വരാന്‍ പോകുന്ന വിധി എന്‍ ജെ ഏ സിയ്ക്കും ഭരണഘടനാഭേദഗതിയ്ക്കും എതിരായിപ്പോകുന്നെങ്കില്‍ തെല്ലുമതിശയിയ്ക്കാനില്ല. ഭരണഘടനാഭേദഗതിയും എന്‍ ജെ ഏ സി ആക്റ്റും സുപ്രീംകോടതി അസാധുവായി പ്രഖ്യാപിച്ചെന്നു വരാം. വിധി എന്‍ ജെ ഏ സിയ്ക്കനുകൂലമായാലും പ്രതികൂലമായാലും ഈ വിഷയത്തെപ്പറ്റി ചില ചിന്തകള്‍ ഞാനിവിടെ നിരത്തട്ടെ.

എന്‍ ജെ ഏ സിയെപ്പറ്റിയുള്ള ഖണ്ഡിക ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്ന നൂറ്റിരുപത്തൊന്നാമതു ഭരണഘടനാഭേദഗതി ബില്‍ (തൊണ്ണൂറ്റൊമ്പതാമതു ഭേദഗതിനിയമം) ലോക്ള്‍സഭയില്‍ 367 വോട്ടുകള്‍ നേടിയിരുന്നു. ഇതു ലോക്ള്‍സഭയുടെ ആകെ അംഗസംഖ്യയുടെ മൂന്നില്‍ രണ്ടിലേറെയായിരുന്നു. ബില്ലിനെ എതിര്‍ക്കുന്ന വോട്ടുകളൊന്നുമുണ്ടായില്ല. ഇങ്ങനെ ലോക്ള്‍സഭയില്‍ ഐകകണ്‌ഠ്യേന പാസ്സായ ബില്ലു രാജ്യസഭയിലും മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷം (179 വോട്ടു) നേടിക്കൊണ്ടു പാസ്സായി. ബില്ലിനെ എതിര്‍ക്കുന്ന വോട്ടുകളൊന്നും രാജ്യസഭയിലുമുണ്ടായില്ല. ഇങ്ങനെ ആകെ 546 ജനപ്രതിനിധികളുടെ പിന്തുണ ആ ഭരണഘടനാഭേദഗതിബില്ലിനു ലഭിച്ചിരുന്നു.

ഭരണഘടനാഭേദഗതിയ്ക്കു സംസ്ഥാനങ്ങള്‍ നല്‍കിയ പിന്തുണയെടുക്കാം: ആകെ 29 സംസ്ഥാനങ്ങളാണുള്ളത്. അവയില്‍ പകുതിയെങ്കിലും ഭരണഘടനാഭേദഗതി ബില്ലു പാസ്സാക്കിയിരിയ്ക്കണമെന്നുണ്ട്. പതിനഞ്ചു സംസ്ഥാനങ്ങളെങ്കിലും പാസ്സാക്കണം എന്നര്‍ത്ഥം. പതിനഞ്ചിനു പകരം ഇരുപതു സംസ്ഥാനങ്ങള്‍ ഈ ഭരണഘടനാഭേദഗതി ബില്ലു പാസ്സാക്കി. ചുരുക്കത്തില്‍ ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിരിയ്ക്കുന്നതിലുമേറെ ജനപ്രതിനിധിസഭാപിന്തുണ രാജ്യമൊട്ടാകെ നേടിയ ശേഷമാണ് ഈ ഭേദഗതി പ്രാബല്യത്തില്‍ വന്നിരിയ്ക്കുന്നത്.

ഈ ഭരണഘടനാഭേദഗതിയുടെ വിചാരണ കേള്‍ക്കുന്ന സുപ്രീംകോടതിയിലെ ഭരണഘടനാബെഞ്ചിലുള്ളതാകട്ടെ, അഞ്ചു ജഡ്ജിമാര്‍ മാത്രമാണ്. കേന്ദ്രജനപ്രതിനിധിസഭകളിലെ 546 ജനപ്രതിനിധികള്‍ ഐക്യകണ്‌ഠ്യേന പാസ്സാക്കിയത് അസാധുവാക്കാനുള്ള അധികാരം അഞ്ചു ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഭരണഘടനാബെഞ്ചിനുണ്ടെന്നതില്‍ അപാകമുണ്ട്. ജനാധിപത്യവ്യവസ്ഥിതിയില്‍ ജനത തെരഞ്ഞെടുത്തയച്ചിരിയ്ക്കുന്ന ജനപ്രതിനിധികളുടെ സഭയായിരിയ്ക്കണം പരമോന്നതം. ജനത നേരിട്ടു തെരഞ്ഞെടുക്കുന്നവരല്ല, ജഡ്ജിമാര്‍. സര്‍ക്കാരാല്‍ നിയമിയ്ക്കപ്പെടുന്നവരാണവര്‍. സര്‍ക്കാരാല്‍ നിയമിയ്ക്കപ്പെടുന്നവരാരും തന്നെ ജനപ്രതിനിധിസഭകളേക്കാള്‍ ഉയരത്തിലാകരുത്.

വാസ്തവത്തില്‍ ഭരണഘടനയില്‍ എഴുതിവച്ചിരിയ്ക്കുന്നതും അങ്ങനെതന്നെയാണ്. ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിനുള്ള അധികാരം മുന്നൂറ്ററുപത്തെട്ടാം വകുപ്പില്‍ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്; അതിവിടെ ഉദ്ധരിയ്ക്കുന്നു:

‘Notwithstanding anything in this Constitution, Parliament may in exercise of its constitutent power, amend by way of addition, variation or repeal any provision of this Constitution in accordance with the procedure laid down in this article.’

ഈ വകുപ്പ് അതേപടി നിലനില്‍ക്കുന്നുണ്ട്. ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്താന്‍ വേണ്ടി ചില നടപടിക്രമങ്ങള്‍ ഭരണഘടനയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ നടപടിക്രമങ്ങളെല്ലാം അനുസരിച്ചുകൊണ്ടു വരുത്തിയിരിയ്ക്കുന്ന ഭേദഗതിയാണു എന്‍ ജെ ഏ സി. അതുകൊണ്ടു ഭരണഘടനയുടെ ഭാഗത്തു നിന്ന് എന്‍ ജെ ഏ സിയ്ക്കു തടസ്സമൊന്നുമില്ല. തടസ്സമുണ്ടാകാനിടയുള്ളത് സുപ്രീംകോടതിയില്‍ നിന്നാണ്. പാര്‍ലമെന്റു പാസ്സാക്കുന്ന ഭരണഘടനാഭേദഗതികളെ അസാധുവായി പ്രഖ്യാപിയ്ക്കാനുള്ള അധികാരം സുപ്രീംകോടതിയ്ക്കുണ്ട് എന്നു വ്യക്തമായി ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെങ്കിലും, ഭരണഘടനാസംബന്ധിയായ ചോദ്യങ്ങളിന്മേല്‍ തീരുമാനമെടുക്കുന്ന ഭരണഘടനാബെഞ്ചില്‍ അഞ്ചില്‍ക്കുറയാതെ ജഡ്ജിമാരുണ്ടാകണമെന്നു ഭരണഘടനയില്‍ പറയുന്നുണ്ട്. ഭരണഘടനയിലെ മറ്റു ചില വകുപ്പുകളിലും ഭരണഘടനാബെഞ്ചിന്റെ കാര്യം പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയ്ക്കു ഭരണഘടനാബെഞ്ചുണ്ടാക്കാമെന്ന് ഈ പരാമര്‍ശത്തില്‍ നിന്നു വ്യക്തമാണ്. ഭരണഘടനാബെഞ്ചിന്റെ ഉദ്ദേശ്യം ഭരണഘടനയെപ്പറ്റിയുള്ള പ്രശ്‌നങ്ങളിന്മേലുള്ള തീരുമാനമെടുക്കുകയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവിടെ മറ്റൊരു കാര്യം കൂടി പറഞ്ഞേ തീരൂ: സുപ്രീംകോടതിവിധിയെ മറികടക്കാന്‍ വേണ്ടി പാര്‍ലമെന്റിനു നിയമമുണ്ടാക്കുന്നതിനു യാതൊരു തടസ്സവുമില്ല.

ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാര്‍ലമെന്റിനു പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ടെന്നു ഭരണഘടനയുടെ മുന്നൂറ്ററുപത്തെട്ടാം വകുപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും, ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൂടെന്ന് 1973ല്‍ കേശവാനന്ദഭാരതിയുടെ കേസിന്റെ വിധിയില്‍ സുപ്രീംകോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഭരണഘടനയിലെ മുന്നൂറ്ററുപത്തെട്ടാം വകുപ്പിനു നേര്‍വിപരീതമാണു കേശവാനന്ദഭാരതിയുടെ കേസിലെ സുപ്രീംകോടതി വിധി. അടിസ്ഥാനസ്വഭാവമെന്ന പദംകൊണ്ടു വിവക്ഷിച്ചതെന്തെല്ലാമെന്നു കോടതി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇരുപതോളം ഘടകങ്ങള്‍ വിവിധ വിധിപ്രസ്താവങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. അവയിലൊന്നു കോടതികളുടെ സ്വാതന്ത്ര്യമാണ്. എന്‍ ജെ ഏ സി സുപ്രീംകോടതിയുടെ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്ന ഒന്നാണെന്ന സമീപനമാണു ബലപ്പെടുന്നതെങ്കില്‍ എന്‍ ജെ ഏ സിയും അതു സംബന്ധിച്ച ഭരണഘടനാഭേദഗതിയും അസാധുവാകാനാണു സാദ്ധ്യത.

വാസ്തവത്തില്‍ എന്‍ ജെ ഏ സിയുടെ രൂപവത്കരണം സുപ്രീംകോടതിയുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതപ്പെടുത്തലല്ല. കാരണങ്ങള്‍ വിശദീകരിയ്ക്കാം. ജഡ്ജിമാരുടെ നിയമനം സുപ്രീംകോടതിയുടെ അവകാശമോ അധികാരമോ ആണെന്നു ഭരണഘടനയിലില്ല. 199398 കാലത്ത് രണ്ടു വിധിപ്രസ്താവങ്ങളിലൂടെ, അതിനു തങ്ങള്‍ക്കാണധികാരമെന്നു സുപ്രീംകോടതി സ്വയം പറഞ്ഞുവച്ചതായിരുന്നു അത്. രാജ്യത്തെ ഏറ്റവും വലിയ നിയമനിര്‍മ്മാണസഭയായ പാര്‍ലമെന്റിനു പോലും ജഡ്ജിമാരുടെ നിയമനത്തില്‍ അധികാരമില്ലെന്നു പരോക്ഷമായി പറയുന്നതിനു തുല്യമായിരുന്നു അത്. സാധാരണ നിയമങ്ങള്‍ മാത്രമല്ല, ഭരണഘടനയെ മാറ്റിമറിയ്ക്കുന്ന നിയമങ്ങള്‍ പോലും പാസ്സാക്കാനുള്ള അധികാരം പാര്‍ലമെന്റിനുണ്ടെന്നു ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിരിയ്ക്കുമ്പോഴാണു ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം തങ്ങള്‍ക്കു മാത്രമേയുള്ളെന്നു സുപ്രീംകോടതി വിധിച്ചത്.

സുപ്രീംകോടതിയ്ക്ക് അധികാരം കിട്ടണമെങ്കില്‍ രണ്ടു വഴികളാണുള്ളത്: ഒന്നുകിലതു ഭരണഘടനയിലുണ്ടാകണം. അല്ലെങ്കില്‍ പാര്‍ലമെന്റ് അതിനായി നിയമം പാസ്സാക്കിയിരിയ്ക്കണം.

ഇതുരണ്ടുമില്ലാത്ത നിലയ്ക്ക്, തങ്ങള്‍ക്ക് അധികാരമുണ്ടെന്നു സുപ്രീംകോടതി സ്വയം പറഞ്ഞതു കൊണ്ടു മാത്രം അധികാരം ലഭിയ്ക്കുന്നില്ല. സുപ്രീംകോടതിയുടെ വിധിപ്രസ്താവങ്ങള്‍ ഇന്ത്യയിലെ എല്ലാ കോടതികള്‍ക്കും ബാധകമാണെങ്കിലും അവയെ മറികടന്നുകൊണ്ടുള്ള നിയമനിര്‍മ്മാണം നടത്താനുള്ള പൂര്‍ണ്ണാധികാരം പാര്‍ലമെന്റിനുണ്ടെന്നു മുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം മാറ്റുന്ന ഭേദഗതികള്‍ വരുത്തരുതെന്നു 1973ലെ കേശവാനന്ദഭാരതിയുടെ കേസിലെ വിധിപ്രസ്താവത്തിലൂടെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും, ആ നിര്‍ദ്ദേശം ഭരണഘടനയുടെ മുന്നൂറ്ററുപത്തെട്ടാം വകുപ്പു പാര്‍ലമെന്റിനു നല്‍കുന്ന അധികാരത്തിനു കടിഞ്ഞാണിടലാവില്ല. ഭരണഘടന പാര്‍ലമെന്റിനു നല്‍കിയിരിയ്ക്കുന്ന അധികാരത്തെ എടുത്തു മാറ്റാനോ പരിമിതപ്പെടുത്താനോ സുപ്രീംകോടതിയ്ക്ക് അധികാരമുള്ളതായി ഭരണഘടനയില്‍ പറയുന്നില്ല.

എന്‍ ജെ ഏ സിയുടെ രൂപീകരണശേഷവും സുപ്രീംകോടതിയ്ക്കു ഭരണഘടനയില്‍ അനുവദിച്ചിരിയ്ക്കുന്ന അധികാരങ്ങളെല്ലാം ഭദ്രമായി തുടരുന്നുണ്ട്. ജഡ്ജിമാരെ നീക്കം ചെയ്യണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കണമെന്ന നിബന്ധനയ്ക്കു യാതൊരിളക്കവും തട്ടിയിട്ടില്ല. ജഡ്ജിമാരുടെ നിയമനശേഷം, അവരുടെ സേവനവ്യവസ്ഥകളില്‍ ഒരു തരത്തിലുള്ള കുറവും വരുത്താന്‍ പാടില്ലെന്നു ഭരണഘടനയിലുള്ള നിഷ്‌കര്‍ഷയും അതേപടി നിലനില്‍ക്കുന്നു. സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ സുപ്രീംകോടതിയ്ക്കു ഭരണഘടനയുടെ നൂറ്റിനാല്പത്തഞ്ചാം വകുപ്പു നല്‍കുന്ന സ്വാതന്ത്ര്യവും മാറ്റമൊന്നും കൂടാതെ നിലനില്‍ക്കുന്നു. ഇതിനൊക്കെപ്പുറമെ, ഭരണഘടനയ്‌ക്കെതിരായ നിയമങ്ങള്‍ അസാധുവാക്കാനുള്ള കോടതിയുടെ സ്വാതന്ത്ര്യവും, സര്‍ക്കാരിനേയോ ഭരണപക്ഷത്തേയോ പ്രീണിപ്പിയ്ക്കാതെ, നിര്‍ഭയം വിധിപ്രസ്താവം നടത്താനുള്ള സാഹചര്യവും അതേപടി തുടരുന്നു.

എന്‍ ജെ ഏ സിയുടെ രൂപീകരണം മൂലം ഒരേയൊരു മാറ്റം മാത്രമാണു സുപ്രീംകോടതിയെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിയ്ക്കുന്നത്: ജഡ്ജിമാരുടെ നിയമനത്തിന് കഴിഞ്ഞ 17 വര്‍ഷക്കാലമായി സുപ്രീംകോടതിയ്ക്കുണ്ടായിരുന്ന അധികാരം പകുതിയായിക്കുറഞ്ഞു. 1950ല്‍ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കായ ശേഷമുള്ള നാല്പതു കൊല്ലം ജഡ്ജിമാരെ തെരഞ്ഞെടുത്തിരുന്നതു ജഡ്ജിമാരായിരുന്നില്ല. ‘ഞങ്ങള്‍ തന്നെ ഞങ്ങളെ തെരഞ്ഞെടുത്തോളാമെന്നു’ 199398 കാലത്തു സുപ്രീംകോടതി പറഞ്ഞ് ഏകപക്ഷീയമായി സ്വായത്തമാക്കിയ, ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടില്ലാത്ത, അധികാരത്തിന്റെ പകുതി മാത്രമാണ് എന്‍ ജെ ഏ സിയ്ക്കു കൈമാറേണ്ടി വരുന്നത്. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിയ്ക്കുന്ന കീഴ്‌വഴക്കം ഇന്ത്യയിലല്ലാതെ ലോകത്തു മറ്റൊരിടത്തുമില്ലെന്ന വസ്തുത പരിഗണിയ്ക്കുമ്പോള്‍ കോടതിയുടെ അധികാരത്തിലെ ഈ അര്‍ദ്ധനഷ്ടം വേണ്ടതു തന്നെ.

എന്‍ ജെ ഏ സി ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവും ത്വരിതഗതിയിലാക്കുമെന്നാണു പ്രതീക്ഷ. ദീര്‍ഘകാലമായി നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകള്‍ അതിവേഗം നികത്തപ്പെടുമെന്നതാണ് എന്‍ ജെ ഏ സിയില്‍ നിന്നു പ്രതീക്ഷിയ്ക്കപ്പെടുന്ന പല ഗുണങ്ങളിലൊന്ന്. കാര്യശേഷിയും ചുമതലാബോധവും ആത്മാര്‍ത്ഥതയുമുള്ളവര്‍ ജഡ്ജിമാരായി നിയമിയ്ക്കപ്പെടുമെന്നാണു മറ്റൊരു പ്രതീക്ഷ. കൊളീജിയം നിലനിന്നിരുന്ന കാലത്തു സീനിയോറിറ്റിയ്ക്കു ലഭിച്ചിരുന്ന അമിതമായ ഊന്നല്‍ കുറയുകയും ചെയ്യും.

തൊണ്ണൂറ്റൊമ്പതാം ഭരണഘടനാഭേദഗതിയനുസരിച്ചു ജഡ്ജിമാരുടെ നിയമനത്തിനുള്ള സ്വാതന്ത്ര്യം സുപ്രീംകോടതി എന്‍ ജെ ഏ സിയ്ക്കു കൈമാറണം എന്നാണെന്റെ അഭിപ്രായമെങ്കിലും, ജനാധിപത്യവ്യവസ്ഥിതിയുടേയും മൌലികാവകാശങ്ങളുടേയും സംരക്ഷണം സുപ്രീംകോടതി തുടരുക തന്നെ വേണം. അടിയന്തിരാവസ്ഥക്കാലത്തു സങ്കുചിതതാത്പര്യങ്ങള്‍ മൂലം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടനയില്‍ യഥേഷ്ടം ഭേദഗതികള്‍ വരുത്തുകയും, അവയിലൂടെ ജനതയുടെ മൌലികാവകാശങ്ങളെ നിയന്ത്രിയ്ക്കുകയും ചെയ്ത ചരിത്രം മറക്കുക വയ്യ. ഇന്ദിരാഗാന്ധിയുടെ 1971 മുതല്‍ 1977 വരെയുള്ള ഭരണകാലത്ത്, പ്രത്യേകിച്ചും 1975 ജൂണ്‍ മുതല്‍ 1977 മാര്‍ച്ചു വരെയുള്ള അടിയന്തിരാവസ്ഥക്കാലത്ത്, ഭരണപക്ഷത്തിനു വന്‍ ഭൂരിപക്ഷമുണ്ടായിരുന്ന പാര്‍ലമെന്റ് 39, 40, 41, 42 എന്നീ ഭരണഘടനാഭേദഗതികളിലൂടെ ഭരണഘടനയിലെ കാതലായ മിക്ക വകുപ്പുകളിലും മാറ്റങ്ങള്‍ വരുത്തി. ഭരണഘടന ‘അക്ഷരാര്‍ത്ഥത്തില്‍ കിളച്ചുമറിച്ചു’ എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് അന്ന് അപലപിയ്ക്കുകയും ചെയ്തിരുന്നു.

1971ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി റായ് ബറേലിയില്‍ 111810 വോട്ടിന്റെ വ്യത്യാസത്തില്‍, അനായാസവിജയം നേടിയിരുന്നു. നാലു വര്‍ഷത്തിനു ശേഷം, 1975 ജൂണ്‍ പന്ത്രണ്ടാം തീയതി അലഹാബാദ് ഹൈക്കോടതി ജസ്റ്റീസ് യശശ്ശരീരനായ ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ ചരിത്രം തിരുത്തിക്കുറിച്ച ഒരു വിധി പ്രസ്താവത്തിലൂടെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും, ഇന്ദിരാഗാന്ധിയെ അധികാരപദവികള്‍ വഹിയ്ക്കുന്നതില്‍ നിന്ന് ആറു വര്‍ഷത്തേയ്ക്കു വിലക്കുകയും ചെയ്തു. ആ വിധിപ്രസ്താവത്തെ മറികടന്ന്, അധികാരത്തില്‍ തുടരാന്‍ വേണ്ടി ഇന്ദിരാഗാന്ധി അവലംബിച്ച വഴിവിട്ട ചെയ്തികളായിരുന്നു അടിയന്തിരാവസ്ഥാപ്രഖ്യാപനവും, തുടരെത്തുടരെയുള്ള ഭരണഘടനാഭേദഗതികളും.

മുപ്പത്തൊമ്പതാമതു ഭേദഗതി, പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പുഫലം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതാക്കി. ഇരുപത്തിരണ്ടു സംസ്ഥാനങ്ങളില്‍ പതിനേഴെണ്ണം മുപ്പത്തൊമ്പതാമതു ഭേദഗതിയെ പിന്തുണയ്ക്കുകയും ചെയ്തു. പിന്തുണച്ച പതിനേഴു സംസ്ഥാനങ്ങളില്‍ പ്രബുദ്ധസംസ്ഥാനമെവകാശപ്പെട്ടിരുന്ന കേരളവുമുള്‍പ്പെട്ടിരുന്നു. മൌലികാവകാശങ്ങളെ നിയന്ത്രിയ്ക്കുകയും ജനാധിപത്യവ്യവസ്ഥിതിയില്‍ വെള്ളം ചേര്‍ക്കുകയും ചെയ്ത ആ ഭരണഘടനാഭേദഗതികളില്‍ ഭൂരിഭാഗവും തുടര്‍ന്ന് അധികാരത്തില്‍ വന്ന ജനതാപാര്‍ട്ടി സര്‍ക്കാര്‍ 43, 44 എന്നീ ഭേദഗതികളിലൂടെ നീക്കം ചെയ്ത്, മൌലികാവകാശങ്ങളേയും ജനാധിപത്യത്തേയും പൂര്‍വ്വസ്ഥിതിയിലാക്കി സംരക്ഷിച്ചു. ചില ഭേദഗതികള്‍ സുപ്രീംകോടതിയും അസാധുവാക്കി.

ഇതിനിടയില്‍ രസകരമായൊരു കാര്യവും നടന്നു: 1975 ജൂണില്‍ അലഹാബാദ് ഹൈക്കോടതി നടത്തിയിരുന്ന വിധിപ്രസ്താവത്തെ 1975 നവംബര്‍ ഏഴാം തീയതി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഏ എന്‍ റേയുടെ നേതൃത്വത്തിലുള്ള അഞ്ചംഗബെഞ്ചു പാടേ തിരുത്തി! ഏ എന്‍ റേയാകട്ടെ, ഇന്ദിരാഗാന്ധിയോടു പ്രതിബദ്ധത പുലര്‍ത്തിയിരുന്നയാളായിരുന്നു താനും. സുപ്രീംകോടതിയെപ്പോലും സ്വന്തം വരുതിയിലാക്കാന്‍ ഭരണാധികാരിയ്ക്കു കഴിയുമെന്നതിനു വേറെ തെളിവു വേണ്ട.

ജനാധിപത്യത്തില്‍ അടിയുറച്ച വിശ്വാസമുള്ളവരെ മാത്രമേ ജനപ്രതിനിധികളായി തെരഞ്ഞെടുക്കാവൂ എന്ന പാഠമാണു ജനതയ്ക്ക് ഇതില്‍ നിന്നെല്ലാം പഠിയ്ക്കാനുള്ളത്. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ജനാധിപത്യത്തിലെ വേദവാക്യങ്ങളാണ്. അവയില്‍ നിന്ന് അണുവിട വ്യതിചലിയ്ക്കാത്ത ജനപ്രതിനിധിസഭകളായിരിയ്ക്കണം ജനാധിപത്യവ്യവസ്ഥിതിയില്‍ പരമോന്നതം. ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ജനപ്രതിനിധികളുടെ പ്രതിനിധികള്‍ക്കും തുല്യമായ പ്രാതിനിധ്യം അനുവദിയ്ക്കുന്ന എന്‍ ജെ ഏ സി, ജഡ്ജിമാര്‍ മാത്രമുള്ള കൊളീജിയത്തേക്കാള്‍ ജനാധിപത്യപരമാണ്. എന്‍ ജെ ഏ സി സമതുലിതമാണ്, കൊളീജിയമാകട്ടെ, ഏകപക്ഷീയവും. എന്‍ ജെ ഏ സി കോടതിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ഇല്ലാതാക്കുമെന്ന ആരോപണത്തില്‍ കഴമ്പില്ല. എന്‍ ജെ ഏ സികൊണ്ടു ഗുണങ്ങളാണു കൂടുതല്‍. ദോഷങ്ങള്‍ കുറവും. അതുകൊണ്ട്, എന്‍ ജെ ഏ സി തുടരുക തന്നെ വേണം.