Perfect Days (2023)
Genre: Drama
Language: Japan

Maneesh Anandh

ജപ്പാനെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നവയിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ഏകാന്തതയും ശുചിത്വവും. ആത്മഹത്യ നിരക്ക് പൊതുവെ ക്രമാതീതമായ ജപ്പാനിൽ ഏകദേശം നാല്പതു ശതമാനത്തോളം ആളുകളെങ്കിലും ഏകാന്തതയിൽ ഞെരിഞ്ഞമരുന്നു എന്നുള്ളതാണ് വസ്തുത. അങ്ങനെയുള്ള ജപ്പാനിലെ ഷിബുയ പ്രദേശത്തെ പൊതുശൗചാലയങ്ങൾ വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന ഹിരായമ എന്ന മധ്യവയസ്കന്റെ ദൈന്യംദിന ജീവിതത്തെ ഒപ്പിയെടുക്കുന്ന ചിത്രമാണ് 2023ൽ വിം വെന്റേഴ്‌സ് സംവിധാനം ചെയ്ത “പെർഫെക്ട് ഡേയ്സ്”. 2023-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ കോജി യകുഷോയ്ക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ഈ ചിത്രത്തിന് ഒരു പ്രത്യേക ഇതിവൃത്തമില്ല, മറിച്ച് ചില കാരണങ്ങളാൽ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് ഒരു പബ്ലിക്ക് ടോയ്ലറ്റ് ക്ലീനറായി പ്രവർത്തിക്കുന്ന ഹിരായമയുടെ ഏകാന്ത ജീവിതത്തെ ശാന്തമായി വീക്ഷിക്കുന്നു. ആളുകൾ ഏകാന്തതയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്? ഇതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രമേയം. ഏകാന്തതയുടെ ശക്തിയും സൗന്ദര്യവും നമുക്ക് ഹിരായമയിലൂടെ കാണിച്ചുതരുന്നു.

തോക്യോയിലെ ഷിബുയയിലെ പബ്ലിക്ക് ടോയ്‌ലറ്റ് ക്ലീനറാണ് യകുഷോ അവതരിപ്പിക്കുന്ന ഹിരായമ. ടോക്കിയോ സ്കൈട്രീ ടവറിനടുത്തുള്ള ഒരു പഴയ അപ്പാർട്ട്മെന്റിൽ അദ്ദേഹം തനിച്ചാണ് താമസിക്കുന്നത്. പ്രഭാതം മെല്ലെ വിടരവേ, അയൽവാസിയായ സ്ത്രീ മുളഞ്ചൂല് കൊണ്ട് നിലം തൂത്തുവാരുന്ന ശബ്ദം തെരുവിൽ പ്രതിധ്വനിക്കുന്നത് കേട്ടുകൊണ്ടാണ് ദിവസവും ഹിരായമ ഉറക്കമെഴുന്നേല്ക്കുന്നത്. കുറച്ചു നേരം കണ്ണു തുറന്ന് സീലിംഗിലേക്ക് നോക്കി കിടക്കും. ശേഷം കിടക്ക മടക്കി വച്ച് ജോലിക്ക് പോകാൻ ഒരുങ്ങുകയായി. പല്ല് തേച്ച്, മീശ വെട്ടിയൊതുക്കി, തൈകൾക്ക് വെള്ളം നനച്ച്, കതക് തുറന്ന ശേഷം ആകാശത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട്, അപ്പാർട്ട്മെന്റിന് മുന്നിലുള്ള വെൻഡിംഗ് മെഷീനിൽ നിന്ന് ഒരു ക്യാൻ കാപ്പിയും വാങ്ങി നേരം പുലരും മുൻപേ തന്റെ വാനിൽ കാസറ്റ് സംഗീതവും കേട്ടുകൊണ്ട് നേരെ ജോലി സ്ഥലത്തേക്ക് തിരിക്കുന്നു. ജോലിയിൽ യാതൊരുതരത്തിലും വിട്ടുവീഴ്ചയില്ല.

പൊതുശൗചാലയമാണെങ്കിലും മുക്കും മൂലയും വൃത്തിയായിരിക്കണമെന്ന് നിർബന്ധമാണ്. ജോലി സമയത്ത് ശൗചാലയം ഉപയോഗിക്കാൻ ആൾക്കാർ വന്നാലും മറുത്തൊന്നും പറയാതെ പുറത്ത് പോയി ക്ഷമയോടെ കാത്തിരിക്കും. ആരോടും പരാതിയില്ല, പരിഭവമില്ല. വളരെ ശാന്തമായ പ്രകൃതം, ആളൊരു മിതഭാഷി കൂടിയാണ്. ജോലിക്കിടയിൽ കുറച്ച് സമയം ഭക്ഷണം കഴിക്കാനുള്ള ഇടവേളയാണ്. സ്ഥിരം പോയിരിക്കാറുള്ള പാർക്കിൽ പോയിരുന്ന് ഭക്ഷണം കഴിച്ച ശേഷം കാറ്റിൽ ആടിയുലയുന്ന മരങ്ങളെ വീക്ഷിക്കും. ആകാശം മുഴുവൻ ശിഖരങ്ങളാൽ ആവരണം ചെയ്ത ആ മരങ്ങളുടെ ഇലകളുടെ ഇടയിൽ നിന്നും സൂര്യപ്രകാശം അരിച്ചിറങ്ങുന്നത് തന്റെ പഴയ മോഡൽ ക്യാമറയിൽ ഫോട്ടോയെടുക്കുന്നതാണ് പ്രധാന ഹോബി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സൈക്കിളെടൂത്ത് നേരെ ബാത്ത് ഹൗസിലേക്ക് തിരിക്കും. ഒരു വിശദമായ കുളിക്ക് ശേഷം അവിടെ ടിവിയിൽ ഗുസ്തിയോ ബേസ്ബോളോ കണ്ടുകൊണ്ട് കുറച്ച് സമയം ചിലവഴിക്കും. പിന്നീട് അവിടെ തൊട്ടടുത്തുള്ള ഒരു കടയിൽ പോയി ഭക്ഷണം കഴിക്കും, ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നു. അപ്പോഴേക്കും നേരം ഇരുട്ടിയിരിക്കും. കിടക്കുന്നതിന് മുൻപായുള്ള കുറച്ച് സമയം കഴിഞ്ഞ അവധി ദിവസം വാങ്ങിയ പുസ്തകം വായിക്കുന്നതിൽ മുഴുകും. അത് കഴിഞ്ഞയുടൻ ഉറക്കം. പിറ്റേന്നും മുളഞ്ചൂലിന്റെ ശബ്ദം കേട്ട് അദ്ദേഹം ഒരിക്കൽ കൂടി ഉണരുന്നു.

ഒരു കഥാസന്ദർഭത്തിൽ ഹിരായമ തന്നെ മരവുമായി ഉപമിക്കുന്നുണ്ട്; ഹിരായമയുടെ ജീവിതം ഒരു മരം പോലെയാണ് – അചഞ്ചലവും ഒരു സ്ഥലത്ത് തന്നെ ഉറച്ചുനിൽക്കുന്നതും. മിക്കവാറും സംഭാഷണങ്ങളൊന്നുമില്ലാതെ, എല്ലാ ദിവസവും ഒരേ രീതിയിൽ ഒരേ സമയം ഈ ദിനചര്യകൾ ആവർത്തിച്ചു പോവുന്നു. ജാപ്പനീസ് പൊതു ശൗചാലയങ്ങൾ “സമാധാനവും കുലീനതയും ഉള്ള എളിമയും പവിത്രവുമായ ഒരിടം” ആയാണ് വെൻഡേഴ്‌സ് നോക്കിക്കാണുന്നതെന്നത് പരിഗണിക്കവേ, ഇവിടെ ശുചീകരണ ജോലി എങ്ങനെയെങ്കിലും സന്യാസ പരിശീലനത്തോട് സാമ്യമുള്ളതാണ്. ഹിരായമയെ സംബന്ധിച്ച് തന്റെ പതിവ് ദിനചര്യ പിന്തുടർന്നു പോവുന്നത് അദ്ദേഹത്തിന്റെ മനസ്സിനുള്ളിലെ കോലാഹലങ്ങൾ ശാന്തമാക്കാം, ഏകാന്തതയെ അകറ്റി നിർത്താനുള്ള മാർഗ്ഗമായിരിക്കാം. പ്രേക്ഷകന് ഇതൊരു ലൂപ്പ് പോലെ തോന്നാമെങ്കിലും, എല്ലാ ദിവസവും രാവിലെ തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങി ആകാശത്തേക്ക് നോക്കുന്ന ഹിരായമയുടെ മുഖഭാവങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഓരോ ദിവസവും “ഒരേ” എന്നതിലുപരി ഒരു “പുതിയ ദിവസം” എന്നാണെന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയും.

ഇതിനിടയിൽ സഹപ്രവർത്തകനുമായും, അനന്തരവളുമായുമൊക്കെ കണ്ടുമുട്ടലുകൾ സംഭവിക്കുന്നു. കഴിയുന്നത്ര മറ്റുള്ളവരുമായി ഇടപഴകാതെ തനിച്ചായത് മറക്കാൻ ശ്രമിക്കുന്നത് കൊണ്ടാവാം, തനിച്ചായിരിക്കുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം അയാൾ ആസ്വദിക്കുന്നതായും തോന്നുന്നു. അങ്ങനെ പെട്ടെന്നുള്ള സന്ദർശകരും മറ്റ് ആളുകളുമായുള്ള ഇടപഴകലും കാരണം ഹിരായമയുടെ സമാധാനപരമായ ദൈനംദിന ജീവിതവും മാനസികാവസ്ഥയും ചാഞ്ചാടാൻ തുടങ്ങുന്നു. അപ്പോഴാണ് ഹിരായാമയുടെ ഭൂതകാലത്തിന്റെ ഒരു ചെറിയ ഭാഗം വെളിച്ചത്തുവരുന്നത്. പക്ഷേ അദ്ദേഹം മുമ്പ് എങ്ങനെയുള്ള ജീവിതമാണ് ജീവിച്ചിരുന്നത് എന്നതിനെ കുറിച്ച് ഒരു പിന്നാമ്പുറ കഥയും ചിത്രം വാഗ്ദാനം ചെയ്യുന്നില്ല, എന്നാൽ 70-കളിലെ റോക്ക് സംഗീതത്തെക്കുറിച്ച് അദ്ദേഹത്തിന് മികച്ച അറിവുണ്ടെന്നും ഒരു വലിയ വായനക്കാരനാണെന്നും കാണിക്കുക വഴി അദ്ദേഹം ഒരു ബൗദ്ധിക ജീവിതം നയിച്ചുവെന്നും ഒരു കുലീന കുടുംബത്തിൽ നിന്നുള്ളയാളാണെന്നും സംവിധായകൻ നമ്മളോട് സൂചിപ്പിക്കുന്നു. മുഖ്യകഥാപാത്രം ആരാണെന്ന് അന്വേഷിക്കുന്നതിനുപകരം, ജീവിതത്തിൽ അപ്രധാനമെന്ന് കരുതുന്ന ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്ന ഹിരായമയുടെ ആവർത്തിച്ചുള്ള ദൈനംദിന ജീവിതത്തിലേക്ക് അക്ഷുബ്ധമായി നോക്കുന്ന സംവിധായകൻ, ലൗകിക മോഹങ്ങളിൽ നിന്ന് അകന്ന് ഇത്രയും ശാന്തവും സമാധാനപരവുമായ ജീവിതം നയിക്കുന്നത് മനോഹരമാണോ എന്ന് ആരായുന്നു.

സിനിമയുടെ അവസാന മിനിറ്റുകളിൽ, ഒരു പരിചയസമ്പന്നനായ നടന് മാത്രം കാണിക്കാൻ കഴിയുന്ന, സന്തോഷം, സങ്കടം, നിരാശ, ഏകാന്തത, ആശ്വാസം മുതലായ സങ്കീർണ്ണമായ വികാരങ്ങൾ സമന്വയിപ്പിക്കുന്ന മുഖഭാവങ്ങളോടെ പ്രധാന കഥാപാത്രത്തിന്റെ വികാരങ്ങൾ ആ സിംഗിൾ ഷോട്ടിൽ കോജി യകുഷോ സംഗ്രഹിക്കുന്നു. ഈ അവസാന മിനിറ്റുകൾ മാത്രം അവാർഡിന് അർഹമാണെന്നാണ് എന്റെ പക്ഷം. ഒരു അഭിമുഖത്തിൽ കോജി യകുഷോ പറഞ്ഞതുപോലെ അമ്പതോ നൂറോ വർഷങ്ങൾ കഴിഞ്ഞാലും പഴക്കം തട്ടാത്ത സിനിമയാണ് “പെർഫെക്ട് ഡേയ്സ്”.

You May Also Like

ധനുഷിന്റെ ‘വാതി’ ഒരു മാസം ബോക്‌സ് ഓഫീസിൽ നേടിയത് 118 കോടി

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത തമിഴ്, തെലുങ്ക് ദ്വിഭാഷാ ചിത്രം ‘വാതി’ / ‘സർ’ ഫെബ്രുവരി…

അന്ന് ആത്മഹത്യാ കുറിപ്പ് എഴുതി മരിക്കാൻ തീരുമാനിച്ചു; പിന്നീട് അവരെ കുറിച്ച് ഓർത്തപ്പോൾ അതിൽ നിന്നും പിന്മാറി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനോദ് കോവൂർ.

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ താരങ്ങളിലൊരാളാണ് വിനോദ് കോവൂർ

അഫ്‌സലിലെ പാട്ടുകാരൻ

അഫ്‌സലിലെ പാട്ടുകാരൻ ഗിരീഷ് വർമ്മ ബാലുശ്ശേരി മികച്ച ശബ്ദത്തിന്റെ ഉടമ ആയിട്ടും മലയാള സിനിമ അർഹിക്കുന്ന…

“അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം, പക്ഷെ….”

മലയാളത്തിലെ പ്രധാനപ്പെട്ട താരജോഡികൾ ആണ് സംയുക്തവർമ്മയും ബിജുമേനോനും. ഇരുവരും ഒന്നിച്ചു അഭിനയിച്ച മേഘമൽഹാർ  ഇന്നും ആസ്വാദകരുടെ…