സിനിമാഭിപ്രായം
Perfect Days

അവനവൻ ആനന്ദം കണ്ടെത്തുന്ന വഴികൾ

രാംദാസ് മിനി നാരായണൻ

വിം വെൻഡേഴ്സ് എന്ന മഹാനായ ചലച്ചിത്രകാരൻ തൻ്റെ 78-)മത്തെ വയസ്സിലെടുത്ത മഹത്തായ സിനിമ. നായകനായി നടനരാജാവ് കോജി യാഷുക്കോ. ഒരു പുസ്തകം, ഒരു സിനിമയൊക്കെ നമ്മുടെ ജീവിതം മാറ്റിമറിക്കാം. അത്തരമൊരു സിനിമയാണ് തിരുവനന്തപുരം ചലച്ചിത്രോത്സവത്തിൻ്റെ അവസാന ദിവസം കണ്ടത്.ജോലി മൂത്രപ്പുര വൃത്തിയാക്കൽ.Tokyo toilet cleaner.ഏത് ജോലിയും ആസ്വദിച്ച് ആത്മാർത്ഥതയോടെ ചെയ്യുക. തുച്ഛമായ വരുമാനമായിരിക്കാം, അതൊക്കെ മതി. വെളുപ്പിന് 4 മണിയോടെ അലാറം പോലുമില്ലാതെ ഉണരുക. ഒരു കൊച്ചു അപ്പാർട്ടുമെൻ്റിൽ ചെറിയ ചായക്കപ്പുകളിൽ താൻ നട്ടുവളർത്തുന്ന ചെടികൾ നനക്കുക, അവയോടു അല്പം കുശലം പറയുക. പിന്നെ പല്ലുതേപ്പ്, യൂണിഫോമിടൽ, കതക് പോലുമടയ്ക്കാതെ യാത്ര തുടങ്ങുന്നു.

താഴെയുള്ള വെൻഡിങ് മെഷിനിൽ നിന്നും ഒരു കോഫി. ഒമ്നി വാൻപോലുള്ള ഒരു വണ്ടിയിൽ താൻ സ്വന്തമായി വാങ്ങിയ വൃത്തിയാക്കുന്നതിനുള്ള ഉപകരണങ്ങളുമായി ദിവസം തുടങ്ങുന്നു. കൂട്ടിന് 80 കളിലെ മഹത്തായ സംഗീതത്തിൻ്റെ കാസറ്റുകൾ.ജോലി ഉഡായിപ്പല്ല. ഏറ്റവും വൃത്തിയായിരിക്കണമെല്ലാം, ഒന്നിലും ഒരു കോംപ്രമൈസുമില്ല. ഇടയ്ക്കൊരു ഇടവേള. സ്ഥിരമായി പോകുന്നത് ഒരു ബുദ്ധ മൊണാസ്ടിയുടെ മുൻഭാഗത്ത്. ഒരു സാൻഡ്വിച്ച്, ഒരു കോള. പിന്നെയൊരു മരത്തിൻ്റെ(സുഹൃദ് മരം) ചില്ലകൾക്കിടയിലൂടെ വരുന്ന ഉദയസൂര്യൻ്റെ ചിത്രമെടുക്കുക, തൻ്റെ ഒളിമ്പസ് ക്യാമറയിൽ.കുളിയും പൊതുയിടത്താണ്. അതു കഴിഞ്ഞ് സ്വിമ്മിങ് പൂളിൽ അല്പസമയം.ആഴ്ചയിൽ ഒരുദിവസം കിട്ടുന്ന അവധി ആഘോഷമാണ്.

തുണികൾ പൊതുവാഷിങ് മെഷീനിൽ കൊണ്ടുപോയി അലക്കണം. ഒരു ഡോളർ പുസ്തകക്കടയിൽ പോയി ഇഷ്ടപ്പെട്ടയൊരു പുസ്തകം വാങ്ങണം.വൈകുന്നേരം സ്ഥിരം പബ്ബിൽ പോയി രണ്ടെണ്ണമടിക്കണം. അതിനിടെ അവിടത്തെ നടത്തിപ്പുകാരിയുമായി അല്പം സല്ലാപം, മേമ്പൊടിയായി കുറച്ചു സംഗീതവും. മുറിയിലെത്തിയാൽ പുസ്തകത്തിൻ്റെ കുറച്ചു പേജുകൾ വായിക്കും. സുഖകരമായ നിദ്രക്കു ശേഷം കലണ്ടർ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.പരാതികളില്ല, പരിഭവങ്ങളില്ല, പരിദേവനങ്ങളില്ല. സിനിമയിൽ ആകെക്കൂടി നായകന് സംസാരിക്കേണ്ടത് പത്തോളം വാക്കുകൾ മാത്രം. എല്ലാം ഒരു ചിരിയിലൊതുക്കുന്ന നിസ്സംഗതയാണ് മിക്കപ്പോഴും.കഥാപാത്രങ്ങൾ ആകെ അഞ്ചോ ആറോ പേർ.സ്വന്തം സഹോദരിയുടെ മകൾ ഇടയ്ക്ക് അമ്മാവനെ അന്വേഷിച്ച് അഭയം തിരക്കി വരുന്നു. ഹൃദയസ്പർശിയാണ് അവളുമൊത്തുള്ള രണ്ടോ മൂന്നോ ദിവസങ്ങളിലെ ജീവിതം. അതിസമ്പന്നയായ സഹോദരി പുറകേയെത്തുന്നു.

ഇവിടെയൊക്കെ വികാരതീവ്രമായ സംഭാഷണങ്ങളില്ല, ഒരു നോട്ടം, പുഞ്ചിരി, കരച്ചിൽ അതിലൊക്കെയടങ്ങുന്നു എല്ലാം. ഇതിനിടെ സഹപ്രവർത്തകൻ്റെ കാമുകി അടിച്ചുമാറ്റിയ കാസറ്റുമായി മടങ്ങി വരുന്നുണ്ട്. അവൾ വണ്ടിയിൽ നിന്നിറങ്ങിപ്പോകുന്നതിനു മുമ്പ് ഹിരായാമക്ക് കവിളിൽ നല്കിയ മുത്തം എൻ്റെ കവിളത്ത് ഇപ്പോഴും ചൂടോടെയുണ്ട്. ഹിരായാമയുടെ ദിനരാത്രങ്ങൾ ഒരുപാട് പ്രാവശ്യം സിനിമയിൽ ആവർത്തിക്കുന്നുണ്ട്. മറ്റൊരു സിനിമയിലാണെങ്കിൽ വിരസതയോടെ കാണേണ്ടി വരുന്ന രംഗങ്ങൾ ഒരു വിരസതയും തന്നില്ല,മറിച്ച് ആസ്വദിച്ച് തന്നെ കാണാൻ കഴിയും. ഒരു മനുഷ്യന്
ആനന്ദത്തോടെ ജീവിയ്ക്കാൻ എന്തൊക്കെ വേണം? മനോഹരമായ ഈ സിനിമ കണ്ടാൽ ഉത്തരം നിങ്ങളെത്തേടിയെത്തും, ഉറപ്പ്!

പ്രസിദ്ധമായ കാൻ ചലച്ചിത്രമേളയിലെ മികച്ച നടനായി തിരഞ്ഞെടുക്കാൻ ജൂറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരിക്കില്ല.ചിത്രത്തിൻ്റെ അവസാനം കാസറ്റ് സംഗീതം കേട്ട് വണ്ടിയോടിക്കുന്ന ഹിരായാമയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ നടനവൈഭവം എന്നു പറഞ്ഞാൽ കുറഞ്ഞുപോകും.

You May Also Like

ബേസിലും കൂട്ടരും പറയുന്ന കഥ നിഷ്കളങ്കമായ ഇനിയൊരു തലമുറയ്ക്ക് മനസിലാവും

Soorya Suresh സോകാൾഡ് മലയാളികൾക്ക് മുൻപിലേക്ക് ഈ ലോകം മൃഗങ്ങൾക്കും പക്ഷികൾക്കും മനുഷ്യർക്കും ഒക്കെ ജീവിക്കുവാൻ…

ഒരു സീരിയൽ നടി എന്നറിയാതെയാണ് സ്വാസികയെ ചതുരത്തിൽ കാസ്റ്റ് ചെയ്തതെന്ന് സിദ്ധാർഥ് ഭരതൻ

മലയാള സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം എത്തുന്ന ഇറോട്ടിക് ജോണറിലുള്ള ചിത്രം ആണ് ചതുരം . സിദ്ധാർഥ്…

തല്ലുമാല, കടുവ, എന്നിവ പോലുള്ളവ മാത്രം ഇഷ്ടമുള്ളവർ തിയറ്ററിൽ കയറി മറ്റുള്ളവർക്ക് ശല്യമാകരുത്

Bibin Joy ഒട്ടും താൽപര്യമില്ലാത്ത Livestock inspector ജോലിക്ക് കുടിയാന്മല എന്ന ഗ്രാമത്തിൽ എത്തുന്ന യുവാവിന്…

സാരിയിൽ തിളങ്ങി അനുപമ. കമൻ്റുമായി സെലിബ്രിറ്റികൾ.

ദുൽഖർ സൽമാൻറെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്.സിനിമാരംഗത്തെപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.