എങ്ങനെ ആണ് പെർഫ്യൂമു കൾക്കു ധാരാളം ‘വെറൈറ്റി’ സുഗന്ധങ്ങൾ കണ്ടെത്തുന്നത് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉കട്ട ലോക്കൽ മുതൽ രാജ്യാന്തര നിലവാരം വരെയുള്ള പെർഫ്യൂമുകളടിച്ചു ജോലിസ്ഥലത്തും കോളജിലുമൊക്കെ സുഗന്ധം പരത്തുന്നവർ കുറവല്ല.നമുക്കിടയിൽ കുളിച്ചില്ലെങ്കിൽ പോലും പെർഫ്യൂം വച്ച് ‘അഡ്ജസ്റ്റ്’ ചെയ്യുന്നവരുമുണ്ടല്ലോ. ഇതിനും മാത്രം ‘വെറൈറ്റി’ സുഗന്ധങ്ങൾ എവിടെനിന്നു കണ്ടെത്തുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? പെർഫ്യൂമുകളുടെ സുഗന്ധം തീരുമാനിക്കുന്നതും പല കോമ്പിനേഷനുകൾ പരിശോധിച്ച് വേണ്ടതു കണ്ടെത്തുന്നതും ഫ്രാഗ്നൻസ് കെമിസ്റ്റ് അഥവാ പെർഫ്യൂമറുകൾ എന്ന വിഭാഗത്തിന്റെ ജോലിയാണ്.
എല്ലാവർക്കും അറിയുന്നതുപോലെ മൂക്ക് ആണ് ഈ ജോലിക്കാരുടെ പ്രധാന ‘പണിയായുധം’. മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന സുഗന്ധം കണ്ടെത്തി അത്തരമൊരു ഉൽപന്നം പുറത്തിറക്കി വിജയിപ്പിക്കുക ഒട്ടും എളുപ്പമുള്ള ജോലിയല്ല. ഈ മേഖലയിൽ വർഷങ്ങളുടെ വൈദഗ്ധ്യം നേടിയവരാണു വലിയ പെർഫ്യൂം ബ്രാൻഡുകളുടെ റിസർച് വിഭാഗങ്ങളിലുള്ളത്.
സുഗന്ധങ്ങളുടെ കെമിസ്ട്രിയെക്കുറിച്ചു പെർഫ്യൂമർക്കു കൃത്യമായ ധാരണയുണ്ടാകണം.ഏതൊക്കെ കെമിക്കൽ കോംപസിഷനുകളാണ് ഒരു പ്രത്യേക സുഗന്ധം സൃഷ്ടിക്കുക എന്നത് അറിയണം. ഇത്തരം പരീക്ഷണങ്ങൾ തുടർച്ചയായി ഇവർ ചെയ്യാറുണ്ട്.ലോകമെങ്ങുമുള്ള പൂക്കളെക്കുറിച്ചും, അവയുടെ സുഗന്ധത്തെക്കുറിച്ചുമൊക്കെ അവർക്ക് ധാരണയുണ്ടാകും.
കെമിക്കലുകൾ ആയതുകൊണ്ടുതന്നെ അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിയിൽ വിഷമയമാകാൻ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കും.ശരീരത്തിൽ പൂശുന്ന പെർഫ്യൂമുകൾ, എയർ ഫ്രഷ്നറുകൾ, ശുചീകരണ ഉൽപന്നങ്ങൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികളുടെ പരീക്ഷണ ലാബുകളിലോക്കെ ഇവരെ ധാരാളം കാണാം .