മലയാള സിനിമയിലെ ഉന്മൂലനത്തിന്റെ പെരുന്തച്ചൻ കോംപ്ലക്സുകൾ

442

Saradakutty Bharathikutty

മലയാള സിനിമയിലെ ഉന്മൂലനത്തിന്റെ പെരുന്തച്ചൻകോംപ്ലക്സുകൾ.

പെരുന്തച്ചന്റെ സംവിധായകൻ ശ്രീ അജയനെ നേരിൽ പരിചയപ്പെടുന്നത്, 2009 ൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരിക്കുമ്പോഴാണ്. അന്ന് ഞാനും ആ കമ്മിറ്റിയിൽ ഒരംഗമായിരുന്നു. അദ്ദേഹത്തോട് വലിയ ബഹുമാനവും ആരാധനയുമായിരുന്നു എനിക്ക്. എന്നാൽ ഏതോ വലിയ നിരാശ ബാധിച്ചിട്ടെന്നവണ്ണം അദ്ദേഹം പൂർണ്ണമായും നിശ്ശബ്ദനായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. വിധുബാലയും കെ.മധുവും ഒക്കെ അദ്ദേഹത്തിന്റെ വലുതായ മാറ്റത്തെക്കുറിച്ച് ആകുലതയോടെ സംസാരിക്കുന്നത് ഞാനോർക്കുന്നു. മൗനിയായി ഒരു മൂലയിലിരുന്നു അജയൻ സർ. സിനിമയുടെ വിലയിരുത്തലുകൾ നടക്കുമ്പോൾ മാത്രം വായ തുറന്ന് സൂക്ഷ്മതയോടെ, ശ്രദ്ധിച്ച് എന്തെങ്കിലും പറയും. അഗാധമായിരുന്നു ആ സങ്കടങ്ങളെന്ന് ആർക്കും തിരിച്ചറിയാൻ കഴിയുമായിരുന്നു.

ഈ ലക്കം പച്ചക്കുതിരയിൽ ഹൃദയസ്പർശിയായ ആ ആത്മകഥയുടെ ഒരു ഭാഗമുണ്ട്. പ്രതിഭാശാലിയായ ഒരു സംവിധായകൻ ഒറ്റച്ചിത്രത്തിൽ ഒതുങ്ങിപ്പോയ കഥ. വലിയ സ്വപ്നങ്ങളെ സിനിമയിലെ തമ്പുരാക്കന്മാർ ചവിട്ടിത്തേച്ച കഥ. മാണിക്യക്കല്ല് എന്ന വലിയ സ്വപ്നം പൊലിഞ്ഞ കഥ. ഗുഡ് നൈറ്റ് മോഹനും പ്രിയദർശനും കഥയിൽ പ്രതിഭാഗത്തുണ്ട്.

തനിക്കേറ്റവും പ്രിയപ്പെട്ട ഭരതനും പത്മരാജനുമായി അകലാനുണ്ടായ കാരണവും ആത്മകഥയിൽ പറയുന്നു. എല്ലാവരും കൂടിയിരുന്നു തമാശ പറയുന്നതിനിടയിൽ താൻ പറഞ്ഞ കമന്റ് ഇഷ്ടമാകാതിരുന്നപ്പോൾ ഭരതൻ കാലു മടക്കി മുഖത്തടിച്ചത്. മറ്റൊരു ലൊക്കേഷനിൽ ‘ഇനി മേലിൽ എന്റെ ലൊക്കേഷനിൽ നീ കസേരയിലിരിക്കരുതെ’ന്ന് പത്മരാജൻ പറഞ്ഞത്..ദേഷ്യവും പ്രയാസവും അപമാനവും മൂലം തനിക്ക് എന്നെന്നേക്കുമായി ഈ ആത്മബന്ധുക്കളോട് വിട പറയേണ്ടി വന്നത്.

ചില സമകാല സംഭവങ്ങൾ ഓർമ്മയിൽ വന്നു ഇതു വായിച്ചപ്പോൾ. കഴിവു കൊണ്ട് മാത്രം അപമാനങ്ങളെ അതിജീവിച്ചു രക്ഷപ്പെട്ട ഒന്നിലധികം പേരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ച് സിനിമാ മേഖലയിൽ വർണ്ണ-വർഗ്ഗ- ജാതി ഭേദങ്ങളില്ല എന്ന് പറയാനെളുപ്പമാണ് . പക്ഷേ, കഴിവു കണ്ടു ഭയന്നിട്ട് തമ്പുരാക്കന്മാർ മുളയിലേ ചവിട്ടിയരച്ചു നശിപ്പിച്ച അനേകായിരങ്ങളുണ്ടെന്നതാണ് സത്യം. അവർ സാക്ഷ്യം പറയാൻ വൈകിപ്പോകുന്നു. അല്ലെങ്കിൽ അവശേഷിക്കുന്നില്ല

പിന്നീട് കെട്ടിപ്പിടിച്ച് തെറ്റുകൾ ഏറ്റുപറഞ്ഞ് കൈകോർത്തു പിരിഞ്ഞാലും മുറിവുകൾ ഉണങ്ങുവാൻ കാലങ്ങളെടുക്കും. ഉണങ്ങി, വടുക്കെട്ടിപ്പോയ മുറിവുകളിൽ നിന്നു പോലും ചോര പൊടിയുന്നത് ഈ അനുഭവങ്ങളിലുണ്ട്.

എസ്.ശാരദക്കുട്ടി
9.11.2019