ഗോമതിയെയും ഗാഡ്ഗിലിനെയും കേൾക്കാത്തതിന്റെ ദുരന്തം

23

സണ്ണി എം കപിക്കാട്

മൂന്നാം വര്‍ഷവും പ്രളയഭീതിയിലാണ് കേരളം. ഇക്കുറി മഹാമാരിക്കൊപ്പമാണ് പേമാരിയും താണ്ഡവമാരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം പ്രളയത്തിന്റെ ആദ്യരക്തസാക്ഷികള്‍ മൂന്നാറിലെ തോട്ടം തൊഴിലാളികളാണ്. കൊട്ടിഘോഷിക്കപ്പെടുന്ന കേരളവികസനത്തിന്റെ ഒരു പങ്കും ലഭിക്കാത്തവരാണ് ഈ തോട്ടം തൊഴിലാളികള്‍. മറുവശത്ത് എന്നും ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍. ഇടുക്കിയെപോലെ വയനാടും നിലമ്പൂരുമൊക്കെ ആശങ്കയിലാണ്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ചൂണ്ടികാണി്ച്ചപോലെ ഇന്ത്യയിലും കേരളത്തിലും ജനാധിപത്യ വ്യവസ്ഥ നിലവില്‍ വന്നെങ്കിലും മൂന്നാര്‍ ഉള്‍പ്പടെയുള്ള തോട്ടംമേഖലയില്‍ ഇന്നും നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമങ്ങളും അധികാരബന്ധങ്ങളുമാണ്. തോട്ടംതോഴിലാളികളെ പൗരന്മാരായി പോലും അംഗീകരിക്കാത്ത, മാനേജുമെന്റുകള്‍ക്ക് പരമാധികാരം നല്‍കുന്ന Plantation Labour Act ആണ് ഇന്നും നിലനില്‍ക്കുന്നത്. അതനുസരിച്ച് തോട്ടംതൊഴിലാളികളുടെ മുഴുവന്‍ അവകാശങ്ങളും നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം തോട്ടം മാനേജുമെന്റുകള്‍ക്കാണ്; ജനാധിപത്യ സര്‍ക്കാരിനല്ല. ഈ നിയമം ഭേദഗതി ചെയ്തുകൊണ്ടാല്ലാതെ തൊഴിലാളികളുടെ കൂലി, ബോണസ്, തൊഴില്‍ സംരക്ഷണം, തൊഴില്‍ അവകാശങ്ങള്‍, പൗരാവകാശങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ കഴിയുകയില്ല. ഐതിഹാസികമായ പോരാട്ടത്തിനുശേഷവും ദിവസവും പത്ത് പന്ത്രണ്ട് മണിക്കൂര്‍ ജോലിയെടുക്കുന്ന തോട്ടം തൊഴിലാളിക്ക് 301 – 325 രൂപയാണ് ദിവസക്കൂലി ലഭിക്കുന്നത്. സര്‍ക്കാരും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും ഇതംഗീകരിക്കുന്നു. അവര്‍ തമ്മിലുള്ള അവിഹിതബന്ധം സമരകാലത്ത് തുറന്നു കാട്ടപ്പെട്ടിരുന്നല്ലോ.

പെമ്പിളൈ ഒരുമ സമരകാലത്ത് ഉയര്‍ന്ന പ്രധാന മുദ്രാവാക്യം തോട്ടംതൊഴിലാളികള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോയില്ല എന്ന അവസ്ഥക്കെതിരായിരുന്നു. ഒരുപക്ഷെ കൂലിവര്‍ദ്ധനവിനേക്കാള്‍ അവര്‍ ഊന്നിയത് അതിലായിരുന്നു. തോട്ടം ജോലിയില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ തൊഴിലാളികള്‍ ലയങ്ങളില്‍ നിന്ന് ഇറങ്ങിക്കൊടുക്കണം. ഭൂമിയോ വീടോ ഇല്ലാത്തതുകൊണ്ട് എവിടേയ്ക്ക് പോകണമെന്ന് അറിയാത്ത അവസ്ഥ. ഇതിനെ മറികടക്കാന്‍ ലയം വീണ്ടും ലഭിക്കുന്നതിനു ഉന്നത വിദ്യാഭ്യാസം നടത്തിയ മക്കളെപോലും തോട്ടംപണിയ്ക്കും കമ്പനിയില്‍ ജോലിയ്ക്കും വിടേണ്ടുന്ന ഗതികേടിലാണ് തോട്ടംതൊഴിലാളികള്‍. തലമുറ തലമുറയായി അടിമപണി ചെയ്യുന്ന അവസ്ഥ. അവരില്‍ ഭൂരിഭാഗവും തമിഴരും ദളിതരുമൊക്കെയാതിനാല്‍ മലയാളിക്കൊരു ഗൗരവമായ പ്രശ്‌നമേയല്ല. പലപ്പോഴും വംശീയ അധിക്ഷേപത്തിനും അവര്‍ വിധേയരാകുന്നു. പരിസ്ഥിതി ദുര്‍ബ്ബലമായ മേഖലകളില്‍ വളരെ മോശം അവസ്ഥയിലുള്ള ലയങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരം ദുരന്തം വരാന്‍ ഇത്രയും വൈകിയതാണ് അത്ഭുതം.

കേരളത്തിലെ ദളിത് – ആദിവാസി സംഘടനകളെല്ലാം ചൂണ്ടികാട്ടുന്നപോലെ അഞ്ചേകാല്‍ ലക്ഷത്തോളം സര്‍ക്കാര്‍ ഭൂമിയാണ് ടാറ്റ – ഹാരിസണ്‍ തുടങ്ങിയ കയ്യേറ്റ മാഫിയകള്‍ അനധികൃതമായും നിയമവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്നത്. അവ ഏറ്റെടുത്ത് ബൂരഹിതര്‍ക്ക് നല്‍കുക എന്ന ആവശ്യത്തോട് ഇപ്പോഴും സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്. അതിന്റെ കൂടി ഫലമാണ് ഈ ദുരന്തം.

മറ്റൊരു സുപ്രധാന വിഷയവും ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല. അത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ്. ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ പ്രവചിച്ചപോലെതന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍ കേരളത്തിലെ മുഖ്യധാരാസമൂഹം എന്നഹങ്കരിക്കുന്നവര്‍ ഗാഡ്ഗിലിനെ അപമാനിക്കുകയായിരുന്നു. രണ്ടു പ്രളയങ്ങള്‍ക്കുശേഷവും ഗാഡ്ഗിലിനെ ശ്രവിക്കാന്‍ നാം തയ്യാറല്ല. മാത്രമല്ല, നിലവിലുണ്ടായിരുന്ന പല പരിസ്ഥിതി സംരക്ഷണ നിയമങ്ങളും അട്ടിമറിക്കുകയാണ്. പ്രതിപക്ഷവും ്അതിനു കയ്യടിക്കുന്നു. അനധികൃതക്വാറികളുടെ കേന്ദ്രമാണ് ഇന്ന് പശ്ചിമഘട്ടം. അതേകുറിച്ചു സംസാരിച്ച കെ എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞന്‍ ടി വി സജീവനെതിരെ നടന്ന കോലാഹലങ്ങള്‍ നാം കണ്ടു.

ഉരുള്‍പൊട്ടലാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പാരിസിഥിതിക ദുരന്തം എന്നുപോലും തിരിച്ചറിഞ്ഞ്, പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഗാഡ്ഗിലിന്റെ നിര്‍ദ്ദേശങ്ങള്‍ ഇനിയെങ്കിലും നാം പരിഗണിക്കണം എന്നാണ് ഈ ദുരന്തവും നല്‍കുന്ന പാഠം. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമത്തിന്റെ അട്ടിമറി, കരിമണല്‍ ഖനനം, കടല്‍ – കായല്‍ – നദീ കയ്യേറ്റം, അമിതമായ കാര്‍ബണ്‍ പുറംതള്ളല്‍ തുടങ്ങി മറ്റനവധി നടപടികളും പ്രകൃതിദുരന്തങ്ങളെ രൂക്ഷമാക്കുന്നു. മഴ മാത്രമല്ല, നമ്മുടെ നടപടികളും പ്രളയദുരന്തങ്ങള്‍ക്ക് കാരണമാണെന്നാണ് നാം ഇനിയെങ്കിലും അംഗീകരിക്കേണ്ടത്. മഴയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ക്കും കാരണം അതുതന്നെ. ഗോമതിയേയും ഗാഡ്ഗിലിനെയും പോലുള്ളവരേയും ശ്രവിക്കാന്‍ ഇനിയെങ്കിലും തയ്യാറാവുകയാണ് ഈയവസരത്തില്‍ നാം ചെയ്യേണ്ടത്.