01

എഴുതിയത്: മോനി കെ വിനോദ്

സ്വന്തം നാടിന്റെ പേര് ഫിലിപ്പൈന്‍സ് എന്നായിട്ടും ഫിലിപ്പിനോകള്‍ക്ക് ‘ഫ ‘ എന്നക്ഷരം വഴങ്ങില്ല. പകരം ‘പ ‘ ആണ് ഫഹയന്മാര്ക്ക് ഫഥ്യം… ഒരിക്കല്‍ ഒരു സുഹൃത്ത് ഒരു സംഭവം പറഞ്ഞിരുന്നു. ( ഒരു പക്ഷെ ആശാന്റെ ഭാവനയും ആകാം, ആള് ആ സിനിമാ നടിയുടെ ഫാന്‍സ് അസോസിയേഷന്‍ നേതാവാണ് ) ഒരു നാള്‍ ഒരു ‘പിലിപിനോ പോണ്‍ ‘ ചെയ്തത്രേ. ഫുജൈറയിലെ പൈതൃക സ്മാരകമായ ഫോര്‍ട്ടിലെ ജോലിക്കാരന്‍ ആണ് ചങ്ങായി. ഫയര്‍ ഫൈറ്റിംഗ് സ്റ്റാഫ്, പേര് ഫ്രാങ്ക് …

 

കാതോലിക്ക പള്ളിയിലെ അച്ചനെയാണ് വിളിച്ചത് ..
‘ഹലോ പാതെര്‍, അയാം പ്രാങ്ക്, പ്രം പുജറ പോര്‍ട്ട്, പയര്‍ പൈറ്റിംഗ് പെലോ ‘.

കഥ കേട്ട് ഞാന്‍ കോരിത്തരിച്ചു. മണിക്കൂറുകള്‍ എടുത്തു തരിപ്പ് മാറാന്‍. മാറിയപ്പോള്‍ മനസ്സില്‍ പറഞ്ഞു ‘പണി പെലോ, പന്റ്റാസ്ടിക്, വെരി പ്രാങ്ക് പെലോ ‘

ഫിലിപ്പിനോ എന്നാണ് ഫിലിപ്പിനെസിലെ ആണ്‍ പ്രജകളെ വിളിക്കുന്നത്. കൊസ്രാകൊള്ളികളെ ഫിലിപ്പിനാ എന്നും. അത് അവര് പറയുമ്പോള്‍ പിലിപ്പിനൊ, പിലിപ്പിന എന്നാവും. അതെന്തോ ആവട്ടെ. അവരായി അവരുടെ കാര്യമായി. ‘ പെയര്‍ ഇനപ് ‘

പിലിപ്പിന സുന്ദരിമാരോട് ആശാസ്യമോ വിഹിതമോ അല്ലാത്ത സേവനങ്ങള്‍ അഭ്യര്‍ദ്ധിക്കുന്ന വേന്ദ്രന്മാരായ ഭൈമി കാമുകന്മാരോട് അവര്‍ കടുപ്പിച്ചു ‘ യു പക്ക് ഓപ്പ് ‘ എന്നാണത്രേ പറച്ചില്‍. അഥവാ വി.കെ.എന്‍ സ്‌റ്റൈലില്‍ പറഞ്ഞാല്‍ നേരംപോക്ക് ക്ഷണിതാവ് മലബാറിയാണെങ്കില്‍ ‘ പ്പാ ‘ എന്ന് ഒരു ആട്ട് മതിയാവും.

ആശുപത്രിയില്‍ നേഴ്‌സ്മാര്‍ പകുതിയും ഇവരാണ്. ആദ്യമായി ജോയിന്‍ ചെയ്യുന്ന മലയാളി ഡോക്ടര്‍മാര്‍ക്ക് അറബി പഠിക്കുന്ന പോലെ കട്ടിയാണ് പിലിപ്പിനോയുടെ ഇംഗ്ലീഷ് പഠിക്കുന്നതും. കേസ് പയല്‍, പുഡ്, എക്‌സ്‌റെ പിലിം, മുറിയിലെ പര്‍ണീചെര്‍, പാസ്റ്റിങ്ങ് ബ്ലഡ് ഷുഗര്‍, പ്രാക്ചര്‍, പോര്‍ട്ടി പൈപ്പ് ( നാല്‍പ്പത്തി നാല് എന്ന് ) തുടങ്ങി ഒരു നൂറ് വാക്കുകള്‍ പുതുതായി പഠിക്കേണ്ടി വരും ഗഡികളുമായി ഒരു കമ്മൂണിക്കെഷന്‍ ഹൈവേ നിര്‍മ്മിക്കാന്‍. അത് കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. പാവങ്ങള്‍ ആണ്, പെണ്ണുങ്ങളും അതേ.

യെവന്മാരുടെ മറ്റൊരു ബാലികേറാ മല ‘റ്റ’ ആണ്. എങ്ങിനെ ശ്രമിച്ചാലും അത് ‘ത’ അവുകയെ ഉള്ളു.

ഈ പറയുന്ന കഥ സംഭവിച്ചതു തന്നെയാണ്. ആശുപത്രിയില്‍ പത്താം നമ്പ്ര മുറിയില്‍ കട്ടിലുകള്‍ നാലാണ്. നാലിനും കൂടി കാലുകള്‍ പതിനാറും. (പറയുമ്പോ എല്ലാം പറയണം അല്ലോ ).. ടെന്‍ എ, ബി, സി, ഡി എന്നിങ്ങനെ. അവിടെ കിടക്കുന്ന രോഗികളെ, ജയില്‍ പുള്ളികളെ എന്ന പോലെ അവരുടെ ബെഡ് നമ്പര്‍ വച്ചാണ് വിളിക്കുന്നത്. ടെന്‍ എ, ടെന്‍ ബി എന്ന് ..പക്ഷെ ഇത് നമ്മടെ പിലിപ്പിന പറയുമ്പോള്‍ ( സാഹിത്യ ഭാഷയില്‍ പിലിപ്പിന ഉരക്കുമ്പോള്‍ എന്ന് പറയാം, ലേശം ഇക്കിളി ലൈന്‍ കൂടി ആവട്ടെ ) തെന്‍ എ , തെന്‍ ബി …എന്നാവും.

ഒരു രാത്രി ഫുജൈറയിലെ അറിയപ്പെടുന്ന ചൊറിയന്‍ മാരില്‍ അഗ്രഗണ്യനായ ഒരു മലയാളി രോഗി (രോഗി എന്നല്ല ഏതാണ്ട് ദ്രോഹി എന്ന് തന്നെ പറയാം) ടെന്‍ ഡി ബെഡ്ഡില്‍ അവിചാരിതമായി അഡ്മിറ്റ് ചെയ്യപ്പെട്ടു. അഞ്ചു മിനിട്ട് ചേട്ടനുമായി സംസാരിച്ചാല്‍, ചേന കഴുകിയ വെള്ളത്തില്‍ കുളിച്ച മാതിരിയാവും. അപൂര്‍വ ജന്മം. കോടതി പറയും പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം.

രാവിലെ റൌണ്ട്‌സ് തുടങ്ങിയപ്പോള്‍ തന്നെ, കഴിഞ്ഞ രാത്രി അണ്ണന്‍ അത്യാവശ്യം കളരിപ്പയറ്റ് കഴിഞ്ഞു നില്ക്കുകയാണ് എന്ന് മനസ്സില് ആയി.
അപസ്മാരം ബാധിച്ചു നില്ക്കുന്ന പിലിപ്പിന സഹോദരിയുടെയും തുള്ളി വെളിച്ചപ്പാട് പരുവത്തില്‍ നില്ക്കുന്ന സഹോദരന്റെയും ഇടയില്‍ ബാന്‍ കി മൂണ്‍ ആയി ഞാനും. സോറി, .വെറും യൂസ് ലെസ്സ് എന്ന അര്‍ഥത്തില്‍ പറഞ്ഞതല്ല, തെറ്റി ധരിക്കരുത്. ഉപമ പാരയായി.

സിസ്റ്റര്‍ ആണ് തായമ്പക തുടങ്ങിയത് ‘ ഡോക്,ദിസ് പേ ഷ്യന്റ്റ് വാസ് ട്രബ്ലിംഗ് തൂ മച്ച് അറ്റ് നൈറ്റ് ‘

ആളെ അറിയാമെങ്ങിലും മയത്തില്‍ ഒരു തുടക്കം ആവട്ടെ എന്ന് കരുതി ഞാന്‍ ശബ്ദം താഴ്ത്തി ഗൗരവം അഭിനയിച്ചു ചോദിച്ചു ..’ വിച്ച് പേഷ്യന്റ്റ് ??’

‘ടെന്‍ ഡി’ ബെഡ്ഡില്‍ കിടക്കുന്ന വെളിച്ചപ്പാടിനെ ചൂണ്ടി നേഴ്‌സ് പറഞ്ഞു ‘ ദിസ് തെണ്ടി ‘
പൂരം വെടിക്കെട്ട് അമര്‍ന്നു തീരാന്‍ പിന്നെ ഒത്തിരി ശ്രമം വേണ്ടി വന്നു.

ഒരു തീരുമാനം ഉടനെ ഉണ്ടായി.
ഇനിമേലാല്‍ മറ്റൊരു ഉത്തരവ് ഉണ്ടയാകും നാള്‍ വരെ ബെഡ് നമ്പ്ര ടെന്‍ ഡി യില്‍ മലയാളി രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ പാടുള്ളതല്ല. പാട്ടുകാരന്‍ ആണെങ്ങില്‍ പോലും. സര്‍ക്കുലര്‍ ഇറക്കുകയും ഉണ്ടായി. സോറി സര്‍കുലര്‍ അല്ലാ, ഭരണ ഭാഷയായ മലയാളത്തില്‍ പറഞ്ഞാല്‍ ‘ ചാക്രിക ലേഖനം”..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.