ഈ സിനിമയിൽ എപ്രകാരമാണ് ഫോബിയകൾ രൂപം കൊള്ളുന്നത് ?

0
243

Rithin Chilambuttusseril

ഫോബോഫോബിയ

ഫോബിയയോടുള്ള ഫോബിയ ആണ് ഫോബോഫോബിയ. ഇന്നത്തെ നമ്മുടെ സമൂഹത്തിനു ഈ ഒരു ഫോബിയ കൂടുതലായി ഉണ്ട് എന്ന് തോന്നുന്നു. അതായത് പേടി ഉണ്ടാകുമോ എന്ന പേടി. നമ്മുടെ സമൂഹ പശ്ചാത്തലത്തിൽ ഏതെങ്കിലും ഒരു ‘phobe’ ആയി മുദ്രകുത്തപ്പെടുമോ എന്ന പേടിയെയും അങ്ങനെ വിളിക്കാം എന്ന് തോന്നുന്നു. പിന്നെ phobia കൾക്ക് അടിസ്ഥാനം ഇല്ല എന്ന് എങ്ങനെ പറയാനാവും? മറ്റുള്ള വിഭാഗങ്ങളിൽ ഫോബിയ അല്ലെങ്കിൽ ഭയം, തങ്ങളുടെ ശക്തിയെക്കുറിച്ചുള്ള ബോധം – ഉണ്ടാക്കുക എന്നതാണ് ഏതൊരു കൂട്ടത്തിന്റെയും -മതം, രാഷ്ട്രീയ പാർട്ടി – ഉദ്ദേശം. അല്ലാതെ എന്തിനാണ് ശക്തിപ്രകടനങ്ങളും ജാഥകളും ഒക്കെ. ഒരു ഫോബിയയും അടിസ്ഥാനം ഇല്ലാത്തതല്ല. പിന്നെ ഫോബിയ ഒരു വിഭാഗത്തിന്റെ കുത്തക അല്ല – ഇന്ന് അത് ഒരു വിഭാഗത്തിന്റെ പേരിനോട് ചേർത്തു പറയുന്നുണ്ടെങ്കിൽ ഇന്നലെ മറ്റൊരു വിഭാഗത്തിനൊടു ചേർത്താവും. നാളെ വേറൊരു വിഭാഗവും.

ഈ സിനിമയിൽ എപ്രകരമാണ് ഫോബിയകൾ രൂപം കൊള്ളുന്നത് എന്നതിനെ പറ്റി ഒരു വ്യക്ത രൂപം ഉണ്ട്. അത് അസംതൃപ്ത മനസുകളിൽ ആണ്. അഥവാ തങ്ങൾ അന്യവത്കരിക്കപ്പെടുന്നു എന്ന ഭയത്തിൽനിന്നാണ്. അതിനെ ഊതിക്കത്തിക്കാൻ മാത്രമേ ബാഹ്യ ശക്തികൾക്ക് കഴിയൂ. കേരളത്തിലെ രണ്ടു പ്രമുഖ സെമിറ്റിക് മതവിഭാഗങ്ങൾക്ക് ഇടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്ന അകൽച്ചയുടെ ഒരു നേർക്കാഴ്ച അല്പം സൂക്ഷിച്ചു നോക്കിയാൽ ഈ പടത്തിൽ കാണാം.

  1. ഡേവിഡിന്റെ മുഖം ആദ്യം തെളിമയില്ലാതെ കാണുന്നത് റമദാപ്പള്ളിയിലെ സ്കൂളിന് ഒരു അന്യമത ശൈലിയിൽ ഉള്ള പേര് നല്കപ്പെടുമ്പോഴാണ്. തങ്ങളുടെ നിലനിൽപ്പ് അപകടത്തിൽ ആകുന്നു, അഥവാ തങ്ങളുടെ സാമ്പത്തിക -സാംസ്‌കാരിക -രാഷ്ട്രീയ ആധിപത്യ മേഖലകളിലേക്കു മറുവിഭാഗം കടന്നു കയറുന്നു എന്ന ഭയം പൊതുവെ social media സങ്കേതങ്ങളിൽ കണ്ടിട്ടുണ്ട്.

2.സ്വന്തം സഹോദരിയെ അന്യസമുദായത്തിൽ പെട്ട ആത്മസുഹൃത്ത് വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഡേവിഡ് സന്തോഷത്തോടെ അംഗീകരിച്ചെങ്കിലും ക്രമേണ, അയാളുടെ മുഖം വാടി വരുന്നതായി കാണുന്നു. പ്രത്യേകിച്ച് അവർക്കു ഒരു കുട്ടി ഉണ്ടാകുന്ന ഘട്ടം വന്നപ്പോൾ സ്നേഹത്തിനു അപ്പുറം മതത്തിന്റെ നിഴൽ കടന്നു വന്നു. കഴിഞ്ഞ ഒരു 10 വർഷമായി ഉയർന്നു കൊണ്ടിരിക്കുന്ന ‘ലവ് ജിഹാദ് ‘ വിവാദങ്ങളുമായി ചേർത്തു വായിക്കുക.

  1. തങ്ങൾക്ക് അർഹമായ ധനസഹായം മറ്റൊരു സമുദായം മൂലം വഴിമാറിപ്പോകുന്നു അയാളുടെ എന്ന ബോധം. (സുനാമി സഹായം -ഈ പടത്തിൽ ). അർഹതകളുടെയും അനുകൂല്യങ്ങളുടെയും കാര്യത്തിൽ ഒരു ആശയക്കുഴപ്പം ഈ വിഭാഗങ്ങൾക്കിടയിൽ ഉണ്ട്.

ഒരു ചെറു മഞ്ഞുകട്ട മലയിൽ നിന്നുരുണ്ട് താഴെ വരുമ്പോഴേക്കും വലിയൊരു മഞ്ഞുമലയുടെ വലിപ്പം കൊള്ളുന്നതുപോലെ ഈ ഭയങ്ങളും കൂടി കൂടി വരുന്നു. ‘മാലിക് ‘ എന്നാൽ അറബിയിൽ ‘ഉടയോൻ, രാജാവ് എന്നൊക്കെ അർത്ഥം എന്ന് മനസിലാക്കുന്നു. സുറിയാനിയിൽ തത്തുല്യമായി ‘മൽകാ’ എന്ന പദം ആണ്. ആരാണ് രാജാവ് എന്ന എന്ന തരത്തിലുള്ള ഗോത്ര മത്സരങ്ങൾ മാനവികതയുടെ കാലത്തിനു ചേരുന്നതല്ല !
Colonial കാലഘട്ടം വരെ വിദേശ നറുമണച്ചെടി (spice) വ്യാപാരത്തിലൂടെ (ജോനക മാപ്പിള – അറബി, നസ്രാണി മാപ്പിള – പേർഷ്യൻ ) കച്ചവടങ്ങളിലൂടെ കേരളത്തെ സമ്പന്നമാക്കിയ ഇരു വിഭാഗങ്ങൾ (ഈ പടത്തിലെപ്പോലെ കള്ളക്കടത്തിലൂടെ അല്ല!!) ഐക്യത്തിൽ ജീവിക്കുക എന്നത് ഈ നാടിന്റെ ആവശ്യമാണ്‌. കാരണം സെമിറ്റിക് മതങ്ങൾക്ക് സഹജമായ ഗോത്രീയത വളരെ വേഗം സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്നതാണ്. ഈ പടം ഇപ്രകാരം ഒരു alert തരുന്നതായി തോന്നുന്നു.

ഫോബിയകളെ ചാപ്പയടിച്ചു മാറ്റി നിർത്തുകയല്ല : അതിനുള്ളിലേക്ക് നോക്കി സംശയങ്ങൾ ദൂരീകരിക്കുക, പരസ്പര സഹകരണത്തിൽ, പരസ്പര വിശ്വാസത്തിൽ ജീവിക്കുക ഇവയാണ് ചെയ്യേണ്ടത്. കാരണം ആരെങ്കിലും മൂലം ഊതി കത്താനെങ്കിലും ഭയത്തിന്റെ/സംശയത്തിന്റെ ഒരു പൊരി ഇല്ലാതെ ഫോബിയ ഉണ്ടാവില്ല.