ഫോട്ടോഗ്രഫി ; സ്‌പെഷ്യല്‍ ഇഫക്ടുകള്‍ – ടിനു സിമി എഴുതുന്നു..

513

Untitled-1

ഫോട്ടോഗ്രഫി പഠിക്കാന്‍ ആഗ്രഹമുള്ള പലരും പറയുന്ന ഒരു പരാതിയാണ് അറിവുള്ള ഫോട്ടോഗ്രാഫര്‍മാരോട് സംശയം ചോദിച്ചാല്‍ ഒന്നുകില്‍ പറഞ്ഞു കൊടുക്കില്ല, അല്ലെങ്കില്‍ തുടക്കക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയില്‍ പറഞ്ഞു കൊടുക്കുന്നു. ഞാന്‍ ഫോട്ടോഗ്രഫി പഠിക്കുമ്പോഴും ഇതേ പ്രശ്‌നം നേരിട്ടിരുന്നു. ചില പ്രൊഫഷനല്‍ ആളുകളോട് ചില സംശയങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ കടിച്ചാല്‍ പൊട്ടാത്ത മറുപടികള്‍ കേട്ട് ഈ പരിപാടി നിര്‍ത്തിയാലോ എന്നു പോലും ആലോചിച്ചിട്ടുണ്ട്. പിന്നെ ഇതൊരു വാശിയായി ഏറ്റെടുത്തു തന്നത്താന്‍ മാനുവല്‍ മോഡില്‍ ഇട്ടു സ്വയം പരിശീലിച്ചാണ് ഈ കാണുന്ന പാതിവഴിയിലെങ്കിലും എത്തിയത്.

അതു കൊണ്ട് സാധാരണയിലും ഇരട്ടി കാലയളവ് എടുക്കേണ്ടി വന്നു ഇതൊന്നു പഠിച്ചെടുക്കാന്‍. ഈ മോശം അനുഭവം കാരണം എന്റെ അടുത്ത് സംശയം ചോദിക്കുന്ന ഒരാളെ പോലും ഞാന്‍ നിരാശപ്പെടുത്താറില്ല. പല ചിത്രങ്ങളും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ധാരാളം മെസ്സേജ് വരാറുണ്ട് ഈ ചിത്രം എങ്ങനെയാണ് എടുത്തത് എന്ന്. എല്ലാവര്‍ക്കും റിപ്ലെ കൊടുക്കുന്നതിലും നല്ലതാണ് ആ ചിത്രത്തില്‍ അതിന്റെ എക്‌സിഫ് വിശദാംശങ്ങള്‍ കൊടുക്കുന്നത് എന്ന് തോന്നിയത് കൊണ്ട് വളരെ കാലമായി എക്‌സിഫ് വിശദാംശങ്ങള്‍ ഓരോ ചിത്രത്തിലും കൊടുക്കാറുമുണ്ട്.

ഞാന്‍ ഒരു സാധാരണക്കാരനായ വ്യക്തി ആയതിനാല്‍ അധികം ചെലവു കൂടാതെ, ബഡ്ജറ്റില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചു നമുക്ക് ചുറ്റിലും കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് എന്നാല്‍ ഫ്‌ലാഷും (വളരെ വില കുറഞ്ഞ ഒരു ഫ്‌ലാഷ് ആണ് ഞാന്‍ ഉപയോഗിക്കുന്നത്) ഉപയോഗിച്ച് എടുക്കുന്ന സ്‌പെഷ്യല്‍ എഫക്റ്റ് ചിത്രങ്ങളുടെ കൂടെ അത് ഏതു രീതിയില്‍, ഏതു സെറ്റ് അപ്പില്‍, ഏതൊക്കെ സെറ്റിംഗ്‌സില്‍ എടുത്തു എന്ന് വിശദമായി എഴുതുന്നത് വളരെയേറെ പേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട് എന്ന് മനസിലാക്കിയതിനാല്‍ ആ വിവരങ്ങള്‍ ബൂലോകം വായനക്കാര്‍ക്കും കൂടി പങ്കു വയ്ക്കുന്നു.

വിഷയത്തിലേക്ക് കടക്കും മുന്‍പ്: ബൂലോകത്തിലെ എന്റെ പഴയ ഫോട്ടോഗ്രഫി ടോപ്പിക്കുകള്‍ വായിക്കാന്‍, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പുതിയ പുതിയ ടോപ്പിക്കുകള്‍ ചൂടോടെ ലഭിക്കുവാന്‍ ഫേസ് ബുക്കില്‍ എന്നോട് കൂട്ടുകൂടുക അല്ലെങ്കില്‍ FOLLOW ചെയ്യുക.

ഈ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. എന്നിട്ട് ഇത് എങ്ങനെ എതു രീതിയില്‍ എടുത്തപ്പോഴാണ് ഈ എഫെക്ടില്‍ ഈ ചിത്രം ലഭിച്ചത് എന്നു മനസിലാക്കുക. ഒപ്പം പരീക്ഷിച്ചറിയുക. ഈ ഷോട്ട് എടുക്കാന്‍ ഉപയോഗിച്ച എക്‌സ്റ്റ്രാ സാധനങ്ങള്‍ ഒരു എക്‌സ്‌റെനല്‍ ഫ്‌ലാഷും ഒരു റിംഗ് ഫ്‌ലാഷും പിന്നെ ഒരു വയര്‍ലെസ് ട്രിഗ്ഗറും മാത്രമാണ്. ഇവ മൂന്നും വളരെ വില കുറവില്‍ ഓണ്‍ ലൈനില്‍ നിന്നും വാങ്ങിയതാണ്. (ഫ്‌ലാഷ്62 ഡോളര്‍, റിംഗ് ഫ്‌ലാഷ് 20 ഡോളര്‍, വയര്‍ ലെസ് ട്രിഗര്‍ 23 ഡോളര്‍) ഈ മൂന്നു സാധനങ്ങളും ഒഴിവാക്കി കൊണ്ട്, ബില്‍റ്റ് ഇന്‍ ഫ്‌ലാഷ് ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തി കൂടെ?

ഈ ചിത്രം, വയലറ്റ് ചെമ്പരത്തി, വെളിച്ചക്കുറവുള്ള ഒരു മുറിക്കുള്ളില്‍ ഒരു മേശപ്പുറത്ത് ഒരുക്കിയ സെറ്റ് അപ്പില്‍ എടുത്തതാണ്. ബാക്ക്‌ഗ്രൌണ്ട് വെളുപ്പ് ആക്കാന്‍ വേണ്ടി സബ്ജക്ടിനു പിറകില്‍ ഒരു വെളുത്ത പേപ്പര്‍ വച്ചിരുന്നു. (കറുത്ത ബാക്ക്‌ഗ്രൌണ്ട് ആണ് വേണ്ടതെങ്കില്‍ കറുത്ത തുണി അല്ലെങ്കില്‍ പേപ്പര്‍ വയ്ക്കുക.) സാധാരണ ഗതിയില്‍ ഇങ്ങനെ ഷൂട്ട് ചെയ്യുമ്പോള്‍ പേപ്പര്‍ വെളുപ്പ് ആയിട്ടല്ല, ഗ്രേ ആയിട്ടായിരിക്കും കിട്ടുക. (എക്‌സ്‌പോഷര്‍ കൂട്ടുകയാണെങ്കില്‍ സബ്ജക്റ്റ് ഓവര്‍ എക്‌സ്‌പോസ് ആയി പോകും.) അതിനു പരിഹാരമായി ആ വെളുത്ത പേപ്പറിലേക്ക് എക്‌സ്‌റെണല്‍ ഫ്‌ലാഷ് ഫയര്‍ ചെയ്തു. എക്‌സ്‌റെനല്‍ ഫ്‌ലാഷ് ഇല്ലാത്തവര്‍ക്ക് വേറെ ഏതെങ്കിലും ലൈറ്റ് സോഴ്‌സ് ഉപയോഗിച്ചാല്‍ ബാക്ക്‌ഗ്രൌണ്ട് പേപ്പര്‍ ബ്രൈറ്റ് ആകും, എങ്ങനെയും ആ ബാക്ക്‌ഗ്രൌണ്ട് പേപ്പര്‍ ഓവര്‍ എക്‌സ്‌പോസ് ആക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഒപ്പം സബ്ജക്റ്റ് (ഇവിടെ ചെമ്പരത്തി മൊട്ട്) കൃത്യമായി എക്‌സ്‌പോസ് ചെയ്യാന്‍ ലെന്‍സ് ബാരലില്‍ ഉറപ്പിച്ച റിംഗ് ഫ്‌ലാഷും ഫയര്‍ ചെയ്തു. റിംഗ് ഫ്‌ലാഷിന്റെ കാഠിന്യം കുറയ്ക്കാന്‍ വേണ്ടി (ഡീഫ്യൂസ് ചെയ്യാന്‍), റിംഗ് ഫ്‌ലാഷ് ഒരു വെളുത്ത പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞിരുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതി, ഫ്‌ലാഷ് ഒരിക്കലും നേരിട്ട് സബ്ജക്ടിലേക്ക് ഫയര്‍ ചെയ്യരുത്. ബില്‍റ്റ് ഇന്‍ ഫ്‌ലാഷ് സോഫ്റ്റ് ആക്കാന്‍ വേണ്ടി ഞാന്‍ ഉപയോഗിക്കുന്ന രീതി, എവിടെയും ലഭ്യമായ ഒരു വസ്തുവാണല്ലോ ടിഷ്യൂ പേപ്പര്‍, അതുപയോഗിച്ച് ബില്‍റ്റ് ഇന്‍ ഫ്‌ലാഷ് പൊതിയുകയാണ് പതിവ്. അപ്പോള്‍ സ്വാഭാവികമായും പ്രകാശ നഷ്ടം സംഭവിക്കും, ആ നഷ്ടം നികത്താന്‍ ഫ്‌ലാഷ് എക്‌സ്‌പോഷര്‍ കോമ്പന്‍സേഷന്‍(ഫ്‌ലാഷിന്റെ പവര്‍) രണ്ടോ മൂന്നോ സ്റ്റോപ്പ് കൂട്ടി വച്ചാല്‍ മതി.

(വയര്‍ലെസ് ട്രിഗര്‍ ഉപയോഗിച്ചാണ് ഫ്‌ലാഷുകളെ നിയന്ത്രിച്ചത്).

പരീക്ഷണങ്ങള്‍ കൂടാതെ ഒരിക്കലും ഫോട്ടോഗ്രഫി പഠിക്കാന്‍ സാധിക്കുകയില്ല, അല്ലെങ്കില്‍ വളരെ കൂടിയ ഫീസ് കൊടുത്ത് ഫോട്ടോഗ്രഫി ക്ലാസ്സുകളില്‍ പങ്കെടുക്കണം.

exif:
lens used: Tamron AF 90mm f/2.8 SP Di Macro + 12mm+20mm extension tubes | f/16.0 | iso1600 | exp:1/20sec | flash fired | date &time: 25aug 2014 19:16hrs | mtarix metering | FULL MANUAL MODE | MANUAL FOCUSING | TRIPODMOUNTED SHOT |