പിയാനോ ഗാനങ്ങൾ
Bhagavatheeswara Iyer
ഒരു ബംഗ്ലാവ്. സമയം രാത്രി. ചുവന്ന പരവദാനി വിരിച്ച ഹാൾ.. വളഞ്ഞു പുളഞ്ഞു പോകുന്ന കോവണിപ്പടികൾ. അവിടെ ഒരു പാർട്ടി നടക്കുന്നു. ജന്മദിനമാകാം അല്ലെങ്കിൽ കല്യാണ നിശ്ചയം. നഗരത്തിലെ ധനികരെല്ലാം ആ പാർട്ടിയിൽ പങ്കെടുക്കുന്നു. ക്യാമറ സുന്ദരിമാരും സുന്ദരന്മാരും നിറഞ്ഞ ആ തിരക്കിനിടയിലൂടെ മെല്ലെ മെല്ലെ നീങ്ങി അവിടെ അലസമായി കിടക്കുന്ന വലിയ പിയാനോവിൽ വന്നു നിൽകുന്നു.
അൻപതുകളിലും അറുപതുകളിലും എഴുപതുകളിലും നിർമ്മിക്കപ്പെട്ട ഹിന്ദി സിനിമകളിൽ ഇത്തരത്തിലുള്ള സീനുകൾ സ്ഥിരമായി ഉണ്ടാകുമായിരുന്നു .പിയാനോ കാണുമ്പോൾ കാണികൾക്കറിയാം ഇപ്പോൾ പിയാനോ വായിക്കുന്ന ഒരു പാട്ട് ഉണ്ടാകും അത് സന്തോഷം കൊണ്ടും ആകാം വിരഹ ഗാനവുമാകാം .രസകരമായ വസ്തുത പാട്ട് തുടങ്ങുന്നത് മാത്രമേ പിയാനോവിൽ നിന്നുണ്ടാകു പിന്നീട് മറ്റു സംഗീതോപകരണങ്ങൾ പാട്ടിൽ നിറയുന്നതോടെ പിയാനോയുടെ സ്വരങ്ങൾ അപ്രത്യക്ഷമാകും
തിരക്കഥ എഴുതുന്നവർക്കും സംവിധായകർക്കും, സംഗീതസംവിധായകർക്കും ഒരു പിയാനോ പാട്ട് എവിടെയും ചേർക്കാം. അതിനു വേണ്ടി പ്രത്യേകം സന്ദർഭം ഉണ്ടാക്കി എടുക്കേണ്ട ആവശ്യമില്ല. പിയാനോ പാട്ടുകൾ ഇല്ലാത്ത സിനിമകൾ ചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ വിരളമായിരുന്നു, ആ പാട്ടുകൾ എല്ലാം ഹിറ്റ് ആയിരുന്നു എന്നത് സ്വാഭാവികം.
അനിൽ ബിശ്വാസ്, നൗഷാദ്, ശങ്കർ (ജയ്കിഷൻ ), മദൻ മോഹൻ, ഓ പി നയ്യാർ (ലക്ഷമീക്കാന്ത് ) പ്യാരേലാൽ
എം എസ് വിശ്വനാഥൻ, ദേവരാജൻ, പി എസ് ദിവാകർ, കെ ജെ ജോയ് എന്നീ സംഗീതസംവിധായകർ പരിശീലനം നേടിയ പിയാനിസ്റ്റ്മാരായിരുന്നു .ഇന്ത്യൻ ചലച്ചിത്രസംഗീതത്തിലെ ആദ്യത്തെ പിയാനോ ഗാനം “ഭാഭി ” (1938) എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നു. മീരാഭായി രചിച്ച്, സരസ്വതി ദേവി സംഗീതം പകർന്ന് രേണുക ദേവി ആലപിച്ച ” ഫുൽ ബഗിയാ ഭവ് രാ തും ആനാ ”
അതിനു ശേഷം 1980 വരെ ധാരാളം പിയാനോ ഗാനങ്ങളാണ് ജന്മം കൊണ്ടത്
“അന്താസ് ” (1949) എന്ന ചിത്രത്തിന് വേണ്ടി നാല് പിയാനോ ഗാനങ്ങൾ സംഗീതസംവിധായകൻ നൗഷാദ് കമ്പോസ് ചെയ്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ചു .അയ്യായിരതിലേറെ ഉള്ള പിയാനോ ഗാനശേഖരത്തിൽ നിന്നും ചില ഗാനങ്ങൾ ഇവിടെ പരിചയപ്പെടാം. വല്ലാത്ത ഒരു പ്രതിസന്ധിയാണ് കാരണം ആ ഖജനാവിൽ ഉള്ള എല്ലാം മുത്തുക്കളാണ്.”Mein dil hoon ek armaan bhara ” (ചിത്രം അൻഹോനി.(1952) രചന രാജേന്ദ്ര കിഷൻ സംഗീതം റോഷൻ ഗായകൻ തലത് മെഹമ്മൂദ്
ശ്രുതി മധുരമായ പിയാനോ പ്രീ ലൂഡിൽ തുടങ്ങുന്ന ഈ ഗാനം ഒരു കുളിർകാറ്റ് പോലെ വന്നു തലോടി ശ്രോതാക്കളെ കോൾമയിർ കൊള്ളിക്കും
“ye husn zara jaag tujhe ishq jagaye “( ചിത്രം മേരെ മെഹബൂബ് 1963.) രചന ഷക്കീൽ ബധായുനി സംഗീതം നൗഷാദ് ഗായകൻ മൊഹമ്മദ് റഫി
പിയാനോ പ്രിലൂഡിലും ഇന്റർലൂടുകളിലും നിറഞ്ഞു നിൽക്കുന്ന ഒരു പ്രേമ ഗാനം യമൻ രാഗത്തിൽ കമ്പോസ് ചെയ്യപ്പെട്ട ഈ ഗാനത്തിൽ “ഹുസ്ന് ” “ജാഗ് ” എന്നീ വാക്കുകൾ ധാരാളം പ്രാവശ്യം ആവർത്തിക്കപ്പെടുന്നു. ഓരോ തവണയും വ്യത്യസ്ത രീതിയിലാണ് റഫി അത് ഉച്ചരിക്കുന്നത്
” aap ki haseen rukh pe aaj naaya rang hai ” (ചിത്രം ബാഹാരെൻ ഫിർ ഭി ആയേഗി 1966 )
രചന അഞ്ചാൻ സംഗീതം ഓ പി നയ്യാർ
വീണ്ടും ഒരു റൊമാന്റിക് ഗാനം റഫിയുടെ ആലാപനം, യമൻ രാഗത്തിൽ കമ്പോസ് ചെയ്യപ്പെട്ടത്
ഓ പി നയ്യാർ സ്വയം ഈ പാട്ടിന് പിയാനോ വായിച്ചതായി പറയപ്പെടുന്നു.
“Mujhe tum mil gaye humdam ” (ചിത്രം ലൗ ഇൻ ടോക്യോ 1966.) രചന ഹസ് രത് ജയ്പുരി സംഗീതം ശങ്കർ ജയ്കിഷൻ ഗായിക ലതാ മങ്കേഷ്‌ക്കർ
മറ്റൊരു ശ്രുതി മധുരമായ ഗാനം. പിയാനോ ഗാനത്തിലുടനീളം നിറഞ്ഞു തുളുമ്പുന്നു. ഓർക്കേസ്ട്രേഷനിൽ മറ്റു സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പിയാനോയ്ക്കാണ് കൂടുതൽ പ്രാധാന്യം.
“Dheere dheere machal ye dil-e-bekarar “(ചിത്രം അനുപമ 1966 ) രചന കൈഫി ആസ്മി സംഗീതം ഹേമന്ത് കുമാർ ഗായിക ലത
ഗാനരചനയാണോ, അതിനു കിട്ടിയ സംഗീതമാണോ, ആലാപനമാണോ അതോ അത് ചിത്രീകരിക്കപ്പെട്ട മാസ്മരികതയാണോ ഈ പാട്ടിനെ ഇത്രയും ഹൃദ്യമാക്കിയതെന്നു പറയാൻ പ്രയാസമാണ്
ഖമാജ് രാഗത്തിൽ കമ്പോസ് ചെയ്യപ്പെട്ട ഈ മെലഡീ പിയാനോ സ്വരങ്ങളിൽ മുങ്ങി കുളിച്ച ഒരു മാധുര്യം ഊറുന്ന തേൻ കണികയാണ്
“Jeet hi lenge baazi hum tum “( ചിത്രം ഷോല ഔർ ഷബ്‌നം 1961) രചന കൈഫി ആസ്മി സംഗീതം ഖയ്യാം ഗായകർ ലത റഫി
ഇതൊരു യുഗ്മ ഗാനമാണ്. പഹാടി രാഗത്തിൽ കമ്പോസ് ചെയ്യപ്പെട്ട ഈ പിയാനോ ഗാനം മറ്റുള്ള യുഗ്മ ഗാനങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നത് അതിന്റെ കമ്പോസിംഗ് രീതി കൊണ്ടു മാത്രമാണ്
ധർമ്മേന്ദ്രയുടെ ആദ്യ ചിത്രം ആണിത്
“Chehre pe khushi cha jaati hai”( ചിത്രം വക്ത് 1965) രചന സാഹിർ സംഗീതം രവി ഗായിക ആഷാ
മറ്റൊരു ശ്രവണ സുന്ദരമായ പിയാനോ ഗാനം. കാമുകനെ പ്രതീക്ഷിച്ചിരിക്കുന്ന കാമുകിയുടെ ഹൃദയതുടിപ്പുകൾ പിയാനോയിലൂടെ പുറത്തേയ്ക്കൊഴുകുന്നു.എടുത്താലും എടുത്താലും തീരാത്ത ഗാനങ്ങൾ ആണ് ആ ഖജനാവിൽ ഉള്ളത്. അതിൽ ചിലത് ഇവിടെ പരാമർശിക്കപ്പെട്ടു വിട്ടു പോയത് ഇതിനെക്കാളും മാധുര്യമേറിയത്.
സിനിമയിൽ കയറിപ്പറ്റാൻ ശ്രമിച്ചു കൊണ്ടിരുന്ന കാലത്ത് എം എസ് വിശ്വനാഥൻ. പി എസ് ദിവാകറിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ എണ്ണപ്പെട്ട പിയാനിസ്റ്റ് ആയിരുന്നു ദിവാകർ, ഒപ്പം എം എസ് വിയുടെ പിയാനോ ഗുരുവും. അത്കൊണ്ടാണ് തമിഴ് ചലച്ചിത്ര ഗാനങ്ങളിലെ മികച്ച പിയാനോ ഗാനങ്ങൾ എം എസ് വിയുടെ ക്രെഡിറ്റിൽ നില കൊള്ളുന്നത്
“ഉന്നൈ ഒന്റ്റ് കേൾപ്പേൻ
ഉണ്മയ് ശോല്ല വേണ്ടും ” ( ചിത്രം പുതിയ പറവയ് 1964) രചന കണ്ണദാസൻ സംഗീതം വിശ്വനാഥൻ രാമമൂർത്തി ഗായിക പി സുശീല
അറുപത് വർഷം മുൻപ് കമ്പോസ് ചെയ്തു റെക്കോർഡ് ചെയ്ത ഈ മെലഡീ ഇന്നും പുതുമ നഷ്ടപ്പെടാതെ ആരാധകരെ ആനന്ദത്തിലാറാടിക്കുന്നുണ്ട്.
“എന്ന എന്ന വാർത്തയ്കളോ ശിന്ന വിഴി പാർവയ്യിലെ “(ചിത്രം വെണ്ണിറ ആടൈ 1965)
രചന കണ്ണദാസൻ സംഗീതം വിശ്വനാഥൻ രാമമൂർത്തി ഗായിക പി. സുശീല
ഈ പാട്ടിൽ മുഴുവൻ നിറഞ്ഞു തുളുമ്പുന്ന പിയാനോ വായിച്ചത് എം എസ് വിയുടെ ഗുരു പി എസ് ദിവാകർ ആയിരുന്നു. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ഗാനം
ജയലളിതയുടെ ആദ്യ ചിത്രമായിരുന്നു
“മലരെന്റ മുഖമെൻറ്റ് ചിരിക്കട്ടും”( ചിത്രം കാതലിക്ക നേരമില്ലൈ 1964
കണ്ണദാസൻ വിശ്വനാഥൻ രാമമൂർത്തി ടീം ഒരുക്കിയ മറ്റൊരു ഹിറ്റ് പിയാനോ ഗാനം. ഗായിക എൽ ആർ ഈശ്വരി..
പിയാനോ നോട്സ് അതിമനോഹരമായി പാട്ടിൽ ഇഴ ചേർക്കുവാൻ എം എസ് വിയ്‌ക്ക് കഴിഞ്ഞിരിക്കുന്നു
അധികം ഒന്നും പിയാനോ കേന്ദ്രീകരിച്ച ചലച്ചിത്രഗാനങ്ങൾ മലയാളത്തിൽ ഇല്ല പക്ഷേ ഉള്ളത് നല്ല ഹിറ്റ് ഗാനങ്ങൾ ആണ്.
1963ൽ റിലീസ് ആയ “ഗുമ് റ” എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം റീമേക് ആണ് “വിവാഹിത “(1970)
“ചലോ ഇക് ബാര് ഫിർ സേ ” എന്ന പിയാനോ ഗാനത്തിന്റെ സിറ്റുവേഷനിൽ മലയാളത്തിൽ വന്ന ഗാനമായിരുന്നു ” മായാ ജാലക വാതിൽ തുറക്കും. മധുര സ്മരണകളെ ” (രചന വയലാർ ഗായകൻ യേശുദാസ് )
പ്രീലൂടിലും ഇന്റർലൂടുകളിലും പിയാനോയിലെ സ്വരങ്ങൾ ഈ ഗാനത്തിനെ മധുരിതമാക്കുന്നു. ഹിന്ദി പാട്ടിനോട് യാതൊരു സാമ്യവുമില്ലാത്ത ഒരു ഈണം ഉണ്ടാക്കാൻ ദേവരാജൻ മാസ്റ്റർക്ക് കഴിഞ്ഞു.
ശ്രീകുമാരൻ തമ്പി രചിച്ച്, ബാബുരാജ് സംഗീതം പകർന്ന് യേശുദാസ് ആലപിച്ച
“ജീവിതേശ്വരിക്കേകുവാനൊരു പ്രേമലേഖനം എഴുതി ഞാൻ “(ചിത്രം ലൗ ലെറ്റർ 1973)
എന്ന ഗാനത്തിൽ വീണ്ടും പ്രേം നസീർ പിയാനോ വായിച്ചു യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നു എന്നതൊഴിച്ചാൽ വളരെ വ്യത്യസ്തമായ ഗാനമാണ്
ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ “തേൻ ശിന്തുതേ വാനം ” (1975) എന്ന ചിത്രത്തിൽ യേശുദാസിനെ കൊണ്ടു തന്നെ പിയാനോ ഗാനം പാടിച്ചു സംഗീതസംവിധായകൻ വി കുമാർ
കണ്ണൂർ ഡീലക്സ് (1969) എന്ന ചിത്രത്തിലെ “വരുമല്ലോ രാവിൽ പ്രിയതമൻ ” എന്ന ഗാനത്തിൽ മൃദംഗവും പിയാനോയും തമ്മിലുള്ള കോമ്പിനേഷൻ പരീക്ഷിച്ചു ആർ കെ ശേഖർ. രചന ശ്രീകുമാരൻ തമ്പി സംഗീതം വി ദക്ഷിണാമൂർത്തി. ഗായിക എസ് ജാനകി
വളരെ വ്യത്യസ്തത പുലർത്തിയ ഒരു മെലഡീ ആയിരുന്നു ഇത്.ഇനിയും പിയാനോ പാട്ടുകൾ ഉണ്ട് ധാരാളം. ഓർത്തെടുത്താൽ കമന്റ്സ്ൽ ചേർക്കാം .ഭാഷ ഏതായാലും ശരി.1980 കളിൽ പിയാനോ പാട്ടുകൾ കുറഞ്ഞു തുടങ്ങി.1990 ആയതോടെ അവ പൂർണ്ണമായും നമ്മുടെ സിനിമകളിൽ നിന്നും അപ്രത്യക്ഷപ്പെട്ടു
ഇനി ഒരിക്കലും ആ ഗാനങ്ങൾ മടങ്ങി വരില്ല
വാൽകഷ്ണം
അവസാനം കേട്ട ഒരു മികച്ച പിയാനോ ഗാനം “സ്വർഗ് നരക് “1978 എന്ന ചിത്രത്തിലെ ” നഹീം നഹീം കോയി തും സാ ഹസീൻ ” ആണ് രചന ആനന്ദ് ബക്ഷി സംഗീതം രാജേഷ് റോഷൻ ഗായകർ കിഷോർ കുമാർ ആഷാ ബോസ്ലെ
.
പിയാനോ വളരെ പതിഞ്ഞ ശബ്ദത്തിൽ ബാക്ക്ഗ്രൗണ്ടിൽ വരുന്നത് ശ്രുതി മധുരം പകരുന്നു