ചെന്നിത്തലയുടെ ചോദ്യങ്ങളും മുഖ്യമന്ത്രി നല്‍കിയ മറുപടിയും.

0
614

 

ചോദ്യം 1. വനിതാ മതില്‍ എന്തു ലക്ഷ്യത്തിലാണു സംഘടിപ്പിക്കുന്നത്?

ഉത്തരം: വനിതാമതില്‍ എന്തിനെന്ന് പോലും മനസിലാക്കാന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞിട്ടില്ല. രഹസ്യമായി സംഘടിപ്പിക്കപ്പെട്ട ഒന്നല്ല വനിതാമതില്‍. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിച്ച് മുന്നേറിയ നാടാണിത്. എന്നാല്‍ അടുത്ത കാലത്തായി നവോത്ഥാനമൂല്യങ്ങളെ തകര്‍ക്കുവാനും 19-ംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലേക്ക് തള്ളിവിടാനും ശ്രമിക്കുകയാണ്. അതിനെതിരെ എല്ലാ വിഭാഗങ്ങളില്‍ നിന്നും സ്വാഭാവികമായും പ്രതികരണമുണ്ടായി. ആ ഘട്ടത്തില്‍ കാഴ്ച്ചക്കാരായി നില്‍ക്കാന്‍ സംസ്ഥാനസര്‍ക്കാരിനാകില്ല. നവോത്ഥാനമൂല്യങ്ങളെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് തന്നെയാണ് ലക്ഷ്യം.

ചോദ്യം 2. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ പുരുഷന്മാരെ ഒഴിവാക്കിയതെന്തിന്?

ഉത്തരം: വനിതകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെ വനിതകള്‍ തന്നെ നേരിട്ടിറങ്ങി പ്രതിരോധിക്കുന്ന നയമാണ് സ്വീകരിച്ചത്. ഇന്നത് വലിയ മുന്നേറ്റമായി മാറിക്കഴിഞ്ഞു. ഏറെക്കുറെ എല്ലാ വനിതാസംഘനകളും വനിതാമതിലിനൊപ്പം അണിനിരന്നു കഴിഞ്ഞു. കേരളത്തിന് പുറത്തുള്ളവരടക്കം ഇതിന്റെ ഭാഗമായി അണിനിരക്കുവാനെത്തും. പുരുഷന് തുല്യമായ അവകാശം സ്ത്രീകള്‍ക്കും നല്‍കുന്നതിനെ എതിര്‍ക്കുകയാണ് പിന്തിരിപ്പന്‍ ശക്തികളുടെ നീക്കം. അതിനെ പ്രതിരോധിക്കാനുള്ള സ്ത്രീശക്തിയാണ് ഇവിടെ ഉയരുന്നത്. അത് ആവശ്യം തന്നെയാണ്. അതിനാലാണ് വനിതകള്‍ക്ക് മാത്രമായി മതില്‍ ഒരുക്കുന്നത്.

ചോദ്യം 3. ശബരിമലയിലെ യുവതീപ്രവേശവുമായി വനിതാ മതിലിനു ബന്ധമുണ്ടോ?

ഉത്തരം: ഈ പ്രശ്‌നം ഉയര്‍ന്നുവരാനുള്ള നിമിത്തമായി ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതിവിധി വന്നിട്ടുണ്ട്. സുപ്രീംകോടതിവിധിയെ അനുകൂലിച്ചവരായിരുന്നു ഇന്ന് എതിര്‍ക്കുന്ന യുഡിഎഫും ബിജെപിയും. വിധി നടപ്പാക്കുകയല്ലാതെ വേറൊന്നും ചെയ്യാനാകില്ലെന്നാണ് അന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത്. തങ്ങള്‍ യജമാനന്‍മാരെന്ന് കണക്കാക്കുന്ന ചിലര്‍ ഇതിനെതിരെ രംഗത്ത് വന്നപ്പോള്‍, തന്റെ സ്വന്തം അഭിപ്രായം മാറ്റിവെച്ച് നാണംകെട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാകരുത്. വനിതാമതിലെന്ന പരിപാടിയുടെ സാഹചര്യം ഈ സുപ്രീംകോടതിവിധിയാണ്. സ്ത്രീകള്‍ അനുവഭിച്ചുവരുന്ന അവകാശങ്ങളുടെ മേല്‍ കൈവെക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ തയ്യാറാകുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ സ്വാഭാവികമായി സമൂഹം തയ്യാറാകും.

ചോദ്യം 4. ശബരിമലയിലെ യുവതീപ്രവേശ പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണു വനിതകളുടെ മതിലെന്ന ആശയം ഉരുത്തിരിഞ്ഞു വന്നതെങ്കിലും സിപിഎമ്മും സര്‍ക്കാരും അതു തുറന്നു പറയാന്‍ മടിക്കുന്നത് എന്തുകൊണ്ട്?

ഉത്തരം: ശബരിമലയില്‍ സ്ത്രീകള്‍ കയറണോ വേണ്ടയോ എന്നത് മാത്രമല്ല സ്ത്രീകളുടെ തുല്യതയാണ് ഇവിടെ പ്രശ്‌നം. അതാണ് സുപ്രീംകോടതിയും പരിശോധിച്ചത്. വിശാലമായ ക്യാന്‍വാസിലുള്ള പ്രശ്‌നങ്ങളാണ് ഇതിലുള്ളത്. സ്ത്രീകളുടെ പൊതുവായ തുല്യതയും അവകാശങ്ങളും സംരക്ഷിക്കുകയും അതിനെ എതിര്‍ക്കുന്നവരെ തുറന്നുകാട്ടാനുമാണ് ഈ മതില്‍.

ചോദ്യം 5. ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചു കൂട്ടി നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനു വനിതകളുടെ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിലെ സാംഗത്യം എന്താണ്?

ഉത്തരം: അത് ആര്‍എസ്എസും ബിജെപിയും ദുരുപയോഗം ചെയ്യരുത് എന്ന ഉദ്ദേശത്തില്‍ തന്നെ വിളിച്ചയോഗമാണ്. ആ യോഗത്തില്‍ ന്യൂനപക്ഷ സംഘടനകളെക്കൂടി വിളിച്ചാല്‍ അത് ആര്‍എസ്എസിന് കിട്ടുന്ന വലിയൊരു ആയുധമായി മാറും. അതിനാലാണ് യോഗത്തില്‍ ന്യൂനപക്ഷസംഘടനകളെ വിളിക്കാതിരുന്നത്.

ചോദ്യം 6. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യങ്ങളായ സംഭാവന നല്‍കിയ ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ ഒഴിവാക്കി ഒരു വിഭാഗക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന ഈ മതില്‍ നിര്‍മാണം സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിനു വഴി വയ്ക്കുകയില്ലേ?

ഉത്തരം: താന്‍ പഠിച്ച പാട്ടേ പാടാന്‍ പറ്റൂ എന്ന് പറയുന്ന പോലെയാണിത്. യോഗത്തില്‍ വനിതാമതിലെന്ന അഭിപ്രായം രൂപംകൊണ്ടപ്പോള്‍ തന്നെ താന്‍ വ്യക്തമാക്കിയതാണ്. നാടിന്റെ നവോത്ഥാനത്തില്‍ വലിയതോതില്‍ സംഭാവന നല്‍കിയവരാണ് ക്രിസ്ത്യന്‍ മിഷണിറമാരും മുസ്ലീം പണ്ഡിതന്മാരുമെല്ലാം. അവരെക്കൂടി ബന്ധപ്പെട്ട് കഴിയുന്നത്ര ആളുകളെ ഈ മതിലില്‍ പങ്കെടുപ്പിക്കണമെന്ന് ആ ഘട്ടത്തില്‍തന്നെ പറഞ്ഞതാണ്. ഇപ്പോള്‍ ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങളില്‍ നിന്നും നല്ലരീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സദുദ്ദേശ്യത്തോടെയാണ് ചോദിച്ചതെങ്കില്‍ ഒന്നാം തീയതി റോഡിലിറങ്ങി മെല്ലെ നോക്കിക്കണ്ടാല്‍ മതിയാകും.

ചോദ്യം 7. ജനങ്ങളെ സാമുദായികമായി വേര്‍തിരിക്കുന്നതു കമ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടിയായ വര്‍ഗ്ഗസമരത്തിന് എതിരായ സ്വത്വരാഷ്ട്രീയ സിദ്ധാന്തത്തിന്റെ അംഗീകാരമല്ലേ?

ഉത്തരം: നിരന്തരമായി നുണപ്രചരിപ്പിക്കുകയാണ് നിങ്ങള്‍. എല്ലാ ഘട്ടത്തിലും സ്ത്രീ ഒട്ടേറെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയയായിട്ടുണ്ട്. അവര്‍ക്കുള്ള അവകാശങ്ങളെ പോലും തട്ടിയെടുക്കുകയാണ് നിക്ഷിപ്ത താല്‍പര്യക്കാര്‍. അതിനുള്ള പ്രതിരോധം തീര്‍ക്കലാണ് ഈ മതില്‍. ആ മതിലിന് നേരെ എതിര്‍വശത്ത് മറ്റൊരു മതില്‍കൂടി കാണാനാകും. അത് പുരുഷന്മാരുടെയാകും. ഈ നാട് ഒന്നിച്ച് സ്ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയാണ്.

ചോദ്യം 8. വനിതാ മതിലിനു സര്‍ക്കാരിന്റെ ഒരു പൈസ ചെലവാക്കില്ലെന്നു പുറത്തു പറയുകയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന പരിപാടി തന്നെയാണെന്നു കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തത് എന്തു കൊണ്ട്? ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരില്‍നിന്നു നിര്‍ബന്ധിത പിരിവ് നടത്തിയതിനെപ്പറ്റി അന്വേഷിക്കാമോ?

ഉത്തരം: വനിതാമതിലിന് സര്‍ക്കാര്‍ ഒരുപൈസപോലും ചെലവാക്കുന്നില്ലെന്ന് ഉത്തരവാദിത്വത്തോടെ ആദ്യദിവസം തന്നെ പ്രഖ്യാപിച്ചതാണ്. സ്ത്രീ ശാക്തകീകരണത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ച തുകയെ സംബന്ധിച്ച കണക്കാണ് കോടതിയില്‍ കൊടുത്തത്. അതില്‍ നിന്ന് ഒരുപൈസ പോലും വനിതാമതിലിനായി ചെലവഴിക്കുന്നില്ല. ക്ഷേമപെന്‍ഷനില്‍ നിന്ന് കൈയ്യിട്ട് വാരുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. നിങ്ങള്‍ നിങ്ങളുടെ ശീലം പറയുകയാണ്. നിര്‍ബന്ധിത പിരിവ് എന്നത് ശുദ്ധനുണയാണ്. താന്‍ നേരിട്ട് അന്വേഷിച്ചകാര്യമാണ്. അങ്ങനെ എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കില്‍ തെളിവ് തന്നാല്‍ അന്വേഷിക്കാം.

ചോദ്യം 9. ഔദ്യോഗിക മെഷീനറി ദുരുപയോഗപ്പെടുത്തുകയില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ തന്നെ വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു വകുപ്പ് മേധാവികള്‍ കീഴ്ഉദ്യോഗസ്ഥകള്‍ക്കു സര്‍ക്കുലര്‍ നല്‍കുന്നതും ഭീഷണിപ്പെടുത്തുന്നതും കള്ളക്കളിയല്ലേ?

ഉത്തരം: വനിതാമതിലില്‍ പങ്കെടുക്കാന്‍ വേണ്ടി ഒരു മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കുന്നതില്‍ തടസ്സമില്ല എന്നാണ് വ്യക്തമാക്കിയത്.

ചോദ്യം 10. രാഷ്ട്രീയ ലാഭം കൊയ്യുന്നതിനുവേണ്ടി, കേരളത്തിന്റെ സാമൂഹികഘടനയെ തകര്‍ത്ത് സമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച മുഖ്യമന്ത്രിയെന്ന് താങ്കളെക്കുറിച്ചു ചരിത്രം രേഖപ്പെടുത്തുമെന്നു താങ്കള്‍ എന്തുകൊണ്ടു മനസിലാക്കുന്നില്ല?

ഉത്തരം: അത് ചരിത്രം രേഖപ്പെടുത്തേണ്ട കാര്യമല്ലേ. എനിക്കതില്‍ യാതൊരു ആശങ്കയുമില്ല.