ഗുജറാത്തിലെ ഒരു പ്രവൈറ്റ് സ്‌കൂളിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളോട് സ്‌കൂൾ മാനേജ്‌മന്റ് ഒരു കാര്യം നിർദേശിച്ചു.
“അഭിനന്ദനങ്ങൾ. ഒരു ഭാരതീയ പൗരൻ എന്ന നിലയിൽ ഞാൻ, ബഹുമാന്യനായ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ, CAA യുടെ പേരിൽ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും ഈ നിയമത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. “
ഇതേ വാക്കുകൾ അതേപടി ഒരു പോസ്റ്റ്കാർഡിൽ മോദിയുടെ അഡ്രസിലേക്ക് എഴുതണം. ടീച്ചർ ഇത് ബോഡിൽ എഴുതും, കുട്ടികളോട് ഇത് പകർത്താനാണ് ആവശ്യപ്പെട്ടത്. നഴ്‌സറി മുതൽ പത്താം ക്ലാസ് വരെ ആയിരത്തി ഇരുനൂറിനു മുകളിൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളാണ്. സംഭവം നടന്നത് ചൊവ്വാഴ്ചയാണ്.
പക്ഷെ മാനേജ്‌മന്റ് പ്രതീക്ഷിച്ചതുപോലെയല്ല പിന്നീട് സംഭവിച്ചത്. ബുധനാഴ്ച തന്നെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്‌കൂളിലേക്ക് കൂട്ടം കൂട്ടമായി എത്തി ഇതെവിടത്തെ പരിപാടിയാണ് മലരേ എന്ന് ചോദിച്ചു പ്രശ്നമുണ്ടാക്കി. കുട്ടികൾക്ക് മനസ്സിലാവാത്ത കാര്യങ്ങളിൽ അവരെ ഉപയോഗിച്ച് മറ്റേ പരിപാടി കാണിക്കുന്നതിനെ നല്ല ഭാഷയിൽ തന്നെ എതിർത്തു. മാനേജ്‌മന്റ് നിന്ന നിൽപ്പിൽ മാപ്പും പറഞ്ഞു തടിയൂരി. മാപ്പ് പറയാൻ അല്ലെങ്കിലും ഇവരെക്കഴിഞ്ഞേ ആളുകളുള്ളൂ. എഴുതിയ പോസ്റ്റ് കാർഡെല്ലാം തിരികെ വാങ്ങി രക്ഷകർത്താക്കൾ അവിടെ വെച്ച് തന്നെ നാലായി കീറിക്കളഞ്ഞു.
പ്രൊപ്പഗാണ്ട ഏതൊക്കെ നിലയിലാണ് നടപ്പിലാക്കുന്നതെന്ന് നോക്കണം. കുട്ടികളുടെ പേരിൽപ്പോലും നാടകം കളിച്ചു, അതിന്റെ ഇമോഷണാലിറ്റി മുതലെടുക്കാനുള്ള ശ്രമമാണ്. ഒരുപക്ഷെ ഇത് നടന്നിരുന്നെങ്കിൽ അതിന്റെ പേരിൽ ഇന്ത്യയൊട്ടാകെ മാസ് ക്യാപെയിനിങ്ങുകൾ, മൻകി ബാത്തുകൾ, കുട്ടികൾക്കു വരെ മനസ്സിലായി തുടങ്ങിയ തരംതാണ ട്രോളുകൾ നമുക്ക് കാണേണ്ടി വന്നേനെ. മോദിയുടെ മൂക്കിന് താഴെയിരിക്കുന്ന ഗുജറാത്തിൽ പോലും ആളുകൾക്ക് ഇനിയും മിണ്ടാതിരുന്നാൽ അടിയിലെ മണ്ണും കൂടി ഒലിച്ചുപോകും എന്ന തിരിച്ചറിവ് വന്നു എന്നത് പ്രതീക്ഷ വളരെയധികം ഉയർത്തുന്ന ഒന്നാണ്.
അതാണ് അവരുടെതും നമ്മുടേതുമായ കൂട്ടങ്ങളുടെ വ്യത്യാസം. ദീപിക പദുക്കോണിനെ ആരും ക്ഷണിച്ചു കൊണ്ട് വന്നതല്ല. അവർ നേരിട്ട് ബോധ്യപ്പെട്ട് വന്നതാണ്. സ്വര ഭാസ്കറും ജാവേദ് അക്തറും നൂറു രൂപ കൈപ്പറ്റി വന്നവരല്ല. ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടോ അവരുടെ കൂടെ നിന്നാലുള്ള സൗകര്യം കണ്ടിട്ടോ വന്നവരല്ല തെരുവിലുളള കോടിക്കണക്കിനു മനുഷ്യർ. ഓരോരുത്തരും സ്വമേധയാ, തനിയെ കൂടെ വന്നവരാണ്. നമ്മുടേത് അതിന്റെ എല്ലാ വൈവിധ്യങ്ങളും തിളച്ചുമറിയലുകളും ഉള്ള ഒരു ഓർഗാനിക് ഓർഗനൈസേഷനാണ്.
പക്ഷെ അവരുടെ കൂടെയുള്ള ഓരോരുത്തരെയും അവർ പർച്ചേയ്‌സ് ചെയ്തതാണ്. അതുകൊണ്ടു തന്നെ അവരുടെ ലോയൽറ്റിയും വാടകയ്ക്കാണ്. ഒന്നോ രണ്ടോ പരിചിത മുഖമൊഴികെ ആരാന്നു പോലും മനസിലാവാത്ത കുറേപ്പേരെ വെച്ച് ബിജെപി അടുത്ത പ്രോപഗണ്ട വീഡിയോ ഇറക്കിയിട്ടുണ്ട്. ആർട്ടിസ്റ്റുകൾ CAA യെ സപ്പോർട്ട് ചെയ്യുന്നു എന്ന പേരിൽ. കാശും അധികാരവും ഉണ്ടായിട്ട് പോലും നാലാളറിയുന്ന ഒരുത്തനെപ്പോലും ആ വീഡിയോക്ക് വേണ്ടി അവർക്ക് കിട്ടിയിട്ടില്ല എന്നത് തന്നെയാണ് നമ്മുടെ വിജയം.
ഇവന്റെയൊക്കെ സ്ഥിരം വാടക ദേഹങ്ങൾ പോലും പരസ്യമായി സപ്പോർട്ടിൽ വാ തുറക്കുന്നില്ല എന്നതിനേക്കാളും വലിയ തെളിവൊന്നുമില്ലലോ ഇപ്പൊ ബിജെപി എവിടെ നിൽക്കുന്നു എന്ന കാര്യത്തിൽ. അതുകൊണ്ടുംകൂടിയാവണം കുട്ടികളുടെ മറപറ്റി ഇറങ്ങിയിരിക്കുന്നത്. ഗുജറാത്തിലെ രക്ഷകർത്താക്കളോടു നന്ദി. നിങ്ങളെ ചരിത്രം നീതിയുടെ പക്ഷത്ത് അടയാളപ്പെടുത്തും.
കടപ്പാട് : Pinko Human
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.