Pishu Mon
രണ്ട് വൈരുദ്ധ്യങ്ങളായ ലോകങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും അതെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് സിനിമ പറയുന്നത്. സിനിമയിൽ ഉടനീളം എല്ലാവരും അവരവരുടെ ബാഗേജ് കൊണ്ടുനടക്കുന്നത് കാണാനാകും, വിശേഷ്യ സോളമനും സോഫിയയും. സോളോമൻ്റെ ലോകം, കുടുമ്പം നോക്കുന്ന നല്ല ഒരു മകനാകാൻ കഴിഞ്ഞെങ്കിലും അതിൽ തൃപ്തയല്ലാത്ത അമ്മ, അവനെ ഹീറോയായി കാണുന്ന കസിൻ. ഇതൊക്കെ ആണ് സോളോമൻ്റെ ലോകം. അവനെ നല്ലൊരു കൂട്ടുകാരനായി, തനിക്ക് ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്ന അത്രേം comfortable ആയ ഒരുവനും അതെ സമയം പരസ്പര ബഹുമാനത്തോടെ ഉള്ള ഒരു തൻ്റെ കംഫർട്ട് സോൺ എന്നത് പോലെയാണ് സോഫിയ സോളോമനെ കാണുന്നത്.
അതേ സമയം സോഫിയുടെ ലോകം, തന്നെ ഒരു ബാധ്യതയായി കാണുന്ന അമ്മ. അച്ഛൻ ആണെങ്കിൽ സോഫിയെ ഒട്ടും വിലയില്ലാത്ത മട്ടാണ്. അനുജത്തി ആണെങ്കിൽ അവരെ പറ്റിയോർത്ത് എപോഴും ടെൻഷൻ ആണ്. സോളമൻ സോഫിയ കാണുന്നത് നല്ല കൂട്ടുകാരിയായും, സൽസ്വഭാവിയും സുന്ദരിയായ അയൽക്കാരിയായും മറ്റും ഒക്കെ ആണ്.ഈ റോളുകളിൽ ആരെ തൃപ്തിപ്പെടുത്തി ജീവിക്കണം? ആരെയൊക്കെ തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയും? എന്നതാണ് അടിസ്ഥാന ചോദ്യമായി സിനിമയിലൂടെ പദ്മരാജൻ മുന്നോട്ട് വയ്ക്കുന്നത്. അതിനു സിനിമ തന്നെ ലളിതമായി ഉത്തരം നൽകുന്നുണ്ട്.
ഇനി spoilers ഉണ്ട്.
ഇവർ തമ്മിൽ ഇഷ്ടത്തിൽ ആവുന്നു. ഇതുപക്ഷെ സോളമൻ്റെ അമ്മയ്ക്ക് വലിയ ഇഷ്ടം ഇല്ല കാരണം സോഫിയുടെ അച്ഛൻ ഒരു കുടിയൻ ആയത് കൊണ്ട് തന്നെ. പിന്നീട് സോഫി ഒരു അവിഹിത സന്തതി ആണെന്നും കൂടെ അറിയുന്ന പക്ഷം അവർ പൂർണ്ണമായി എതിർക്കുന്നു. പക്ഷേ സോളമൻ ഒരു വിധം അമ്മയെ പറഞ്ഞു മനസിലാക്കി അവരെ കൊണ്ട് സമ്മതിപ്പിക്കുന്ന്. ഇവിടെ അമ്മക്ക് കിട്ടുന്ന ആദ്യത്തെ സൂചനയാണ് സോളമന് അവൻ്റെതായ ബോധ്യങ്ങളും ആഗ്രഹങ്ങളും ഉണ്ട് എന്ന്. അതുമായി സമരസപ്പെടാൻ അമ്മ മനസ്സില്ലാമനസ്സോടെ എങ്കിലും തയ്യാറാക്കുകയാണ്.
ഇതിനുശേഷം വളർത്തച്ഛൻ സോഫിയയെ മർദ്ദിച്ച് അവശയാക്കി ബലാത്സംഗം ചെയ്യുന്നു. ,പദ്മരാജൻ കൃത്യമായി rape as tool for control എന്ന കൺസെപ്റ്റ് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. സോഫിയ സോളമൻ്റെ നിയന്ത്രണത്തിൽ (പ്രണയം) വരികയും തനിക്ക് സോഫിയയെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന ബോധ്യത്തിൽ നിന്നുമാണ് വളർത്തച്ചൻ്റെ ദേഷ്യം ഉടലെടുക്കുന്നത്. അതായത് തന്തയില്ലാത്ത സോഫിയക്ക് തന്തയായി നിന്ന് കൊടുത്തതിനു ഉള്ള പ്രതിഫലമായിട്ടാണ് സോഫീയയുടെ നിയന്ത്രണം അയാള് കാണുന്നത്.
ഇതിന് ശേഷം രാത്രി സോളമൻ വന്നു വളർത്തച്ഛനെ മർദ്ദിച്ച് സോഫിയയെ ഇറക്കി ദൂരേക്ക് ട്രക്ക് ഓടിച്ച് പോകുമ്പോൾ വളർത്തഛൻ ഒഴികെഎല്ലാവരും സന്തുഷ്ടരാണ്. ബലാത്സഗത്തിന് ഇരയായ പെൺകുട്ടിയെ കെട്ടണ്ട എന്ന് പറഞ്ഞ സോളമൻ്റെ അമ്മയടക്കം. ഇത്രെയും നാൾ അവരുടെ ബോധ്യങ്ങൾ സോളമനെ അടിച്ചേൽപ്പിക്കാൻ നോക്കിയ സോളമൻ്റെ അമ്മ അവിടെ വച്ച് പൂർണ്ണമായും തൻ്റെ മകൻ്റെ ബോദ്ധ്യങ്ങളും ശരിക്കുള്ള അവനുമായും സംരസപ്പെടുകയാണ്.
ജീവിതത്തിലെ ഇതുവരെ ഉണ്ടായിരുന്ന രണ്ടു റോളുകളിൽ നിന്ന് സോളമനും സോഫിയയും പിൻവാങ്ങുകയാിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ ആദ്യം മുതലേ. അവർ കണ്ടുമുട്ടിയ അന്ന് തുടങ്ങി അവർ അത്രേം നാൾ ജീവിച്ച റോളുകളിൽ നിന്നും പയ്യെ പയ്യെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു. സോളമനും സോഫിയയും കൂടെ വിദൂരതയിലേക്ക് ട്രക്ക് ഓടിച്ച് പോകുന്നതോടെ അത് പൂർണമായി. ഇനി അവർക്ക് അവരെ മാത്രം പരസ്പരം ബോധിപ്പിച്ചാൽ മതി അതിനപ്പുറത്തേക്ക് ഉള്ള ഒന്നും അവരെ അലട്ടുന്നില്ല.
ഞാൻ ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പ്രണയം ആയിരുന്നു അവരുടെ. മിക്ക സിനിമകളിലെയും പോലെ ഒരു വലിയ റൊമാന്റിക് മോമൻ്റോ, പെട്ടെന്നുള്ള കണ്ണുകൾ തമ്മിൽ ഉടക്കലോ, ആലിംഗനമോ ഒന്നും ഇല്ല. എന്നിട്ടും, പതുക്കെ, പരസ്പരം പിരിയാൻ കഴിയാത്തത് വരെ അത് അവർക്കിടയിൽ വളരുന്നു. ആദ്യമൊക്കെ സോഫിയക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു. വളർത്തച്ഛനിൽ നിന്നുണ്ടായ ദുരനുഭവം അവരെ കണ്ണുതുറപ്പിക്കുന്നു.
അവരുടെ പ്രണയത്തിന് വേണ്ടി, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവളുടെ അവകാശത്തിന് വേണ്ടി, കുറ്റബോധവും നാണക്കേടും ഇല്ലാതെ ജീവിക്കാനുള്ള അവളുടെ അവകാശത്തിന് വേണ്ടി പോരാടാൻ സോഫിയ തയ്യാറാവുന്നു. ചുറ്റുമുള്ള, അവൾക്ക് പരിചിതമായ ലോകത്തിന്റെ വൈകൃത്യം, മെച്ചപ്പെട്ട ജീവിതം സാധ്യമാണെന്ന് വിശ്വസിക്കാൻ അവളെ സ്വതന്ത്രയാക്കി.
സോഫിയ ആഗ്രഹിച്ച ആ ജീവിതവും നമ്മൾക്ക് സിനിമ കാണിച്ച് തരുന്നുന്നുണ്ട്. ആ മെച്ചപ്പെട്ട ലോകം. സോളമന്റെ മുന്തിരിത്തോട്ടങ്ങൾ, അതൊരു തികഞ്ഞ സ്വർഗ്ഗലോകമല്ല. ജോലിക്കാരും തൊഴിലാളികളും ഒക്കെ ഉള്ള ഒരു സാദാ മുന്തിരിത്തോപ്പ്, അതിൽ കുറച്ച് ഫർണിച്ചറുകളുള്ള ഒരു ചെറിയ വീടും ഉണ്ട്. എന്നാൽ അവിടെ സ്വാതന്ത്ര്യമാണ്, സന്തോഷകരമാണ്. അവരെ അളക്കാനോ വിധിക്കാനോ തെറ്റാണെന്ന് പറയാനോ ആരുമില്ല.
ഇന്നലെകളെ പറ്റിയുള്ള നഷ്ടങ്ങൾ മറന്ന്, നാളെകളെ പറ്റിയുള്ള ആശങ്കകളും മറന്നുകൊണ്ട് ഇന്നിൽ ജിവിക്കാം. “ദൂരെ ദൂരെ ഗ്രാമങ്ങളിൽ ചെന്ന് രാപ്പർക്കാം…” എന്നുന്തുടങ്ങുന്ന അതിമനോഹരമായ പ്രപോസലിൻ്റെ ഉള്ളടക്കം ഇത്രയുമാണ്. അത് തന്നെയാണ് അവസാനം സംഭവിച്ചതും. ഇതിലും ലളിതമായ രീതിയിൽ പ്രണയത്തെ പറ്റി കാണിക്കാൻ കഴിയില്ല എന്ന് തോന്നുന്നു, അതേസമയം ഈ ലാളിത്യമാണ് ഇതിനെ അത്യധികം സങ്കീർണമാക്കുന്നതും.