പിതൃവ്യഥ (കഥ)

567

പിതൃവ്യഥ(കഥ) 

സൈഫുദ്ദീൻ തൈക്കണ്ടി (Saifudheen Thaikandy)

പതച്ച് തുള്ളുന്ന സൂര്യതാപത്തിന് കീഴേ ബസ്സ് ഷൽട്ടറിലെ ഇരിപ്പിടത്തിൽ കഠിന ദു:ഖഭാവം പേറുന്ന മുഖവുമായി അയാൾ ഓരോ അഞ്ച് സെക്കന്റിലും വാച്ച് നോക്കിക്കൊണ്ടിരുന്നു. ഒരോ പ്രാവശ്യവും ആ നോട്ടത്തിൽ നിന്ന് തലയുയർത്തുമ്പോൾ മുഖം ഒന്നുകൂടി ഇരുണ്ടു. ലോകത്തെ തന്നെ പഴിക്കുന്ന പോലെ ചുണ്ടുകൾക്കിടയിൽ നിന്ന്
അർത്ഥമില്ലാത്ത എന്തോ ശബ്ദം പുറത്ത് വന്നു. അസ്വസ്ഥതയുടെ കൊടുമുടിയിലാണ് അയാളെന്ന് വ്യക്തമായിരുന്നു.

കഴിഞ്ഞു പോയ വൈകുന്നേരത്തെ അയാൾ വെറുത്തു. ഗുളികൻ കയറിയ നാവ് പിഴയെ ഒരോ നിമിഷവും പഴിച്ചു. അനിയന്ത്രിതമായ വാക്ക്… പുറത്തേക്ക് തികട്ടി വന്ന നാക്ക് ഇടയ്ക്കിടെ സ്വയം ശിക്ഷ നൽകുന്നതെന്നോണം കടിച്ചു.

“ഉളളീ കേറിപ്പോടീ… കരിപ്പിന് എറേത്തിരിക്കാതെ” കടുത്ത ക്ഷോഭത്താൽ ആയാൾ അലറി. അതിനയാൾക്കൊരു കാരണമുണ്ടായിരുന്നു. അസ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകളാൽ ചുറ്റപ്പെടാതെ വീട് മാറ്റിയത് തന്റെ ഉറച്ച തീരുമാനങ്ങളിലേക്ക് പെട്ടെന്ന് പതിച്ച ഒരു മിന്നലിന്റെ പൊള്ളലുണ്ടായിരുന്നു

അനുഭവങ്ങളിൽ നിന്ന് സ്വായത്തമാക്കിയ, ജീവിതത്തിൽ മകളായാലും, ഭാര്യയായാലും; നൽകേണ്ട മാനുഷീക അവകാശങ്ങളുടെ ധാരണയിലൂടെയായിരുന്നു അയാളുടെ ജീവിതം. കുടക്കമ്പനിയിലെ സൂപ്പർവൈസർ ജോലിയിലെ പരിമിതിക്കുള്ളിൽ താനൊരു നല്ല ഗൃഹസ്ഥനായിരുന്നു എന്ന ധാരണയ്ക്ക് മുകളിലേക്ക് ആക്ഷേപത്തിന്റെ വെള്ളിടി വെട്ടിയത് കമ്പനിയിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ നിന്നായിരുന്നു.

പ്രതാപന്റെ അക്ഷേപത്തെ അതേ രീതിയിൽ പുഞ്ചിരിയോടെ സ്വീകരിക്കുമ്പോഴും അയാൾ നിശബ്ദനായിരുന്നു. അവസാനം പറഞ്ഞ വാക്കുകൾ അയാളുടെ ഉള്ളിലെ സാഗരത്തെ പ്രക്ഷുബ്ദമാക്കുന്നതായിരുന്നു.

പ്രണയം പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ജൈവികതയുടെ തിരയിളക്കങ്ങളാണെന്ന് അയാൾക്ക് ബോധ്യമുണ്ട്. പ്രണയത്തെ അതിന്റെ അനിയന്ത്രിതമായ ആകർഷണ വലയത്തെ മറികടക്കാൻ ആവാത്ത യുവത്വത്തെ നിത്യജീവിതത്തിൽ എത്ര കാണുന്നു. പക്ഷെ തന്റെ ജീവിതത്തിന് എന്തർത്ഥമെന്ന്, താനെന്തിന് സ്വജീവിതത്തിലെ സുഖ സന്തോഷങ്ങളെ ബലി നൽകി എന്ന ചോദ്യങ്ങളുടെ മുന്നിൽ മക്കളുടെ വിദ്യാഭ്യാസം എന്ന സുശക്തമായ തീരുമാനം പല്ലിളിക്കുന്നത് പോലെ അയാൾക്ക് തോന്നി …

“കഴിഞ്ഞ കുറേ ദിവസങ്ങളായി ക്ലാസ്സിൽ കയറിയിട്ട്… എന്നും ചുറ്റികറങ്ങല് തന്നേനു”

അങ്ങനെ ആരുടെയെങ്കിലും വാക്കുകളിലെ
അവിശ്വാസത്തിന്റെ ചങ്ങലക്കിലുക്കങ്ങളെ ശ്രദ്ധിച്ചിരുന്നില്ല അയാൾ. പക്ഷെ, കോളേജിലെ അന്വേഷണങ്ങളിൽ ആരോപണം ശരിയെന്ന് തന്നെ മനസ്സിലായപ്പോൾ തീർച്ചയാക്കിയപ്പോൾ… പിന്നെ, എന്താണ് പറഞ്ഞതെന്നോ
ചെയ്തതെന്നോ ഓർമ്മയില്ലാത്ത തരത്തിൽ ചിത്തഭ്രമം ബാധിച്ചവനെപ്പോലെ ആയി.

ഈ കുട്ടികൾ എന്താണ്… എങ്ങനെയാണ്… ഇത്ര ദുർബലരാവുന്നത്?
ചെളി തെറിച്ച ഉടുപ്പ് ഊരിയെറിയുന്നത് പോലെ സ്വജീവൻ ഊരിയെറിയുന്നത്ര ദുർബലർ. അനുഭവിച്ച പശ്ചാത്തലങ്ങളെ മടുത്തു വലിച്ചെറിയുന്ന കളിപ്പാട്ടമെന്ന പോലെ ഉപേക്ഷിക്കുന്നത്ര പാവങ്ങൾ.
ബസ്സിലിരുന്ന് ഇളകി മറിയുന്ന തന്റെ അന്തരാത്മാവിലേക്ക് അയാൾ ചോദ്യങ്ങളുടെ ഓരോ കല്ല് വലിച്ചെറിഞ്ഞു. മനസ്സും ശരീരവും ഭാരപ്പെട്ടു.

ഉൻമാദത്തിന്റെ ഏതോ നിമിഷത്തിൽ അച്ഛനിൽ നിന്ന് വമിച്ച ദുഷിച്ച വാക്കുകളോട് അവൾ പ്രതികരിച്ച രീതി ഒരിക്കലും പാടില്ലാത്തതെന്ന് അയാൾ വിശ്വസിച്ചു.
അച്ഛനാം മേരുവിൽ അവിശ്വാസിയായിപ്പോയ മകളെ ഓർത്ത് വേദനിച്ചു. നിരാലംബമായ ജീവിതത്തിന്റെ അടങ്ങാത്ത അഭിനിവേശത്തിന് മേലെ മരണത്തിന്റെ പുതപ്പ് വലിച്ചിടാനുളള അവളുടെ ശ്രമത്തെ തന്റെ പരാജയം തന്നെയെന്ന് അയാൾ ഉറപ്പിച്ചു.

ഇരുമ്പു കട്ടിലിന്റെ അരികിൽ ദു:ഖഭാരത്തോടെ അമരുമ്പോൾ… തീർത്തും തളർന്നു പോയിരുന്നു…
തന്റെ ശരീരഭാരമൊക്കെ
സങ്കടവും ദു:ഖവും കൊണ്ടുവന്ന അപരിചിതമായ പ്രാണികൾ… ഈച്ചകൾ… തിന്നു തീർത്തത് പോലെ…
ആകാശത്തേക്ക് പറത്തി വിട്ട ചോദ്യങ്ങൾക്കൊപ്പം പൊങ്ങിപ്പോയത് പോലെയോ അയാൾക്ക് തോന്നി.

സാധാരണക്കാരനായ ഒരച്ഛനായി മകളെന്നെ കരുതിക്കാണും. നിലനിർത്തിപ്പോന്ന സ്വാതന്ത്ര്യം പാരമ്പര്യ സ്വഭാവിയുടെ കപടതയാണെന്ന്… പ്രണയമെന്ന് കേൾക്കുമ്പോൾ വിളറി പൂണ്ട് ഉറഞ്ഞ് തുള്ളുന്നവനെന്ന് തീർച്ചയാക്കിയിട്ടുണ്ടാവും.

കരഞ്ഞ് ഉണങ്ങി വറ്റിപ്പോയ അവളുടെ പാതി വിടർന്ന കണ്ണിൽ നോക്കാൻ അശക്തനായി അയാൾ തലകുമ്പിട്ടിരുന്നു . ചുമലിൽ ഒരു തണുത്ത കരമമർന്ന മാത്രയിൽ
ഏകാന്തതയുടെ ഗുഹാമുഖത്തുനിന്നെന്ന പോലെ ഞെട്ടിയുണർന്നു .
നിസ്സഹായനായ കുറ്റവാളിയേപ്പോലെ മെല്ലെ തലയുയർത്തി . തന്റെ പ്രിയതമയുടെ മുഖത്തേക്ക് അത്രയും തളർച്ചയോടെ നോക്കി.

“സങ്കടങ്ങളെ, അതിന്റെ നോവുകളെ മറികടക്കാൻ മാത്രം നമ്മൾ അവളെ പഠിപ്പിച്ചില്ലെ സൈനു?”
അതീവ വ്യഥയോടെ അയാൾ അവളോട് ചോദിച്ചു. മറികടന്ന മരണത്തിന്റെ തണുപ്പു നുണഞ്ഞ് കിടക്കുന്ന മകളെ അതീവ വാത്സല്യത്തോടെ നോക്കി.

കൊത്തിക്കൊണ്ട് വന്ന ആഹാരം പറക്കമുറ്റാത്ത മക്കളുടെ ഇളം ചെമന്ന വായിൽ കൊണ്ടുവന്നു നിക്ഷേപിക്കുമ്പോൾ, അടർന്ന തൂവലുകൾ തീർത്ത വിടവുകളിലെ വെയിൽ അവർ കാണാതിരുന്നോ?
ഇടയ്ക്ക് വാടിപ്പോവുന്ന…, അവരെ ശ്രദ്ധിക്കാതെ പോയെ…, എന്ന അനേകം ചോദ്യങ്ങൾ അയാളെ മദിച്ചു.

തളർന്ന് മയങ്ങുന്ന മകളുടെ നെറ്റിയിൽ ആശ്വാസത്തിന്റെ തണൽ വീഴ്ത്താനെന്നോണം അയാൾ ഇടത് കൈ ഒരു കുട പോലെ ഉയർത്തിവെച്ചു.
തിരുത്തേണ്ടതുണ്ട്…!
….എന്ന ബോധത്തിൽ അച്ഛനെ അയാൾ ഇറക്കി വെച്ചു …!!!

Advertisements