സയണിസ്റ്റ് പക്ഷപാതം അമേരിക്കൻ ദാസ്യത്തിന്റെയും ‘ഇസ്ലാമോഫോബിയ’യുടെയും അഭിവാജ്യ ഘടകം

0
47

സയണിസ്റ്റ് പക്ഷപാതം അമേരിക്കൻ ദാസ്യത്തിന്റെയും ‘ഇസ്ലാമോഫോബിയ’ യുടെയും അഭിവാജ്യ ഘടകം !
(പി ജെ ജെയിംസ്‌)

രവിചന്ദ്രൻ എന്നയാളുടെ പേരിൽ “സയൻസ് രക്ഷിക്കുന്ന ജീവിതങ്ങൾ” എന്ന കുറിപ്പിലൂടെ പ്രചരിക്കുന്ന ‘ശാസ്ത്രമാത്രവാദ’ (scientism) വും അതുവഴി സാധിച്ചെടുക്കുന്ന സയണിസ്റ്റ് സേവയുമാണ് ഈ കമന്റിനാധാരം.ഇസ്രയേൽ – പലസ്തീൻ വൈരം രാഷ്ട്രീയത്തിനതീതമായ മതസംഘർഷമാണെന്നും, ഹമാസ് എന്ന ‘മത തീവ്രവാദ’ സംഘടനയുടെ റോക്കറ്റ് ആക്രമണമാണ് ഇപ്പോഴത്തെ സംഘർഷത്തിനു കാരണമെന്നും, രാഷ്ടീയം പരാജയപ്പെട്ടിടത്ത് ശാസ്ത്രത്തിന്റെ സഹായത്തോടെ ഇസ്രയേൽ iron dome ഉം interceptor missile ഉം ഉപയോഗിച്ച് സ്വയം പ്രതിരോധം ഉറപ്പാക്കുകയാണെന്നും, ജനവാസ മേഖലയെ ആക്രമിക്കാത്ത ഉത്തരവാദിത്വ ഭരണകൂടമാണ് ഇസ്രയേലെന്നും, പലസ്തീൻ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നത് ഹമാസ് അവരെ മനുഷ്യ മറയായി ഉപയോഗിക്കുന്നതു കൊണ്ടാണ്ടെന്നും, പലസ്തീനികൾ ഹമാസിന്റെ തടവുകാരാണെന്നും, വട്ടമേശ സമ്മേളനങ്ങളും പ്രതിനിധി സമ്മേളനങ്ങളും പോലുള്ള രാഷ്ട്രീയ പ്രഹസനങ്ങൾ അപ്രസക്തമാകുന്നിടത്ത് iron dome പോലുള്ള ഇസ്രയേലിന്റെ ആയുധ സാങ്കേതികവിദ്യ വിജയിക്കുകയാണെന്നും മറ്റുമാണ് രവിചന്ദ്രൻ വാദിക്കുന്നത്. കുറിപ്പിന്റെ അവസാന ഭാഗത്ത്, സർവ ശക്തിയുപയോഗിച്ച് ഇസ്ലാമോഫോബിയ വിഷം ചീറ്റുന്നതും കാണാവുന്നതാണ്.

സമയ പരിമിതി മൂലം രവിചന്ദ്രന്റെ അരാഷ്ടീയ -പ്രത്യയ ശാസ്ത്ര നിരാസ സമീപനങ്ങളെ സംബന്ധിച്ച ചർച്ചക്ക് ഇവിടെ മുതിരുന്നില്ല. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ , ശാസ്ത്ര സാങ്കേതിക വിദ്യകളുടെ മേലുള്ള കോർപ്പറേറ്റ് മൂലധനാധിപത്യം, ആയുധനിർമ്മാണത്തിലും അതിന്റെ പ്രയോഗത്തിലും അന്തർലീനമായ രാഷ്ടീയ സാമ്പത്തിക വിവക്ഷകൾ, അതോടുള്ള ജനപക്ഷ സമീപനം, സർവോപരി രവിചന്ദ്രൻ ഉയർത്തിപ്പിടിക്കുന്ന ശാസ്ത്ര മാത്രവാദ (scientism) ത്തിന്റെ ശാസ്ത്ര വിരുദ്ധത, സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത കേവല യുക്തി, തുടങ്ങിയ കാര്യങ്ങളൊന്നും ഇവിടെ ചർച്ച ചെയ്യാനുദ്ദേശിക്കുന്നില്ല. മറിച്ച് സയണിസം (ജൂത മൗലിക വാദം) എന്ന ഭീകര ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അധിഷ്ഠിതമായതും ഐക്യരാഷ്ട്ര സഭയുടേതടക്കം . അന്താരാഷ്ട്ര നിയമങ്ങളൊന്നും ബാധകമല്ലെന്നു സ്വയം കരുതുന്നതും ‘തെമ്മാടി രാഷ്ട്രം’ എന്ന് ലോക ജനത വിലയിരുത്തിയിട്ടുള്ളതും, എന്നാൽ ഉത്തരവാദിത്വ രാഷ്ട്രം എന്നു രവിചന്ദ്രൻ മഹത്വവൽകരിക്കുന്നതുമായ ഇസ്രയേലിനെ സംബന്ധിച്ച് ഏവർക്കുമറിയാവുന്ന ഒന്നു രണ്ടു കാര്യങ്ങൾ മാത്രമാണിവിടെ സൂചിപ്പിക്കുന്നത്.

ഹോളോകോസ്റ്റടക്കം, ഹിറ്റ്ലർ ഫാസിസത്തിൽ യഹൂദ ജനത വിധേയമായ വംശഹത്യ സംജാതമാക്കിയ ആഗോള സഹാനുഭൂതിയുടെ പശ്ചാത്തലത്തിലാണ്, ഒരു രാജ്യത്തിന്റെയും മധ്യസ്ഥതയില്ലാതെ, ജൂത ജനതക്ക് അഭയം നൽകാൻ വിശാല മാനവികത മുൻ നിർത്തി അറബ് ജനത തയ്യാറായത്. എന്നാൽ, ഇതു മുതലാക്കി, സാമ്രാജ്യത്വത്തിന്റെ പശ്ചിമേഷ്യൻ ഭൗമ രാഷ്ട്രീയ താല്പര്യാർത്ഥം വമ്പിച്ച സാമ്പത്തിക-സായുധ പിൻബലത്തോടെ, 1948 മുതൽ ആഗ്ലോ-അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾ പലസ്തീനികളുടെ മേൽ ഇസ്രയേൽ എന്ന ജൂത രാഷ്ട്രം കെട്ടിവെക്കുകയും, തുടർന്ന് ഒരു അമേരിക്കൻ outpost എന്ന നിലയിൽ അതു പരിവർത്തിക്കപ്പെടുകയും ചെയ്തു. ഈ പ്രക്രിയയിൽ, കഴിഞ്ഞ ഏഴു ദശാബ്ദത്തിനുള്ളിൽ നടന്ന സയണിസ്റ്റ് അധിനിവേശത്തിലൂടെ പാലസ്തീൻ ജനതയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശം 1947 നെ അപേക്ഷിച്ച് 15 ശതമാനമായി ചുരുങ്ങുകയുണ്ടായി.

May be an image of one or more people, people standing and outdoors‘സയൻസിലൂടെ ജീവിതങ്ങൾ രക്ഷിക്കുന്ന’ തെന്ന് രവിചന്ദ്രൻ ഉദാത്തീകരിക്കുന്ന ഇസ്രയേലുമായി ബന്ധപ്പെട്ട് 1948 നും 2016 നും ഇടയിൽ മാത്രം 225 പ്രമേയങ്ങളാണ് ഐക്യരാഷ്ട്ര സഭക്ക് തയ്യാറാക്കേണ്ടി വന്നത്. 2006 ൽ നിലവിൽ വന്ന UN Human Rights Council 2013 നുള്ളിൽ ഈ തെമ്മാടി ഭരണകൂടത്തെ അപലപിച്ചിട്ടുള്ളത് 45 ലധികം പ്രമേയങ്ങളിലൂടെയാണ്. 2020 ൽ മാത്രം ഇസ്രയേലിനെതിരെ UN പാസ്സാക്കിയത് 17 പ്രമേയങ്ങളാണ് — ഇതര ലോക രാജ്യങ്ങൾക്കെതിരെയുള്ള പ്രമേയങ്ങളുടെ മൂന്നിരട്ടിയിലധികം. UN Security Council ഇസ്രയേലിനെതിരെ 1948 നും 2016 നും ഇടയിൽ മാത്രം 80 പ്രമേയങ്ങളാണ് പാസ്സാക്കിയിട്ടുള്ളത്. 2018 ൽ മാത്രം 21 പ്രാവശ്യം മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ ഇസ്രയേലിനെ സെക്യൂരിറ്റി കൗൺസിൽ അപലപിക്കുകയുണ്ടായി. എന്നാൽ, അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ചതു മൂലം, UN ചാർട്ടറിന്റെ Chapter VII ൽ ഉൾപ്പെടാത്തതു നിമിത്തം മറ്റു പ്രമേയങ്ങളുടെ ഗതി തന്നെയാണ് ഇവക്കുമുണ്ടായത്. അമേരിക്കയെന്ന ലോക പോലീസിന്റെ പിൻബലമൊന്നു കൊണ്ടു മാത്രം, പ്രമേയങ്ങൾ പാസ്സായതല്ലാതെ, അവ ഇസ്രയേലിനു ബാധകമാകുകയോ, നടപ്പാകുകയോ ഉണ്ടായില്ല.

രവിചന്ദ്രന്റെ മാതൃകാ രാഷ്ട്രമായ ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭയും അതിന്റെ സെക്യൂരിറ്റി കൗൺസിലും അനുബന്ധ സ്ഥാപനങ്ങളും മാത്രമല്ല, ആംനസ്റ്റി ഇന്റർനാഷണലും റെഡ് ക്രോസും (റെഡ് ക്രസന്റ് ) നിരവധി തവണ അപലപിച്ചിട്ടുണ്ട്. നിരായുധരായ പലസ്തീൻ സിവിലിയൻസിനെതിരെ നടത്തിയ കൂട്ടക്കൊലകൾ, നിയമ വിരുദ്ധമായി പലസ്തീൻ പ്രദേശങ്ങൾ കയ്യടക്കൽ, പലസ്തീൻ അഭയാർത്ഥികൾക്ക് ജന്മനാട്ടിൽ പ്രവേശനം നിഷേധിക്കൽ, ഗസ്സയിലെ അധിനിവേശം, അവിടെ 10 ലക്ഷത്തോളം ജനങ്ങൾക്കു കുടിവെള്ളം നിഷേധിക്കൽ, വൈദ്യുതി വിച്ഛേദിക്കൽ, മാലിന്യ നിർമ്മാർജ്ജനം തടയൽ, നിരവധിയായ യുദ്ധക്കുറ്റങ്ങൾ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത കൊടുംക്രൂരതകളുടെ പേരിലാണ് ഐക്യരാഷ്ട്ര സഭയും മറ്റ് ഏജൻസികളും ഇസ്രയേലിനെ അപലപിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ പാസ്സാക്കിയത്.

ഇപ്പോൾ, വീണ്ടും റമദാൻ പുണ്യ മാസത്തോടനുബന്ധിച്ച് ജറുസലേമിലെ മസ്ജിദുൽ അഖ്സയിൽ മെയ് 7 നു തുടങ്ങിയ കൂട്ടക്കൊലകളും കൊടുംക്രൂരതകളുമാണ് വാർത്താപ്രാധാന്യം കൈവരിച്ചിട്ടുള്ളത്. ഗസ്സയിലേക്ക് വിദേശ മാധ്യമ പ്രവർത്തകരുടെ പ്രവേശനത്തെ തടഞ്ഞ് കൂട്ടക്കൊലകൾ പുറം ലോകം അറിയാതിരിക്കാനുള്ള നീക്കവും നെതന്യാഹു ഭരണം നടത്തിവരുന്നു. ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ എക്കാലത്തെയും നിലപാടാണ് ഇപ്പോൾ ബൈഡൻ ഭരണവും ആവർത്തിച്ചിട്ടുള്ളത്. സൈനിക-രാഷ്ട്രീയ പിൻബലത്തോടൊപ്പം പ്രതിവർഷം 20000 കോടി രൂപയിലേറെ സ്ഥിരം ഗ്രാന്റ് നൽകിക്കൊണ്ടാണ് പശ്ചിമേഷ്യൻ ജനതക്കെതിരായ തങ്ങളുടെ ചോറ്റു പട്ടിയെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് ഭേദമെന്യേ സാമ്രാജ്യത്വം നിലനിർത്തുന്നത്. സ്ഥലപരിമിതി മൂലം വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.

രവിചന്ദ്രന്റെ സയണിസ്റ്റ് വീരാരാധനയിലൂടെ പ്രകടമാകുന്ന ഇസ്ലാമോഫോബിയ ഒറ്റപ്പെട്ടതോ യാദൃച്ഛികമോ അല്ലെന്നും, മറിച്ച് മുസ്ലീങ്ങളെ മുഖ്യ ശത്രുവായി കാണുന്ന ഇന്ത്യൻ കാവി ഫാസിസം പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോഴും അതു പ്രകടമായിരുന്നുവെന്നും തിരിച്ചറിയണം. പലസ്തീൻ ജനതയോടൊപ്പം വർത്തമാന ലോകത്ത് ഏറ്റവും അടിച്ചമർത്തപ്പെടുന്നവരെന്ന് യുഎൻ വിലയിരുത്തിയ റോഹിങ്ക്യൻ അഭയാർത്ഥികളുടെ കാര്യത്തിലും ഇതേ സമീപനം നിഴലിച്ചിരുന്നു. രവിചന്ദ്രനെ പോലുള്ള ലിബറൽ ബുദ്ധിജീവികൾ ആധുനിക ലോകത്തിലെ മുഖ്യ രാഷ്ട്രീയ വിഷയങ്ങളിലൊന്നായ പലസ്തീൻ പ്രശ്നത്തെ ഒരു മത വിഷയമാക്കി അപനിർമ്മിക്കുന്നതിനു പിന്നിലെ കോർപറേറ്റ് – ഫാസിസ്റ്റ് സേവ തിരിച്ചറിയാൻ മർദ്ദിത ജനപക്ഷത്തു നിൽക്കുന്നവർ അമാന്തം കാട്ടരുതെന്ന് മാത്രം സൂചിപ്പിക്കട്ടെ.