രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായിട്ടുള്ള പ്രചാരണം ആണ് ലവ് ജിഹാദ്

198

പി ജെ ജെയിംസ്

ലൗ ജിഹാദ്’ എന്നൊന്ന് ഇല്ലെന്നും കേരളത്തെ സംബന്ധിച്ച് അതു സാങ്കല്പികം മാത്രമാണെന്നും ഇതിനു മുമ്പു തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു, ഇതര മതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്ത് ഐഎസില്‍ എത്തിക്കുന്ന റാക്കറ്റ് കേരളത്തില്‍ സജീവമാണെന്ന പ്രചരണം പരിവാര്‍ കേന്ദ്രങ്ങളും നിക്ഷിപ്ത താല്പര്യക്കാരും ഉയര്‍ത്തിക്കൊണ്ടുവന്നത്. വൈക്കത്തെ ‘ഹാദിയ’ സംഭവവും മറ്റും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍, സുപ്രിം കോടതിയുടെ ഇടപെടലോടെ, ഈ ആരോപണം തുറന്നുകാട്ടപ്പെട്ടു.

ഇന്നിപ്പോള്‍, മര്‍ദ്ദിത ജനവിഭാഗമായ ലത്തീന്‍ സഭയുടെ പരമോന്നത തലവന്‍ സൂസൈപാക്യം ഹിന്ദുത്വ രാഷ്ട്രത്തിന് അടിത്തറയൊരുക്കുന്ന പൗരത്വ നിയമത്തിനെതിരെ രംഗത്തു വന്നിട്ടുള്ളപ്പോഴും, ആലഞ്ചേരിയുടെയും മറ്റും നേതൃത്വത്തിലുള്ള സവര്‍ണ സഭാ നേതൃത്വം ഫാസിസ്റ്റുകള്‍ക്കൊപ്പം തന്നെയാണ്. ഇക്കഴിഞ്ഞ ദിവസം കെസിബിസി വക്താവ് ആര്‍എസ്എസ് ജിഹ്വയായ ‘ജന്മഭൂമി’യില്‍ ഇസ്ലാമോഫോബിയ പ്രകടമാക്കുന്ന ലേഖനമെഴുതിയത് ഇതിന്റെ ഭാഗമായിരുന്നു.

ഈ സാഹചര്യത്തില്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത, ഇസ്ലാമോഫോബിയയില്‍ അധിഷ്ഠിതമായ ‘ലൗ ജിഹാദ്’ സീറോ മലബാര്‍ സഭാ സിനഡ് വീണ്ടും പൊക്കിക്കൊണ്ടുവരുന്നത് മതേതര ജനാധിപത്യശക്തിളും മര്‍ദ്ദിത ജനതകളും മുസ്ലീങ്ങളെ രണ്ടാം തരം പൗരരാക്കുന്ന പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ള പശ്ചാത്തലത്തിലാണ്. ഇതുവഴി തങ്ങളുടെ ആര്‍എസ്എസ് വിധേയത്വത്തിന് നീതീകരണം കണ്ടെത്താനാണ് സവര്‍ണ സഭാ മേധാവികള്‍ ശ്രമിക്കുന്നത് അതേസമയം, പ്രണയവും സ്ത്രീപുരുഷബന്ധങ്ങളും മത തീട്ടൂരങ്ങളെ മറികടന്നിട്ടുള്ളതാണ് മാനവ ചരിത്രമെന്ന വസ്തുത, ഇതര മത ശക്തികളെ പോലെ കത്തോലിക്കാ സഭക്കും അംഗീകരിക്കാനാവില്ലെന്നതാണ് ഇതു വീണ്ടും വ്യക്തമാക്കുന്നത്.