ഒബാമയേക്കാൾ എത്രയോ ഉയരത്തിലാണ് രാഹുൽ ഗാന്ധി

  0
  207

  Pjbaby Puthanpurakkal ✍️

  ഒബാമയേക്കാൾ എത്രയോ ഉയരത്തിലാണ് രാഹുൽ ഗാന്ധി.

  ഒബാമ രാഹുൽ ഗാന്ധിയെ പരിഹസിച്ചു എന്ന വാർത്തക്കിന്ന് മാധ്യമങ്ങളിൽ വലിയ ഡിമാൻഡാണ്.ഒരു മൂന്നാം ലോക ഇന്ത്യക്കാരനോട് ഒരമേരിക്കൻ വല്യേട്ടനുള്ള പുച്ഛവും പരിഹാസവും മുഴുവനും ഒബാമയുടെ വാക്കുകളിലുണ്ട്.

  ആരാണ് ഒബാമ?

  ജോർജ് ബുഷിന്റെ അങ്ങേയറ്റം അഹന്തയും ധാർഷ്ട്യവും നിറഞ്ഞ വാക്കുകൾക്കും പെരുമാറ്റത്തിനുമെതിരെ ലോകത്തിലാകെ അമർഷവും രോഷവുമുയർന്നു വന്ന ഒരു കാലത്ത് വാക്കിലും പെരുമാറ്റത്തിലും വിരൽത്തുമ്പുവരെ മാന്യൻ എന്ന നിലയിൽ രംഗത്തു വന്ന് പ്രസിഡന്റായി. സമാധാനത്തിന്റെ നോബൽ സമ്മാനവും നേടി.

  എന്നിട്ട് ചെയ്തതോ? 8 വർഷഭരണ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ കൊലയാളി അമേരിക്കൻ പ്രസിഡൻറായി മാറി. അറബ് വസന്തത്തെ തകർത്ത് തങ്ങളുടെ ശിങ്കിടി രാജാക്കൻമാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ ലിബിയയെ തകർത്ത് കുട്ടിച്ചോറാക്കി.
  സിറിയയെ ഇസ്റയേലിനു വേണ്ടി തകർക്കാൻ വേണ്ടി പണവും ആയുധവും കൊടുത്ത് ഇസ്ലാമിക സ്റ്റേറ്റിനെ വളർത്തി. തുർക്കിയിൽ ആയുധ പരിശീലന ക്യാമ്പുകൾ തുറന്ന് പരസ്യമായാണത് ചെയ്തത്.അത് സിറിയയിലും ഇറാക്കിലും കുർദ് മേഖലയിലുമായി ഐലൻ കുർദിയെപ്പോലെ ഒന്നരക്കോടി മനുഷ്യരുടെ മരണത്തിനിടയാക്കി. ഒരു കോടിപ്പേർക്ക് ജീവനും വാരിപ്പിടിച്ച് യൂറോപ്പിലേക്കോടിപ്പോകേണ്ട സാഹചര്യം യൂറോപ്പിലാകെ വലത് / വംശീയ ശക്തികളെ ശക്തിപ്പെടുത്തി.

  ആരാണ് രാഹുൽ ഗാന്ധി ?

  കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ അമേരിക്കക്ക് പ്രിയങ്കരനും ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തവനുമായ നരേന്ദ്ര മോഡിക്കെതിരെ പ്രതിപക്ഷ നേതാവായി രംഗത്തു വന്നയാൾ.AFSPA, 124 A തുടങ്ങിയ കിരാത കരിനിയമങ്ങൾ പുന:പരിശോധിക്കുമെന്നും ദരിദ്രർക്കായി ന്യായ് പദ്ധതി നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്തയാൾ. ഇന്ന് മോഡി ഫാസിസത്തിനെതിരെ ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ മുഖ്യ ശബ്ദം.രാഹുൽ ഒന്നും കാര്യമായി ചെയ്തിരിക്കില്ല.പലരംഗങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്. കരുത്തൻ എന്ന ഇമേജില്ല. ഉണ്ടാക്കാനും ശ്രമിക്കുന്നില്ല. പക്ഷേ അയാളുടെ കൈകളിൽ ഒബാമയെപ്പോലെ, ഇന്ത്യൻ 56 ഇഞ്ചിനെപ്പോലെ, ആയിരങ്ങളുടെ ചോരയൊന്നും ഉണങ്ങിപ്പിടിച്ചിട്ടില്ല.

  ഒബാമ 1950 നു ശേഷമുള്ള അമേരിക്കയിൽ പ്രസിഡന്റുമാരായാവരിലെ ഏറ്റവും വലിയ മരണത്തിന്റെ വ്യാപാരിയാണ്. അയാൾ രാഹുൽ ഗാന്ധിയെ എന്നല്ല ,ഇന്ത്യയിലെ ഒരു പഞ്ചായത്ത് മെംബറെക്കുറിച്ചു പോലും വിധിയെഴുതാൻ അർഹനല്ല. ഒബാമാ, ചരിത്രം താങ്കളെ കൊലയാളി ഒബാമ എന്നു വിളിക്കും…