യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എഴുതുന്നു
*
ഞങ്ങളുടെ നാട്ടിൽ ഒരു സീതിക്കോയ ഹാജി ഉണ്ടായിരുന്നു. 66 വയസ്സായിരുന്നു പ്രായം. പള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്നു. എന്നും രാവിലെ വീട്ടിൽ നിന്നും സുബഹി നമസ്ക്കാത്തിന് പള്ളിയിലേക്ക് നടന്നു പോകും. ഇദ്ദേഹത്തെ ഒരു ദിവസം സുബഹി നമസ്കാരത്തിനായി നടന്നു പോകുന്നതിനിടയിൽ കുത്തിക്കൊന്നു. പ്രതിയെ പിടി കൂടിയപ്പോൾ തങ്ങളുടെ മതത്തിനെതിരെ എന്തോ ഗൂഢാലോചന നടത്താനാണ് ഇദ്ദേഹം എന്നും രാവിലെ പള്ളിയിലേക്ക് പോകുന്നത് എന്ന് ധരിച്ചിട്ടാണ് കൊലപ്പെടുത്തിയത് എന്ന് അയാൾ വ്യക്തമാക്കി. ആർ.എസ്.എസ്സിന്റെ ശാഖയിൽ നിന്നും കേൾക്കുന്ന വിദ്വേഷ പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് ഈ കടുംകൈ ചെയ്തത്.
Image may contain: 1 person, smiling, close-upഇങ്ങിനെ എത്ര പേരുടെ ലിസ്റ്റ് നമ്മുടെ മുന്നിലുണ്ട്. റിയാസ് മൗലവിയും കൊടിഞ്ഞി ഫൈസലുമൊക്കെ ഈ ലിസ്റ്റിൽ ഒടുവിൽ എഴുതി ചേർക്കപ്പെട്ടവർ മാത്രമാണ്.
മുമ്പ് ആർ.എസ്.എസ് ശാഖയിൽ പോയിരുന്ന ഉണ്ണി ആർ അവിടെ നിന്നും പടച്ചു വിടുന്ന പരമത വിദ്വേഷത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ഇത്തരം വിദ്വേഷങ്ങൾ സാധാരണക്കാരെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഒരമ്പലത്തിൽ വെച്ച് ഒരു സ്ത്രീ നടത്തിയ പ്രതികരണത്തിലൂടെ നാം കേട്ടത്. കാക്കാമാർ തന്റെ പെൺ മക്കളെ കൊണ്ടു പോകാതിരിക്കാനാണ് അവർ പൊട്ടു തൊടുന്നത്, അതിനാണവർ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന യോഗത്തിൽ പങ്കെടുത്തത്, അമ്പലത്തിൽ വെച്ച് നിങ്ങളെങ്ങനെ ഇങ്ങിനെയൊരു യോഗം നടത്തുമെന്ന് ചോദിച്ച സഹോദരിയോട് വേണമെങ്കിൽ കൊല്ലാനും മടിക്കില്ല എന്നാക്രോശിച്ചത്.
ഇതൊരു രോഗമാണ്. നിങ്ങൾ ട്രോളുണ്ടാക്കിയത് കൊണ്ടോ ആ സ്ത്രീയെ ആക്ഷേപിച്ചത് കൊണ്ടോ ഈ രോഗം മാറാൻ പോവുന്നില്ല. അവരുടെ മനസ്സിൽ കയറിയ വിഷം ഇറക്കണം. ആർ.എസ്.എസ്സുകാരെയും അവരുടെ വലയിൽ വീണു പോകുന്നവരെയും രണ്ടായി കാണണം. അതിനായി നമ്മൾ കൃത്യമായി, ബുദ്ധിപരമായി പ്രവർത്തിക്കണം. മുമ്പ് ആർ.എസ്.എസ് ശാഖയിൽ പോയിരുന്ന നിരവധി പേർ ആർ.എസ്.എസ് വിട്ട അനുഭവം നമ്മുടെ മുന്നിലുണ്ട്. ആർ.എസ്.എസ് നടത്തുന്ന നുണ പ്രചരണങ്ങൾ തുറന്ന് കാട്ടിയാൽ ഒരളവ് വരെ നമുക്കീ വിഷം ഇറക്കാൻ സാധിക്കും.
ലവ് ജിഹാദാണ് ഇവരുടെ പ്രധാനപ്പെട്ട ഒരു പ്രചരണായുധം. മിശ്രവിവാഹം നമ്മുടെ രാജ്യത്ത് നിയമപരമായി തെറ്റല്ല. മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതും അതിനായി പ്രചാരണം നടത്തുന്നതും ഭരണഘടനയിലെ മൗലികാവകാശമാണ്. പല മതങ്ങളിലേക്കും ആളുകൾ ഇങ്ങിനെ മാറുന്നുമുണ്ട്. പിന്നെ എന്തിനാണ് ഒരു മതത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത്. ലവ് ജിഹാദ് എന്ന ഒരു പദ്ധതി ഇല്ല എന്ന് അന്വേഷിച്ച് കണ്ടെത്തിയത് കേരള പോലീസ് മാത്രമല്ല മോദിയുടെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻ.ഐ.എ കൂടിയാണ്.
പിന്നെ ഇവർ പറയുന്നത് ഐ.എസിലേക്ക് പോയതിനെ കുറിച്ചാണ്. കേരളത്തിൽ 90 ലക്ഷം മുസ്‌ലിംകൾ ഉണ്ട്. അതിൽ 21 പേരാണ് ഐ.എസിലേക്ക് പോയി എന്ന് പറയപ്പെടുന്നത്. പോയവരുടെ സ്വന്തം മാതാപിതാക്കൾ പോലും അവരെ പിന്തുണക്കുന്നില്ല. പിന്നെയാണോ ബാക്കിയുള്ളവർ? രാജ്യദ്രോഹത്തിലേർപ്പെടുന്നത് സ്വന്തം മകനാണെങ്കിലും അവന്റെ മയ്യത്ത് പോലും കാണണ്ട എന്ന് പറഞ്ഞ ഉമ്മമാരുടെ നാടല്ലേ ഇത്?
പശുവിന്റെ പേരിൽ കൊലപാതകം നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആർ.എസ്.എസ്സുകാർ ചോദിച്ചത് മലപ്പുറത്ത് പോർക്ക് ഫെസ്റ്റ് നടത്താൻ പറ്റുമോ എന്നായിരുന്നു. മലപ്പുറത്ത് പോർക്ക് ഫെസ്റ്റ് നടത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
ഏത് ആർ.എസ്.എസ്സുകാരന് വേണമെങ്കിലും നടത്താം ഒരു പോറൽ പോലും ഏൽക്കില്ല. സെൻകുമാർ വേണമെങ്കിൽ ഒരു ‘പോർക്ക് സ്റ്റാൾ ‘ തന്നെ തുടങ്ങട്ടെ. അതല്ലേ ഹീറോയിസം. പക്ഷേ ഒറ്റക്കണ്ടീഷൻ. മുസ്‌ലിംകൾ അതു വാങ്ങണമെന്ന് വാശി പിടിക്കരുത്. അത്രേ ഉള്ളൂ.
പിന്നെ പറഞ്ഞത് മലപ്പുറത്ത് നോമ്പു കാലത്ത് ഹോട്ടലുകൾ തുറക്കാൻ അനുവദിക്കില്ലെന്നായിരുന്നു. കുറേ കാലം ഇത് പ്രചരിച്ചു. ഈ അടുത്ത കാലത്താണ് നോമ്പു കാലത്ത് തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ പേര് വിവരം പരസ്യപ്പെടുത്തിയത്. നോമ്പു കാലത്ത് പ്രവർത്തിച്ചതിന്റെ പേരിൽ ഹോട്ടലുടമകൾക്ക് ഏതെങ്കിലും തരത്തിൽ പ്രയാസം നേരിട്ടതായി നാളിതു വരെ ഒരു പരാതിയുമില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് പോലീസാണ്. അപ്പോഴേക്ക് എത്ര പേർ ഇവരുടെ നുണ വിശ്വസിച്ചിട്ടുണ്ടാവും!
ഇങ്ങിനെ ഒന്നൊന്നായി ഇവരുടെ നുണകളെ പൊളിച്ചടുക്കണം. ഇവരുടെ നുണബോംബുകൾ നിർവ്വീര്യമാക്കണം. അതിനായി സത്യത്തെയും വസ്തുതകളെയും നാം ആശ്രയിക്കണം. ഒരു ബോംബ് സ്ക്വാഡ് അംഗം കാണിക്കുന്ന സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വേണം ഈ വിഭാഗത്തെ കൈകാര്യം ചെയ്യാൻ. ഈ മാരക വിപത്തിനെതിരെ നമുക്കൊന്നിച്ച് പ്രയത്നിക്കാം.
നബി – ആദ്യമായാകും മറ്റൊരാളുടെ പോസ്റ്റ് ഞാനീ വാളിൽ ഷെയർ ചെയ്യുന്നത്. അതിന് കാരണം ഈ പോസ്റ്റ് വായിച്ചവർക്ക് മനസ്സിലായി കാണും.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.