പി കെ ജയരാജന്‍ (മലയാള സിനിമയിലെ പ്രതിനായകർ – 6)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
307 VIEWS

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.

മലയാള സിനിമയിലെ പ്രതിനായകർ (ഭാഗം 6)
പി കെ ജയരാജന്‍ (മോഹന്‍ലാല്‍)
ചിത്രം – ഉയരങ്ങളില്‍ (1984)

ഈ പംക്തി തുടങ്ങി ഇത് ആറാമത്തെ ഭാഗമാണ്. ഇതിനിടയിൽ പല സുഹൃത്തുക്കളും എന്നോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് മോഹൻലാലിനെ ഉൾപ്പെടുത്തിയില്ല, മലയാളത്തിൽ ഏറ്റവും കൂടുതൽ ആന്റി – ഹീറോ റോളുകൾ ചെയ്തത് ലാൽ അല്ലേ എന്നൊക്കെ. ഇവിടെ ഒരു അഭിപ്രായവ്യത്യാസം ഉള്ളത് ആൾക്കാരെ കൊല്ലുന്നത് കൊണ്ടോ അല്ലെങ്കിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കൊണ്ടോ മാത്രം ഒരു കഥാപാത്രം ആന്റി- ഹീറോ ആകുമെന്ന് ഞാൻ കരുതുന്നില്ല എന്നതാണ്. അതാണ് മാനദണ്ഡമെങ്കിൽ മംഗലശ്ശേരി നീലകണ്ഠനും സാഗർ ഏലിയാസ് ജാക്കിയും വിൻസെന്റ് ഗോമസും കണിമംഗലം ജഗന്നാഥനും ഒക്കെ ഈ ശ്രേണിയിൽ വരേണ്ടതാണ്. എന്നാൽ ഈ കഥാപാത്രങ്ങളെയെല്ലാം രൂപപ്പെടുത്തിയിരിക്കുന്നത് നായക കഥാപാത്രത്തിന്റെ ത്യാഗവും നിസ്വാർഥതയും കാണിക്കാനും താരത്തെ ബൂസ്റ്റ് ചെയ്യാനും പറ്റുന്ന തരത്തിൽ ആണെന്ന് കാണാം. ഇവരൊക്കെ ജീവിതത്തിൽ ധർമിഷ്ഠരും സൻമാർഗവാദികളും ആണെന്നും കാണാം. അവിടെ ആന്റി-ഹീറോ എന്ന വിശേഷണം നിലനിൽക്കുമെന്ന് തോന്നുന്നില്ല. അത് കൊണ്ടാണ് മോഹൻലാൽ ചെയ്ത ഇത്തരം കഥാപാത്രങ്ങൾ ഒന്നും തന്നെ പ്രതിനായകൻ എന്ന വിശേഷണത്തിൽ ചേർക്കാൻ പറ്റും എന്ന് കരുതാത്തത്.

“ഗുഡ് ഈവനിംഗ് മിസ് പ്രഭ നരേന്ദ്രൻ” എന്ന ഡയലോഗിലൂടെയാണ് “മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ” ഇത്തിരി സ്ത്രൈണത നിറഞ്ഞ വില്ലൻ നമുക്ക് മുന്നിൽ എത്തുന്നത്. ആ സിനിമയിൽ എതിർഭാഗത്ത് ഒരു നായകനും ഉണ്ടായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ ലാൽ വില്ലൻ വേഷം ചെയ്തതായി കാണാം. എന്നാൽ protagonist ആയി വന്ന് കടുത്ത ഒരു പ്രതിനായക വേഷം ലാൽ അവതരിപ്പിച്ച ചിത്രമായിരുന്നു 1984ൽ പുറത്തു വന്ന “ഉയരങ്ങളിൽ” .പണത്തിനും പദവിക്കും വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു അഭിനവ കാസനോവയും കറ തീർന്ന കൊലയാളിയുമായിരുന്നു ഇതിലെ ജയരാജൻ എന്ന കഥാപാത്രം. മരിക്കുന്നതിന് തൊട്ടു മുമ്പ് വരെ പശ്ച്ച്ചാത്താപത്തിന്റെ കണിക പോലുമില്ലാതെ ഇതുവരെ ചെയ്തതെല്ലാം താൻ ആസ്വദിച്ചു എന്ന് കൂസലില്ലാതെ പറയുന്ന ഒരു കഥാപാത്രം.

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1984 ല്‍ റിലീസ് ചെയ്ത ഈ ചിത്രം അത്രയധികം ഇന്നും ചർച്ച ചെയ്യപ്പെടാറില്ല. ജയരാജന്‍ എന്ന വില്ലനായെത്തി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു മോഹന്‍ലാല്‍ കാഴ്ച വെച്ചത്. ആദ്യ സിനിമയിറങ്ങി നാലാമത്തെ വര്‍ഷമാണ് ഉയരങ്ങളില്‍ എന്ന സിനിമ. ‘അന്ന് വെറും 24 വയസ്സായിരുന്നു ലാലിന്റെ പ്രായം എന്നു കൂടി ഓർക്കണം.ഒരിക്കൽ പോലും ഇയാളുടെ മനസ്സ് പ്രേക്ഷകന് പിടി തരില്ല. ഏത് പ്രതിസന്ധിയിലും അവസരം കാണുന്ന, കഴുകൻ കണ്ണുള്ള വൃത്തികെട്ട ഒരു മനുഷ്യമൃഗം. സ്തീകളുമായുള്ള അയാളുടെ വേഴ്ചകളൊക്കെ റേപ്പ് എന്ന ഗണത്തിൽ തന്നെ പെടുത്താവുന്നതാണ്. ഉപയോഗം കഴിഞ്ഞാൽ അവരെ വലിച്ചെറിയുകയും തനിക്കെതിരാവുമെന്ന് തോന്നിയാൽ കൊന്നു തള്ളുകയും ചെയ്യുന്ന ജയരാജൻ പ്രേക്ഷകരിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കഥാപാത്രമാണ്. തനിക്കെതിരെ നിൽക്കുന്ന വ്യക്തികളെയെല്ലാം തെളിവുകൾ അവശേഷിപ്പിക്കാതെ ഉന്മൂലനം ചെയ്യുകയാണ് അയാൾ. കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങളാണ് തന്നിലെ വ്യക്തിയെ രൂപപ്പെടുത്തിയത് എന്ന് അയാൾ ഒടുവിൽ പറയുന്നുണ്ട്.

പി കെ ജയരാജന്‍, ചന്ദ്രന്‍, ജോണി എന്നിവര്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. വിവിധ തരത്തിലുള്ള കഷ്ടപ്പാടുകളുളള ഇവര്‍ കമ്പനിയുടെ കാശ് തട്ടാനുളള ശ്രമം നടത്തി. പദ്ധതി പാളുകയും ചെയര്‍മാന്‍ കണ്ടുപിടിക്കുകയും ചെയ്തു. തെറ്റ് സമ്മതിച്ച് കമ്പനിയില്‍ നിന്ന് പിരിഞ്ഞ് പോകുന്നുവെന്ന് പേപ്പറില്‍ ഒപ്പിട്ട് വാങ്ങുന്ന ചെയര്‍മാനെ പിന്നീട് ജയരാജന്‍ കൊല്ലുന്നു. തെറ്റിന് കൂട്ട് നിന്നുവെന്നുള്ള കുറ്റബോധം മറ്റ് രണ്ട് പേരെയും അലട്ടുന്നെങ്കിലും ഒരാള്‍ക്കും പിടികൊടുക്കാതെ ജയരാജന്‍ അതി സമര്‍ഥമായി അഭിനയം തുടരുന്നു. പൊലീസിന് ഒരു തുമ്പും കിട്ടാത്ത രീതിയില്‍ കൊല നടത്തി എന്നത് ജയരാജന്‍ എത്ര സമര്‍ഥനാണെന്ന് കാണിച്ച് തരുന്നുണ്ട്. അതിന് ശേഷം അത് മറച്ചുവെക്കാനും അയാളെടുക്കുന്ന സാമര്‍ഥ്യം വളരെ നന്നായി തന്നെ കാണാം.

ഒരവസരത്തില്‍ ജയരാജന്‍ പറയുന്ന ഡയലോഗ് ശ്രദ്ധിക്കുക-
“വെറും ആക്സിഡന്റ്. ഇവിടെ നീ താഴെ തറയില്‍ തലയിടിച്ചു വീണാലും അതും ഒരു ആക്സിഡന്റ് ആണ്. Careful.”
കൂടുതല്‍ നിരാശയിലേക്ക് വീഴുന്ന ജോണി വിവരം മറ്റൊരാളോട് പറയും എന്ന് തോന്നിയ ജയരാജന്‍ ജോണിയെയും കൊല്ലുന്നു. പിന്നീടങ്ങോട്ട് കൊലപാതക പരമ്പരയും അതിസാമര്‍ഥ്യവുമാണ്. കാമുകിയെ അയാള്‍ വെറും ഒരു ടൈം പാസ് മാത്രമായിട്ടായിരുന്നു കണ്ടിരുന്നത്. ചെയര്‍മാന്‍ മരിച്ചതോടെ ആ കസേരയും ജയരാജനെ തേടിയെത്തുന്നു. അതോടെ കാമുകിയെ അവഗണിക്കുന്നു. കൂടുതല്‍ പണത്തിന് വേണ്ടി ചെയര്‍മാന്‍റെ രണ്ടാം ഭാര്യയുമായി അവിഹിത ബന്ധം സ്ഥാപിക്കുകയാണ് ജയരാജന്‍. പഴയ കാമുകി ഉയര്‍ച്ചക്ക് തടസമാകുമെന്ന് കണ്ടപ്പോള്‍ അയാള്‍ അവരെയും കൊല്ലുന്നു. അതും പൊലീസിന് കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. കമ്പനിയുടെ ഉടമസ്ഥന്‍റെ മകളെ കൈയിലെടുക്കുന്ന ജയരാജന്‍ കോടികള്‍ സ്വപ്നം കാണുന്നു. ചെയര്‍മാന്‍റെ രണ്ടാം ഭാര്യയുടെ കൈയില്‍ സ്വത്തില്ലെന്ന് മനസിലാക്കിയ അയാള്‍ അവരെയും വധിക്കാനായി പദ്ധതിയിടുന്നെങ്കിലും സഹപാഠിയായ ചന്ദ്രനില്‍ നിന്നും ഉടമസ്ഥന്‍റെ മകള്‍ വിവരം മനസിലാക്കുന്നു. ചെയര്‍മാന്‍റെ രണ്ടാം ഭാര്യ പത്മയെ വധിക്കാനായി ഒരു കുന്നിന്‍ മുകളിലേക്ക് പോകുന്ന ജയരാജനെ അവര്‍ കൈയോടെ പിടികൂടുന്നു. പിടിയിലായെന്ന് മനസിലായ ജയരാജന്‍ കൂസലില്ലാതെ തന്‍റെ കഥ പറയുന്നു. അറസ്റ്റ് ചെയ്യുമെന്ന് മനസിലാകുമ്പോഴേക്കും കൊക്കയിലേക്ക് ചാടി അയാള്‍ ആത്മഹത്യ ചെയ്യുന്നു.

പിടി കൊടുക്കാതെ ആത്മഹത്യ ചെയ്യും മുമ്പേ ഒട്ടും കുറ്റബോധമില്ലാതെ ജയരാജന്‍ പറയുന്ന ഡയലോഗ് ഇന്നും പ്രശസ്തമാണ്.
“നിനക്കെന്നെ അറിയില്ല. നിങ്ങള്‍ക്കാര്‍ക്കും അറിയില്ല. തന്തയില്ലാതെ തമ്പുരാന്റെ വീട്ടിലെ വേലക്കാരിക്കു പിറന്നവനാണ് ഞാന്‍. ഒരു മൂടു കപ്പ വിശന്നപ്പോ പറിച്ചു തിന്നതിന് എന്നെ തൂണില്‍ കെട്ടിയിട്ട് അടിച്ചു. ആളുകള്‍ എന്റെ തന്തയെന്നു പറയുന്ന ആ റാസ്കല്‍. നാടുവിട്ട ജയരാജന്റെ ക്വാളിഫിക്കേഷന്‍ വെറും ഒന്‍പതാം ക്ലാസ്. വലിയവനായേ അടങ്ങൂ എന്ന് ശപഥം ചെയ്തവനാണു ഞാന്‍. എല്‍.എല്‍.ബി. ബോംബെ യൂണിവേഴ്സിറ്റി. സൂപ്പര്‍ ബിസിനസ്സ് മാനായ ഫാദറടക്കം വീണു പോയില്ലേ. കുത്തുപാളയില്‍ പഴങ്കഞ്ഞി കുടിച്ചു വളര്‍ന്നവന്‍ കോടീശ്വരന്‍ ആകുന്നതിന്റെ അടുത്തു വരെ എത്തി, അല്ലേ. ങാ പോട്ടെ. Good luck to you. പശ്ചാത്താപമില്ല. കണ്ണുനീരില്ല. കളി നന്നായി കളിച്ചു, അവസാനം വരെ. പക്ഷേ തോറ്റുപോയി. കളിച്ചതൊക്കെ എനിക്ക് ഇഷ്ടവും ആയി. അതാണല്ലോ പ്രധാനം. ഇവനോട് എന്തോ ഒരു ദൗര്‍ബല്യം. അതുകൊണ്ടു വിട്ടുകളഞ്ഞതിലാണ് തെറ്റിപ്പോയത്. സൊ ഇന്‍സ്പെക്ടര്‍, നിങ്ങള്‍ ജയിക്കുന്നു അല്ലേ? പക്ഷേ തോറ്റുപോകാന്‍ എനിക്കിഷ്ടമില്ലെങ്കിലോ…”

ചിത്രത്തിലെ ക്ലൈമാക്സിലെ ഡയലോഗ് ഇത്തിരി ഓവറായിപ്പോയോ എന്ന് സംശയമുണ്ട്. സുദീർഘമായ ഒരു സ്വയംഭാഷണം (monologue) പോലെ തോന്നിക്കുന്നുണ്ട് അത്. അത് പോലെ ചിത്രത്തിൽ ജയരാജന്റെ ചെയ്തികൾ ഒരു പരിധി കഴിയുമ്പോൾ പ്രേക്ഷകരെ ഒരു വല്ലാത്ത നിസ്സംഗത അല്ലെങ്കിൽ അസ്വസ്ഥതയിലേക്ക് നയിച്ചേക്കാം.
ഏതായാലും ഈ ചിത്രത്തിനു മുമ്പും പില്‍ക്കാലത്തും നിരവധി പ്രതിനായക വേഷങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഉയരങ്ങളിലെ ജയരാജന്‍ അദ്ദേഹത്തിന്റെ കരിയറിലെ ആദ്യകാല പ്രതിനായക വേഷങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. അടിതൊട്ടു മുടി വരെ ഒരു പ്രതിനായകൻ എന്താണെന്ന് എം ടി ഈ ചിത്രത്തിലെ ജയരാജനിലൂടെ കാണിച്ചു തരുന്നുണ്ട്. ആ കഥാപാത്രത്തിന്റെ അവതരണത്തിൽ മോഹൻലാൽ നീതി പുലർത്തിയിട്ടുമുണ്ട്. ഒരു പുതിയ കഥാപാത്രവുമായി കാണാം. അതു വരെ ബൈ

 

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.