ഇന്ന് സിദ്ദിഖെങ്കിൽ നാളെ നമ്മളിൽ ആരെങ്കിലുമാവാം ഇര

46
Pk Manikandan
ഒന്നിച്ചു നിൽക്കേണ്ട സമരം, സമയം!
പത്രപ്രവർത്തകരുടെ വാർത്തകളും അവർ സ്വീകരിക്കുന്ന പൊതുനിലപാടുകളും മാത്രമേ പലപ്പോഴും
കൂട്ടത്തിലുള്ളവർ പോലും ശ്രദ്ധിക്കാറുള്ളൂ. വാർത്താമത്സരങ്ങളുടെ വർത്തമാനകാലത്ത് മനസു തുറന്നു സംസാരിക്കുന്നവർ അധികമില്ല. ജോലിയുടെ വേവലാതികൾക്കപ്പുറം സ്വന്തം ജീവിതത്തെക്കുറിച്ച് പരിമിതമായി മാത്രം പരസ്പരം ഉള്ളു തുറക്കുന്നവർ. അരക്ഷിതാവസ്ഥ ഏറെയുണ്ടെങ്കിലും വർഗബോധം അധികമില്ലാത്തവരാണ് മാധ്യമപ്രവർത്തകർ എന്നതൊരു രഹസ്യമല്ല. ഇത്രയും ആമുഖമായി പറഞ്ഞത്, തൊഴിലിനിടെ തുറുങ്കിലടയ്ക്കപ്പെട്ട, ചുറ്റിലുമുള്ള കൊലവിളികൾക്കിടയിൽ നിസഹായനായി നെടുവീർപ്പിടാൻ മാത്രം വിധിക്കപ്പെട്ട സിദ്ദിഖ് കാപ്പൻ എന്ന പത്രപ്രവർത്തകനെ പരിചയപ്പെടുത്താനാണ്. ആറു വർഷത്തിലേറെയായി അയാൾ ഡൽഹിയിലുണ്ട്. ആരോടും മുഖം കറുത്തു സംസാരിക്കുന്നതു കണ്ടിട്ടില്ല. ആരെയും വാക്കു കൊണ്ടൊന്നു കുത്തി നോവിച്ചെന്നും കേട്ടിട്ടില്ല. അങ്ങനെ ഒരാളാണ് ഉത്തർപ്രദേശ് പോലീസിൻ്റെയും മറ്റു ചിലരുടെയും കണ്ണിലിപ്പോൾ കൊടുംഭീകരൻ. മഥുര കോടതിയിൽ ഹാജരാക്കുമ്പോൾ കണ്ടു, വിലങ്ങണിയിച്ചും കയറു കൊണ്ടു കെട്ടി വരിഞ്ഞുമുള്ള പോലീസ് തേർവാഴ്ചയുടെ ആഘോഷം.
” കാപ്പൻ പലപ്പോഴും ഉച്ചഭക്ഷണം സ്കിപ്പു ചെയ്യുന്നതു കണ്ടിട്ടുണ്ട്. ചോദിച്ചാൽ വിശപ്പില്ലെന്നാണ് പറയാറ്” – കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വെളിപ്പെടുത്തിയതാണ്. അതൊരു സ്കിപ്പ് ചെയ്യലായിരുന്നില്ല. അയാൾ വിശപ്പു സഹിച്ചതാണ്. പ്രമേഹരോഗിയായ ആ മനുഷ്യൻ മാസശമ്പളം കിട്ടിയിട്ടില്ലെന്നു പറഞ്ഞതൊക്കെ പുഞ്ചിരിച്ചു കൊണ്ടായിരുന്നു. തേജസ് പത്രം പൂട്ടി ജോലി പോയപ്പോഴും പിന്നീട് തൽസമയത്തിൽ ശമ്പളം മുടങ്ങി ജോലി ചെയ്യുമ്പോഴുമൊക്കെ സ്വന്തം സങ്കടം പറഞ്ഞു മറ്റുള്ളവരെ വേദനിപ്പിക്കാത്ത ചെറുപ്പക്കാരൻ. മൂന്നു മാസം മുമ്പ് നാട്ടിൽ പോയതും കഴിഞ്ഞ മാസം തിരിച്ചെത്തിയതുമൊക്കെ ട്രെയിനിലായിരുന്നു. ഇങ്ങനെ കിട്ടുന്ന ശമ്പളം ജീവിതച്ചെലവിനു തികയാതെ നെട്ടോട്ടമോടുന്ന ഒരാളാണ് പോലീസിൻ്റെ കണക്കിൽ കലാപങ്ങൾക്കു പണമൊഴുക്കുന്ന ഭീകരദല്ലാൾ. പോലീസിൻ്റെ കുറ്റാരോപണം അതേപടി വിഴുങ്ങി അവനെ ആക്ഷേപിക്കുന്നവർക്ക് ആ വീടിനെക്കുറിച്ചറിയാമോ? എട്ടു വർഷം മുമ്പു തുടങ്ങിയ വീടുപണി ഇന്നും തീർന്നിട്ടില്ല. ശമ്പളത്തിൽ സ്വരുക്കൂട്ടി വെച്ച തുക ഇക്കാലമത്രയും അതിനു തികഞ്ഞിട്ടില്ല. ഉള്ളതു സൂക്ഷിച്ചു ചെലവാക്കി വീടു പൂർത്തിയാക്കണം എന്നു ഭാര്യയോട് ഇടക്കിടെ ശ്രദ്ധിക്കാൻ ഉപദേശിക്കാറുള്ള ഒരു സാധുമനുഷ്യനാണോ നിങ്ങൾക്കു കുറ്റവാളി?
കൂട്ടുകാർ കളിയാക്കി ചിരിക്കുമ്പൊഴും ഒരു പരിഭവം പോലും കാട്ടാതെ അവർക്കൊപ്പം ചിരിച്ചു ചേരാറുള്ള ഒരാളെക്കുറിച്ചാണോ ഹാഥ് റസിൽ ജാതി വേർതിരിച്ചു നാട്ടുകാരെ തമ്മിലടിപ്പിക്കാൻ പോയെന്നു നിങ്ങൾ പറയുന്നത്? അയാൾ ജോലി ചെയ്യാൻ പോയതാണ് സർ. ചുറ്റിലൊരു സംഭവം നടന്നാൽ അവിടെ നേരിട്ടെത്തി കാര്യങ്ങളറിഞ്ഞു വാർത്തയാക്കി ജനങ്ങളെ അറിയിക്കാൻ ശ്രമിച്ച പത്രപ്രവർത്തകൻ. അങ്ങനെയൊരാളാണിന്ന് രാജ്യദ്രോഹിയാക്കപ്പെട്ട് ജയിലിൽ. കൂട്ടത്തിലിരുന്നു കല്ലെറിയുന്നവർ ഒന്നോർത്തോളൂ.. ഇന്ന് സിദ്ദിഖെങ്കിൽ നാളെ നമ്മളിൽ ആരെങ്കിലുമാവാം ഇര. ഒരു വ്യക്തിയുദ്ധമല്ല, നിർഭയമായി മാധ്യമപ്രവർത്തനം നടത്താൻ വേണ്ടിയുള്ളതാണ്.സിദ്ദിഖിനെ മോചിപ്പിക്കാനുള്ള സമരം. നമുക്കതു തിരിച്ചറിയാനാവട്ടെ, നമുക്കതിൽ ഒന്നിക്കാനുമാവട്ടെ!