ബാബ്റി മസ്ജിദ് സുപ്രീംകോടതിവിധി ആദരപൂർവം അംഗീകരിച്ച മുസ്ലീങ്ങളോടുള്ള നന്ദികൂടിയാണ് ഇപ്പോഴത്തെ കലാപം

0
98
Pk Manikandan writes: (ഡൽഹിയിൽ ഒന്നര പതിറ്റാണ്ടോളമായി മാധ്യമ പ്രവർത്തകനാണ് മണികണ്ഠൻ)
ഡൽഹിയിലെ സുരക്ഷ എന്ന വഴിയെപ്പറ്റി…
സുഹൃത്തുക്കളും വീട്ടുകാരും സുരക്ഷിതനല്ലേ എന്നു ചോദിച്ചു നിരന്തരം വിളിക്കുന്നു. തലസ്ഥാനം അരക്ഷിതമെന്നു തന്നെയാണ് ഉത്തരം. ഏതു നിമിഷവും എവിടെയും സംഘർഷം പൊട്ടിപ്പുറപ്പെടാം. ഭരണത്തിന്റെ തണലുള്ള രാഷ്ട്രീയപ്രവർത്തകർ തന്നെ അതു ചെയ്യുമ്പോൾ അരക്ഷിതമാവാതെ നിവൃത്തിയുമില്ലല്ലോ. ഡൽഹി പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. കലാപമേഖലകളിൽ റിപ്പോർട്ടു ചെയ്യുന്നതിനിടെ മർദ്ദനമേറ്റ മാധ്യമ സുഹൃത്തുക്കൾക്കൊന്നും ഒരു സംരക്ഷണവും ലഭിച്ചില്ല. 24 X 7 ചാനൽ ലേഖകനു വെടിയേറ്റു, എൻ.ഡി.ടി.വി റിപ്പോർട്ടറുടെ പല്ലടിച്ചു കൊഴിച്ചു. ഭരണത്തിളപ്പിൽ സംഘപരിവാരങ്ങൾ അഴിഞ്ഞാടുന്ന അരങ്ങാണ് ഡൽഹി.
മറ്റു മാധ്യമപ്രവർത്തകർക്കൊപ്പം ഞാനും കലാപമേഖലയിൽ പോയി. ബാരിക്കേഡുകൾ കൊണ്ടടച്ച വഴിയോരം വിജനമായിരുന്നു. ചുറ്റിലും ഭീതി തളം കെട്ടിക്കിടക്കുന്നു. വീടുകളുടെ ടെറസിലും ജാലകപാളികളിലും ഭയം തുടിച്ച മുഖഭാവങ്ങൾ. എന്നാൽ, എന്തിനും തയ്യാറായ ജനക്കൂട്ടത്തെയും കണ്ടു. ജാഫറാബാദിലെ ഒരു നടപ്പാലത്തിൽ നിന്ന് ഒരു കിലോമീറ്ററിനപ്പുറം പുകപടലങ്ങൾ. അപ്പുറത്ത് കടകൾ കത്തിയെരിയുകയാണ്. ജാഫറാബാദിൽ ജനക്കൂട്ടം തടഞ്ഞു. മുസ്ലീം സഹോദരങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖല. മാധ്യമപ്രവർത്തകർ ആണെന്നു മനസിലാക്കിയതോടെ പോവാൻ അനുവദിച്ചു. സത്യം എഴുതണമെന്നു മാത്രമാണ് അവരുടെ അഭ്യർഥന. ഇന്ത്യയിൽ ജനിച്ചു വളർന്ന തങ്ങളെ പാക്കിസ്താനികളെന്നു മുദ്ര കുത്തുന്നതിലെ വേദനയും രോഷവും. ഒരാളുടെ ചോദ്യമിതായിരുന്നു. “ബാബ്റി മസ്ജിദ് തകർത്ത കേസിൽ സുപ്രീംകോടതിവിധി ഞങ്ങൾ ആദരപൂർവം അംഗീകരിച്ചില്ലേ? ഈ നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരിൽ ആയിരക്കണക്കിനു മുസ്ലിങ്ങളുമില്ലേ?” ശരിയാണ് ഇപ്പോൾ ഈ നാടതോർക്കുന്നില്ല.
പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ടതിന്റെ വികാരമായിരുന്നു അവരുടെ വാക്കുകളിൽ. സർക്കാരിനെതിരെ സമരം ചെയ്താൽ എങ്ങനെ ഹിന്ദുവിരുദ്ധമാവുമെന്നാണ് ചോദ്യം.
അപ്പുറത്തേക്കു പോവാൻ തുനിഞ്ഞപ്പോൾ അവർ സ്നേഹപൂർവം വിലക്കി. “അപകടമാണ്, നിങ്ങൾക്കെന്തു സംഭവിക്കുമെന്നറിയില്ല.” അകലെയുള്ള പുകച്ചുരുളുകൾ മരണത്തിന്റെ സൂചന പോലെ അവർ ചൂണ്ടിക്കാട്ടി. “എന്തും സംഭവിക്കാം, എന്തിനു സാഹസം കാണിക്കണം?” ഇതാണ് ഉപദേശം. ഞങ്ങൾ പിന്മാറി.
മറ്റൊരിടത്തു വെച്ച്, സംഘർഷഭൂമിയിൽ നിന്നു വരുന്ന ചില മാധ്യമപ്രവർത്തകരെ കണ്ടു. രക്ഷപ്പെട്ടതിന്റെ ആശ്വാസം അവരുടെ മുഖത്തുണ്ടായിരുന്നു. അക്രമിസംഘത്തിനു മുന്നിൽ ജെയ് ശ്രീറാം വിളിക്കേണ്ടി വന്ന ദുർഗതി, വടിവാളുകളേന്തിയുള്ള അക്രമിക്കൂട്ടത്തെ കണ്ടതിന്റെ ഞെട്ടൽ.. ഇങ്ങനെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് വലയിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയതിൽ അവർ നെടുവീർപ്പിട്ടു.
ഇതിനിടയിൽ പലായനം ചെയ്യുന്ന ചില കുടുംബങ്ങളുടെ ഭീതിയും നേരിട്ടു കണ്ടു.
അമിത് ഷാ ആഭ്യന്തരം ഭരിക്കുമ്പോൾ സംഘപരിവാർ വിളയാട്ടത്തിൽ പോലീസ് ഒന്നും ചെയ്യില്ല. പൊതു സുരക്ഷാ നിയമം ഉപയോഗിക്കാൻ ഡൽഹി പോലീസിനു നേരത്തെ അനുവാദം നൽകിയിട്ടും ബി.ജെ.പി നേതാവ് കപിൽ മിശ്ര എന്തുകൊണ്ട് അറസ്റ്റു ചെയ്യപ്പെട്ടില്ല? ഷഹീൻ ബാഗിലൂടെ പാക്കിസ്താൻ ഇന്ത്യയിലേയ്ക്കു നുഴഞ്ഞു കയറുന്നുവെന്ന് തിരഞ്ഞെടുപ്പുകാലത്ത് പ്രസംഗിച്ചയാളാണ് ഈ മിശ്ര. ഇയാളാണ് ഞായറാഴ്ച ജാഫറാബാദിലെ പൗരത്വ പ്രതിഷേധക്കാർക്കെതിരെ ഭീഷണി മുഴക്കിയത്. ഞങ്ങൾ തെരുവിലിറങ്ങുമെന്ന് പോലീസിനെ സാക്ഷി നിർത്തി മിശ്ര കൊലവിളി നടത്തി.
പിറ്റേദിവസം മുതൽക്കു തന്നെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ കത്തുമ്പോൾ നാമെന്തു മനസിലാക്കണം? ചൊവ്വാഴ്ച സംഘപരിവാർ തെരുവുകൾ തീയിൽ മുക്കുമ്പോൾ ഉത്തരവാദികളെ കണ്ടെത്താൻ എന്താണ് സംശയം? കപിൽ മിശ്ര മാത്രമല്ല, മോജ്പുരിൽ പ്രകോപനപരമായി പ്രസംഗിച്ച ബി.ജെ.പി നേതാവ് ജെയ് ഭഗവാൻ ഗോയലും അറസ്റ്റു ചെയ്യപ്പെട്ടിട്ടില്ല.
ഇനി, ബി.ജെ.പിക്കു കനത്ത തിരിച്ചടി നൽകിയെന്നു നാം വാഴ്ത്തുന്ന കെജരിവാളോ? അദ്ദേഹം സമാധാനത്തിന് ആഹ്വാനം നൽകി രാജ്ഘാട്ടിലെ ഗാന്ധി സ്മൃതി കുടീരത്തിൽ പോയി പ്രാർഥന നടത്തി. സ്വന്തം നാട്ടിലെ ജനങ്ങൾ കലാപത്തീയിൽ വെന്തു നിലവിളിക്കുമ്പോൾ മൗനമായ പ്രാർഥനയാണോ ഒരു ഭരണാധികാരിയുടെ മറുപടി?
എ.എ.പിയുടെ മന്ത്രി ഗോപാൽ റായിയുടെ മണ്ഡലമാണ് സംഘർഷമുണ്ടായ പ്രദേശങ്ങളിലൊന്നായ ബാബർപുർ. പോലീസ് പോലും ഞങ്ങളെ രക്ഷിക്കാനില്ലെന്നു ജനക്കൂട്ടം നിലവിളിക്കുമ്പോൾ അവർക്കിടയിൽ ചെല്ലുകയല്ലേ കെജരിവാൾ ചെയ്യേണ്ടിയിരുന്നത്? സമാധാനദൗത്യം ജനങ്ങളുടെ മാത്രം ഉത്തരവാദിത്വമാണോ സർ? ഇതാണോ അങ്ങു പഠിച്ച സ്വരാജ് സങ്കല്പം. വർഗീയകലാപങ്ങളുടെ വിളനിലങ്ങളിൽ ശാന്തിദൂതുമായി ഇറങ്ങിത്തിരിച്ച മനുഷ്യസ്നേഹിയായിരുന്നു
സ്വരാജ് എന്ന ആശയം നിങ്ങളെ പഠിപ്പിച്ച ഗാന്ധിജി. ചരിത്രം ഒന്നു പരതി നോക്കൂ, അങ്ങ് ഭരിക്കുന്ന ഡൽഹിയിലും കാണാം, ആ കാല്പാടുകൾ.
ഇവിടുത്തെ കാറ്റിലുണ്ട് ചോരയുടെ മണം. ഗലികളിൽ പതിഞ്ഞു കിടപ്പുണ്ട്, തേങ്ങലും ജീവൻ മരണമുനമ്പിൽ നിൽക്കുന്നതിന്റെ നെഞ്ചിടിപ്പും. ഇല്ല പ്രിയപ്പെട്ടവരേ, ഞാൻ മാത്രമല്ല, ഇവിടെയാരും സുരക്ഷിതരല്ല. വിഷവൃക്ഷങ്ങൾ വളരുന്ന മണ്ണിൽ എനിക്കു മാത്രമായി വിരിയുന്നതല്ല രക്ഷയുടെ തണൽ!
Advertisements