അമിത് ഷായുടെ കോവിഡും ബിപ്ലവ് ദേവിന്റെ രണ്ടു സ്പൂൺ ഗോമാതാ മൂത്രവും

106

പി.കെ. സന്തോഷ് കുമാർ

വർഗ്ഗീയത വളർത്തുന്നതിനു വേണ്ടി ഇന്ത്യൻ ജനത, ശാസ്ത്രീയ ചിന്തകളുടെ ഏഴയലത്തുപോലും എത്തെരുതെന്ന് പ്രത്യേകം വാശിയുളളവരാണ് സംഘപരിവാർ ശക്തികൾ. ഈ മഹാമാരിയുടെ മഹാവ്യാപന കാലത്ത്, അത് നല്ലൊരവസരമായി കണ്ട് ‘കൃത്യമായ ഡോസിൽ’ അസത്യമായ അറിവുകൾ, ‘ശാസ്ത്രീയരീതിയിൽ’ പൊതിഞ്ഞ് അവർ ജന മനസ്സുകളിലേക്ക് വിതറുകയാണ്…
കേന്ദ്ര മന്ത്രിപദം അലങ്കരിക്കുന്നവർ വരെ സത്യപ്രതിജ്ഞ പോലും ലംഘിച്ച് അശാസ്ത്രീയത പരത്തുന്നതിനു വേണ്ടി മുന്നിട്ടിറങ്ങുന്നതും ഇന്ത്യയിൽ നാം കണ്ടു കൊണ്ടിരിക്കുന്നു.

ബിപ്ലബ് കുമാർ ദേവ് എന്ന ത്രിപുര മുഖ്യൻ, കോവിഡിൽ നിന്നും രക്ഷപ്പെടുന്നതിന് നിത്യവും വെറും വയറ്റിൽ രണ്ട് സ്പൂൺ ഗോമൂത്രം പാനം ചെയ്യുമെന്ന് സംസ്ഥാനത്തെങ്ങും പ്രചരിപ്പിക്കുകയാണ്, എന്തിന് വേണ്ടി…? ലോകത്തിലെ വളരെ പ്രധാനപ്പെട്ട ഒരു രാജ്യമായ ഇന്ത്യയിലെ ഇത്തരം അവസ്ഥകൾ, വിദേശത്ത് പരിഹസിക്കപെടുകയാണ് എന്നത് ഇന്ത്യയിലെ ഇപ്പോളത്തെ നേതൃത്വത്തിന് ഒരു ചുക്കുമല്ല, അവർക്ക് അവരുടെ രാഷ്ട്രീയത്തെ മുൻനിരയിൽ എത്തിക്കുക മാത്രമാണ് ലക്ഷ്യം. ശാസ്ത്ര നേട്ടങ്ങൾ കൊണ്ട് വളർച്ചയുണ്ടായ ഏതാണ്ട് എല്ലാ രാജ്യങ്ങളും സന്ദർശിച്ചു കഴിഞ്ഞ നമ്മുടെ പ്രധാനമന്ത്രി, നാട്ടിൽ വന്നയുടനെ ജോത്സ്യരുടെ മുന്നിൽ തല കുമ്പിട്ട്, കോവിഡ് പ്രതിരോധത്തിന് പാത്രം കൊട്ടാനും ടോർച്ച് ലൈറ്റ് തെളിയിക്കാനും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ആജ്ഞാപിക്കുന്നു…!!
🐞🐞
ഇവിടെയാണ്, സംഘപരിവാറുകാരുടെ തലതൊട്ടപ്പൻമാരിൽ ഒരാളായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്-19 കയറി പിടിച്ചിരിക്കുന്നത് ചർച്ചയാകേണ്ടത്.ജനങ്ങളെയാകെ അന്തവിശ്വാസത്തിൽ മാമോദീസ മുക്കുന്ന ബിജെപി നേതാക്കൾ ഇപ്പോൾ എന്ത് പറയുന്നു എന്ന് ജനങ്ങൾക്ക് അറിയാനുള്ള കൗതുകവും അവകാശവുമുണ്ട്.നിങ്ങൾ ഓരോ സന്ദർഭങ്ങളിലും ജനങ്ങളോട് പറഞ്ഞ പോലെ, “ഗോ.. കൊറോണ ഗോ.. കൊറോണ”എന്നു ദിവസവും നാലു നേരം ചൊല്ലിയാൽ ഷായുടെ രോഗം മാറുമോ…?അതൊ രാജ്യത്തെ ഏറ്റവും മികച്ച ഗോമൂത്ര ചാണക ചികിത്സ തന്നെ ഇന്ത്യൻ ആഭ്യന്തര മന്ത്രിക്ക് നൽകുമോ നിങ്ങൾ…?(കോവിഡ് മാറാൻ ഗോമൂത്രം കഴിച്ചാൽ മതി” എന്ന് സുമൻ ഹരിപ്രിയ, ബീഹാർ ബി.ജെ.പി എം.എൽ.എ യാണ് പറഞ്ഞത്..!! )അതൊ “ദിവസവും 15 മിനിറ്റ് സൂര്യപ്രകാശം കൊള്ളൂ…. കോവിഡ് ചത്ത് പോകും”- എന്ന് പറഞ്ഞ അശ്വനി കുമാർ ചൗബൈ (കേന്ദ്രേ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി)യെ അനുസരിക്കുമൊ..?

ജനങ്ങളോട് ‘പപ്പടം കഴിച്ചാൽ കോവിഡ് തവിട് പൊടിയാകും’- എന്ന് പറഞ്ഞ കേന്ദ്ര മന്ത്രി അർജുൻ മേഘ്യാളെ, ഷായുടെ കാര്യത്തിൽ നിങ്ങൾ അവഗണിക്കുമൊ…?അതുഅല്ലെങ്കിൽ നിങ്ങളുടെ പ്രസ്റ്റീജ് സംസ്ഥാനമായ ഗുജറാത്ത് ഗവൺമെന്റ് കോവിഡ് സുഖപ്പെടുത്തുന്നതിന് തയ്യാറാക്കി വെച്ചിരിക്കുന്ന ചാണകം അടങ്ങിയ ആയുർവേദ മരുന്ന് കൊടുക്കുമൊ….?ഉത്തരം പറയേണ്ട ഉത്തരവാദിത്വം ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്നവർ എന്ന നിലയിൽ നിങ്ങൾക്കുണ്ട്, അത് ജനങ്ങൾക്ക് അറിയേണ്ടതുമുണ്ട്.
🐞
കേരളത്തിൽ ജീവിച്ചത് കൊണ്ട് മാത്രം, ഏറെക്കുറെ ശാസ്ത്രീയ ജീവിത രീതി പിന്തുടർന്നിരുന്ന കേരള സംഘികളെ വരെ നിങ്ങൾ പ്രത്യേകം പ്രത്യേകം സോഷ്യൽ ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ നിരന്തരം മസ്തിഷ്ക പ്രക്ഷാളനം നടത്തി, തളർത്തി നിങ്ങളുടെ ചൊൽപടിക്കു നിൽക്കുന്ന മരപാവകളാക്കി മാറ്റിയതും ഇത്തരണത്തിൽ ഓർത്തു പോവുകയാണ്.ചാണക ചികിൽസയേയും കിണ്ണം കൊട്ടുന്നതിനേയും അതിരുവിട്ട് ന്യായീകരിച്ച് സോഷ്യൽ മീഡിയകളുടെ പച്ച വെളിച്ചത്തിൽ ഊറ്റം കൊണ്ടിരുന്നവരായ മലയാള സംഘികളും ഈയവസരത്തിൽ മൗനം വെടിയേണ്ടതുണ്ട്..!!


മനോജ് പട്ടേട്ട്

അമിത് ഷായ്ക്ക് കൊവീഡ് എന്ന വാര്‍ത്ത എന്നെ ആഹ്ലാദിപ്പിക്കുന്നില്ലെങ്കിലും രാജ്യത്തെ പരമപദങ്ങള്‍ കൈയ്യാളുന്ന അതിശക്തരായ വ്യക്തികളിലൊരാള്‍ക്ക് അസുഖബാധയുണ്ടായെങ്കില്‍ കോടാനുകോടി വരുന്ന സാധാരണ ജനതയുടെ അരക്ഷിതാവസ്ഥ എത്രത്തോളം ഭയാനകമായിരിക്കുമെന്ന് ആലോചിച്ചു നോക്കുവാന്‍ അതെന്നെ പ്രേരിപ്പിക്കുന്നു. അതോടൊപ്പം ഈ രാജ്യത്തെ ദരിദ്രനാരായണന്മാരായ കോടാനുകോടി ജനങ്ങളെപ്പോലെ താനും ചത്തു ചീഞ്ഞഴുകിയൊടുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട സാധാ മനുഷ്യന്‍ മാത്രമാണെന്ന് ചിന്തിക്കാന്‍ ഈ രോഗബാധ അമിത് ഷായെ സഹായിക്കുന്നുവെങ്കില്‍ നല്ലത് എന്നുമാത്രം പ്രത്യാശിക്കുന്നു.കാരണം – എനിക്കു ശാപങ്ങളിലോ എന്തിന് ദൈവങ്ങളില്‍ തന്നെയോ വിശ്വാസമില്ലെങ്കിലും ഭൂരിപക്ഷം വരുന്ന വിശ്വാസികളെ മുന്‍നിറുത്തി പറയട്ടെ – ഗുജറാത്തു കലാപം തൊട്ട് ജസ്സീസ് ലോയ വരെയുള്ള അറിഞ്ഞതും അറിയാത്തതുമായ ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണൂനീരും ചോരയും വീണു കുതിര്‍ന്നയിടത്തു നിന്നാണ് അമിത് ഷാ തന്റെ കുടിവെള്ളം മുക്കിയെടുക്കുന്നത് എന്നതിനാല്‍ ‍ അവരുടെയൊക്കെ സങ്കടങ്ങള്‍ വെള്ളിടികളായി മാനം പിളര്‍ന്നു വന്നേക്കാം. അതുകൊണ്ട് അമിത് ഷാ ഇനിയെങ്കിലും മനുഷ്യന്റെ വഴിയെ മനുഷ്യനെപ്പോലെ നടക്കാന്‍ പഠിക്കുക.

എന്തായാലും രാജ്യത്തെ നയിക്കുന്ന നേതൃനിര വലിയ കരുതലെടുക്കേണ്ട സാഹചര്യമാണ്. ഭരിക്കുന്നവരില്‍ രോഗവ്യാപനമുണ്ടായാല്‍ അത് ജനതയുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ബ്രിട്ടീഷു പ്രധാനമന്ത്രിക്ക് കോവീഡ് വന്നതിനെ മുന്‍നിറുത്തി ഇതാരും തന്നെ ന്യായീകരിക്കാന്‍‌ ശ്രമിക്കുമെന്ന് കരുതുന്നില്ല. അന്ന് ലോകജനതയ്ക്ക് ഈ അസുഖത്തെക്കുറിച്ചും അതു പടരുന്ന വഴികളെക്കുറിച്ചും വളരെ കുറച്ചേ അറിയുമായിരുന്നുള്ളു.ഇന്നാകട്ടെ നാം രോഗത്തെക്കുറിച്ച് വളരെയേറെ മനസ്സിലാക്കിയിരിക്കുന്നു. അത് പടരുന്ന രീതികളെക്കുറിച്ച് ഇന്നു നമുക്ക് വലിയ ധാരണകളുണ്ട്. ഫലപ്രദമായ (?) ചില വാക്സിനുകള്‍ പോലും നാം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലും ജനതയെ നയിക്കുന്നവരിലേക്ക് രോഗം പകരുകയെന്നത് തികച്ചും അശ്രദ്ധ കൊണ്ടാണെന്ന് പറയാതെ വയ്യ. യു പിയില്‍ ഒരു മന്ത്രി തന്നെ മരണത്തിനു വിധേയമായിരിക്കുന്നു. കര്‍ണാടകയുടെ മുഖ്യമന്ത്രി യെദിയൂരപ്പായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. ആവര്‍ത്തിക്കട്ടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്നു നയിക്കേണ്ടവര്‍ വീണുപോകുന്നത് ജനതയുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ട് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയോ പ്രധാന മന്ത്രിയോ ഒന്നും ഈ സാഹചര്യത്തില്‍ ബാധിതരാകാതിരിക്കുവാനുള്ള കരുതലാണ് അടിയന്തിരമായി സ്വീകരിക്കേണ്ടത്.

അതൊടൊപ്പം തന്നെ ജനതയെക്കുറിച്ചു കൂടി ഭരിക്കുന്നവര്‍ ആലോചിക്കുക. ഭക്ഷണം കിട്ടാതെയും ആവശ്യത്തിനു ചികിത്സ കിട്ടാതെയും ലക്ഷക്കണക്കിനു മനുഷ്യര്‍ ദുരിതമനുഭവിക്കുകയാണ്. രോഗത്തിനെതിരെ മുന്നില്‍ നിന്ന് പോരാടുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ അതൊന്നും തന്നെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആക്ഷേപത്തിന് കേവല രാഷ്ട്രീയം എന്ന വിശേഷണത്തിനപ്പുറം പ്രസക്തിയുണ്ട്. കേരളത്തിന്റെ തന്നെ അവസ്ഥ നോക്കുക. തുച്ഛമായ സഹായമാണ് നമുക്ക് ഈ കൊവീഡ് കാലത്തില്‍ ലഭിച്ചത്. അതുകൊണ്ട് ചിലതിനെയെല്ലാം കുറിച്ച് മാറിച്ചിന്തിക്കുവാന്‍ അമിത് ഷായുടെ കൊവീഡ് സഹായിക്കുമെന്ന് നമുക്ക് പ്രത്യാശിക്കുക.