പ്രവാസികളെ മടക്കി കൊണ്ട് വരണമെന്ന് പറഞ്ഞു മുതലക്കണ്ണീർ ഒഴുക്കുന്നവരോട്

0
82

PK Sureshkumar

സംസ്ഥാന സർക്കാരിന് എതിരെ കേരളത്തിനകത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി തോറ്റു തുന്നം പാടിയപ്പോൾ അടുത്ത ഉഡായിപ്പുമായി മുല്ലപ്പള്ളി ഇറങ്ങിയിട്ടുണ്ട് .പ്രവാസികൾക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാർ ഇടപെടൽ ഫലപ്രദമല്ലെന്ന് കണ്ടപ്പോൾ ലോക കേരള സഭ അംഗങ്ങളും പ്രമുഖ പ്രവാസി സംഘടന പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് നടത്തി അവിടങ്ങളിൽ സാദ്ധ്യമാകുന്ന ഇടപെടലിന് ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി ശതകോടീശ്വരൻമാരുമായി ചർച്ച നടത്തി എന്ന് പറഞ്ഞ മുല്ലപ്പള്ളിയാണ് അടുത്ത ഊഡായിപ്പുമായി വന്നിരിക്കുന്നത് .( അതിന് മുഖ്യമന്ത്രിയിൽ നിന്ന് മുല്ലപ്പള്ളി കണക്കിന് വാങ്ങി കൂട്ടി എന്നത് വേറെ കാര്യം.)

രണ്ട് ദിവസമായി പുതിയ കരച്ചിൽ സൈബർ യുഡിഎഫുകാരും നേതാക്കളും തുടങ്ങിയിട്ടുണ്ട്, പ്രവാസികളെ മടക്കി കൊണ്ട് വരണം എന്നും പറഞ്ഞാണ് കരച്ചിൽ, പ്രവാസികളിൽ ചിലർക്കൊക്കെ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്, അത് പരിഹരിക്കാൻ പ്രവാസി സംഘടനകൾ പ്രവർത്തിക്കുന്നുമുണ്ട്, ഇടതു അനുഭാവ സംഘടനങ്ങൾക്കൊപ്പം മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ KMCC യുടെ ഇടപെടൽ പ്രത്യേകം കാണുന്നുണ്ട്. ഇപ്പൊ ചിലർ പറയുന്നത് കേരള സർക്കാർ ഫ്ലൈറ്റ് അയക്കണം, ക്വറന്റൈൻ സൗകര്യത്തിന് ഞങ്ങളുടെ പാർട്ടിക്കാരുടെ കെട്ടിടങ്ങൾ വിട്ട് തരാം , മദ്രസകൾ വിട്ട്‌ തരാം എന്നൊക്കെയാണ്, പ്രവാസികൾക്ക് മടങ്ങി വരാൻ പറ്റാത്തതിന് ഇതൊക്കെയാണോ കാരണം? എന്തിനാണ് ഇവർ ഇങ്ങനെ നാടകം കളിക്കുന്നത്?

ഗൾഫ് രാഷ്ട്രങ്ങൾ എല്ലാം സമ്പൂർണ ലോക്‌ ഡൗണിലാണ് ഉള്ളത്, രാജ്യന്തരസർവീസുകൾ എല്ലാം നിർത്തിവെച്ചു.ഇനി അവർ സമ്മതിച്ചാൽ തന്നെ നമ്മുടെ രാജ്യത്തിന്റെ പെർമിഷൻ വേണം വിമാനത്തിന് ലാൻഡ് ചെയ്യാൻ, നിലവിൽ അങ്ങനെ അനുമതി കൊടുക്കില്ല എന്ന് കേന്ദ്രസർക്കാർ തറപ്പിച്ച് പറഞ്ഞു കഴിഞ്ഞു .കേരളത്തിന് മാത്രമായി ഒരു ഇളവ് കേന്ദ്രം തരില്ല.കാരണം അങ്ങനെ ഇളവ് അനുവദിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലും ആ ആവശ്യം ഉയരും.കേരളത്തിലേതുപോലെ പ്രതിരോധ സംവിധാനങ്ങളോ മുന്നൊരുക്കങ്ങളോ അവിടങ്ങളിൽ ഇല്ല .അതൊന്നും അറിയാതെ പ്രവാസികളെ സമാധാനിപ്പിക്കുന്നതിനു പകരം അവരെയും അവരുടെ കുടുംബങ്ങളെയും ഭയപ്പെടുത്താനാണ് ഒരു കൂട്ടർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒന്നേ പറയാനുള്ളൂ, ഞങ്ങളുടെ കുടുംബങ്ങളുടെ സുരക്ഷിതത്വം മാത്രമാണ് ഞങ്ങൾക്ക് ആവശ്യം,

“എന്തും സഹിക്കാൻ തയ്യാറായാണ് ഓരോ പ്രവാസിയും കടൽ കടക്കുന്നത്, ആകാശം തെളിയും, ഈ ദിവസവും കടന്നു പോകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് “.കുളം കലക്കുന്നവരോട് “ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് .കോവിഡ് സംബന്ധമായ പ്രവാസികളുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്തു വരുന്നുണ്ടെന്ന് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ടു തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്.അത്തരം ഒരു സാഹചര്യത്തിൽ പ്രവാസി കുടുംബങ്ങളിലേയ്ക്ക് തീ കോരിയിടുന്ന തരത്തിലുള്ള പ്രചരണങ്ങൾ അഴിച്ചുവിട്ട് അനാവശ്യ പരിഭ്രാന്തി പരത്തി ആ കുടുംബങ്ങളെ സർക്കാറിനെതിരെ തിരിക്കാനുള്ള ആസൂത്രിത നീക്കമാണ് മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ അധികാരക്കൊതി മൂത്ത ചില കോൺഗ്രസ് പ്രവർത്തകർ നടത്തിവരുന്നത്.
പ്രതിപക്ഷം എന്ന നിലയിൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമൊക്കെ സ്വാഭാവികമാണ്… ജനാധിപത്യ സംവിധാനത്തിൽ അത് അത്യന്താപേക്ഷിതവുമാണ്.. എന്നാൽ സാഹചര്യങ്ങളോടും, സാധ്യതകളോടും മുഖം തിരിച്ച് പൊട്ടൻ കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രതികരണങ്ങൾ ഈ മഹാമാരിയുടെ കാലത്ത് ഒരു രാഷ്ട്രീയ നേതാവിനും ഭൂഷണമല്ല.

വിദേശികൾക്ക് വിസയനുവദിക്കാതെ എയർപോർട്ടുകൾ പോലും പൂട്ടിയിട്ടിരിക്കുന്ന വിദേശ രാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങളെ മറികടന്ന് നിലവിലെ സാഹചര്യത്തിൽ ഡോക്ടർമാരെ അങ്ങോട്ടേയ്ക്ക് അയച്ചു ചികിത്സ ഉറപ്പാക്കണമെന്നൊക്കെ വിടുവായത്തം പറയുന്നത് പ്രവാസികളോടുള്ള സ്നേഹം കൊണ്ടാണെന്നു തെറ്റിദ്ധരിക്കാൻ മാത്രം വിവരദോഷികളല്ല കേരളജനത….
പ്രവാസി കുടുംബങ്ങളുടെ ആശങ്ക കേരളത്തിന്റെ ആശങ്ക തന്നെയാണ്… അതിന് സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുമുണ്ട്… അതിനിടയിൽ കയറി ഇങ്ങനെ കുത്തിത്തിരിപ്പുണ്ടാക്കി ആ കുടുംബങ്ങളിൽ ഭയം നിറച്ച് പ്രതിരോധ പ്രവർത്തനങ്ങളുടെ നിറം കെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന മുല്ലപ്പള്ളിമാരുടെ മുറിവാക്കുകൾ അവജ്ഞയോടെ തള്ളിക്കളയേണ്ടതു തന്നെയാണ്…
കർണ്ണാടക അതിർത്തി മണ്ണിട്ടടച്ചതു മൂലം 14 പേരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ കർണ്ണാടക സർക്കാറിനെതിരെ അരയക്ഷരം ഉരിയാടാതെ അതും പിണറായിയുടെ പിടിപ്പുകേടെന്നു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു.കേന്ദ്രം കോവിഡ് പാക്കേജിൽ കേരളത്തെ നിരാശപ്പെടുത്തിയപ്പോഴും കേന്ദ്രത്തിനെതിരെ സംസാരിക്കാതെ പിണറായിയുടെ പിടിപ്പുകേടെന്നും പറഞ്ഞു പ്രചരണം നടത്തുന്നു.

പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ച ആരോഗ്യ മന്ത്രിയെ നിയമസഭയിൽ പോലും കൂട്ടായി കൂവിത്തോൽപ്പിക്കാൻ ശ്രമിക്കുന്നു.അറുപതു വയസ്സിന് മുകളിലുള്ളവരെ മരണത്തിന് വിട്ടുകൊടുത്ത് മിറ്റിഗേഷൻ ചികിത്സാരീതി അവലംബിക്കണമെന്ന് വാശി പിടിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നു… വിദേശത്തു നിന്നും നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്ന ആൾക്ക് വിദേശത്ത് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്ന തരത്തിൽ ഫോൺ സംഭാഷണം ക്രിയേറ്റ് ചെയ്ത് പ്രചരിപ്പിച്ച് മുഖഛായ മിനുക്കാൻ ശ്രമിച്ച് പ്രതിപക്ഷ നേതാവ് പോലും സ്വയം അപഹാസ്യനാകുന്നു… ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ, മുഖ്യമന്ത്രിക്ക് PR മാനിയ, എന്തിന്… മുഖ്യമന്ത്രിയുടെ അഛന്റെ തൊഴിലിനെപ്പോലും പരസ്യമായി അപഹസിക്കുന്നു.എന്തൊരു രാഷ്ട്രീയ വിരോധാഭാസങ്ങളാണ് പ്രതിപക്ഷത്തിലൂടെ ഈ കൊറോണാക്കാലത്തും കേരളം കാണേണ്ടി വരുന്നത്.കോവിഡ് പ്രതിരോധത്തിൽ ലോകം നമ്മുടെ ഈ കൊച്ചു കേരളത്തെ മാതൃകയാക്കുമ്പോഴും ഇത്തരം തരംതാഴ്ന്ന പ്രചരണങ്ങളാണ് അധികാരക്കൊതി മൂത്ത കോൺഗ്രസ് നേതൃത്വം നടത്തി വരുന്നത്.പ്രളയം വന്നാലും, പൗരത്വ ഭേദഗതി ബില്ല് വന്നാലും, കോവിഡ് വന്നാലും കോൺഗ്രസ് നേതാക്കളുടെ പ്രതികരണം ഇങ്ങനെയൊക്കെത്തന്നെ.

പിൻകുറി :- വാർത്തകൾ കിട്ടിയില്ലെങ്കിൽ കിട്ടുന്ന സോഴ്സിൽ നിന്ന് വാർത്ത ചെയ്യുമെന്ന് പറഞ്ഞ കുത്തിത്തിരുപ്പ് ചേട്ടത്തി തെക്കേ ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരൻമാരെ അവരുടെ രാജ്യം പ്രത്യേക വിമാനമയച്ച് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോയത് പോലെ കേരളവും പ്രവാസികളെ പ്രത്യേകം വിമാനമയച്ച് കൊണ്ടുവരണമെന്ന് എഴുതി കണ്ടു.. നൂറ്റമ്പതോളം വരുന്ന വിദേശികളെ തെക്കേ ഇന്ത്യയിൽ നിന്ന് അവർ കൊണ്ടു പോയതുപോലെയാണോ ലക്ഷക്കണക്കിന് പ്രവാസികളെ തിരികെ എത്തിക്കുന്നത് ചേട്ടത്തീ… ? രാജ്യത്ത് ലോക് ഡൗൺ പിൻവലിക്കാതെ കേന്ദ്ര സർക്കാർ അതിന് അനുമതി നൽകില്ല എന്ന് അറിയാതെയാന്നുമല്ല നിങ്ങളുടെ പുതിയ കുത്തിത്തിരുപ്പ് എന്ന് നുമ്മക്കറിയാമേ.