PK Sureshkumar എഴുതുന്നു 

ദലിതർക്ക് ഇതൊക്കെ മതി…. ജനിച്ച് മരണം വരെയും സാമൂഹ്യ- സാമ്പത്തിക ഉയർച്ചകൾ ഇല്ലാതെ ജീവിച്ചു തീരേണ്ടവരാണ് അവർ …. ചില ഉദ്യോഗസ്ഥ തമ്പുരാക്കളുടെ സമീപനമാണ് … നിങ്ങൾക്കറിയാമോ സർക്കാർ സംവിധാനത്തിന്റെ വൃത്തികെട്ട ചുവപ്പുനാടയുടെ പ്രഹരം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത് ദലിത്- കീഴാള ജനവിഭാഗങ്ങളാണ്.. ഭരണഘടനയിൽ എഴുതി വെയ്ക്കപ്പെട്ടതും കാലാകാലങ്ങളിൽ ലെജിസ്ലേച്ചർ എടുക്കുന്നതുമായ ദലിത്-ആദിവാസി വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ ,സംവരണാനുകൂല്യങ്ങൾ യഥാവിധി എക്സിക്യൂട്ടീവ് നടപ്പാക്കിയിട്ടുണ്ടോ ?

PK Sureshkumar
PK Sureshkumar

ദലിത്- ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി വർഷാവർഷം സർക്കാർ അനുവദിക്കുന്ന കോടികൾ യഥാ വിധി വിനിയോഗിക്കപ്പെടുന്നുണ്ടോ ? കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിൽ ST ഫണ്ട് പൂർണ്ണമായും SC ഫണ്ട് ഏറെക്കുറെ പൂർണ്ണമായും ചെലവഴിച്ചിട്ടുണ്ട്. പക്ഷേ അതിന് മുമ്പുള്ള സ്ഥിതി എന്തായിരുന്നു ? പദ്ധതികൾക്കൊന്നും കുറവില്ല. പക്ഷേ ചിലവഴിക്കാതെ തുക ലാപ്സായിപ്പോകും. ചെലവഴിക്കപ്പെടുന്നതിൽ മുടിഞ്ഞ അഴിമതിയും . ആദിവാസി ക്ഷേമത്തിനായി അട്ടപ്പാടിയിൽ മുൻകാലങ്ങളിൽ ചെലവഴിച്ച കോടികൾ അഴിമതിയുടെ കൂത്തരങ്ങായിരുന്നു ..

ഓമനക്കുട്ടൻ വിഷയത്തോടെ കേരളത്തിലെ ദലിത് സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ വീണ്ടും മുഖ്യധാരയിൽ ചർച്ചയായിട്ടുണ്ട് .. ഓമനക്കുട്ടൻ എന്ന ദളിതനായ പാർടി LC അംഗത്തോട് അനീതി കാണിച്ച മന്ത്രി G സുധാകരനെതിരെ ശക്തമായ രോഷം പാർടി അണികളിൽ നിന്നും അനുഭാവി വൃന്ദങ്ങളിൽ നിന്നും വരെ ഉയർന്നു കഴിഞ്ഞു .. മാധ്യമ വാർത്തകൾ – മന്ത്രി G സുധാകരന്റെ എടുത്തു ചാട്ടം – അഹന്ത ഇവ മൂലം കുറച്ച് നേരത്തേക്കെങ്കിലും ഓമനക്കുട്ടനെ അവിശ്വസിച്ച ആലപ്പുഴ CPM ജില്ലാ നേതൃത്വം സംഭവിച്ച തെറ്റ് തിരുത്തി… ശ്ലാഘനീയം…

പക്ഷേ പരിഹരിക്കപ്പെടേണ്ട മൗലികമായ പ്രശ്നമുണ്ട്. 35 കൊല്ലമായി എല്ലാ മഴക്കാലത്തും അവിടത്തെ കുടുംബങ്ങൾ ക്യാമ്പിൽ കഴിയുന്നു.. അതിന് ഒരു ശാശ്വത പരിഹാരം കാണണം.. അനാവശ്യമായി വേട്ടയാടപ്പെട്ട ഓമനക്കുട്ടനെ ,ആ ക്യാമ്പ് അംഗങ്ങളെ അവരിൽ ഒരാളായി കണ്ട് നെഞ്ചോട് ചേർക്കുന്നു ..

ഓമനക്കുട്ടൻ
ഓമനക്കുട്ടൻ

ഓമനക്കുട്ടൻമാരായ ഞാനടക്കമുള്ള അനേകായിരങ്ങൾ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അവരും കൂടി ചേരുന്നതാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത് .. എന്തെങ്കിലും ആകാൻ ആഗ്രഹിച്ചോ, എന്തെങ്കിലും നേടണമെന്ന് മോഹിച്ചോ ഈ ചെങ്കൊടിയുടെ തണലിൽ കയറിപ്പറ്റിയവർ അല്ല .. ഞങ്ങളുടെ മുൻ തലമുറയ്ക്ക് ഈ ചെങ്കൊടി അഭയവും പ്രതീക്ഷയും പ്രത്യാശയുമായിരുന്നു .. അയ്യങ്കാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്രയിലൂടെ തുടങ്ങിയ ദളിത് നവോത്ഥാന പോരാട്ടങ്ങൾക്ക്, ദലിതന്റെ ചെറുത്തു നിൽപ്പിന് തുടർച്ചകൾ നൽകാൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കും CPM നും കഴിഞ്ഞതുകൊണ്ട് / കഴിഞ്ഞു എന്ന തോന്നൽ ദലിത് വിഭാഗത്തിന് ഉണ്ടായതു കൊണ്ടാണ് ഇടതുപക്ഷത്തിന്റെ – CPM ന്റെ വോട്ട് ബാങ്കിൽ നിർണ്ണായക ഘടകമായി ദലിത് വിഭാഗം തുടരുന്നത് ..

ഇടതുപക്ഷത്തിന് ഏറ്റവും കൂടുതൽ വോട്ട് ഷെയർ ഉള്ളത് ദളിതുകളിൽ നിന്നാണ്…യഥാക്രമം 72% (2004), 69 % (2009), 69 % (2014). ഈ കണക്കുകൾ പ്രകാരം തീവ്ര ഹൈന്ദവ രാഷ്ട്രീയത്തിൻ്റെ മാരകമായ മുന്നേറ്റത്തെ പ്രതിരോധിച്ച ഒരേയൊരു സാമൂഹിക വിഭാഗം ദളിതുകളാണ് കേരളത്തിൽ. എന്നാൽ സാമുഹ്യ- സാമ്പത്തിക രംഗത്ത് ഇപ്പോഴും പിന്നിൽ തന്നെ .. ദലിത് കോളനികൾ – ലക്ഷം വീട് കോളനികൾ – റോഡ് കനാൽ പുറമ്പോക്കുകൾ എന്നിവിടങ്ങളിൽ തന്നെയാണ് ഭൂരിപക്ഷം ദലിത് വിഭാഗങ്ങളും..

CPM ന്റെ ശ്രേണീബദ്ധമായ സംഘടന ചട്ടക്കൂടിലും വർഗ്ഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ച് കഴിഞ്ഞ 14 വർഷത്തോളമായി സംഘടന ബന്ധങ്ങൾ ഇല്ലാതെ ഒരു CPM സഹയാത്രികൻ മാത്രമായി തുടരുന്ന ഞാൻ എന്റെ വ്യക്തി – സംഘടന ജീവിതത്തിൽ ഒരിക്കലും എന്റെ ദലിത് സ്വത്വം വ്യക്തി – ഭൗതിക നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടില്ല .. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തമായി വീടുണ്ടാകുന്നത്. അതും കുന്നിൻ മുകളിലെ ലക്ഷംവീട് കോളനിയിൽ മണ്ണിഷ്ടിക കൊണ്ട് പണിത, തറ സിമൻറിടാത്ത ചാണകം മെഴുകിയ രണ്ട് മുറി വീട്… പ്രീഡിഗ്രി കഴിഞ്ഞതിന് ശേഷമാണ് വീട്ടിൽ കറണ്ട് കിട്ടിയത്. വിവിധ കാമ്പസുകളിലെ പഠനം , SFI- DYFI – CPM സംഘടനകളുടെ ഭാഗമായ സമര സംഘടന അനുഭവങ്ങൾ ഒരു ഉറച്ച കമ്മ്യൂണിസ്റ്റും പോരാളിയുമാക്കി തീർത്തു.. വർഷങ്ങൾക്ക് ശേഷം അതേ ലക്ഷം വീട് കോളനിയിലേക്ക് തന്നെയാണ് ഞാൻ വിവാഹം കഴിച്ച് എന്റെ ഭാര്യ കടന്ന് വന്നത്.. അവിടന്നിങ്ങോട്ടുള്ള ജീവിതം അനുഭവങ്ങളുടെ ഒരു സർവകലാശാലയാണ് .. പാർടി നടപടി, ഒരു വിഭാഗത്തിന്റെ വേട്ടയാടൽ … തിരസ്ക്കരണത്തിന്റെ പാoഭേദങ്ങളുടെ ആരംഭം.. രണ്ട് വർഷം കഴിഞ്ഞ് ആലുവയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് ജീവിതത്തിന്റെ പുതുവഴികൾ തേടി… ഉയർച്ച – താഴ്ച്ചകളുടെ വർഷങ്ങൾ … സർക്കാർ സഹായമില്ലാതെ കെട്ടിപ്പടുത്തുകൊണ്ട് വന്ന തൊഴിൽ സംരംഭം ഒരു വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് തകർത്തെറിഞ്ഞ് നിസ്സഹായതയുടെ പടുകുഴിയിൽ വീണപ്പോളും തോറ്റു കൊടുത്തില്ല.. എല്ലാം തകർക്കപ്പെട്ട് ഒരു കൂട്ട ആത്മഹത്യയുടെ മുനമ്പിൽ നിന്ന് പഴയ പോരാട്ട വീര്യത്തിന്റെ തുടർച്ചയിൽ വീണ്ടും ജീവിതം കരുപ്പിടിപ്പിച്ചു ..

കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത് SC ഡിപ്പാർട്ട് മെന്റിൽ നിന്ന് സ്ഥലം വാങ്ങാനും വീടു വെയ്ക്കാനും ധന സഹായം അനുവദിക്കാമെന്ന് മന്ത്രി അനിൽകുമാർ പറഞ്ഞപ്പോൾ ഞാനത് നിരാകരിച്ചു. കാരണം എന്റെ ഭാര്യ അന്ന് PSC റാങ്ക് ലിസ്റ്റിൽ ഉണ്ട്. ജോലി കിട്ടാവുന്ന ഒഴിവുകളും പ്രസ്തുത തസ്തികയിൽ ഉണ്ട്. പോസ്റ്റിംഗ് നടന്നാൽ ഗസറ്റഡ് റാങ്കിൽ ഉദ്യോഗം.. ജീവിതത്തിന്റെ ട്രാക്ക് മാറാൻ പിന്നെന്ത് വേണം. ഒരു മാധ്യമ പ്രവർത്തകനായതിന്റെ പേരിൽ മന്ത്രി എനിക്ക് നീട്ടുന്ന സൗമനസ്യം എന്റെ വിഭാഗത്തിൽപ്പെട്ട എന്നേക്കാൾ അർഹതപ്പെട്ട രണ്ട് പേരുടെ അവസരം ഞാൻ തട്ടിയെടുക്കലാണ്.. അങ്ങനെ ചെയ്താൽ ഞാൻ പിന്തുടരുന്ന കമ്യൂണിസ്റ്റ് ആശയഗതിക്ക് എന്ത് പ്രസക്തി ?

രണ്ട് വട്ടം റാങ്ക് ലിസ്റ്റിൽ വന്നെങ്കിലും ജോലി മാത്രം കിട്ടിയില്ല.. ബാഡ്ലക്ക് .. മെയിൻ ലിസ്റ്റ് കഴിഞ്ഞു, വേക്കൻസി ബാക്കി, പക്ഷേ മെയിൻ ലിസ്റ്റ് പൂർണ്ണമായതിനാൽ സപ്ലിമെന്ററി ലിസ്റ്റ് അസാധുവായി. PSC റിട്ടൺ എക്സാമിന്റെ മാർക്കിനെ മറികടന്ന് ഇന്റർവ്യൂവിൽ തിരിമറി നടന്നു എന്ന് വിശ്വസിക്കാതിരിക്കാനാണ് എനിക്കിഷ്ടം… ശുപാർശകളുടെ സാദ്ധ്യതകൾ തേടി ആരെയും സമീപിച്ചില്ല…

ഭാവി ജീവിതം ഇരുളടഞ്ഞ് ഒരു വലിയ ചോദ്യചിഹ്നമായി ഇപ്പോൾ മുമ്പിൽ നിൽക്കുന്നു. രണ്ട് പെൺമക്കൾ വളർന്നു വരുന്നു .. ഒരു സെന്റ് ഭൂമിയോ വീടോ സ്വന്തമായി ഇല്ല. റേഷൻ കാർഡിന് അപേക്ഷ നൽകിയത് തന്നെ കഴിഞ്ഞ മാസമാണ്.. സ്ഥലം വാങ്ങാൻ വേണ്ടി ധന സഹായത്തിന് SC വികസന വകുപ്പിൽ അപേക്ഷ നൽകിയപ്പോൾ ലൈഫ് മിഷനിൽ പേരില്ലാത്തതു കൊണ്ട് പരിഗണിക്കാനാവില്ല എന്ന് പറഞ്ഞു. ലൈഫ് മിഷനിൽ പേര് ചേർക്കാനുള്ള സാദ്ധ്യത അന്വേഷിച്ചപ്പോൾ ഇപ്പോഴുള്ള ലിസ്റ്റിലെ വീടുകളുടെ നിർമ്മാണം പൂർത്തിയാകാതെ പുതിയ അപേക്ഷ സ്വീകരിക്കില്ലെന്ന് മറുപടി.

ചിലതങ്ങനെയാണ് നമുക്ക് എന്തൊക്കെ ഉന്നത ബന്ധങ്ങളും ധാരണകളും ഉണ്ടെങ്കിലും സ്വന്തം കാര്യം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ട് പോകും.. സെക്രട്ടേറിയറ്റിൽ പോയി എത്രയോ ആളുകളുടെ വിവിധ പ്രശ്നങ്ങൾ ഞാൻ പരിഹരിച്ചു നൽകിയിട്ടുണ്ട്. പല മന്ത്രിമാരെ കണ്ടും ഉദ്യോഗസ്ഥ തലങ്ങളിലും നടത്തിയ അസംഖ്യം ഇടപെടലുകൾ … പക്ഷേ സ്വന്തം പ്രശ്നം വന്നപ്പോൾ വന്ന ചുവപ്പ് നാട എനിക്ക് അഴിക്കാൻ കഴിഞ്ഞില്ല.. അതും CMDRF ഉം ആയി ബന്ധപ്പെട്ട അപേക്ഷ ആയിട്ട് കൂടിയും ..

എല്ലാം തകർത്തെറിഞ്ഞ പ്രളയ ദുരന്തത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞു .. തകർച്ചയിൽ നിന്ന് CMDRF വഴി ഒരു അതിജീവനം അപേക്ഷ നൽകിയിട്ട് പത്ത് മാസങ്ങൾ പിന്നിട്ടു .. അപേക്ഷയോടൊപ്പം കഷ്ടനഷ്ടങ്ങൾ സാക്ഷ്യപ്പെടുത്തിയ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും സ്ഥലം MLA യുടെ കത്തും.. കൂട്ടത്തിൽ ഒരു SC ജാതി സർട്ടിഫിക്കറ്റും ഉണ്ടായിരുന്നു .. പത്ത് മാസത്തെ സമയമെടുത്തിട്ടും മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ട ഫയൽ മുഖ്യമന്ത്രിയുടെ മുമ്പിൽ എത്താത്തതിന്റെ വില്ലൻ ആ ജാതി സർട്ടിഫിക്കറ്റ് ആണോ ? മറുപടി പറയേണ്ടത് സർക്കാരാണ്…

വിനായകൻ ഫെറാരിയിൽ വരുമെന്ന് പറഞ്ഞ പോലെ പറയാൻ ഞാനില്ല.. ആത്യന്തികമായി എക്കാലവും തോറ്റു പോകുന്ന ജനതയുടെ ഭാഗമാണല്ലോ ഞാനും…
പ്രളയത്തിന്റെ ഒന്നാം വാർഷികത്തിന് CMDRF അപേക്ഷയിൽ റവന്യൂ വകുപ്പ് നടത്തിയ കുറ്റകരമായ അനാസ്ഥ മന്ത്രി ചന്ദ്രശേഖരന്റെ ശ്രദ്ധയിൽപ്പെടുത്താൻ വിളിച്ചപ്പോൾ ഫോൺ കൊടുക്കാൻ ഗൺമാൻ തയ്യാറായില്ല.. ( പിന്നേ… നീയൊക്കെ വിളിച്ചാൽ മന്ത്രിക്ക് ഫോൺ കൊടുക്കുകയല്ലേ എന്നായിരിക്കും.. ) മന്ത്രിയെ കിട്ടേണ്ട കാര്യം പറഞ്ഞു, അപ്പോൾ പിറ്റേന്ന് മന്ത്രി ഓഫീസിൽ ബന്ധപ്പെടാൻ മറുപടി .. ആ ബന്ധപ്പെടലുകളുടെ നാൾവഴികൾ വിവരിച്ച് ‘ പറഞ്ഞപ്പോൾ അപേക്ഷയുടെ അപാകത കൊണ്ടാവും പരിഗണിക്കാത്തത് എന്ന് ഗൺമാൻ … സോഷ്യൽ മീഡിയയിൽ കണ്ടും കേട്ടും പറഞ്ഞും പഠിച്ച തെറികൾ ഗൺമാനോട് തീർത്തു.. ഗൺമാൻ ആണല്ലോ സർക്കാർ കാര്യം തീരുമാനിക്കുന്നത് .. കിടക്കട്ടെ മന്ത്രിയുടെ മൊബൈലിൽ വിളിച്ച് ഗൺമാനെ തെറി വിളിച്ച ഒരു കേസ്.. അവൻ കൊടുക്കില്ല.. കൊടുത്താൽ മന്ത്രിമന്ദിരത്തിൽ കയറി അവന്റെ കിടുക്കാമണി ചവിട്ടി പൊട്ടിക്കും ..

ആ ധനസഹായ മോഹമൊക്കെ ഞാൻ ഉപേക്ഷിച്ചു .. അത്തരം സഹായങ്ങൾ പ്രതീക്ഷിച്ചൊന്നുമല്ല നുമ്മ കമ്യൂണിസ്റ്റ് രാഷ്ട്രിയം തുടങ്ങിയത്.. നുമ്മ ഇങ്ങനെ നുമ്മടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പറഞ്ഞ് ,ഇടയ്ക്കിടെ പറന്ന് പോകുന്ന പണികൾ ഏണി വെച്ച് പിടിച്ചും ഇങ്ങോട്ട് വരുന്ന തെറി വിളികൾക്ക് മറുതെറി വിളിച്ചും നുമ്മളിവിടൊക്കെ തന്നെ കാണും..

പക്ഷേ മാടമ്പിത്തരം കാണിച്ച G സുധാകരനോടും അത്തരം സമീപനങ്ങൾ എടുക്കുന്ന ആരെങ്കിലും ഈ പാർടിയിൽ ഉണ്ടെങ്കിൽ അത്തരക്കാരോട് ഒരു വാക്ക് …. അത്തരം രീതികളൊന്നും എക്കാലവും ചിലവാകില്ല..

പുതിയ ദലിത് യുവ സമൂഹത്തെ വിശകലനം ചെയ്യുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അകലുന്ന യുവ തലമുറയുടെ എണ്ണം കൂടി വരുന്നുണ്ട്. അതിന്റെ കാര്യകാരണങ്ങൾ പാർടി ആഴത്തിൽ പരിശോധിക്കാൻ തയ്യാറാകണം.. പ്രതിഭയും ചിന്താശേഷിയുമുള്ള ദലിത് യുവതീ- യുവാക്കൾ CPM വിരുദ്ധ പക്ഷത്ത് അണിനിരക്കുന്ന സാഹചര്യം സംജാതമാകുന്നുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന സംഘ പരിവാർ ഫാസിസത്തെ നേരിടാൻ കോൺഗ്രസിനോ ഇടതു പക്ഷത്തിനോ ഇനിയങ്ങോട്ട് തനിച്ച് കഴിയില്ല …

ദലിത്- കീഴാള – ആദിവാസി – ന്യൂനപക്ഷ ഐക്യനിര ഉയർത്തിപ്പിടിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ ( സുഡാപ്പി അല്ല ) ആയിരിക്കും ഭാവിയിലെ സംഘപരിവാർ വിരുദ്ധ പോരാട്ടത്തിലെ ആണിക്കല്ല്.. ആരും പ്രതീക്ഷിക്കാത്ത സമയത്ത് AAP പൊട്ടി മുളച്ചതു പോലെ അത്തരം മൂവ്മെൻറ് രാജ്യത്ത് ഉയർന്ന് വരും.. അത്തരം മൂവ്മെന്റിന് ഒപ്പം കേരളത്തിൽ അണിനിരക്കാൻ പോകുന്നവർ ഇടതുപക്ഷത്തിനൊപ്പം നിന്നവർ ആകാതിരിക്കണമെങ്കിൽ സിപിഎം എല്ലാ അർത്ഥത്തിലും ദലിത് വിഷയങ്ങൾ / സമീപനങ്ങൾ ആഴത്തിൽ പഠിക്കാൻ തയ്യാറാകണം.. ദലിത് സമൂഹത്തിന്റെ മൗലിക പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കാണാനും കഴിയണം. അല്ലാതെ പട്ടികജാതി ക്ഷേമസമിതി എന്ന സംഘടന കൊണ്ടൊന്നും ഒരു പരിഹാരമുണ്ടാകില്ല …

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.