ശൂന്യാകാശത്ത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊന്നും തമ്മിൽ കൂട്ടിമുട്ടുന്നില്ലല്ലോ!? എന്തായിരിക്കും കാരണം ?

Ratheesh RTM

സൂര്യകുടുംബത്തിലെ കാര്യം നോക്കാം. ദീർഘവൃത്താകൃതിയിലുള്ള പരിക്രമണ പഥങ്ങളിൽ, ഗ്രഹങ്ങൾ സൂര്യനെ എത്രയെത്ര അകലങ്ങളിലാണ് പരിക്രമണം ചെയ്യുന്നതെന്ന് നമുക്കാദ്യം പരിശോധിക്കാം. സൂര്യനിൽ നിന്നും ഗ്രഹങ്ങളിലേക്കുള്ള ദൂരം AU വിൽ,0.39, 0.72, 1.00, 1.52, 5.20, 9.54, 19.19, 30.07 ക്രമമനുസരിച്ച് ഇങ്ങനെയാണ്. ഇതിൽ ഏറ്റവും അകലക്കുറവുള്ള രണ്ടു ഗ്രഹങ്ങൾ ഏതൊക്കെയാണെന്ന് നോക്കൂ. അത് Twins ആയ ഭൂമിയും ശുക്രനും തന്നെ (0.28 AU ദൂരം)! ഇത് 4,00,00,000 km നേക്കാൾ കൂടുതൽ വരും.ഏകദേശം 12,000 to 13,000 km വ്യാസമുള്ള രണ്ട് ഗ്രഹങ്ങൾ എപ്പോഴെങ്കിലുമായി 4 കോടി കിലോമീറ്ററോളം അടുത്ത് വന്നാൽ എന്താണ് കുഴപ്പം? ഇത്ര ദൂര വ്യത്യാസത്തിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങൾ കൂട്ടിമുട്ടുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല! എന്ന് മാത്രമല്ല സൂര്യൻ്റെ ശക്തമായ gravitational field ൽ നിലനിൽക്കുന്നതിനാൽ ഇവ രണ്ടും തമ്മിലുള്ള ഗുരുത്വപരമായുള്ള സ്വാധീനം അളക്കാനാവാത്തത്രയോ, അവഗണിക്കാവുന്ന തരത്തിലുള്ളതോ ആയിരിക്കും!

എന്തായാലും നമ്മുടെ വിഷയം ദൂരമാണല്ലോ! യഥാർത്ഥ ദൂരത്തിൻ്റെ അളവുകൾ മസ്തിഷ്കത്തിന് പരിചയമില്ലാത്തതായത് കൊണ്ട് തന്നെ ഭാവനയിൽ കാണാൻ വളരെ ബുദ്ധിമുട്ടാണ്. സാദ്ധ്യമല്ല! എന്നുതന്നെ പറയാം. അതുകൊണ്ട് നമുക്ക് പരിചയമുള്ള വസ്തുക്കളും ദൂരവുമായി സൗരയൂഥത്തെ നമുക്ക് (Scale ൽ തന്നെ) ചെറുതാക്കി നോക്കാം. മസ്തിഷ്കത്തിന് അത് process ചെയ്യാൻ കഴിയുമെന്നത് തീർച്ചയാണ്, നമുക്കത് ഉൾക്കൊള്ളാൻ കഴിയുമോ ഇല്ലയോ എന്നതാണ് ഇനിയുള്ളത്! സൂര്യനെ 3 അടി വ്യാസമുള്ള ഒരു Gym ball ആയി പരിഗണിച്ചാൽ, നാസയുടെ SLS block -1 എന്ന rocket ൻ്റെ മുകളിൽ, അല്ലെങ്കിലൊരു 30 നില കെട്ടിടത്തിൻ്റെ മുകളിൽ ഈ Gym ball വയ്ക്കുകയാണെങ്കിൽ ഗ്രൗണ്ടിൽ കിടക്കുന്ന ഒരു പയർമണിയുടെ വലിപ്പമേ ഭൂമിക്കുണ്ടാകൂ!! 30 നിലക്കെട്ടിടത്തിൻ്റെ ഉയരമാണ് ഇവക്കിടയിലുള്ള ദൂരം!!
അതായത്,3 അടി വ്യാസമുള്ള Gym ball ൽ നിന്നും 100 മീറ്റർ അകലെ പരിക്രമണം ചെയ്യുന്ന 8 mm വലിപ്പമുള്ള ഒരു പയർമണിയാണ് ഭൂമി!

520 മീറ്റർ (½ km) അകലെ പരിക്രമണം ചെയ്യുന്ന 9 cm വ്യാസമുള്ള കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു form ball ആണ് വാതക ഭീമൻ ജൂപിറ്റർ ! 3000 മീറ്റർ (3km) അകലെയുള്ള ഐസ് ഭീമൻ Uranus ന് 3 cm വ്യാസമുള്ള ഒരു നെല്ലിക്കയുടെ വലിപ്പമേ ഉണ്ടാകൂ! ഇത് ഭാവനയിൽ കാണാൻ സാധിക്കുന്നുണ്ടോ?!! ഉൾകൊള്ളാൻ കഴിയുന്നുണ്ടോ?!! ഉണ്ടെങ്കിൽ ഇതും കൂടി….

സൂര്യനും ഭൂമിക്കുമിടയിലുള്ള ശരാശരി ദൂരത്തിനിടയിൽ 108 സൂര്യന്മാരെ വരിവരിയായി വയ്ക്കാനുള്ള സ്ഥലമുണ്ട്! അതുപോലെ ഭൂമിക്കും ചന്ദ്രനുമിടയിൽ 110 ചന്ദ്രന്മാർക്കുള്ള സ്ഥലവും ഉണ്ട്! ഇതിനൊപ്പം കൊടുക്കുന്ന ചിത്രം നന്നായി ശ്രദ്ധിച്ചാൽ, ചിലപ്പോൾ ഒന്നുകൂടി കാര്യങ്ങൾ വ്യക്തമാക്കിയേക്കും. സാധാരണഗതിയിലുള്ള ഏതെങ്കിലും ഗ്രഹങ്ങൾ ഇന്നേവരെ കൂട്ടിമുട്ടിയിട്ടുള്ളതായി തന്നെ ശാസ്ത്ര ലോകത്തിന് അറിവില്ല എന്ന് തോന്നുന്നു. ഇതിന് കാരണം അവക്കിടയിലുളള, ഭാവനകൾക്ക് അതീതമായ അകലം തന്നെയാണ്! ആ അകലം അവയുടെ വലിപ്പവുമായുള്ള താരതമ്യത്തിൽ എത്രത്തോളമാണെന്നാണ് വിശദീകരിക്കാൻ ശ്രമിച്ചത്.

അതുപോലെ, ഗ്രഹങ്ങളെക്കാളും വളരേ വലുതാണ് നക്ഷത്രങ്ങളെങ്കിലും നക്ഷത്രങ്ങൾക്കിടയിലുളള ദൂരം അവയുടെ വലിപ്പവുമായി താരതമ്യപ്പെടുത്തിയാൽ ഇതിലും വളരെ വലുതാണ്! അതുകൊണ്ടാണ് രണ്ട് ഗാലക്സികൾ തമ്മിൽ ഒന്നായിത്തീരുമ്പോൾ പോലും നക്ഷത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടാനുള്ള സാധ്യത കുറവാണെന്ന് പറയുന്നത്! Hyper massive blackholes, Red giants, Galaxies… ഇവയൊന്നുമല്ല പ്രപഞ്ചത്തിൽ വിസ്തൃതിയുടെ കാര്യത്തിൽ ശരിക്കും നമ്മെ അതിശയിപ്പിക്കുന്നത്, മറിച്ച് ഇവക്കിടയിലുള്ള ദൂരമാണ്! അതായത് ഭാവനയിൽ കാണാനോ, ചിത്രീകരിക്കാനോ സാധ്യമേ അല്ലാത്ത SPACE!

 

You May Also Like

പാമ്പുകളിലെ കൗതുക വിശേഷങ്ങൾ

പാമ്പുകളില്‍ സസ്യാഹാരികള്‍ ഇല്ല. ജീവനുള്ള മാംസാഹാരമാണ് കഴിക്കുന്നത്‌. കടിച്ചു ചവച്ചു തിന്നാനോ ,വലിച്ചു കുടിക്കാനോ പറ്റുന്ന രീതിയിലല്ല അവയുടെ വായയുടെ ഘടന. അത് കൊണ്ട് തന്നെ അവ പാല് കുടിക്കുമെന്ന് പറയുന്നതും ,മുട്ട കൊത്തിക്കുടിക്കുമെന്നു ള്ളതും തെറ്റാണ്. അവ മുട്ട വിഴുങ്ങുകയാണ് ചെയ്യുക

ന്യൂക്ലിയര്‍ പ്രൊപൽഷൻ യാഥാര്‍ഥ്യമാകുമോ ?

ന്യൂക്ലിയര്‍ പ്രൊപൽഷൻ യാഥാര്‍ഥ്യമാകുമോ ? Sabu Jose ഭാവിയിലെ ചൊവ്വാ, ചാന്ദ്ര യാത്രകള്‍ക്കും അതിനുമപ്പുറത്തേയ്ക്കുള്ള ബഹിരാകാശ…

വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില കാര്യങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം ????വിമാനയാത്രയാണ് ലോകത്തിലെ…

അടുക്കളയിൽ അഹോരാത്രം പാചകം ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ അമ്മമാരാണ് ഏറ്റവും നല്ല രസതന്ത്രജ്ഞർ

ദോശ മൊരിയുമ്പോൾ സംഭവിക്കുന്ന ശാസ്ത്രീയത അറിവ് തേടുന്ന പാവം പ്രവാസി ????ലോകത്തിലെ ഏറ്റവും സമർത്ഥരായ ‘chemists…