ഇന്ന് ഗായിക സുജാതയുടെ പിറന്നാൾ..ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുന്ന സുജാതക്ക് ആയുരാരോഗ്യ സൗഖ്യവും പിറന്നാൾ ആശംസകളും നേരുന്നു

Muhammed Sageer Pandarathil

ഡോക്ടർ വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31 ആം തിയതി കൊച്ചിയിലാണ് സുജാത ജനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തിരു – കൊച്ചി മുഖ്യമന്ത്രിയായ പറവൂർ ടി കെ നാരായണപ്പിള്ളയുടെ പൗത്രിയായ സുജാതയുടെ അച്ഛൻ അവർക്ക് രണ്ട് വയസ്സുള്ളപ്പോൾ മരിച്ചു.ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത, തന്റെ 8 ആം വയസ്സിൽ കലാഭവനിൽ ചേർന്നതോടെയാണ് ശ്രദ്ധിയ്ക്കപ്പെട്ട് തുടങ്ങുന്നത്. അക്കാലത്ത് കലാഭവന്റെ സ്ഥാപകൻ ആബേലച്ചന്റെ രചനയിൽ ഇറങ്ങിയ നിരവധി കൃസ്തീയ ഭക്തിഗാന കാസറ്റുകളിൽ പാടിയ സുജാത, 10 ആം വയസ്സുമുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ തുടങ്ങി. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരായിരുന്നു സംഗീതത്തിലെ ഗുരുക്കന്മാർ.

1973 ല്‍ എറണാകുളത്ത് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്‍പാകെ എംജി രാധാകൃഷ്ണൻ ഈണം പകർന്ന ‘ഓടക്കുഴൽവിളി ഒഴുകിയൊഴുകി..’ പാടുകയും അത് ആകാശവാണി പ്രക്ഷേപണം ചെയ്ത് വൻ സ്വീകാര്യത നേടുകയും ചെയ്തു. തുടർന്ന് സുജാതയ്ക്ക് ആകാശവാണി നേരിട്ട് ബി 1 ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കി.
എഴുപതുകളിൽ ബേബി സുജാത എന്ന പേരിൽ പ്രശസ്തയായ സുജാത സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ യേശുദാസിനോടൊപ്പം നിരവധി ഗാനമേളകളിൽ പങ്കെടുത്തിരുന്നു. അതോടൊപ്പം എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ധാരാളം ലളിതഗാനങ്ങൾ പാടിയീട്ടുള്ള സുജാതയുടെ “ഓടക്കുഴൽ വിളി ഒഴുകിവരും..” എന്ന ഗാനം വളരെ പോപ്പുലറായിരുന്നു.

1975 ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയിൽ ഒ എൻ വിയുടെ വരികൾക്ക് അർജ്ജുനൻ മാഷിന്റെ സംഗീതം നൽകിയ “കണ്ണെഴുതി പൊട്ടുതൊട്ട്…” എന്ന ഗാനം പാടിക്കൊണ്ട് തന്റെ പന്ത്രാണ്ടാമത്തെ വയസ്സിൽ സുജാത ചലച്ചിത്രപിന്നണി ഗാനരംഗത്തെത്തി. അതേ വർഷം തന്നെ ശ്യാമിന്റെ സംഗീതത്തിൽ “കാമം ക്രോധം മോഹം” എന്ന സിനിമയിലെ “സ്വപ്നം കാണും പെണ്ണേ…” എന്ന ഗാനം യേശുദാസിനോടൊപ്പം പാടി. പിന്നീട് സലിൽ ചൗധരിയുടെ സംഗീതത്തിൽ അപരാധി എന്ന ചിത്രത്തിലും പാടി.ഇളയരാജയുടെ സംഗീതത്തിൽ 1977 ൽ കവിക്കുയിൽ എന്ന സിനിമയ്ക്കുവേണ്ടി ആദ്യമായി തമിഴിൽ പാടിയെങ്കിലും ആ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയില്ല. പിന്നെ സുജാത തമിഴ് സിനിമയിൽ പാടുന്നത് ഇളയരാജയുടെ തന്നെ സംഗീതത്തിൽ 1978 ൽ റിലീസ് ചെയ്ത ഗായത്രി എന്ന സിനിമയിലെ “കാലൈ പാനിയിൽ…” എന്ന ഗാനമായിരുന്നു.

1981ൽ സുജാത ഡോക്ടർ കൃഷ്ണ മോഹനെ വിവാഹംചെയ്തു. വിവാഹത്തിനു ശേഷം കുറച്ചുകാലം പിന്നണി ഗാനരംഗത്തു നിന്ന് വിട്ടുനിന്ന ഇവർ 1983 ൽ പ്രിയദർശൻ ചിത്രമായ കടത്തനാടൻ അമ്പാടിയിൽ ഒരു ഗാനം ആലപിച്ചു കൊണ്ട് തിരിച്ചു വന്നെങ്കിലും ഈ ചിത്രം 1990 ലാണ് റിലീസ് ചെയ്തത്. ഇതിനിടക്ക് നിരവധി ചിത്രങ്ങളിൽ ഇവർ ഗാനങ്ങൾ ആലപിച്ചെങ്കിലും അവയെല്ലാം യുഗ്മഗാനങ്ങളായിരുന്നു. എന്നാൽ 1988 ൽ ചിത്രം, 1989 ൽ വന്ദനം എന്നീ പ്രിയദർശൻ ചിത്രങ്ങളിൽ പാടുകയും അവയെല്ലാം ഹിറ്റാവുകയും ചെയ്തു. തുടർന്ന് 1990 കളുടെ തുടക്കത്തില്‍ മലയാളത്തിന്റെ മുന്‍നിര ഗായിക എന്ന നിലയിലേക്ക് വളര്‍ന്ന ഇവരെ തേടി ധാരാളം പാടുകൾ വന്നു. എന്നാൽ 1996 ല്‍ വിദ്യാസാഗറിന്റെ മലയാളത്തിലേക്കുള്ള വരവാണ് സുജാതയ്ക്ക് വലിയ ബ്രേക്ക് നല്‍കിയത്. വിദ്യാസാഗറിന്റെ സംഗീതത്തില്‍ സോളോകളും യുഗ്മഗാനങ്ങളുമായി ഒന്നിനുപുറകെ ഒന്നായി ഹിറ്റുകള്‍ ഉണ്ടായി. തുടര്‍ന്നു വന്ന എം ജയചന്ദ്രൻ ഒരുപാട് മികച്ച ഹിറ്റുകള്‍ സുജാതയ്ക്ക് നല്‍കിയപ്പോള്‍ ജോണ്‍സണ്‍, ഔസേപ്പച്ചന്‍, രവീന്ദ്രന്‍ തുടങ്ങിയവരും കൂടുതലായി സുജാതയെ പരിഗണിക്കാന്‍ തുടങ്ങി.

ഇതിനിടെ 1992 ൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ പാടിയ റോജയിലെ “പുതുവെള്ളൈ മഴൈ.. എന്ന ഗാനം വലിയ ഹിറ്റായതോടെ തമിഴിലും പ്രശസ്തയായി. തുടർന്ന് ധാരാളം തമിഴ്‌ ഗാനങ്ങൾ സുജാതയുടെതായി പുറത്തിറങ്ങി. അവയിൽ കൂടുതലും എ ആർ റഹ്മാനോടൊപ്പമായിരുന്നു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലായി 10000 ത്തിൽ അധികം ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. 1996, 1998, 2006 വര്‍ഷങ്ങളില്‍ കേരള സംസ്ഥാന പുരസ്കാരവും 1993, 1996, 2001 വര്‍ഷങ്ങളില്‍ തമിഴ്‌നാട് സംസ്ഥാന പുരസ്കാരവും നേടി. കലാരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2019 ലെ തമിഴ്‌നാട് സര്‍ക്കാരിന്‍റെ പരമോന്നത കലാ – സാംസ്കാരിക പുരസ്കാരം ആയ കലൈമാമണി പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായികയായ ശ്വേത മോഹൻ മകളാണ്.

Leave a Reply
You May Also Like

കത്തിക്കരിഞ്ഞ ജഡാവശിഷ്ടങ്ങൾ ഹിറ്റ്ലറുടെ ?

കടപ്പാട് : ചരിത്രാന്വേഷികൾ എഴുതിയത് : Najeer Kolangara Kandy 1889 ഏപ്രിൽ 20നു കസ്റ്റംസിലെ…

നിരഞ്ജ് രാജു, എ വി അനൂപ്, ആത്മീയ , ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന “അച്ഛനൊരു വാഴ വെച്ചു”

“അച്ഛനൊരു വാഴ വെച്ചു” രണ്ടാമത്തെ പോസ്റ്റർ നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ…

ഹിന്ദി ചലച്ചിത്ര ഗാനശാഖയുടെ സുവർണ്ണ കാലഘട്ടത്തിലെ രാജാവ്

Bineesh K Achuthan എന്റെ കൗമാര കാലത്തിലെ പ്രിയ ഗായകൻ കുമാർ സാനുവിന് പിറന്നാൾ ആശംസകൾ.…

മൂന്നു തവണ ഒരേപേരിൽ റീമേക്ക് ചെയ്തേ ഇറോട്ടിക് മൂവി ബ്ലഡ് ആൻഡ് സാൻഡ്

Blood and Sand(1989)???????????????? ഒരു കിടിലൻ റൊമാന്റിക് ത്രില്ലർ സിനിമ പരിചയപ്പെടാം. ചെറുപ്പവും കഴിവുറ്റതുമായ കാളപ്പോര്…