Narmam
പ്ലയര്‍ ഇന്‍ ഫോം…

വോളിബാള്‍ എന്നാലെന്ത് എന്ന ഒരു ചോദ്യം ഞങ്ങള്‍ ബാംഗ്ലൂര്‍ കെ എല്‍ ഇ ഹോസ്റ്റലിലെ മലയാളി ടീമൊനോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം വളരെ ലളിതമായിരിക്കും… ‘ബോളിവാള്..നമ്മടെ മറ്റേതല്ലേ,മറ്റേ കയ്യുംകൊണ്ട് കളിക്കുന്ന ഫുട്ബാളേ..ല്ലേ?? ‘..ആസ് സിമ്പിള്‍ ആസ് ദാറ്റ്..അത്രയ്ക്ക് വിവരമാണ് ഈ കളിയെ കുറിച്ച് ഞങ്ങള്‍ക്ക്.അതിനേക്കാള്‍ മനോഹരമായാണ് ഈ കളി ഞങ്ങള്‍ കളിക്കുന്നത്.. ദിവസവും വൈകിട്ട് കോളേജ് കോമ്പോണ്ടിലെ ഡെന്റ്റല്കോളേജിനും ബോയ്സ് ഹോസ്റ്റലിനും ഇടയിലുള്ള ചെറിയ സ്ത്ഥലത്ത് നിന്ന് ഹോസ്റ്റലിന്റെ രോമാന്ചമായ ഞങ്ങള്‍ കുറച്ചു പേര് ഈ പറഞ്ഞ ബാളുകൊണ്ട് ചില അഭ്യാസങ്ങള്‍ കാണിക്കും…എന്നിട്ട് ഇതാണ് യദ്ധാര്‍ത്ഥ വോളിബാള്‍ കളി എന്ന് ഞങ്ങളങ്ങ് വിശ്വസിക്കും.വിശ്വസിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ, പിടിച്ചു നിര്‍ത്തി കൂമ്പിനിടിച്ച് വിശ്വസിപ്പിക്കും.
ആങ്ങനെ ഇരിക്കെ…(മിക്കവാറും ഇരുപ്പാ,കോളേജില്‍ പോക്കില്ല) പല്ലന്മാരുടെ(ഡെന്റല്‍)എന്തോ ഒരു ഫെസ്റ്റ് വന്നത്.. (ഡെന്റല്‍ കോളേജിനെ പല്ലന് കോളേജെന്നും..ഡെന്റല്‍ പഠിക്കുന്ന ചുള്ളന്മാരെ പല്ലന്മാരെന്നും ചുള്ളികളെ പല്ലത്തികളെന്നും പറഞ്ഞിരുന്നു-1999-2003 വരെയുള്ള പുരാതന കാലഘട്ടത്തില്‍)
ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഒരു വില്‍സ് സിഗററ്റ് 10 പേര്‍ക്ക് ഈസിയായി ഷെയര്‍ ചെയ്ത് വലിക്കാം എന്നു തെളിയിച്ച് ഹോസ്റ്റല്‍ മുറിയില്‍ വൃത്തികേടും പറഞ്ഞിരിക്കുമ്പോള്‍ ഏതോ പല്ലന് സ്റ്റുഡെന്റ് വന്ന് ഞങ്ങളോട് ഒരു കാര്യം അഭ്യര്‍ത്ഥിച്ചു..
“മ്മക്ക് വോളിബാള്‍ മാച് കളിക്കാം.പ്ലീസ്.യേ”???
അവന്റെ അമ്മുമ്മേടെ ബോളിവാള് .കഴിഞ്ഞ ഒരാഴ്ച്ച ആയി പട്ടിണിയാ.ആ മെസ്സുകാരന് കഞ്ഞിവെള്ളം തരുന്നത് വരെ നിര്‍ത്തി.നിവര്‍ന്ന് നിന്ന് മുള്ളാനുള്ള ആരോഗ്യം ഒരുത്തനും ഇല്ല.അപ്പഴാ…അവന്റെ…..
“ആ,എന്നാ കളിക്കാം…എപ്പൊ”??എന്നുള്ള ബി എച് എം സ്റ്റുഡന്റായ വിപിന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നു…
പഹവാനേ,ഇവനിതെന്ത് ഭാവിചാണോ…നമ്മുടെ ടീമിന് ആരോഗ്യം ഇല്ലെന്നതോ പോട്ടെ, ആളു തികയുവോന്നെങ്കിലും നോക്കണ്ടെ…
“അഫ്ടര് ഹാഫ് ആന്‍ ഹവര്‍..ഓകേ???”..ആ വന്ന പല്ലന്റെ ചോദ്യം..
‘ഉവ്വാ…നടന്നതു തന്നെ. നീ നിന്റെ പാട് നോക്കടെ’എന്നു പറയാന്‍ ഞാന്‍ തുടങ്ങുമ്പോഴേയ്ക്കും കാറ്റത്ത് മറിഞ്ഞ ആല്‍മരം പോലെ കട്ടിലില്‍ കിടന്ന സന്തോഷേട്ടന്റെ മറുപടി വന്നു..
“യാ ഫയിന് നോ പ്രോബ്ലെം”..
നോ പ്രോബ്ളമോ!!ഇങ്ങേര്‍ക്കിതെന്താ?ദൈവമേ ഇനി എന്തൊക്കെ ആണാവോ വരാന്‍ പോണെ… അവന്മാരുടെ കൂടെ കളിച്ചു തോല്ക്കാന് പേടി ഉണ്ടായിട്ടല്ല..പല്ലന്മാരെല്ലാം വെറും പുല്ലന്മാരാണെങ്കിലും അവിടുത്തെ പല്ലത്തികള് എല്ലാം അമിട്ടുകളാ…നല്ല ഒന്നാന്തരം പീസുകള്‍..
സ്വപ്നത്തില്‍ പോലും അവളുമാര് ഹോസ്റ്റലിലെ ഞാനുള്‍പ്പടെയുള്ള ഒറ്റ മലയാളി ചെക്കനും വളയത്തില്ലെന്നും പറഞ്ഞ് അഭിമാനിക്കാന്‍ ഒരു പിണ്ണാക്കുമില്ലാത്ത പട്ടിണികോലങ്ങളായ ഞങ്ങളും പേരിനെങ്കിലും ആണുങ്ങളല്ലേ???(ആണോ?!!…അണെന്നേ)….
ഇവളുമാരൊക്കെ വരും ഈ കളി കാണാന്‍…
ഞങ്ങള്‍ടെ ബോളിവാള്..
അവളുമാര് വന്നിരുന്ന് പല്ലന്മാരെ ചീര്അപ് ചെയ്യും.. പാവം ഞങ്ങള്‍ ഹോസ്റ്റല്‍ ടീമിനെ ചീര്അപ് ചെയ്യാന്‍ ഹോസ്റ്റലിലെ എച്ചില് തിന്നു കഴിയുന്ന കൂത്തിപട്ടി റാണി പോലും വരുകേല..(എങ്ങനെ വരും?.ബുധനാഴ്ച കിട്ടുന്ന ചിക്കന്റെ എല്ല്, സാന്‍ട് പേപ്പര്‍ ഇട്ട് ഉരച്ചാല്‍ പോലും ഇത്ര മിനുസം കിട്ടില്ല,അത്രയ്ക്ക് നക്കി ക്ലീന്‍ ചെയ്യും.എന്നിട്ടും ആ പട്ടിക്ക് അത് നല്ല മനസോടെ കൊടുക്കുകേല.നിവൃത്തിയുണ്ടെങ്കില്‍ അതും തിന്നും.)
തോറ്റ് കഴിഞ്ഞാല്‍ നാണം ഉള്ളവനു മാത്രമേ നാണിക്കാവൂ എന്നൊന്നും ഇല്ലല്ലോ. നാണമില്ലാത്ത ഞങ്ങള്‍ക്കും അതു നാണക്കേട് തന്നെയാ….
അവന് പോയതും എല്ലാവരും സന്തോഷേട്ടന്റെ നേരെ തിരിഞ്ഞു..
“സന്തൂ നിങ്ങളിതെന്തു ബാവിച്ചാ? അരമണികൂര്‍ കൊണ്ട് എങ്ങനെ?ടീം ആരൊക്കെയാ”??”,ഞാന്‍
“നീ,നിമിഷ്,വിപിന്‍,ജോജൊ,മൊയ്ദു, പിന്നെ ആ ആസ്സാമി റാണാ..പോരെ”? ,സന്തൂ
“ആപ്പൊ നിങ്ങളോ??
“ഞാന്‍ അംബയര്‍ നിന്നോളാം”..സന്തൂ
അംബയറോ??!!!
“ങാ,മറ്റെ, അമ്പയറുപോലത്തെ സാധനം ഇല്ലേടാ…എന്തോന്നാ അത്…മറന്നു??..
“വന്പയറണോ”??,ഞാന്‍..
“ആല്ലടാ…മറ്റേ ,ങാ റഫറി….ഞാന്‍ ഹോസ്റ്റലില്‍ താമസിക്കുന്നില്ലല്ലോ.സോ അവന്മാര് എന്നെ കളിക്കാന്‍ സമ്മതിക്കില്ല…ഞാന്‍ അതോണ്ട് ന്യുട്രല്‍ റഫറി നിന്നോളാം”..
“ഊവാ,ഈ കൂട്ടത്തില്‍ കളി അറിയാവുന്ന ഒരേ ഒരാള്‍ നിങ്ങളാ…തോല്‍ക്കുമ്പോള്‍ പെണ്ണുങ്ങള് കൂവുന്നത് ഞങ്ങളെ ആവുമല്ലോ, സ്കൂട്ടാവാന്‍ നോക്കണ്ടാ… നിങ്ങള്‍ കളിച്ചേ പറ്റൂ”..വിപിന്‍
“നീയൊക്കെ ഞാന്‍ കോച്ചി തന്നിട്ടുള്ള പോലെ അങ്ങ് കളിച്ചാ മതി,കേട്രാ കണ്ട്രി ഗൂസുകളേ”..
സന്തോഷേട്ടനാണ് ഞങ്ങളെ വോളിബാള്‍ കളിക്കാന്‍ പഠിപ്പിച്ചത്.ഞങ്ങടെ സമയധോഷം(ഈശ്വരനു മാത്രം അറിയാം വോളിബാള്‍ ഇതു നന്നെയാണോന്ന്!). അതുകൊണ്ട് തന്നെ ഞങ്ങള്‍ കളിക്കാരുടെ നിലവാരം ബഹറിന്‍ വോളിബാള്‍ ടീമിനോളം ഉണ്ടെന്നാണ് പുള്ളിയുടെ വിലയിരുത്തല്‍.. ബഹറിന്‍ വോളിബാള്‍ ടീമിനെ കോച്ചിയിട്ടുണ്ടെന്ന് തലയ്ക്ക് സുഖമുള്ള ഒരുത്തനും വിശ്വസിക്കാത്ത ഗുണ്ട് ഞങ്ങളോട് അടിച്ചതും പോരാഞ്ഞ് അത് തെളിയിക്കാനായി ആ മജസ്റ്റിക് ബസ്സ്റ്റാന്ടിലെ റോഡ് സൈഡില്‍ 10 രൂപയ്ക്ക് വില്‍ക്കുന്ന ഒരു മഞ്ഞ ബനിയന് വാങ്ങി അതില്‍ അങ്ങേര് ബഹറിനില്‍ നിന്ന് ,കൊണ്ട് വന്ന കറുത്ത മാര്‍ക്കര്‍ പേന കൊണ്ട് ‘സന്തോഷ് പിള്ള’ ‘ബഹറിന്‍ ടീം’ എന്നു എഴുതിപിടിപ്പിക്കുകയും ചെയ്തു… ജൂനിയേഴ്സ് ആയി പോയതുകൊണ്ടും അങ്ങേരുടെ ശരീര ഭാരം 120 കിലോയ്ക്ക് മേല്‍ ഉള്ളതിനാലും പാവം,ഞങ്ങള്‍ അതിനെ ഒന്നും എതിര്‍ത്തില്ല..
“ടാ.ഇപ്പൊ വേണോ? ഈ സമയത്ത് കാറ്റ് കൂടുതലായിരിക്കും.പിന്നെ ഗ്രാവിറ്റി..ഓ.അതൊന്നും നിങ്ങള്‍ക്ക് മനസിലാവില്ല.വോളിബാള്‍ കളിക്കുമ്പോള്‍ ഇതൊക്കെ ഫാക്ടേര്സാ.കാറ്റിന്റെ ഗതി,ഗ്രാവിറ്റി ഒക്കെ”..മൊയ്ദുക്ക..
“അതേ,നീ വല്യ ബുദ്ധിജീവിയാനും പറഞ്ഞ് പേടിപ്പിക്കല്ലേ.ഒരെണ്ണം കൈ വീശി ഞാന്‍ തന്നാല്‍ ഗ്രാവിറ്റി എന്താന്ന് നീ അറിയും,ചിലപ്പൊ നിന്റെ കാറ്റും പോവും..വെണ്രാ??,സന്തു
കൈയ്യില്‍ കിട്ടിയ വേഷം ഒക്കെ എടുത്തിട്ട് അത്താഴത്തിന്, ബാക്കി വച്ച, കന്നാലി പോലും കുടിക്കാത്ത പുളിച്ച കഞ്ഞിവെള്ളവും കുടിച്ച് ഞങ്ങള്‍ തയാറായി ഗ്രൌണ്ടിലെത്തി….
“കൃഷ്ണാ”…..ഇതു ഞാന്‍ വിളിച്ചത്….
“കര്‍ത്താവേ”…ഇതു നിമിഷും വിപിനും വിളിച്ചത്..
“ന്റെ അള്ളോ”….ഇതു മൊയ്ദുക്ക വിളിച്ചത്…
“മയ് ഗുഡ്നെസ്സ്”….ഇത് സന്തോഷേട്ടന് വിളിച്ചത്
എന്തിനാന്നാ?????
വോളിബാള്‍ ഗ്രൌണ്ടിനു ചുറ്റും പല്ലന് കോളേജിലെ പിള്ളേര് കളികാണാന്‍ നിരന്നിരിക്കുന്നു!!!!..
പല്ലന്മാര് ഒരു വശത്ത്… പല്ലത്തികള് മറു വശത്ത്…
ദൈവമേ കൂവല്‍ ഉറപ്പ്…ഹോസ്റ്റലിലുള്ള പല്ലന് പിള്ളേര് ആരെങ്കിലും കൂവിയാല്‍ സമയം കിട്ടുമ്പോള്‍ അവന്മാരെ കൈകാര്യം ചെയ്യാം.ഇതു ഹോസ്റ്റലിലുള്ളതും ഇല്ലാത്തതും എല്ലാം കൂടെ പത്ത്നൂറെണ്ണം ഉണ്ട്!!… പണിയായി…
ചില പല്ലന്മാര് കുമ്മായം കൊണ്ട് കോര്‍ട്ടിന് വര ഇടുന്നു .വര ഇട്ട് പാവം ഞങ്ങടെ തലേവര മാറ്റാനുള്ള പരിപാടിയാ.അതു കുമ്മായം തന്നാന്നോടേ.അതോ നിന്നെയൊക്കെ പല്ല്,കാണിക്കാന്‍ വന്നവരുടെ പല്ല്, പൊടിച്ചതോ?..എന്തൊരു കളറ്……
വര ഇടുന്നത് കണ്ട് സന്തോഷേട്ടന് സൂക്ഷിച്ചു നോക്കി..
“എന്താ ചേട്ടാ നോക്കുന്നെ? വോളിബാള്‍ കോര്‍ട്ട് ചതുരത്തിലാന്നോ അതോ വട്ടത്തിലാണോ എന്നു നിങ്ങള്‍ക്ക് സംശയം ഉണ്ടല്ലേ??.. ഇനി ബഹറിനില്‍ ഒക്കെ വട്ടത്തിലാണോ സന്തു??”…നിമിഷ്…
“സത്യം പറ ചേട്ടാ..വോളിബാളാണെന്നും പറഞ്ഞു നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചത് ബഹറിനിലെ കുഴിപന്തോ ഗോലികളിയോ ആണോ??”വിപിന്‍
“പോടാ പോടാ…ആ ജോജൊയേയും സിറാജിനേയും കണ്ട് പഠിക്ക്,നോക്കടാ.. രണ്ടും നിന്ന് പ്രാക്ടീസ് ചെയ്യുന്ന കണ്ടോ നീയൊക്കെ”??
“ഹഹ..അത് അവര്‍ പ്രാക്ടീസ് ചെയ്യുവല്ല സന്തുവേ,ബോള്‍ കാണാന്‍ പറ്റുന്നുണ്ടോന്നു നോക്കുവാ..കണ്ണട വച്ചില്ലെങ്കില്‍ രണ്ടിനും കണ്ണു കാണുകേലാ…അതറിയത്തില്യോ കോച്ചേ ഇത്രനാളായിട്ടും??”,ഞാന്‍…
“ഓകെ തമാശ കള…ബീ പ്രാക്ടിക്കല്‍. ആവന്മാരുടെ കളിയുടെ നിലവാരം നമുക്കറിയില്ല… നമ്മുടെ കളിയുടെ നിലവാരം അവന്മാര്ക്കും അറിയില്ല. പക്ഷേ നമുക്ക് നമ്മുടെ കളിയുടെ നിലവാരം തീരെ അറിയില്ല എന്ന കാര്യം നമുക്ക് ആരോടും പറയണ്ട.അവന്മാരെ പറ്റിക്കാം.ഹിഹി..… അതോണ്ട് ഒന്നും പേടിക്കാനില്ല….നമുക്കും അവര്‍ക്കും…
ജോജോ സെന്റര്‍ കളിക്കട്ടെ…രാജെഷ് സ്മാഷ്..നിമിഷ് ലിഫ്റ്റ്…സിറാജ് ജോജൊയുടെ റൈറ്റ്…വിപിനെയും ആ ആസാമി റാണയേയും നമുക്ക് മാറ്റി മാറ്റി ഇഷ്ടമുള്ള പൊസിഷനില്‍ കളിപ്പിക്കാം എന്താ?”
“നിങ്ങള്‍ ഒരുമാതിരി ആളെ കളിപ്പിക്കരുത്.ഇതൊക്കെ ചെയ്താല്‍ ജയിക്കും എന്നു വല്ല ഉറപ്പും കോച്ചായ നിങ്ങള്‍ക്കുണ്ടോ”??,നിമിഷ്..
“ഉണ്ടെടാ,കളിയില്‍ തോല്‍ക്കാത്ത ടീം വിജയിക്കും.ഷുവര്‍.പിന്നെ റൊട്ടേഷന്‍ സിസ്റ്റം ഇല്ലാ…അതോണ്ട് അവനവന്റെ പൊസിഷനില്‍ അവനവന് അങ്ങു കളിച്ചാല്‍ മതി…ട്രാ”..സന്തു.
“അവന്മാരുടെ സ്മാഷ് തലയ്ക്ക് വീഴുമ്പോള്‍ തലയ്ക്കകത്ത് റൊട്ടേഷന്‍ നടന്നോളും.മലയാളത്തില്‍ അതിന് തലകറക്കം എന്നു പറയും.ഞങ്ങളെ അവന്മാര് അടിച്ചിടുമ്പോള്‍ നിങ്ങള്‍ ഹാപ്പി ആവുമല്ലോ.ഓരോ കുരിശ്.”വിപിന്‍
“ബീ കോണ്‍ഫിഡന്റ് എന്നെ നാണം കെടുത്തല്ലേടേ.ആ റാണ എവിടെ”???സന്തു.
“അവന് ഹാന്‍സ് വാങ്ങാന്‍ പോയി.ഹാന്‍സിന്റെ കവര്‍ പോക്കറ്റില്‍ വച്ച് എന്തു ചെയ്താലും അവന് വല്ലാത്ത കോണ്‍ഫിഡന്‍സാ.ഗേള്‍സ് ഹോസ്റ്റലിലെ ഒരു പെണ്ണിന് വാലന്റ്റയന്സ് ഡേയുടെ അന്ന് പ്രൊപോസ് ചെയ്യാന്‍ പോയി വലത്തെ പോക്കറ്റില്‍ ഇരുന്ന പൂവിനു പകരം ഇടത്തേ പോക്കറ്റില്‍ ഇരുന്ന ഹാന്‍സിന്റെ പാകറ്റ് എടുത്ത് കൊടുത്ത് ഫെബ്രുവരി പതിനാലിന് ഏപ്രില്‍ ഫൂള്‍ ആയതിന് ശേഷം പാവം ഇങ്ങനാ…കഷ്ടം,…ല്ലേ??…ദോ വരുന്നു..”,ഞാന്‍
പല്ലന് ടീം യുദ്ധത്തിനു തയാറായി കോര്‍ട്ടിലെത്തി.. അവന്മാരെല്ലാം വലിയ സ്പോര്‍ട്സ് മാന്‍ ഗെറ്റപ്പില്‍..
കാലില്‍ ഷൂ…ഷോര്‍ട്ട്സ്….നല്ല കാശുമുടക്കി വാങ്ങിയ ടീഷര്‍ട്ട്…
സാനിയാ മിര്‍സയെ പോലെ കയ്യിലും തലയിലും ഒക്കെ വെളുത്ത സോക്സ് വെട്ടി ഇട്ടിരിക്കുന്നു..
നാണമില്ലാത്തവന്മാര്…ഞങ്ങളുടെ കൂടെ കളിക്കാന്‍ ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ??
ഞങ്ങള്‍ പരസ്പരം നോക്കി.. യേസ്…അഭിമാനിക്കാന്‍ ഞങ്ങള്‍ക്കും വകയുണ്ട്.. ഞങ്ങളുടെ കൂട്ടത്തില്‍ ഷൂസ് ഇട്ട രണ്ട് കാലുകള്‍ ഞാന്‍ കണ്ടെത്തി സിറാജ് എന്ന മൊയ്ദുക്ക..
ഒരു കാലില്‍ ആക്ഷന്‍ മറ്റൊരു കാലില്‍ ബൂട്സ്..
“ങേ??!ഇക്കാ..ഇതെന്താ പുതിയ ഫാഷനാണോ അതോ നിങ്ങളെ ഷൂസെറിഞ്ഞവന് ജോഡിയായിട്ട് എറിഞ്ഞില്ലേ”??!”ഞാന്‍…..
“ഫാഷനൊന്നും അല്ലടാ..ഞാന്‍ ധൃതിപിടിച്ച് നോക്കിയപ്പോള്‍ രണ്ടിനെയും ഓരോന്നു വച്ചേ കണ്ടുള്ളൂ…അതാ..ആര്‍ക്കും മനസിലാവില്ലല്ലോ..ഉവ്വോ”??
“ഏയ് കഷ്ടം.ഇല്ല. ഒരു ഷൂ കറുപ്പും മറ്റൊന്ന് വെളുപ്പും അല്ലേ.നല്ല മാച്ചിങ് കളറാ.ആര്‍ക്കും മനസിലാവില്ല.സോ നോ പ്രോബ്ളം,എന്റെ ഇക്കാ..നിങ്ങളെ.”..ഞാന്‍…
”
ശ്ശെ,ഇനി പോയി മാറ്റണോ..ആ സന്തു, ഡേഷ് ധൃതിപിടിച്ച് ഇറങ്ങാന്‍ പറഞ്ഞോണ്ട് പറ്റിയതാ.”
“വേണ്ടാ സമയമില്ല”…ഞാന്‍….
മൊയ്ദുക്കയുടെ കാലുകള്‍ ആക്ഷനും ബൂട്സിനും വേണ്ടി സംസാരിച്ചപ്പോള്‍ ഞങ്ങളുടെ കാലുകള്‍ കമ്പനി അട്രസ്സ് പോലും ഇല്ലാത്ത 15 റുപീസിന്റെ വാറു പൊട്ടിയ ചപ്പലുകള്ക്കു വേണ്ടി സംസാരിച്ചു……
പല്ലന്മാരുടെ ടീം ക്യാപ്ടന് ഞങ്ങളുടെ അടുത്തെത്തി..
“ക്യാന്‍ വീ സ്റ്റാര്‍ട്ട്??”
“യയയാ..ഷുവര്‍…(അതു വേണോ)”???ഞാന്‍…
ടോസിനായി റഫറി സന്തുവിന്റെ കാര്‍മികത്വത്തില്‍ ഇരു ടീമിന്റേയും ക്യാപ്ടന്മാരെ കോര്‍ട്ടിലേയ്ക്ക് വിളിച്ചു.. ഭാഗ്യത്തിനു ഞങ്ങള്‍ക്ക് അങ്ങനെ ഒരേര്‍പ്പാട് ഇല്ലാത്തതുകൊണ്ട് കൂട്ടത്തില്‍ നീളമുള്ള വിപിന്‍ പോയി..
“നിനക്ക് ഹെഡ്സ് വേണോ ടെയില്‍സ് വേണോ” വിപിനോട് റഫറി സന്തുവിന്റെ ചോദ്യം
“ആദ്യം മീന്‍ ഏതാണെന്ന് പറ. എന്നിട്ട് പറയാം..ങാഹാ”,വിപിന്‍..
“ങേ!!ടാ, മീന്‍ വറുത്തതിന്റെ കാര്യമല്ലടാ പുല്ലേ ചോദിച്ചേ,ടോസിന്റെ കാര്യമാ”?? സന്തു
“ഓ..അതു ശരി…ഞാന്‍ വിയാരിച്ച്…രണ്ടായാലും എനിക്ക് ടെയില്‍സ് മതി”…വിപിന്‍..
ടോസ് ഞങ്ങള്‍ക്ക് ….
ഇഷ്ടപ്പെട്ട കോര്‍ട്ട് കിട്ടി..അതുകൊണ്ട് സര്‍വീസ് അവന്മാര്ക്കും..
ടീംഅംഗങ്ങള്‍ പരസ്പരം കൈ കൊടുത്ത് പരിചയപ്പെട്ടു…. ഞങ്ങളുടെ ടീമിലെ പുലികളെ പറ്റി ഏതാനും വാക്കുകള്‍….
സിറാജ് മൊയ്ദു..
ടീമിലെ ബുദ്ധി ജീവി..അസൂയക്കാരുടെ ഭാഷയില്‍ വെറും ജീവി… ഗേള്‍ഫ്രണ്ടിന്റെ ഭാഷയില്‍ വികാരജീവി..കള്ളുകുടിച്ചാല്‍ ഉരഗജീവി…..
ബോളിന്റെ വരവ് കണ്ട് അത് ഔട്ടാണോ ഇന്‍ ആണോ അതോ ലയിനിലാണോ എന്നു കണ്ടു പിടിക്കാനുള്ള അസാമാന്യ കഴിവ്…പക്ഷേ ആ കഴിവ് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പാവം.അതു തെളിയിക്കാനുള്ള ശ്രമത്തിനിടയില്‍ കോര്‍ട്ടിനു പുറത്തേയ്ക്ക് പോകുന്ന ബോളില്‍ എങ്ങനെയെങ്കിലും കയറി ഞോണ്ടുകയും,ഇന്‍ ആവുന്ന ബാള്‍ വരുമ്പോള്‍ കൈ കെട്ടി..”മ്ലേച്ചം ഞാന്‍ തൊടില്യാ’ എന്ന ഭാവത്തില്‍ നില്‍ക്കുകയും എന്നിട്ട് അതിന്റെ കാരണം ശാസ്ത്രത്തിന്റെ സഹായത്തോടെ വിവരിച്ച് തരുകയും ചെയ്യുന്ന ബുദ്ധിരാക്ഷസന്…
രയേഷ് എസ് ആര്(മ്മളാ..)
ടീമിലെ സ്മാഷര്‍…ലിഫ്റ്റര്‍ നിമിഷിന്റെ തോളു വരെ ഉയരത്തില്‍ ചാടുകയും ഉള്ള ബോഡി വെയിറ്റെല്ലാം ഇട്ട് ബോളില്‍ സ്മാഷ് ചെയ്താല്‍ 2 വയസുള്ള കുഞ്ഞ് പീപ്പി എടുത്തെറിയുമ്പോള്‍ പോകുന്ന സ്പീടില്‍ ബോള്‍ മറ്റവന്റെ കോര്‍ട്ടില്‍ പതിക്കുകയും ചെയ്യും…’ഈ സ്പീടിലടിക്കാനെന്തിനാ ഈ കൊണാപ്പന്‍ ഇത്ര ഉയരത്തില്‍ ചാടിയെ’?! എന്നു ചിന്തിച്ച് നില്ക്കുന്ന ടീംമേറ്റ്സിനെ നോക്കി ‘എങ്ങ്ന്ട്രാ എന്റെ സ്മാഷ്?’ എന്ന ഭാവത്തില്‍ അഭിമാനത്തോടെ നോക്കുന്ന ധീരന്..മിക്കവാറും ചാടുന്ന വഴി ബാലന്‍സ് തെറ്റി കൊമ്പന്‍സ്രാവ് വലയില്‍ കുരുങ്ങിയ പോലെ നെറ്റില്‍ കുരുങ്ങി കിടന്ന് നിലവിളിക്കും.പിന്നെ എല്ലാവരും കൂടെ വന്ന് അഴിച്ചെടുക്കും..
ജോജോ പോള്‍..
സെന്റ്റര്‍ ലിഫ്റ്റ്… വൈകിട്ട് അന്ച് മണി കഴിഞ്ഞാല്‍ കണ്ണ് കാണൂല…പിന്നെ വരുന്ന ബോളിനെ ഊഹം വച്ച് ലിഫ്റ്റ് ചെയ്യും.കളിയുടെ ഇടയ്ക്ക് പാന്‍പരാഗ് വേണം..എതിര് ടീമിനാണ് പോയിന്റ് കിട്ടുന്നതെങ്കിലും ‘കികികികികി’ എന്നു സന്തോഷത്തൊടെ ചിരിക്കാന്‍ മടിയില്ലാത്തവന്..ആ ചിരി സഹിക്കാന്‍ വയ്യാതെ പലപ്പോഴും എതിര് ടീം 2 പോയിന്റ് ഫ്രീ ആയി തരും…സൌമ്യന്‍.. സരസന്…കൂള്‍ ഹെഡ്..
വിപിന്‍..
ബ്ളൊക്കര് പുള്ളിക്ക് ഇടയ്ക്ക് കൃക്കറ്റും വോളിബാളും കൂടെ കണ്‍ഫ്യൂഷനാവും..ബാളു വരുമ്പോള്‍ കയ്യില്‍ ബാറ്റുണ്ടെന്നു കരുതി വീശും.സര്‍വീസ് ചെയ്യുമ്പോള്‍ ഷോയേബ് അക്തര്‍ ആകും..എതിര് ടീം ബോള്‍ മിസ് ചെയ്താല്‍ കേട്ടുകൊണ്ട് നില്ക്കുന്നവന് വരെ തൊണ്ട തടവും വിധം അലറികൊണ്ട് ‘ഹവ് ഇസ് ദാറ്റ്’ എന്നു ചോദിച്ച ശേഷം ‘സോറി..ബോളിവാള് ആരുന്നല്ലേ,ഞാന്‍ വിയാരിച്ച് കൃക്കറ്റ് ആണെന്ന് ??’ എന്നു പറഞ്ഞ് ചമ്മിചിരിക്കും..
നിമിഷ് ജോര്‍ജ്..
ലിഫ്റ്റെര്.. ജീവനുണ്ടെങ്കില്‍ എതിര് ടീമിന്റെ സ്മാഷ് ബ്ളോക്ക് ചെയ്യില്ല.ഒരിക്കല്‍ എതോ കളി അറിയാവുന്നവന്റെ സ്മാഷ് ബ്ളൊക്ക് ചെയ്ത്, തമിഴ് പടത്തില്‍ വിജയ് വില്ലനെ ഇടിക്കുമ്പോള്‍ തെറിക്കുന്ന പോലെ തെറിച്ച് കോര്‍ട്ടിനു വെളിയില്‍ പോയി…അന്ന് ഈ പറഞ്ഞ ലിഫ്റ്ററെ ലിഫ്റ്റ് ചെയ്യാന്‍ എല്ലാവരും കുറേ പാടു പെട്ടു..അതിനു ശേഷം ഡീസന്റാ…
റാണാ…
ആസാമി.സന്തോഷ് മാധവന്റെ പോലുള്ള കൂതറ ആസാമി അല്ല.ഒന്നാന്തരം ഒറിജിനല്‍ 916 ആസാമി.(ഫ്രം ആസ്സാം).ബോള്‍ തന്റെ അടുത്തേയ്ക്ക് വരുന്നത് മുന്‍കൂട്ടി കണ്ട് കുറച്ച് മാറി നിന്ന് തൊട്ടടുത്തു നില്‍ക്കുന്നവനെ നോക്കി ‘നിന്റെ ബോളല്ലാരുന്നോ എന്താടാ എടുക്കാഞ്ഞെ’?? എന്ന ഭാവത്തില്‍ നോക്കി ഹാന്‍സ് വയ്ക്കുകയും തുപ്പുകയും ചെയ്യുന്ന ഒരു പാവം…
കളി ആരംഭിക്കാനായി ഞങ്ങളുടേ ടീമും അവരുടെ ടീമും കോര്‍ട്ടിലിറങ്ങി…
ചുറ്റും ആളുകള്‍..എല്ലാവരും പല്ലന് ടീമിനു വേണ്ടി അട്ടഹസിക്കുന്നു..
ഞങ്ങള്‍ക്ക് വേണ്ടി അട്ടഹസിക്കാന് ഒരു മൂന്നാല് ജൂനിയറുമാരെ ‘വൈകിട്ട് ഒരു മുട്ട പഫ്സും കാലി ചായയും വാങ്ങി തരാടാ (പറ്റിച്ചതാ!!),ഒന്നു വന്നു കൈ അടിക്കടാ..പ്ലീസ് ടാ..ഇല്ലെങ്കില്‍..ങാ’ എന്നു പറഞ്ഞ് സംഘടിപ്പിച്ച് കൊണ്ടുവന്ന് ഒരു മൂലയിലിരുത്തി..
കോച്ച് സന്തു ഞങ്ങളുടെ അടുത്തു വന്നു..
“കള്ളകളി കളിക്കരുത്.ഞാനാണ് റഫറി എന്നു പറഞ്ഞ്,നോ പാര്‍ഷ്യാലിറ്റി.ഓകെ?.പിന്നെ ഒരു കാര്യം..ശ്ശ് നിങ്ങള്‍ പേടിക്കണ്ടാ…ഒരു കോച്ചിന്റെ കടമ ഞാന്‍ ചെയ്തിട്ടുണ്ട്.അവന്മാരുടെ സ്മാഷ് കൊണ്ട് നിന്റെയൊക്കെ പല്ലിളകിയാല് ഫ്രീ ആയി അവന്മാര് വെപ്പുപല്ല്, വച്ച് തരും.സത്യം.അറ്റ്ലീസ്റ്റ് ഗ്രൌട്ട് ഇട്ട് ഉറപ്പിച്ചെങ്കിലും തരും.പോരേ….സോ ധൈര്യമായി കളിച്ചോ.എന്ജോയ് ഗയ്സ്”..
കള്ള കഴുവേറി കോച്ചേ!!! കളി ഒന്നു കഴിയട്ടെ..ഞങ്ങളുടെ ഇളകുന്ന ഒരോ പല്ലിനും നിങ്ങളെകൊണ്ട് സമാധാനം പറയിക്കും നോക്കിക്കോ..
കോച്ച് സന്തു പോയി നെറ്റിന്റെ അടുത്തിട്ടിരുന്ന പ്ലാസ്റ്റിക് കസേരയില്‍ കയറി നിന്ന് റഫറിയുടേ രൂപമെടുത്തു,,
ഫ്രൂ..
വിസില്‍ മുഴങ്ങി..
ചുറ്റും ആര്‍പ്പുവിളികള്‍…. അവന്മാരുടെ സര്‍വീസ്..
ഒരു കോലന്‍ സര്‍വീസ് എടുക്കുന്നു..
ഠപ്പേ..
“അമ്മച്ചിയേ…ഉയ്യോ”…
നിലവിളി കേട്ട ഭാഗത്തേയ്ക്ക് ഞങ്ങള്‍ നോക്കി..കഷ്ടപ്പെട്ട് ബാലന്‍സ് ചെയ്ത് പ്ലാസ്റ്റിക് കസേരയില്‍ നിന്ന 120കിലോഗ്രാം ഇനത്തില്‍ പെട്ട ഡഫറി സന്തു ദാ നിലത്ത് കിടന്ന് പുല്ല് പറിക്കുന്നു!!!..
സര്‍വീസ് എടുത്ത പല്ലന്റെ ബോള്‍ ഡയറക്ഷന്‍ മാറി റൂട്ട് തെറ്റി വന്ന് നേരെ ഞങ്ങള്‍ടെ കോച്ചും ഡഫറിയുമായ സന്തുവിന്റെ ചെവികല്ലിനാണ് കൊണ്ടത്..ശിഷ്യഗണങ്ങളായ ഞങ്ങളുടെ ചോര തിളച്ചെങ്കിലും എല്ലാവരും കണ്ട്രോള് ചെയ്തു(ചിരി)..ഹോ പുള്ളി കോച്ചിന്റെ കടമ ചെയ്തത് നന്നായി.എന്തായാലും അണപല്ല്,ഇളകിയിട്ടുണ്ടാകും..ഇനി ഫ്രീ ആയി ചികിത്സിപ്പിക്കാല്ലോ..
ബാക്കി പുല്ല് പറിക്കാന്‍ ഇനിയും ചാന്‍സ് ഇവന്മാര് തരും എന്ന പ്രതീക്ഷയില്‍ സന്തു ചാടി എഴുനേറ്റു,’നോക്കിയേ,എനിക്കൊന്നും പറ്റീല്ല,ഹായ്’ എന്ന ഭാവത്തില്‍ വീണ്ടും കസേരയില്‍ കയറി നിന്ന് ‘എന്റെ ചോരയില്‍ ഉപ്പു കൂടുതലാണല്ലോ,ഡയബറ്റിക് ആണോ’എന്ന് ചിന്തിച്ച് വിസില്‍ അടിച്ചു..
പക്ഷേ ആ ഒറ്റ സര്‍വീസോടെ അവന്മാരുടെ ടീമിന്റെ നിലവാരം ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.
കളി ആരംഭിച്ചു.. പൊരിഞ്ഞ യുദ്ധം..
പല്ലന്മാര്ക്കു വേണ്ടി പല്ലേശ്വരഭഗവാനെ മനസില്‍ ദ്യാനിച്ച് പല്ലത്തികള് ആര്‍ത്തു വിളിക്കുമ്പോള്‍,ഒരിക്കലും കിട്ടാന്‍ വിധൂരമായ സാദ്യത പോലും ഇല്ലാത്ത മുട്ടപഫ്സും കാലിചായയും പ്രതീക്ഷിച്ച് മൂന്നാലെണ്ണം ഞങ്ങള്‍ക്കു വേണ്ടിയും ആര്‍ത്തു വിളിക്കുന്നു..
അവന്മാര്ക്ക് പോയിന്റ് കിട്ടുമ്പോള്‍ ഞങ്ങള്‍ടെ ടീമിലെ ജോജൊ മാത്രം ചിരിക്കും..ഞങ്ങള്‍ക്ക് പോയിന്റ് കിട്ടുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ചിരിക്കും..
ആവേശകരമായ മത്സരത്തിന്റെ 2 സെറ്റ് ഗയ്മിനിടയില് സ്മാഷ് ചെയ്യാന്‍ ശ്രമിച്ച് ഞാന്‍ ഒരു 6 പ്രാവശ്യം നെറ്റില്‍ കുരുങ്ങി കിടന്നു നിലവിളിച്ചു..
മൊയ്ദുക്ക ഇന്‍ ആയ ബാളില്‍ കൈ വയ്ക്കാതിരിക്കുകയും,കോര്‍ട്ടില്‍ നിന്നും ഒന്നരകിലോമിറ്റര്‍ ദൂരെ കൂടെ പോയ ബാള്‍ ഓട്ടോ പിടിച്ചു പോയി ഞോണ്ടുകയും ചെയ്തു..എന്നിട്ട് ഓരോ തവണയും താന്‍ എന്തിനു ബാള്‍ മിസ് ആക്കി എന്നു ശാസ്ത്രത്തിന്റെ സഹായത്തോടെ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. കാറ്റിന്റെ ഗതിക്കും ഗുരുത്വാകര്‍ഷണത്തിനും വോളിബോളുമായി ഇത്രയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്ന നഗ്ന സത്യം അന്നു ഞങ്ങള്‍ വീണ്ടും തിരിച്ചറിഞ്ഞു.
നിമിഷ് ആവേശത്തില്‍ അറിയാതെ സ്മാഷ് ബ്ളോക് ചെയ്ത് 2 പ്രാവശ്യം കോര്‍ട്ടിനു വെളിയിലേയ്ക്ക് തെറിച്ച് പോയി..
വെടിചില്ല് പോലെ വന്ന പല്ലന്മാരുടെ ചില സേര്വുകള് മൂക്കു കൊണ്ട് ലിഫ്റ്റ് ചെയ്യാന്‍ ശ്രമിച്ച് ഹനുമാന് സ്വാമിയെ കൊണ്ട് പോലും ‘ഇവന് എന്നേക്കാള്‍ സ്മാര്‍ട്ടാ’എന്നു പറയിപ്പിക്കും വിധം ചുണ്ടും മൂക്കും ഒക്കെ ചുവന്ന് വീര്‍ത്ത് കികികികി എന്ന് ചിരിച്ചു കൊണ്ട് അടുത്ത സേര്‍വ് മൂക്കുകൊണ്ട് സ്വീകരിക്കാന്‍ തയാറായി ജോജോ നിന്നു.
വാഴയ്ക്ക് ചാണകം ഇട്ട പോലെ കോര്‍ട്ടിനു വെളിയില്‍, താന്‍ നിന്ന ഭാഗം ഹാണ്സ് തുപ്പി തുപ്പി നിറച്ചു കൊണ്ട് ആസാമി റാണ ഇനി തുപ്പാനുള്ള സ്ത്ഥലം അന്വേഷിച്ചു…
വോളിബാള്‍ കണ്ട് ക്രിക്കറ്റ്ബാള്‍ ആണെന്നു കരുതി കണ്ഫ്യൂഷനില് കൈ കൊണ്ട് വീശിയടിച്ച് ഡെന്റ്റല്‍ കോളെജിന്റെ 2 ജനല്‍ചില്ല് പൊട്ടിച്ച അഭിമാനത്തോടെ വിപിന്‍ …
ഇങ്ങനെയൊക്കെയാണെങ്കിലും പതിനന്ച് പോയിന്റിന്റെ മൂന്ന് സെറ്റ് കളിയില്‍ 2 സെറ്റ് കഴിഞ്ഞപ്പോള്‍ കഷ്ടപ്പെട്ട് ഞങ്ങള്‍ ഒരു സെറ്റ് നേടി.
മൂന്നാമത്തെ സെറ്റ് അതുകൊണ്ട് തന്നെ ഇരു ടീമുകള്‍ക്കും പ്രധാനപ്പെട്ടതായി.
പല്ലന്മാര് ആപ്പിള്‍ ജ്യൂസും ഗ്ലൂകോസും കഴിച്ച് മൂന്നാമത്തെ സെറ്റ് കളിയ്ക്കായി കോര്‍ട്ടിലെത്തി.
മെസ്സില്‍ കഞ്ഞിവെള്ളം ചോദിച്ചു ചെന്ന ഞങ്ങളെ മുണ്ട് പൊക്കി കാണിച്ച് മെസ്സുകാരന് നിരാശരാക്കിയെങ്കിലും പൈപ്പ്വെള്ളം കുടിച്ച് മാക്സിമം എനെര്‍ജിയോടെ ഞങ്ങളും ഗേമിനു തയാറായി..
കളി ആരംഭിച്ചു..
പെട്ടന്നാണ് ഞങ്ങളെ എല്ലാം അത്ഭുതപെടുത്തികൊണ്ട് അതു സംഭവിച്ചത്….
സിറാജ് എന്ന മൊയ്ദുക്ക അതി ഭീകര ഫോമില്‍!!!!…..
കെ എസ് ആര് ടി സിക്ക് കൈ കാണിക്കുന്ന പോലെ വല്ലപ്പോഴും ഔട്ട് പോകുന്ന ബോളില്‍ മാത്രം കൈ വച്ച് ശീലമുള്ള മൊയ്ദുക്ക കോര്‍ട്ടില്‍ ഓടി നടന്നു ബോള്‍ ലിഫ്റ്റ് ചെയ്യുന്നു!!…
പുറകില്‍ നിന്നു ചാടി സ്മാഷ് അടിക്കുന്നു!…
നിലത്തു കുത്തുന്നതിനു മുന്‍പ് പല്ലന്മാരുടെ സ്മാഷ് ഡൈവ് ചെയ്തെടുക്കുന്നു!..
ഫുള്‍ റ്റൈം തുള്ളി തുള്ളി നിന്ന് ‘ആക്റ്റീവ് ആവെടാ’ എന്നലറുന്നു!.
എന്താണാവോ പെട്ടന്ന് ഇങ്ങേര്‍ക്ക് സംഭവിച്ചത്??!!!..
“ഇക്കാ…എന്താ”??!!!!
“കുന്തം …സിറാജ് ഇതൊക്കെ കുറേ കണ്ടതാ..കൊല്ലും ഞാന്‍ എല്ലാത്തിനേം”
കൃഷ്ണാ!..ആ മെസ്സുകാരന് കഞ്ഞിവെള്ളം കൊടുക്കതെ മുണ്ട് പൊക്കി കാണിച്ചത് ഇങ്ങേര്‍ക്ക് ഇഷ്ടപ്പെട്ടില്ലേ…അങ്ങനെ വരാന്‍ ഒരു സാദ്യതയും ഇല്ലല്ലോ, അയാളുടെ കിഴുത്തയുള്ള ആ ചുവന്ന ജെട്ടി സിറാജേട്ടന്‍ എത്രവെട്ടം കണ്ടിരിക്കുന്നു..?
മൊയ്ദുക്കായുടെ അണ്‍നോണ്‍ റീസണ്‍സ് മൂലമുള്ള മാസ്മരിക പ്രകടനത്തിനൊടുവില്‍ അവന്മാര്ക്ക് 14 പോയിന്റ്….ഞങ്ങള്‍ക്കും 14 പോയിന്റ്…
ഇനി ഒരു പോയിന്റ് കൂടെ എടുക്കുന്ന ടീം വിജയിക്കും…
സര്‍വീസ് അവന്മാര്ക്ക്…
സര്‍വീസ് എടുക്കുന്നത് റഫറി സന്തുവിനെ ആദ്യ സര്‍വീസിലൂടെ പുല്ലുപറിപ്പിച്ച അതേ പല്ലന്..
സന്തു കസേരയില്‍ നുന്നുകൊണ്ട് ‘ടാ,പയലേ..ഇനി പറിക്കാന്‍ താഴെ പുല്ലൊന്നും ഇല്ല..ദയവായി എന്നെ അടിച്ചിടരുത്’എന്ന ഭാവത്തില്‍ ദയനീയമായി അവനെ നോക്കികൊണ്ട് നെറ്റ് കെട്ടിയ പോളില്‍ മുറുകെ പിടുച്ചു..
അവന് സേര്‍വ് ചെയ്തു..
ബോള്‍ അന്തരീക്ഷത്തില്‍… അതും നല്ല ഉയരത്തില്‍….
വരുന്നത് മൊയ്ദുക്കായുടെ അടുത്തേയ്ക്ക്… നിശബ്ദത….
എല്ലാവരും നെഞ്ചിടിപ്പോടെ കാത്തു നില്ക്കുന്നു..
എന്തും സംഭവിക്കാം..
ആ ബാള്‍ എല്ലാവരേയും കണ്ഫ്യൂസ് ചെയ്യിച്ച് കോര്‍ട്ടിന് അകത്തേക്കാണോ പുറത്തേക്കാണോ എന്ന് സംശയിപ്പിച്ചാണ് വരുന്നത്.. ബോള്‍ മൊയ്ദുക്കായുടെ അടുത്തെത്തി..
അതാ കോര്‍ട്ടിന്റെ പുറകില്‍ നിന്നും ഉയര്‍ന്നു ചാടി യാ.. കീ…എന്ന അലര്‍ച്ചയോടെ മൊയ്ദുക്കായുടെ നല്ല ഒന്നാത്തരം പ്രൊഫഷണല്‍ ഷോട്ട്…ഉഗ്രനൊരു സ്മാഷ്!! ബോള്‍ അവന്മാരുടെ കോര്‍ട്ടിലെ നിലത്ത് കുത്തി…
മുട്ടപഫ്സും കട്ടന്ചായയുംചായയും കാത്തിരിക്കുന്നവര്‍ ആര്‍ത്തു വിളിച്ചു..
മൊയ്ദുക്കായുടെ സ്മാഷില്‍ അങ്ങനെ സര്‍വീസ് വീണ്ടും ഞങ്ങള്‍ക്ക്…… സ്കോര്‍ ഇപ്പോഴും 14-14….
ഞങ്ങളുടെ ഈ സര്‍വീസില്‍ അവന്മാര് ബോള്‍ മിസ് ചെയ്താല്‍ ഞങ്ങള്‍ ജയിച്ചു….
സര്‍വീസ് എടുക്കുന്നത് റാണാ… ബോള്‍ അതാ അവന്മാരുടെ കോര്‍ട്ടില്‍….
പല്ലന്മാര് തിരിച്ച് ആ ബോള്‍ ഞങ്ങളുടെ കോര്‍ട്ടിലേയ്ക്ക് അടിച്ചു വിട്ടു.
ബോള്‍ കണ്ണുകാണാന്‍ വയ്യാതെ സെന്റര്‍ കോര്‍ട്ടില്‍ നില്ക്കുന്ന ജോജോയുടെ അടുത്തേയ്ക്ക്.. ജോജോ അതു ഉയര്‍ത്തി….
ബോള്‍ ലിഫ്റ്റെര് നിമിഷിന്റെ അടുത്തെത്തി.. നിമിഷ് ലിഫ്റ്റ് ചെയ്തു..
സ്മാഷര്‍ രായേഷ് ഉയര്‍ന്നു ചാടി…അപാരമായ ഒരു സ്മാഷ്..ഹോ..
എന്നും 2 വയസുള്ള കുട്ടി പീപ്പി എടുത്തെറിയുന്ന സ്പീടില്‍ മാത്രം സ്മാഷ് അടിച്ചിട്ടുള്ള ഞാന്‍ അന്നാദ്യമായി മൂന്നു വയസുള്ള കുട്ടി പീപ്പി എറിയുന്ന സ്പീടില്‍ സ്മാഷ് ചെയ്തു…!!!!(എന്നെ സമ്മതിക്കണം)
ബോള്‍ അവന്മാരുടെ കോര്‍ട്ടില്‍…
ഒരുത്തന് എന്റെ അര കിലോമീറ്റര്‍ പെര് ഹവര്‍ സ്പീഡില്‍ വരുന്ന ബോളിനായി ഡൈവ് ചെയ്തു…യെവടെ…അവന് ഡൈവ് ചെയ്തതിനു ശേഷമാണ് ആ ബോള്‍ നിലത്ത് കുത്തിയത്…മണ്ടന്‍..
എന്റെ സ്മാഷിന്റെ സ്ഫീഡ് അവനറിഞ്ഞൂടാ..ഹും(അഹങ്കാരം പറയുവല്ല, ഇതിലും പതുക്കെ സ്മാഷ് ചെയ്യാന്‍ ഇതുവരെ ലോകത്താര്‍ക്കും പറ്റിയിട്ടില്ല)..
ഞങ്ങള്‍ ഇതാ ജയിച്ചിരിക്കുന്നു…
ഹൂ..കൂ..ഉയ്….കൂ..
മുട്ട പപ്സും കട്ടന്‍ ചായയും കാത്തിരുന്നവന്മാര് ഞങ്ങളെ വന്നു പൊക്കിയെടുത്തു..കെട്ടിപിടിച്ചു…ഉമ്മവച്ചു…
എല്ലാം കഴിഞ്ഞു നോക്കുമ്പോള്‍.. അതാ, പല്ലിളിച്ചിരുന്ന പല്ലത്തികള് പല്ലന്മാരുടെ പല്ല് അടിച്ചിളക്കണം എന്നു പറഞ്ഞ് ദേഷ്യത്തോടെ പല്ലന് കോളേജ് ലക്ഷ്യമാക്കി പുല്ലും കടിച്ച് നടക്കുന്നു….
എല്ലാ പല്ലന്മാരേയും കൂകി വിളിച്ച് ഞങ്ങള്‍ യാത്ര അയച്ചു…
പക്ഷേ ഇതിനൊന്നും സാക്ഷിയാവാന്‍ ഒരാള്‍ മാത്രം അവിടെയുണ്ടായിരുന്നില്ല…കളിയിലെ ഹീറോ മൊയ്ദുക്ക…
വേര് ഈസ് ഹീ??!!!
വൈകിട്ട് ശേഖര്‍ ബാറില്‍ ഞങ്ങള്‍ ഇതിന്റെ സന്തോഷം പങ്കു വച്ചിരിക്കുമ്പോഴും മൊയ്ദുക്ക ശാന്തനായിരുന്നു..
“ഇക്കാ നിങ്ങള്‍ക്കെന്താ പറ്റിയെ?.നിങ്ങള്‍ മൂന്നാമത്തെ സെറ്റ് കളിക്കുമ്പോള്‍ എന്തുവാരുന്നു??!..ഹോ..നോക്ക് ഇക്കാ രോമാന്ചം.ഇതാണിക്കാ പെര്ഫോമനസ്”..നിമിഷ്..
“ഉം..ഒരെണ്ണം കൂടെ ഒഴി”..മൊയ്ദുക്ക
“എന്നാലും ഇക്കാ ബാക്കില്‍ നിന്നും എങ്ങനെ ചാടി നിങ്ങള്‍ ആ സ്മാഷ് അടിച്ചു”??,ഞാന്‍
“ഒന്നുടെ ഒഴിക്കടാ”??..മൊയ്ദുക്ക.
“എന്താ മൊയ്ദു പ്രശ്നം”??സന്തു..
“നീ മിണ്ടരുത്..എല്ലാത്തിനും കാരണകാരന്‍ നീയാ”..മൊയ്ദു..
ങേ!!
ഒന്നും മനസിലാവുന്നില്ല.. “എന്താ ഇക്കാ?”ഞാന്‍
പറ ഇക്കാ”,വിപിന്‍..
“ഞാന്‍ എന്തു ചെയ്തടാ?”സന്തു..
“നീ എന്തു ചെയ്തെന്നോ..ടാ പുല്ലേ ആരോട് ചോദിച്ചിട്ടാ നീ ‘നോ പ്രൊബ്ലെം നമുക്ക് കളിക്കാം’ എന്നു പറഞ്ഞത്??
ആതിനിപ്പൊ എന്തുണ്ടായി??”..സന്തു..
“പോടാ പന്നേ..അര മണികൂര് കൊണ്ടാണോടാ ഒരു ടീമിനെ തയാറാക്കുന്നേ #$%^& മോന് കോച്ചേ”??
“അതിനിപ്പോള്‍ എന്തു പറ്റി?നമ്മള് ജയിച്ചല്ലോ.പിന്നെന്താ??”
“ജയിച്ചാ മാത്രം മതിയോടാ..നിനക്കറ്യോ ഞാന്‍ അനുഭവിച്ച വേദന”??
വേദനയോ??!!!! ഞങ്ങള്‍ എല്ലാവരും പരസ്പരം നോക്കി..
“അതേടാ വേദന..ഈ തൊലിയാര്മണിയന് കോച്ചില്ലെ..ഈ കോളാമ്പി അര മണികൂറിനകം തയ്യാറായി താഴെ വരാന്‍ പറഞ്ഞത് കാരണം ഓരോ കാലിലും ഓരോ കമ്പനിയുടെ ഷൂ ഇട്ടു വന്ന് നാണം കെട്ടത് ഞാന്‍ സഹിച്ചു.പക്ഷേ ടാ…ആ മൂന്നാമത്തെ സെറ്റ് കളിക്കുന്നതിനു മുന്പാ ഞാന്‍ അറിഞ്ഞത് ഞാന്‍ ഓടിപിടച്ച് ഇട്ടോണ്ട് വന്ന നിക്കറില്‍ നല്ല ഒന്നന്തരം നെയ്യുറുമ്പ് ഊണ്ടായിരുന്നെന്ന്..അതു കയറി എന്റെ ‘ലവടെ’ തന്നെ കടിച്ച്.ഹോ.തന്ത ഇല്ലാത്ത ഉറുമ്പ്..കടി വിടാതെ ഒറ്റ ഇരുപ്പാ.എന്തൊരു നീറ്റലാരുന്നു..വേറെ എവിടാണേലും ആ പെണ്ണുങ്ങളുടെ മുന്നില്‍ വച്ച് ആ ഏര്യായില്‍ കൈ വയ്ക്കാം.ഇതു ഞാന്‍ എന്തോ ചെയ്യും.??..എന്റെ പടച്ചോനേ.ഞാന്‍ അനുഭവിച്ചത് എനിക്കു മാത്രേ അറിയൂ..പെരട്ടകളി പെട്ടന്നൊന്നു കഴിഞ്ഞുകിട്ടാന്‍ വേണ്ടിയാടാ ഞാന്‍ അങ്ങനെ കളിച്ചേ”..
‘എന്താ’ എന്ന ഞങ്ങളുടെ ചോദ്യത്തിന് ‘സിറാജ് ഇതൊക്കെ കുറേ കണ്ടതാ’എന്നു നിങ്ങള്‍ മറുപടി പറഞ്ഞത് ഇതായിരുന്നോ!!!’
‘കൊല്ലും ഞാന്‍ എല്ലാത്തിനേം’ എന്നു പറഞ്ഞത് ഉറുമ്പുകളോടായിരുന്നോ??!!
“ഹോ…സമ്മതിക്കണം ഇക്കാ..നിങ്ങളെ..ഒരുറുമ്പേ ഉള്ളാരുന്നോ അതോ”??
“പോടാ..ഒന്നോ??!!ഈ സിറ്റിലുള്ള സകല ഉറുമ്പും ഉണ്ടാരുന്നു..കളി കഴിഞ്ഞ് ഞാന്‍ ഓടി ചെന്ന് ബാത്റൂമില്‍ കയറി നോക്കിയപ്പൊ ഒരു നാലെണ്ണം ലവടെ തന്നെ സുഖിച്ചിരുപ്പുണ്ട്.ഇവറ്റകള്‍ക്ക് നാണോം മാനോം ഇല്ലേ,ഛെ..കള്ള റാസ്കലുകള്‍.എല്ലാത്തിനേയും പിടിച്ച് നിരത്തി നിര്‍ത്തി വെടി വച്ച് കൊല്ലാനുള്ള ദേഷ്യംഉണ്ടായിരുന്നു എനിക്ക്.പിന്നെ ആലോചിച്ചപ്പോ, പടച്ചോന് ഉറുമ്പിനെ കൊണ്ടല്ലേ കടിപ്പിച്ചുള്ളൂ.പകരം വല്ല പേപട്ടിയും ആരുന്നേലോ.എന്റെ അള്ളോ.ആലോചിക്കാന്‍ വയ്യേ…”..
സ്വന്തം ടീമിനു വേണ്ടി ഒരു കളിക്കാരനും ചെയ്യാത്ത ത്യാഗം….
‘പ്രൈവറ്റ് പാര്‍ട്സിന്’എതിരേയുണ്ടായ അതിഭീകരമായ ആക്രമണത്തിന്റെ മുന്നിലും സ്വന്തം ടീമിന്റെ വിജയത്തിനായി പോരാടിയ ധീരനായ ഒരു പോരാളിയെ ഞങ്ങള്‍ മൊയ്ദുക്കായില് കണ്ടു…
ഒരുപക്ഷേ, ലോകത്ത് ഒരു സ്പോര്ട്ട്സ്മാനും കാണിക്കാത്ത സ്പിരിറ്റ്…
യദ്ധാര്ത്ത സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ്…
അതെ,അങ്ങനെയൊരു സ്പോര്ട്ട്സ്മാനാണ് ഞങ്ങളുടെ മുന്നില്‍ ഇരുന്ന് ഈ സ്പിരിറ്റ് അടിക്കുന്നത് എന്ന സത്യം ഞങ്ങളെ കോരിത്തരിപ്പിച്ചു……
കുറച്ചു നേരത്തെ നിശബ്ദ്ധതയ്ക്ക് ശേഷം…
“എന്നാലും സിറാജേ..അളിയാ, ഒരു കോച്ചായ എനിക്ക് സാധിക്കാത്തത് നിസാരനായ നെയ്യുറുമ്പിന്, കഴിഞ്ഞു.നിന്നിലെ യദ്ധാര്‍ത്ഥ കളിക്കാരനെ പുറത്തുകൊണ്ട് വരാന്‍.ലജ്ജാവഹം.ഞാന്‍ ഈ കോച്ചിന്റെ വേഷം ഇവിടെ അഴിച്ചു വയ്ക്കുന്നു…ഞാന്‍ രാജി വയ്ക്കുന്നു”.സന്തു..
പോടാ പന്നേ..എന്നാ പിന്നെ ഒരു കാര്യം ചെയ്യാടാ, നാളെ മുതല്‍ ഒരോ നെയ്യുറുമ്പിനെ പിടിച്ച് ‘ലവടെ’ വച്ചിട്ട് കളിക്കാനിറങ്ങാടാ…പൊക്കോ അവിടുന്ന്…ഗ്രാവിറ്റിയ്ക്കും കാറ്റിന്റെ ഗതിക്കും മാത്രമല്ല അള്ളോ, ഈ കളിയുമായി ബന്ധം..ഉറുമ്പിനും ഉണ്ടേ..യ്യോ…നീറുന്നേ…ഒഴിയെടാ അടുത്തത്…
ബുദ്ധിജീവിയായ സിറാജ് എന്ന മൊയ്ദുക്കയുടെ മറ്റൊരു കണ്ടുപിടുത്തം…..
483 total views, 3 views today