ശ്രീ ചാത്തൻ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെയുള്ള അടുത്ത വിക്ഷേപണത്തിന് കാത്തിരിക്കുന്നു

0
864

എഴുതിയത് : Pm Arun

എന്താണ് ചന്ദ്രയാൻ 2 വിനു സംഭവിച്ചിരിക്കുന്നത്? ഓർബിറ്ററും ലാൻഡറും തമ്മിലുള്ള ആശയവിനിമയം ചന്ദ്രോപരിതലത്തിന്റെ വെറും രണ്ടര കിലോമീറ്റർ അകലെ വെച്ചു നഷ്ടപ്പെട്ടിരിക്കയാണ്.രണ്ടര കിലോമീറ്റർ എന്നു പറയുമ്പോൾ ചെറുനാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കി ഓട്ടോയ്ക് പോകേണ്ട ദൂരമേയുള്ളൂ.പക്ഷെ സംഗതി ചന്ദ്രനിലായിപ്പോയി

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രണ്ടു പ്രഗത്ഭരെയാണ് ISRO ചുമതല ഏല്പിച്ചിരുന്നത്. ഉടുപ്പിക്കാരൻ കൃഷ്ണനെയും തിരുപ്പതി തിരുമല സ്വദേശം വെങ്കിടേശ്വരനെയും .ഇക്കാര്യത്തിൽ ISRO യെ തെറ്റുപറയാനൊക്കില്ല.കൊടുത്ത കാശിനു ഫലം കണിശമെന്നു ഖ്യാതിയുള്ളവരാണ് രണ്ടുപേരും.ഹിന്ദു രാഷ്ട്രമെന്ന മമത കൂടെ ഉണ്ടാവേണ്ടതാണ്.

പിന്നെ എന്താണ് സംഭവിച്ചിരിക്കുന്നത്?

സംഗതി, നിസ്സാര ദൂരം താണ്ടി വരേണ്ട ISRO സിഗ്നലുകളുടെ പ്രശ്നമല്ല, ഉഡുപ്പിയിൽ നിന്നും തിരുപ്പതിയിൽ നിന്നും ട്രാൻസ്മിറ്റ് ചെയ്പ്പെട്ടിട്ടുള്ള അനുഗ്രഹ തരംഗങ്ങളുമായുള്ള ബന്ധമാണ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ഗതിവിഗതികളെ കുറിച്ച് പഠിക്കാൻ ISRO യ്ക്ക് കെല്പില്ല, ISRO റിസീവറുകളുടെ തരംഗപരിധിക്കപ്പുറമാണത്, ചരിത്രാതീത കാലത്തേതും.

എന്താണ് പരിഹാരം?

ഡമ്മി കൊണ്ടു പോയി പൂജിച്ചത് കൊണ്ട് തരംഗങ്ങൾ ഒരുപക്ഷെ ഡമ്മിയിലേക്ക് റീഡയറക്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ട് ഡമ്മി തപ്പിയെടുത്തു എലിവാണത്തിൽ കെട്ടിവിട്ടാൽ ഒരു പക്ഷെ ചന്ദ്രനിൽ ലാൻഡ് ചെയ്തേക്കും. അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലാത്തത് കൊണ്ട് പരീക്ഷിക്കുന്നതിൽ അർത്ഥമില്ല.

അടുത്ത തവണ ഒറിജിനൽ കൊണ്ടു പോയി പൂജിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സമയ – നാമ പ്രശ്നങ്ങൾ പരിഹരിക്കാൻ നുമെറോളജിസ്റ്, ആസ്ട്രോളജിസ്റ് മുതലായവരെ ടീമിൽ ഉൾപ്പെടുത്താവുന്നതാണ്
വലിയ കേസുകളുടെ ബാഹുല്യമുള്ള കൃഷ്ണനും വെങ്കിടേശ്വരനും ഈ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ഇങ്ങ് കേരളത്തിലെ ഉഗ്ര രൂപികളായ ചാത്തന്മാരെ ഉപയോഗപ്പെടുത്താവുന്നതാണ്, സവർണത അല്പം കുറയുമെന്നേയുള്ളു.ചന്ദ്രനിൽ പോക്കൊക്കെ നമ്മൾ രാവിലെ എണീറ്റു വെളിക്കിരിക്കാൻ പോകുന്നപോലെത്തെ കേസ് ആണ് പുള്ളിക്ക്. കുറെ കാലമായി സ്വത്ത് തർക്കം, വശീകരണം, കുടുംബകലഹം എന്നിങ്ങനെ സിവിലും പെറ്റിയും മാത്രം ഡീൽ ചെയ്ത് പുള്ളിയാകെ മടുപ്പിലായിരിക്കും, അതിന്റെ ഒരു ആവേശം ഈ കേസ് കിട്ടിയാൽ കണ്ടേക്കും.പിന്നെ പ്രധാന ഹൈലൈറ് എന്താണെന്നോ, പുള്ളി വളരെ അഫൊർഡബിൾ ആണ്. തങ്കത്തിന്റെയും രത്നത്തിന്റെയും ഇടപാടെയില്ല.ഒരു നാടൻ കോഴി ഒരു കുപ്പി വാറ്റ്.
ശ്രീ ചാത്തൻ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെയുള്ള അടുത്ത വിക്ഷേപണത്തിന് കാത്തിരിക്കുന്നു

ഭക്തൻ