പി എൻ നാസർ സോഷ്യൽ മീഡിയയിൽ എഴുതിയത്
ആയിഷ
ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ട് വിജയം നേടുന്ന സ്ത്രീകളോട് എനിക്ക് പ്രത്യേകമായ ഒരാദരവ് തോന്നാറുണ്ട്. അതിജീവിക്കുകയല്ല മറിച്ച് തന്നെ തോല്പിച്ചവർക്ക് മുന്നിൽ വിജയിച്ചു കാട്ടുന്ന ഇത്തരം സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പിന് ഒരു പ്രത്യേക ത്രില്ലുണ്ട്. മഞ്ജു വാര്യർ എന്ന അഭിനേത്രിയേയും ഈ ഗണത്തിൽ പെടുത്താം . അതവിടെ നില്ക്കട്ടെ.. നമുക്ക് ആയിഷ എന്ന സിനിമയിലേക്ക് വരാം. ബയോപിക് ഗണത്തിൽ പെട്ടത്താവുന്ന ഒരു മൂവിയാണ് ” ആയിഷ”. ഏറനാട്ടിലെ യഥാസ്ഥിക മുസ്ലിം കുടുംബത്തിൽ നിന്ന് മതം നിഷിദ്ധമാക്കിയ നാടകത്തിലേക്ക് അരങ്ങേറി വിപ്ലവം സൃഷ്ടിച്ച നിലമ്പൂർ ആയിഷയുടെ ജീവിതത്തിലെ ഒരേടാണിത്. കെ.ടി.മുഹമ്മദിൻ്റെ സാമുദായക വിമർശനങ്ങൾ ഉൾക്കൊള്ളുന്ന നാടകങ്ങളിലെ വേഷങ്ങളാണ് നിലമ്പൂർ ആയിഷയെ ജനകീയമാക്കിയത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തക കൂടിയായിരുന്ന ആയിഷത്താക്ക് ജീവിതത്തിൻ്റെ ഒരു പരീക്ഷണ ഘട്ടത്തിൽ നാടുവിട്ട് ഗൾഫിൽ വീട്ടുജോലിക്കാരിയായി (ഗദ്ദാമ) ജീവിക്കേണ്ടി വരുന്നു. ഈ കാലഘട്ടമാണ് “ആയിഷ ” എന്ന സിനിമയുടെ കഥക്ക് ആധാരം.
അറബിയുടെ പാലസിലെ ജോലിക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ, കുടുംബ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങൾ നല്ല കളർഫുൾ ആയി ചിത്രീകരിച്ചിരിട്ടുണ്ട്. ഷെയ്ക്കിൻ്റെ ഉമ്മയുമായി ആയിഷക്ക് ഉണ്ടാവുന്ന ആത്മബന്ധം ഈ സിനിമയെ ഒരു പ്രത്യേക തലത്തിൽ എത്തിക്കുന്നു.സിനിമയുടെ ആദ്യ ഭാഗങ്ങളിൽ കുറച്ച് കൃത്രിമത്വവും, ഇഴച്ചിലും അനുഭവപ്പെടും.വെറുമൊരു ഗദ്ദാമയായി ജീവിച്ചു വന്നിരുന്ന ആയിഷയെ ഒരു മാർക്കറ്റിൽ വെച്ച് മലയാളി പ്രവാസികൾ തിരിച്ചറിയുകയും “സഖാവ് അയിഷാത്ത” എന്ന വിളികളോടെ ചുറ്റും കൂടി അവരുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഭാഗം സംവിധായകൻ്റെ മികവിൻ്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം.ആയിഷയെന്ന കലാകാരിയെ തിരിച്ചറിഞ്ഞ പാലസിലെ കുടുംബം… പ്രത്യേകിച്ച് “മമ്മ” അവർക്ക് നല്കുന്ന ആദരവ് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. നിലമ്പൂർ ആയിഷ അഭിനയിച്ച “കുട്ടിക്കുപ്പായം ” എല്ലാവരും കൂടി കാസറ്റ് ഇട്ട് കാണുന്നതെല്ലാം രസകരമായിട്ടുണ്ട്.
അഭിനയത്തിൽ മഞ്ജു ശോഭിച്ചെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ അതിനേക്കാൾ ഒരു പടി മുന്നിട്ടു നില്ക്കുന്നത് “മമ്മ” യെന്ന ക്യാരക്ടർ ചെയ്ത അറബ് നടിയാണ്. നല്ല ഗാനങ്ങളും, പ്രഭുദേവയുടെ നൃത്ത സംവിധാനത്തിൽ മഞ്ജു വാര്യരുടെ ഡാൻസുകളും സിനിമയുടെ തന്നെ ഹൈലൈറ്റാണ്.മലബാറിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായ നിലമ്പൂർ ആയിഷയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ സംവിധായകനും (ആമിർ പള്ളിക്കൽ), തിരക്കഥാകത്തിനും (ആഷിഫ് കക്കോടി ) അഭിനന്ദനങ്ങൾ. പൃഥ്വിരാജിൻ്റെ ശബ്ദത്തിൽ നിലമ്പൂർ ആയിഷയെന്ന കലാകാരിക്ക് നല്കിയ അനുമോദനങ്ങൾ അവർ അർഹിക്കുന്നത് തന്നെയാണ്.സിനിമ കഴിഞ്ഞിറങ്ങുമ്പോൾ മഞ്ജു വാര്യർ പറയുന്ന ഒരു ഡയലോഗ് നമ്മുടെ മനസ്സിൽ മായാതെ നില്ക്കും.”കൈയ്യടികൾക്ക് നടുവിൽ നില്ക്കുമ്പോഴും മനസ്സിലാക്കണം നമ്മളൊന്നും ആരുടേയും ഒന്നുമല്ലെന്ന് .”