Po Di Sangui (Tree of Blood) (1996/ France, Guinea-Bissau/French)
[Drama]{6.7/10of 70}
Mohanalayam Mohanan
അതിമനോഹരമായ ഒരു ചലച്ചിത്രകാവ്യമാണ് പോ ഡി സാങ്ഗുയി അഥവാ രക്തത്തിന്റെ മരം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍കോടി ബന്ധം കൃത്യമായി വരച്ചു കാണിക്കുന്നു ഈ ചിത്രത്തിലൂടെ.അറുത്തു മാറ്റിയാലും ഈ ബന്ധം ഒരിയ്ക്കലും അറ്റുപോകുന്നില്ല എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് ചിത്രം ആവസാനിക്കുന്നതും.ആഫ്രിക്കയിലെ ഒരു ട്രൈബല്‍ ഗ്രൂപ്പിന്റെ വിശ്വാസത്തിന്നുണ്ടാകുന്ന തകര്‍ച്ചയും അവരതിനെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതുമാണ് കഥ.അതിമനോഹരമായ ക്യാമറ ഫ്രെയിമുകളിലൂടെ,മികച്ച സംഗീതത്തിന്റെ അകമ്പടിയോടേ ,നടീനടന്മാരുടെ സ്വാഭാവീകമായ ചലനങ്ങളിലൂടെ സംവിധായകന്‍ ഫ്ലോറ ഗോമസ് നമ്മുടെ മുന്നില്‍ വിതര്‍ത്തിയിടുന്നു.അതിനദ്ദേഹത്തെ സഹായിച്ചതോ താനും അനിത ഫെര്‍ണാണ്ഡസും കൂടി തയ്യാറാക്കിയ തിരക്കഥയും.
ആഫ്രിക്കന്‍ വനഗ്രാമമായ അമന്‍ഹ ലുൻഡ്ജു എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നതു.ആ ഗ്രാമത്തിലെ ആചാരമനുസരിച്ച് ഒരു കുഞ്ഞ് ജനിച്ചാല്‍ ഒരു വൃക്ഷത്തൈനടണം.കുഞ്ഞ് വളര്‍ന്ന് പ്രായമായിക്കഴിഞ്ഞാല്‍ ആ വൃക്ഷം അവന്റെ / അവളുടെ ആത്മാവിന്റെ ദ്വന്ദമായി മാറും.ഇരട്ടകളാണെങ്കില്‍ രണ്ടിനേം കവലയിലേക്കിറക്കി വിടും,അതിജീവിക്കുന്നവനെ വളര്‍ത്തൂം.ഇങ്ങനെയാണ് ആ ഗ്രാമം പുലരുന്നത്.പക്ഷേ ഇതിനൊരു മാറ്റം വന്നത് ഹിമാന്ദുവിന്റെ കേസിലാണ്.ആണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ അവനിടാനായി അഛന്‍ കണ്ടുവച്ച പേരാണ് ഹിമാന്ദു.എന്നാല്‍ ജനിച്ചത് ഇരട്ടക്കുട്ടികളായിരുന്നു.ഒരുത്തന് ഹിമാമെന്നും മറ്റവന് ഡൌ എന്നും പേരിടുന്നു.ദൌവിനെ പിതാവ് ദൂരെയെവിടയോ ഉപേക്ഷിക്കുന്നു. ഡൌ തിരിച്ചു വരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.അപ്പോള്‍ ഹിമാം മരിച്ചിരുന്നു.മരണകാരണം ആരും വെളിപ്പെടുത്തുന്നുമില്ല.ഹിമാമിന്റെ വൃക്ഷവും മൌനം തുടരുകയാണ്.പക്ഷേ ദൌവിന്റെ അമ്മ ദൌവിനെ കാണുന്നത് ഹിമാമായാണ്.ആചാരപ്രകാരം ദൌവിന് ഹിമാമിന്റെ ഭാര്യയേയും മകനേയും ഏറ്റെടുക്കേണ്ടി വരുന്നത് അവന്റെ കാമുകി സാലിയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു.
ഗ്രാമത്തിലെ മന്ത്രവാദി കലകലാഡോ ഗ്രാമവാസികളോടൊപ്പം നില്‍ക്കുന്നെങ്കിലും അദ്ദേഹത്തിനും ഗ്രാമത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന വിപത്തുകളെ മുന്‍കൂട്ടി കാണാമെന്നല്ലാതെ തടയാന്‍ കഴിയുന്നില്ല.അങ്ങനെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ദൌവും സാലിയും നേതൃത്വം കൊടുത്തുകൊണ്ട് പുതിയൊരു ഭൂമി തേടി മരുഭൂ മുറിച്ച് കടന്നുള്ള വലിയൊരു പ്രവാസത്തിന് കോപ്പ് കൂട്ടുന്നു.ഛായാഗ്രാഹകന്‍ വിൻസെൻസോ മാറാനോ എപ്പോഴും ആഫ്രിക്കന്‍ അനുഷ്ഠാനങ്ങളും നൃത്തരൂപങ്ങളുമൊക്കെ അതിന്റെ മുഴുവന്‍ ഗൌരവത്തില്‍ തന്നെ നമുക്ക് കാണിച്ചു തരുന്നു.ദൌവിന്റെ അമ്മയും കലകലാഡോ എന്ന മന്ത്രവാദിയും ആഫ്രിക്കന്‍ ജനതയുടെ പൈതൃകങ്ങളായി നിന്നുകൊണ്ടു നശിച്ചു പോയിക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ സംസ്കാരത്തേ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നു.പാബ്ലോ കുയികോവിന്റെ സംഗീതം സിനിമയുടെയും ആഫ്രിക്കയുടേയും ആത്മാവറിഞ്ഞതാണ്.റാമിരോ നക ഡൌ ആയും എഡ്ന എവോര സാലിയായും അഡമ കൌയാട്ടെ കലകലാഡോ ആയും വരുന്നു.ഒരു നാടന്‍ കഥയിലൂടെ വനസംരക്ഷണത്തിന്റെ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഒക്കെ കൃത്യമായി സംവിധായകന്‍ പകര്‍ന്നു നല്‍കുന്നു.