പൊടിയച്ചന്റെ ”റീ“ – രഘുനാഥന് കഥകള്‍
പൊടിയച്ചന്റെ “റീ”യെപ്പറ്റി മനസ്സിലാക്കാന്‍ അല്പസമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കേണ്ടതായി വരും.അല്ലെങ്കില്‍ പൊടിയച്ചന് നടക്കുന്ന വഴിയില്‍ കുറച്ചുദൂരം നടക്കേണ്ടി വരും.
124 total views

“നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും ജോലിയുണ്ടോ? ജോലി ഉണ്ടായിട്ടും അതു ചെയ്തു തരാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതിയുണ്ടോ?”
“എങ്കില്‍ വിഷമിക്കേണ്ടാ. പൊടിയച്ചനെ വിളിക്കൂ”
ഇതൊരു പരസ്യമാണെന്ന് കരുതി ഉടനെതന്നെ ഫോണെടുത്തു പൊടിയച്ചന്റെ നമ്പര്‍ കുത്താം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് ഹാ കഷ്ടം !! കാരണം, ഏതു സമയത്തും ഏതു ജോലിയും വളരെ കുറഞ്ഞ കൂലിയില്‍ ചെയ്തു തരുന്ന ആളാണ് പൊടിയച്ചന് എങ്കിലും അദ്ദേഹത്തെ ജോലിക്ക് വിളിക്കുവാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ആ നടപടി ക്രമങ്ങളെപ്പറ്റി അറിയുന്നതിനു മുന്‍പ് ആദ്യം “പൊടി” എന്താണെന്നറിയണം.
അതുകഴിഞ്ഞു “പൊടിയച്ചനെ” അറിയണം…..
പൊടിയേയും പൊടിയച്ചനേയും അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ പൊടിയച്ചനും പൊടിയുമായുള്ള ബന്ധം, അതായതു “പൊടിയച്ചന്റെ പൊടിബന്ധം” എന്താണെന്നറിയണം.
ഇത്രയും അറിഞ്ഞു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പൊടിയച്ചനെക്കുറിച്ചുള്ള മറ്റൊരു കാര്യം കൂടി അറിയാന്‍ കഴിയും. അതാണ് അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്ക് അല്ലെങ്കില്‍ മാസ്റ്റര്‍ പീസ്. ആ പീസിനു കുമാരപുരത്തുകാര്‍ കൊടുത്തിരിക്കുന്ന പേരാണ് “പൊടിയച്ചന്റെ റീ”
അപ്പോള്‍ ശരി….പാഠം ഒന്നിലേയ്ക്കു കടക്കാം… പാഠത്തിന്റെ പേര് “പൊടി മാഹാത്മ്യം”
കസ്തൂരാദി വായൂഗുളിക വരുന്ന ചെറിയ ഡപ്പി കണ്ടിട്ടില്ലേ? ഏതാണ്ട് അതേ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് ഡപ്പികളില്‍ കിട്ടുന്ന ഒരു തരം സാധനമാണ് ഈ പൊടി. ‘മൂക്കില്‍പ്പൊടി’ എന്നാണു പൊടിയുടെ പൂര്‍ണനാമധേയം.
ഇതില്‍ ഒരു നുള്ളു കയ്യിലെടുത്തു മൂക്കിന്റെ ഇരുദ്വാരങ്ങളിലേയ്ക്കും വലിച്ചു കയറ്റിയാല്‍ മതി…
കഥകളി പഠിക്കാതെ തന്നെ നിങ്ങള്‍ക്ക് ഒരു കഥകളി നടനാകാം. എന്തെന്നാല്‍ “പൊടി” നിങ്ങളുടെ മുഖത്തു നവരസങ്ങളും പ്രതിഫലിപ്പിക്കും. . !
നൃത്തം പഠിക്കാതെ നിങ്ങള്‍ക്ക് നര്‍ത്തകനാവാം. കാരണം “പൊടി” നിങ്ങളെ തുള്ളിക്കും.!!
ജലദോഷം മൂത്ത് നിങ്ങളുടെ മൂക്ക് ഒരു “മുല്ലപ്പെരിയാര്‍” ആയിരിക്കുകയാണോ? എങ്കില്‍ ഒരു നുള്ള് പൊടി വലിച്ചാല്‍ മതി. നിമിഷങ്ങള്‍ക്കകം മൂക്ക് ഇടുക്കി അണക്കെട്ട് പോലെ വറ്റി വരളും.!!!
അതാണ് പൊടി….അഥവാ മൂക്കില്‍ പൊടിയുടെ മാഹാത്മ്യം.
ഇനി പാഠം രണ്ട് : പൊടിയച്ചന്.
ഏകദേശം അറുപത്തഞ്ചു വയസ്സ് പ്രായം. അഞ്ചര അടി പൊക്കം, പുട്ടു കുറ്റിയ്ക്ക് കയ്യും കാലും വച്ചതു പോലെയുള്ള ശരീര പ്രകൃതി, കറുത്ത നിറം, മിന്നിത്തിളങ്ങുന്ന “ഗള്‍ഫ് ഗേറ്റ്” തല, അതിന്റെ പ്രോട്ടെക്ഷന് പോലെ തോര്‍ത്തു കൊണ്ടുള്ള വട്ടക്കെട്ട്, “ദേവസ്വം വകുപ്പ് ” സ്റ്റൈലില്‍ ഉള്ള കൃതാവ്, ദേവസ്വത്തിനോട് യാതൊരു സഹകരണവും പാടില്ല എന്ന മട്ടില്‍ പിണങ്ങി ഉയര്‍ന്നു നില്ക്കുന്ന ചകിരി പോലത്തെ മീശ, ഉണ്ണിക്കുടവയര്‍, പുക്കിളിനു താഴെ വച്ചു മടക്കിയുടുത്ത കൈലിമുണ്ട്, മുണ്ടിനേക്കാള്‍ സീനിയര്‍ ഞാനാണ് എന്ന ഭാവത്തില്‍ കാല്‍മുട്ട് വരെ ഇറങ്ങിക്കിടക്കുന്ന വരയന്‍ അണ്ടര്‍വെയര്‍. ഇതാണ് പൊടിയച്ചന്..
അടുത്തതായി നമ്മള് പഠിക്കാന്‍ പോകുന്നത് പൊടിയച്ചന്റെ പൊടിബന്ധത്തെക്കുറിച്ചാണ്.
ജങ്ങ്ഷനിലെ കള്ളു ഷാപ്പിന്റെ അടുത്തുള്ള ആല്‍ത്തറയാണ് പൊടിയച്ചന്റെ വിശ്രമ സങ്കേതം. എന്നും രാവിലെ എട്ടു മണിയോടെ ആല്‍ത്തറയില്‍ എത്തുന്ന പൊടിയച്ചന് തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്തഴിച്ച് ആല്‍ത്തറയില്‍ വിരിച്ച ശേഷം അതില്‍ ഇരിക്കും. അനന്തരം തന്റെ വരയന്‍ അണ്ടര്‍ വെയറിന്റെ കീശയിലെ പൊടി ഡപ്പിയില്‍ നിന്നും ഒരു നുള്ള് പൊടിയെടുത്ത് മൂക്കിന്റെ ഇരു ദ്വാരങ്ങളിലേയ്ക്കും വലിച്ചു കയറ്റിയിട്ട് ചൂടായ ദോശക്കല്ലില്‍ വെള്ളമൊഴിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തോടെ രണ്ടു മൂന്നു തവണ തുമ്മും.
തുമ്മല്‍ കഴിഞ്ഞ് മുഖം തുടച്ച് ആശ്വാസത്തോടെ ആല്‍ത്തറയില്‍ കിടക്കുന്ന പൊടിയച്ചന് ഒന്ന് മയങ്ങാനുള്ള പ്രാരംഭ നടപടികളിലേയ്ക്ക് കടക്കുന്നതിനു മുന്‍പു വേണം നിങ്ങള്‍ അദ്ദേഹത്തെ സമീപിക്കേണ്ടത്.
ചുരുങ്ങിയ വാക്കുകളില്‍ പൊടിയച്ചനോട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാം..ചക്കയിടാണോ ?മാങ്ങാ പറിക്കണോ? കവുങ്ങില്‍ കേറണോ? പൊടിയച്ചന് റെഡി.
പക്ഷെ ഒരു കണ്ടീഷന്‍. ജോലി കഴിയുമ്പോള്‍ കൂലിയുടെ കൂടെ ഒരു ഡപ്പി മൂക്കില്‍ വലിക്കാനുള്ള “പൊടി” കൂടി കൊടുക്കണം. കാരണം ഈ മൂക്കില്‍പ്പൊടി കുമാരപുരത്തു കിട്ടുകയില്ല. ഹരിപ്പാടുള്ള ഒന്നു രണ്ടു പെട്ടിക്കടകളില്‍ മാത്രമേ കിട്ടുകയുള്ളൂ. അവിടെ വരെ പോയി പൊടി വാങ്ങാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണമാണ് പൊടിയച്ചന് ഈ ഡിമാണ്ട് വയ്ക്കുന്നത്. അതറിയാവുന്ന കുമാരപുരത്തുകാര്‍ നേരത്തെ തന്നെ പൊടി വാങ്ങിക്കുകയും ജോലിക്ക് വിളിക്കുന്ന സമയത്ത് അത് പൊടിയച്ചന് കൊടുക്കുകയും ചെയ്യും.
പൊടിയച്ചന്റെ പൊടി ബന്ധം മനസിലായല്ലോ?
പൊടിയച്ചന്റെ “റീ”യെപ്പറ്റി മനസ്സിലാക്കാന്‍ അല്പസമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കേണ്ടതായി വരും.അല്ലെങ്കില്‍ പൊടിയച്ചന് നടക്കുന്ന വഴിയില്‍ കുറച്ചുദൂരം നടക്കേണ്ടി വരും. നടക്കുമ്പോള്‍ പൊടിയച്ചന്റെ പിറകിലായി അല്പം ദൂരം പാലിച്ചു കൊണ്ട് അദ്ദേഹത്തെ നമ്മള് ശ്രദ്ധിക്കുന്നില്ല എന്ന രീതിയില്‍ വേണംനടക്കാന്‍..
അങ്ങനെ നടന്നു പോകുന്ന പൊടിയച്ചന് പെട്ടെന്നു നടത്തം നിറുത്തും. എന്നിട്ട് ‘ഡാവില്’ നാലുപാടും ഒന്നു ശ്രദ്ധിക്കും. പിന്നെ ഇടതു കാലോ വലതു കാലോ അല്പം ഉയര്‍ത്തി ഒരു പ്രത്യേക പൊസിഷനില്‍ നില്ക്കും.
സൈലന്‍സര്‍ കേടായ മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം പോലത്തെ ഒരു ശബ്ദം പൊടിയച്ചനില്‍ നിന്നും ഈ സമയം പുറപ്പെടും. ഒരു മിനിറ്റില്‍ കൂടുതല്‍ ഈ ശബ്ദം കേള്‍ക്കാന്‍ കഴിയില്ല.അതു കഴിയുമ്പോള്‍ പൊടിയച്ചന് വീണ്ടും നടത്തം തുടങ്ങും.
ഇതാണ് കുമാരപുരത്തുകാര്‍ക്ക് ചിരപരിചിതമായ “പൊടിയച്ചന്റെ റീ”
നാട്ടിലെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ മുതല്‍ വയസ്സായവര്‍ വരെ പൊടിയച്ചന്റെ ” റീ ” യെപ്പറ്റി അറിയാവുന്നവരാണ്. ഏതു സമയത്തും ഏതു കാലാവസ്ഥയിലും എവിടെവച്ചും പൊടിയച്ചന് “റീ” വരാം. ആന്ത്രവായുവിന്റെ കോപമാണ് ഇതിനു കാരണമായി പൊടിയച്ചന് ചൂണ്ടിക്കാണിക്കുന്നത്. അതിനുള്ള കഷായവും ലേഹ്യവുമൊക്കെ കഴിക്കുന്നുണ്ടെങ്കിലും ” റീ ” വരുന്നത് പിടിച്ചു നിര്‍ത്താന്‍ പൊടിയച്ചന് സാധിക്കുന്നില്ല. ആയതിനാല്‍ എപ്പോള്‍ ” റീ ” വന്നാലും ഉടനെ തന്നെ പൊടിയച്ചന് അതിനെ നിരുപാധികം പുറത്തു വിടും. അങ്ങനെ നിരന്തരമായ “റീ” വിടല്‍ മൂലം പൊടിയച്ചന്റെ സൈലന്‍സറിന് സാരമായ എന്തോ കുഴപ്പം വന്നതുകൊണ്ടാണ് മറ്റുള്ളവരെപ്പോലെ “നിശബ്ദമായ റീ” പുറപ്പെടുവിക്കുവാന്‍ പൊടിയച്ചന് സാധിക്കാത്തത് എന്ന് നല്ലവരായ കുമാരപുരത്തുകാര്‍ കരുതുന്നു.
അങ്ങനെ പരോപകാരവും പൊടിവലിയും ശബ്ദായമാനമായ “റീ” യുമായി കാലം കഴിച്ചുകൊണ്ടിരുന്ന പൊടിയച്ചന് ഒരിക്കല്‍ സ്വന്തം “റീ” യെ മൈക്കിലൂടെ പ്രക്ഷേപണം ചെയ്തു നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു.
അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം നടക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ഉത്സവത്തിന്റെ മൈക്ക് ആന്‍ഡ് സൌണ്ട്സ് എഞ്ചിനീയര്‍ സുകുമാരന്‍ അമ്പലമുറ്റത്ത് സ്പീക്കറുകള്‍ സെറ്റ് ചെയ്യുവാനും തെങ്ങിന്റെ മണ്ടയില്‍ കയറി കോളാമ്പി കെട്ടാനും വേണ്ടി തന്റെ അസിസ്റ്റന്റായി തിരഞ്ഞെടുത്തത് പൊടിയച്ചനെ ആയിരുന്നു.
സുകുമാരന്‍ കൊടുത്ത പൊടി മൂക്കില്‍ വലിച്ചു കയറ്റിയ പൊടിയച്ചന് അര മണിക്കൂര്‍ കൊണ്ട് നാല് കോളാമ്പികള്‍ അമ്പലമുറ്റത്തെ കൊന്നത്തെങ്ങുകളുടെ മുകളില്‍ സ്ഥാപിച്ചിട്ട് അടുത്ത ജോലിക്ക് വേണ്ടി സുകുമാരന്റെ മുന്പില് ഹാജരായി.
ഈ സമയം മൈക്രോഫോണ്‍ ഓണ്‍ ചെയ്ത സുകുമാരന്‍ അതിലൂടെ മുട്ടയിട്ട പിടക്കോഴിയുടെ സ്വരത്തില്‍ ചെക്ക് .. ചെക്ക് .. മൈക്ക് ചെക്ക്.. എന്നു വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അതു സംഭവിച്ചത്.
പൊടിയച്ചന് പെട്ടെന്നു “റീ” വന്നു !!
പതിവ് പോലെ പൊടിയച്ചന് “റീ” യെ നിരുപാധികം പുറത്തു വിട്ടു !!!
അടുത്തുണ്ടായിരുന്ന സുകുമാരന്റെ മൈക്ക് പൊടിയച്ചന്റെ “റീ” യെ പൊടിയച്ചന് പോലുമറിയാതെ സൂത്രത്തില്‍ പിടിച്ചെടുത്തു. എന്നിട്ട് തന്റെ ആംപ്ലിഫയറിലിട്ട് ബാസും ട്രെബിളും അഡ്ജസ്റ്റ് ചെയ്തു ശ്രുതിമധുരമാക്കി തെങ്ങിന്റെ മണ്ടയിലെ കോളാമ്പിയിലൂടെ പൊതുജനങ്ങളെ കേള്‍പ്പിച്ചു.
സ്വന്തം മൈക്കിലൂടെ സ്വന്തമല്ലാത്ത ഒരു ശബ്ദം കേട്ട സുകുമാരന്‍ ഞെട്ടി. അയാള്‍ തൊണ്ട തടവിക്കൊണ്ട് കയ്യിലിരിക്കുന്ന മൈക്കിലേയ്ക്കും അടുത്തിരിക്കുന്ന ആംപ്ലിഫയറിലേയ്ക്കും പിന്നെ തെങ്ങിന്റെ മണ്ടയിലെ കോളാമ്പിയിലേയ്ക്കും മാറി മാറി നോക്കി.
ബാസും ട്രെബിളും കൂടിയ സ്വന്തം “റീ” ശബ്ദം ആകാശത്തു നിന്നും അശരീരി പോലെ കേട്ട് അന്തം വിട്ടുപോയ പൊടിയച്ചന്റെ വായ് തെങ്ങിന്റെ മണ്ടയില്‍ ഇരിക്കുന്ന കോളാമ്പിയുടെ വായ പോലെ തുറന്നു പോയി.
പക്ഷെ അവിടെയുണ്ടായിരുന്ന കുമാരപുരത്തുകാര്‍ക്ക് തെങ്ങിന്റെ മണ്ടയിലൂടെ വന്ന ആ “ആംപ്ലിഫൈഡ് റീ” യെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു.
കാരണം അവരെല്ലാം പൊടിയച്ചനുമായി നല്ല “പൊടിബന്ധം” ഉള്ളവരായിരുന്നു..
125 total views, 1 views today
