അഭയാർത്ഥികൾ (കവിത)

751

യൂ.എസ്- മെക്സിക്കൻ അതിർത്തിയിൽ അച്ഛന്റെ ടീഷർട്ടിനുള്ളിൽ പറ്റിപ്പിടിച്ചു മരിച്ചുകിടക്കുന്ന പെൺകുഞ്ഞിന്റെ ചിത്രം  മനസ്സ് പൊള്ളിക്കുന്നു. മെക്സിക്കോയില്‍നിന്ന് റിയോ ഗ്രാന്‍ഡെ നദിയിലൂടെ യു.എസ്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച എല്‍സാല്‍വദോറുകാരനായ ഓസ്‌കാര്‍ മാര്‍ട്ടിനസ് റാമിറേസും രണ്ടു വയസുകാരി മകള്‍ വലേറിയയുമാണു മുങ്ങിമരിച്ചത്. ഭരണകൂടങ്ങളുടെ പിടിപ്പുകേട് , മതലഹളകൾ , ക്ഷാമം, നീതിനിരാസം ഇതൊക്കെയാണ് അഭയാർത്ഥി പ്രവാഹങ്ങൾ ലോകംമുഴുവനും ഉണ്ടാകാനുള്ള കാരണങ്ങൾ . അഭയാർത്ഥികൾ ഇല്ലാത്ത ഒരു കാലമുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

അഭയാർത്ഥികൾ

അജിത് എൻ.കെ ആനാരി

പുകയും നെരിപ്പോട് ഹൃദയത്തിലേറ്റുവോർ
പുരമില്ല, പുരയില്ലവർക്കു സ്വന്തം
ഇവരാർത്തരാലംബഹീനർ ദായാവായ്പ്
ഭരണകൂടത്തോട് യാചിപ്പവർ

മതവൈരഭാവത്തിലുയിർപൂണ്ട ലഹളയോ
പ്രകൃതിതൻ കോപമോ ആയിരിക്കാം,
പലഗോത്രമൊന്നിച്ച് തെരുവിന്റെ മക്കളായ-
ലയാൻ നിദാനങ്ങളേതുമാവാം !

തിറയാട്ടമാടുന്ന മഴയിലുമതികഠിനവെയി-
ലിലും അതിശൈത്യരാവുകളിലും,
തെരുവാണിവർക്കെന്നു,മഭയമായുള്ളതാ-
ത്തെരുവിൽ മരിച്ചേ മലർന്നിടുന്നൂ…

കദനയാനത്തിലായ് കടലുതാണ്ടും ചിലർ,
കടലിന്റെയാഴത്തിലോർമ്മയാകും
അതിരുഭേദിക്കവേയലറുന്ന തോക്കിന്റെ-
യിരകളായ് വെടിയേറ്റ് വീഴുംചിലർ!

ഇനിയുണ്ട് മക്കളെപ്പോറ്റിപ്പുലർത്തിയോര –
ഭയാർത്ഥിരൂപത്തിലുഴലുന്നവർ
അസ്തമിക്കാൻനേരമിത്തിരി സ്നേഹത്തി-
നൊട്ടു തണൽ തേടിയലയുന്നവർ

ഒരു മനുഷ്യായുസ്സിന്നദ്ധ്വാനമൊക്കെയും
തീറെഴുതി മക്കൾക്കു വച്ചുപോയോർ
ചിലർ, ചിറകറ്റവാർദ്ധക വേളയിലഭയത്തി –
നലയുന്നു വൃദ്ധസദനങ്ങളിൽ

ചിലരുണ്ട് മടിപൂണ്ട് ജന്മംതുലച്ചവർ
കരബന്ധനം ചെയ്തുറങ്ങിടുന്നോർ
അഭയാർത്ഥി രൂപത്തിലലയുന്ന കുട്ടത്തി-
ലവരുമുണ്ടായിടാമിരരൂപമായ്…

ഇനിവേണ്ട യുദ്ധങ്ങളിനിവേണ്ട വൈരങ്ങളി-
നിവേണ്ടയഭയാർത്ഥിരൂപങ്ങളും
ഇനിയുമീയൂഴിയിൽ അലയാതിരിക്കട്ടെ
അഭയമന്വേഷികൾ, അശരണന്മാർ…

അജിത്.എൻ.കെ -ആനാരി