വായിക്കാതെ പോയ മനസുകൾ (കവിത)

472

വായിക്കാതെ പോയ മനസുകൾ

(ഗിരീഷ് വർമ്മ)

നിലാവിലിറങ്ങി വരും.
നിഴൽ വീണു കിടക്കുന്ന
ഒളിവിടങ്ങളിൽ ഒളിഞ്ഞിരുന്ന് നോക്കും.
വായിക്കാതെ പോയ മനസ്സിനെ കുറിച്ചോർക്കും ,
ആരും കാണാതെ പോയ നോട്ടങ്ങളെ ,
കേൾക്കാതെ ഒടുങ്ങിപ്പോയ വാക്കുകളെ ,
എന്തിനെന്നറിയാതെ നടന്ന പാതകളെ,
ഉറങ്ങാതെ ഉണർന്നിരുന്ന നീലരാവുകളെ ,
ഞെട്ടിയുണർന്ന പുലരികളെ .
ഉരുകിയൊലിച്ച മധ്യാഹ്നങ്ങളിൽ
കൺപീലിയടയാതെ കാത്ത ജീവിതങ്ങളെ ….
എല്ലാമോർക്കുമ്പോഴേക്കും
തിരികെ പോവാറായിട്ടുണ്ടാവും.
പുലരി തുടുക്കുന്നുണ്ടാവും …
എന്നാലും വരും എല്ലാ രാവിലും..
നിലാവില്ലാത്ത രാത്രികളിലും.
ഒരു കുമിളപോലെ
അൽപനേരം.
പൊട്ടിപ്പോയപ്പോൾ
അതിരുന്നയിടം പോലുമറിയാതെ.
വഴുതിപ്പോയൊരു
തണുത്ത കാറ്റ് .
അവശേഷിപ്പിച്ചു പോയ
നനവിന്റെ
തണുത്തൊരോർമ്മ.
ഒരു ദീർഘനിശ്വാസം.
കാറ്റിലലിഞ്ഞ
ആരോ ഉള്ളിലടക്കിയ
ഗദ്ഗദത്തിന്റെ ഉൾവേവ്.
പറയാതെ പോയ ആരുടെയൊക്കെയോ
വാക്കുകളിന്നലെ
വരിയായിനിന്നെന്തൊക്കെയോ പുലമ്പി.
ആയിരം ദീർഘനിശ്വാസങ്ങൾ
എന്നെ കരിച്ചുകളഞ്ഞു.
മണ്ണിലലിഞ്ഞ ആ ഗദ്ഗദലാവയ്ക്ക്
സൂര്യനെപ്പോലും കരിക്കാനുള്ള ചൂടുണ്ടായിരുന്നു !!

ഏകാന്തതയിൽ
വാക്കുകളെന്റെ ഓരം ചേർന്നുറങ്ങുകയാണ് .
കളിയരഞ്ഞാണങ്ങളഴിഞ്ഞവ ,
വിദ്യുത് തരംഗങ്ങളൊഴിഞ്ഞവ ,
തളർന്ന, വിയർപ്പുണങ്ങുന്ന നിമിഷങ്ങൾ .
കാറ്റിന്റെ മൃദുതലോടലിലും ശീൽക്കാരം .
വരണ്ട ചുണ്ടിലും
മിടിപ്പ് നിലച്ച ഹൃദയവടിവുകളിലും
കാറ്റിന്റെ കടന്നുകയറ്റങ്ങൾ .
ഏകാന്തതയിൽ പോലും ഞാനുലയുകയാണ് .
പരുഷസ്വരങ്ങളിൽ നിന്നും
എത്രയോ അകലെയെങ്കിലും
ആരോ പറഞ്ഞുവിട്ട വാക്കുകളെന്റെ ചുറ്റിനും
പെയ്തു തീരാതെ വിങ്ങുകയാണ് .
എന്റെ മറുവാക്കുകൾ വിശ്രമത്തിലാണെന്നു പറഞ്ഞല്ലോ!!
ഇനിയുമുള്ളോട്ടു പോകണം.
നിന്റെ സ്വരങ്ങളെന്നെ കണ്ടെത്താത്ത , കേൾക്കാത്ത ,
പറയാത്ത
ഇടത്തിലേക്ക് …

Advertisements
Previous articleഇലക്ഷൻ കഴിഞ്ഞു, നേര് പറയാൻ നേരമായ്‌
Next articleപഴങ്കഞ്ഞി ബെസ്റ്റാ !
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.