ഗുരുവും കണ്ണാടിയും (കവിത, എൻ.കെ.അജിത് ആനാരി)

277

ഗുരുവും കണ്ണാടിയും

കവിത, എൻ.കെ.അജിത് ആനാരി 
…………………………

എന്നെ ഞാനായിത്തുറന്നുകാട്ടും
പിന്നെയെന്നാത്മധൈര്യത്തെയാവഹിക്കും
കെട്ടിലും മട്ടിലുമുത്തൻതന്നെന്നു
മിണ്ടാതെ ചൊല്ലിപ്പറഞ്ഞയക്കും !

സ്വത്വബോധത്തെയുറപ്പിച്ചറിഞ്ഞിടാ-
നെത്തിനോക്കാനുള്ളപാധിയീ കണ്ണാടി
സ്വന്തം പ്രതിച്ഛായ സ്വച്ഛമായ് മാറ്റുവാ-
നുള്ളോരുപാധിയും കണ്ണാടിയല്ലയോ

ഉത്തമനാം ‘ഗുരു’ ദൈവസ്ഥാനത്തായി –
യെന്തേപ്രതിഷ്ഠിച്ചു കണ്ണാടി കോവിലിൽ
എത്തുവോരൊക്കെയും സ്വത്വമറിയണ-
മത്രമേലാരുണ്ട് സത്യം പറഞ്ഞിടാൻ?

ബാഹ്യരൂപത്തെത്തിരിച്ചറിഞ്ഞീടുകി –
ലാന്തരരൂപത്തെ നന്നായ് വിളക്കിടാം
അന്തരാത്മാവിൻ വികാരവിചാരങ്ങ –
ളൊക്കെയും മിന്നും മുഖത്തെന്നതോർക്കണം !

സ്വത്സ്വരൂപത്തെത്തിരിച്ചറിഞ്ഞാന്തര
ചിത്സ്വരൂപത്തെപ്പുതുക്കുന്നവേളയിൽ
മർത്ത്യസ്വരൂപങ്ങളൊക്കെയും നന്മയാൽ
നിത്യം വിളങ്ങിടും സത്പ്രഭയേകിടും!

എന്നിലും നിന്നിലും വാഴുന്ന ശക്തിയെ
തുല്ല്യമായ്ക്കണ്ടിടാൻ ബോധമുണ്ടായിടും
തൊട്ടുതന്നില്ലേ ഗുരുവരൻ പണ്ടേയാ
തത്ത്വമസിപ്പൊരുൾ നാവിലായ് നമ്മൾക്ക് !

എന്നിട്ടുമിന്നുമാ തത്ത്വം മറന്നു നാം
എന്തിനെയൊക്കെയോ തേടിപ്പുറപ്പെട്ടു
അന്യഥാബോധത്തിലാണ്ടു പരസ്പരം
തുല്ല്യമല്ലെന്നതാം വല്ലായ്മ പേറുന്നു

കണ്ണാടി ശാന്തം പരബ്രഹ്മ ദർശകം
കണ്ണോടു കൺനിന്നു കാട്ടിത്തരുന്നവൻ
ഉണ്ടോ, ചെതപ്പെടാൻ നന്നായിനോക്കുക
ഉണ്ടെങ്കിലക്ഷണം തന്നേപ്പുതുക്കുക!

അങ്ങനെയക്ഷിയിൽ കാഴ്ച്ച പുതുക്കണ-
മന്തരാത്മാവിലാ സത്യം നിറയ്ക്കണം
അപ്പോഴേ ഭൂവിൽ സമസ്തംസുഖംഭവി-
ച്ചെല്ലാവരും നന്മ കൊയ്യാൻ തുടങ്ങിടൂ !

എൻ.കെ.അജിത് ആനാരി 09.08.2019