വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത

0
184

വൈകുന്നേരങ്ങളിലെ പ്രണയം
കവിത :ജഗദീഷ് കോവളം.

വിയർപ്പുമണികൾ
അരിവട്ടിക്കോണിൽ
കുതിരാതെ തോരാനിരിക്കുന്ന
ചില വൈകുന്നേരങ്ങളുണ്ട്.

പാറ്റിത്തളർന്ന മുറത്തിൽ നിന്ന്-
വിശപ്പ് മാത്രം കൊഴിച്ചെടുത്ത്
മുന്തിയിൽ കിഴികെട്ടി-
‘തള്ള’ വന്നുകേറുന്നതിന്
തൊട്ടുപിന്നാലെയാണ്
“വൈകുന്നേരം” വഴിയിൽ ഉലാത്താനിറങ്ങുക.

വലിച്ച് കേറ്റിയ കള്ളിന്,
എന്തൊരു നാറ്റമാണെന്ന്’
പുകയുന്ന അടുപ്പിലേക്ക്
തള്ള കുഴലൂതുമ്പോൾ,
കവിളിൽ കുഴികുത്തിക്കൊണ്ടൊരു തീക്കനൽ,
ബീഡിത്തുണ്ട് ആർത്തിയോടെ തിന്നും.

‘പോണവലി കെട്ടിയെടുക്കേയൊള്ളൂ’യെന്ന്
*കതമ്പയിൽ തീപിടിക്കുമ്പോൾ
തികട്ടിവന്ന വില്ലൻചുമയെ
പരുപരുത്ത കൈത്തഴമ്പ്
തടവിത്താഴേയ്ക്കിറക്കും.

‘അമത്തിവയ്ക്കണ്ട ചൊമയ്ക്കീം..
കൊരച്ച് കൊരച്ച് ചാവീം’ എന്നാവും
ഓലത്തുമ്പിൽ തീപടരുന്നത്.

ഉള്ളീന്നൊരു ചിരിയും ചുമയുമൊരുമിച്ച്
നെറുകൻ തലയിലേക്ക് ഒച്ചവച്ചോടും

‘വലിച്ച് മണ്ടേക്കേറ്റിയാ’ എന്നൊരു ശാസനം
അരുമയോടെ ഓടിവന്ന് തലയ്ക്കടിക്കും.

‘കുത്തിയിരുന്ന് പാറ്റിപ്പാറ്റി- ക്കുറുക്കെടുക്കാവ്വയ്യ’ന്നൊരു പരാതിയോടെ
പറ്റും വെള്ളവും അടുപ്പിൽനിന്നിറങ്ങി
രണ്ട് കുഴിപിഞ്ഞാണികളിലേക്ക് കമരും.

നരച്ചനെഞ്ചും, റൗക്കയിൽ ഞാന്ന അമ്മിഞ്ഞയും
മുഖത്തോടുമുഖം നോക്കിയിരുന്ന്
കുഴിപിഞ്ഞാണിയിൽ ‘അക്കുത്തിക്കുത്ത്’ കളിക്കും.

ബീഡിത്തുമ്പിലേയ്ക്ക് പരകായപ്രവേശം നടത്തി
ചിമ്മിനി വിളക്ക് മരിക്കുമ്പോൾ,
ഉറക്കമെണീറ്റുപോയ
പനയോലപ്പരമ്പിൽനിന്നും രണ്ട് ദീർഘനിശ്വാസങ്ങൾ
നിലാവെട്ടത്തിറങ്ങി തൊട്ട് കളിക്കും.