അവധൂതന്റെ ഒരു രാത്രി

24-05-2008
ശനി
ഒരു നിമിത്തം പോലെ അയ്യപ്പേട്ടന് കഴിഞ്ഞ രാത്രി എനിക്കു മുന്നില്‍ പ്രത്യക്ഷനായി…
ആകാശത്തിലും സമുദ്രത്തിലും ആള്‍ക്കൂട്ടമില്ലാത്തതുകൊണ്ടു സഞ്ചരിക്കുവാന്‍ സ്വയം തെരുവു പണിഞ്ഞവന്റെ പുനസമാഗമം! കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ അത്യാസന്നനിലയില്‍ അയ്യപ്പന് കിടക്കുന്നൂവെന്ന പത്രവാര്‍ത്തയില്‍ മനം നൊന്തപ്പോഴും വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്കു മനസ്സിലെവിടെ സ്ഥാനം..? ചേറുള്ള കാലടികളില്‍ തീര്‍ത്ഥയാനങ്ങളുടെ മുദ്രകളുള്ളവന്‍ എപ്പോഴെങ്കിലും ഈ നഗരം തേടിവരുമെന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നതു വൃഥാവിലായില്ല. ഭാഷയുടെ സെമിത്തേരിയില്‍ ഇവന്റെ വാക്കുകളെ അടക്കം ചെയ്യുവാന്‍ ഇവനുപകരം ഇവനല്ലാതെ മറ്റാരുണ്ടു…? ഇരുട്ടത്തും തിളങ്ങുന്ന നക്ഷത്രക്കണ്ണുകളുള്ളവന്‍ എനിക്കുമുന്നില്‍ അപ്രതീക്ഷിതമായി പുഞ്ചിരിച്ചുനിന്നപ്പോള്‍ വിസ്മിതമായിരുന്നു. നേര്‍ത്ത ഒരു സ്വപ്നം പോലെ…നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയപോലെ…കുറേക്കൂടി ക്ഷീണിച്ചെങ്കിലും തേജസ്സുമങ്ങാത്ത മുഖത്തെ നരച്ച മുടിയിഴകള്‍ അനാഥത്വത്തിന്റെ കറുത്ത ആഴങ്ങളിലെ വഴിവിളക്കാകുന്നപോലെ…..കണ്ടപാടെ കെട്ടിപ്പിടിച്ചു ചോദിച്ചതു ഓര്‍മ്മയുണ്ടോയെന്നല്ല, ലഹരിയുടെ അന്തര്‍ദാഹം തീര്‍ക്കാന്‍ എത്രയുണ്ടെന്നുമാത്രം!അല്ലെങ്കില്‍ത്തന്നെ വര്‍ഷങ്ങള്‍ക്കിടയില്‍ കാണുമ്പോഴും അയ്യപ്പനു ഓര്‍ത്തുവയ്ക്കാന്‍ ഓര്‍മ്മകളുടെ ആല്‍ബങ്ങളില്‍ ഒരു മുഖവും ബാക്കിയില്ല. ലഹരിയുടെ വിസ്മൃതികളില്‍ ഓരോ മുഖവും പതഞ്ഞുതീരുന്ന നീര്ക്കുമിളമാത്രം. ഒന്‍പതു പെഗ്ഗടിച്ചിട്ടും ഉറച്ചകാല്‍വയ്പ്പോടെ എന്നോടുവീണ്ടും അതേ ചോദ്യം; എത്രയുണ്ടു നിന്റെ കൈയില്‍? അവസാനത്തെ അന്പതുരൂപയും കൈയില്‍ തിരുകിവച്ചപ്പോള് പിന്നെ പാട്ടായി, കവിതയായി…അയ്യപ്പന് എന്നും അങ്ങിനെയാണു… ദയാരഹിതമായ അടഞ്ഞവാതിലുകളില്‍ നിന്നു തീപിടിച്ച കണ്ണുകളും, കാലുകളുമായി വെയില്‍തിന്നുകൊണ്ടു ഈ പക്ഷി പറന്നുകൊണ്ടേയിരിക്കുന്നു, തെരുവുകളില്‍ നിന്നു തെരുവുകളിലേയ്ക്കു….!
ഇനി എന്നാണു കാണുക? മറുപടി ഒരു പുഞ്ചിരി മാത്രം…പിന്നീടൊന്നു കയര്‍ത്തു, നീ വരച്ച എന്റെ ചിത്രങ്ങള്‍ വലിച്ചുകീറുക, എന്നെക്കുറിച്ചെഴുതിയകവിതകളും…!
………………………………………………………………………………
………………………………………………………………………………
ഞാന്‍ അവന്റെ വരികള്‍ അവനോടു തന്നെ പറഞ്ഞു;
”അര്‍ബുദം കാര്ന്ന കണ്ണുകള്‍ക്കു
കാഴ്ച വേണം..
നീ തന്ന അഗ്നിയാണു
എന്റെ നെഞ്ചില്‍..
എരിതീയുടെ വെളിച്ചത്തില്‍
നിന്നെ ഞാന്‍ കാണുന്നു!”
………………………………………
മറുപടി നിശബ്ദത മാത്രം!പിന്നെപ്പറഞ്ഞു,
”വെള്ളത്താളില്
ഉയിര്ത്തെഴുന്നേല്ക്കാതെയാകുമ്പോള്
ഞാന്‍ ഉടഞ്ഞ സ്ലേറ്റില്‍
വെറുമൊരു ഭൂപടം…!
ലഹരിയുടെ ജാലകങ്ങളില്‍ പറന്നുപൊങ്ങി എകാന്തതയും തെരുവുകളും സ്വന്തമാക്കി അവന് കാഴ്ച മങ്ങിയ എനിക്കു മുന്നില്‍ നിന്നു ആള്‍ക്കൂട്ടത്തിലേയ്ക്കലിഞ്ഞുചേരുമ്പൊള്‍ അറിയാതെ കണ്ണൊന്നു നനഞ്ഞു, ഓ ദൈവമേ, ഈ നിഷേധിയെ ഞാനെത്രമാത്രം സ്നേഹിച്ചുപോയി…!
……………………………………………………………………………….
ഇരുണ്ട സഹാറയില്‍
ഇഴയുകയായിരുന്നു ഞാന്‍
അതെയിരുട്ടില്‍
മുറിവുകള്‍ തിളങ്ങുന്ന
മറ്റൊരു രൂപം….
ഞാന്‍ ചോദിച്ചു:
ആരു നീ?
മുറിവുകളുടെ വെളിച്ചം
എന്നോടു പറഞ്ഞു;
ഞാന്‍ ഇയ്യോബ്..!
366 total views, 6 views today
