കുടിക്കാത്ത അയ്യപ്പന്!
സത്യം. കുടിക്കാത്ത അയ്യപ്പനെ ആയിരുന്നു എനിക്കു പരിചയം. എങ്ങിനെയാണെന്നല്ലേ നിങ്ങള്‍ക്കു തോന്നുന്നത്? പറയാം..നിങ്ങളെ ഞാന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സായാഹ്നത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാം. അന്നു ഞാന്‍ ഒരു ഡോക്ടറായിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടുണ്ടാകില്ല..അല്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടുണ്ടാകാം. കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. ആ ആശുപത്രി നടത്തിയിരുന്ന ഡോക്ടര്‍ പെട്ടെന്ന് മരിക്കുക്കയും അവിടെ ഞാന്‍ അടിയന്തിരമായി എത്തപ്പെടുകയും ആയിരുന്നു. അവിടെ വിശാലമായ സൌകര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരിരുനില കെട്ടിടം. താഴെ ആശുപത്രി. മുകളില്‍ ഒരു ക്വാട്ടേഴ്സ്.വളരെ വിശാലമായ ബാല്‍ക്കണി ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
128 total views

സത്യം. കുടിക്കാത്ത അയ്യപ്പനെ ആയിരുന്നു എനിക്കു പരിചയം. എങ്ങിനെയാണെന്നല്ലേ നിങ്ങള്‍ക്കു തോന്നുന്നത്? പറയാം..നിങ്ങളെ ഞാന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സായാഹ്നത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാം. അന്നു ഞാന്‍ ഒരു ഡോക്ടറായിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടുണ്ടാകില്ല..അല്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടുണ്ടാകാം. കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. ആ ആശുപത്രി നടത്തിയിരുന്ന ഡോക്ടര്‍ പെട്ടെന്ന് മരിക്കുക്കയും അവിടെ ഞാന്‍ അടിയന്തിരമായി എത്തപ്പെടുകയും ആയിരുന്നു. അവിടെ വിശാലമായ സൌകര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരിരുനില കെട്ടിടം. താഴെ ആശുപത്രി. മുകളില്‍ ഒരു ക്വാട്ടേഴ്സ്.വളരെ വിശാലമായ ബാല്‍ക്കണി ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
കോവളം സുനില്‍ എന്ന ഇന്നത്തെ പ്രശസ്തനായ ആര്‍ട്ടിസ്റ്റ് അന്ന്(ഇന്നും) എന്റെ വളരെ അടുത്ത കൂട്ടുകാരനാണ്. ഞാന്‍ മുമ്പു സൂചിപ്പിച്ച സായാഹ്നത്തില്‍ സുനില്‍ എന്നെക്കാണാനായി ആശുപത്രിയില്‍ വന്നു. സ്വന്തം കാറിലാണ് വരവ്. വളരെ അത്യാവശ്യമായ ഒരു കാര്യവുമായാണ് താന്‍ വന്നിരിക്കുന്നതെന്ന് അവന് പറഞ്ഞു.
“എടാ..ഞാനൊരാളെ കൊണ്ടുവന്നിട്ടുണ്ട്..പുള്ളി ഭയങ്കര കുടിയാ..നീ അവനെ ഒന്നു ശരിയാക്കണം..”
“എവിടെ..?..ആരാ..?” ഞാന്‍ ചോദിച്ചു.
“അയ്യപ്പനെന്നാ കക്ഷിയുടെ പേര്…വലിയ കവിയാ..”
അയ്യപ്പന് എന്ന ഒരാളെപ്പറ്റി ഞാന്‍ കേട്ടിട്ടില്ല. സുനില്‍ പറയുന്നു അയാള്‍ വലിയ കവിയാണെന്ന്..കവികളെ ഞാനന്നു കണ്ടിട്ടില്ല. “സുനിലിന്റെ ചെങ്ങാതികള്‍ ഒരിക്കലും മോശമാവാന്‍ സാധ്യതയില്ല.”
“അതിനെന്താ സുനിലേ..നിനക്കെന്തു വേണം..?”
“എടാ..നീ ഇവനെ ഒന്നു ശരിയാക്കി തരണം..”
“എങ്ങിനെ..? നീ എന്താ പറയുന്നെ..?”
“ഈ മദ്യപാനം ഒന്നു നിറുത്താന്‍ നിനക്കു പറ്റുമോ?”
“നീ അയാളെ വരാന്‍ പറയുക..” ഞാന്‍ സുനിലിനോടു പറഞ്ഞു. സുനില്‍ ഉടന്‍ തന്നെ പുറത്തു പോയി ഒരു മെലിഞ്ഞ ഒരാളുമായി എന്റെ അടുത്തു വന്നു.
എന്റെ ആശുപത്രിയുടെ ടിക്കറ്റ് ഇവന്മാര് എടുത്തില്ല.!
രണ്ടു പേരെയും ക്വാട്ടേര്‍സില്‍ നേരിട്ട് കൊണ്ടു ചെന്നാക്കി.
ആ മെലിഞ്ഞ ആള് അയ്യപ്പനാനെന്നെനിക്കു മനസ്സിലായി. കൂടുതലൊന്നും പറഞ്ഞില്ലെന്നാണെനിക്കു തോന്നുന്നത്. സുനില്‍ അയ്യപ്പനെ എന്നെ ഏല്‍പ്പിച്ചിട്ടു പോയി.
പിന്നെ ഈ അയ്യപ്പന് എന്ന ആള് എന്റെ കൂടെ ഏതാണ്ട് ആറു മാസം താമസിച്ചു. ഞാനന്നു കല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല. സുനില്‍ കൊണ്ടുതന്ന ഒരു വ്യക്തി എന്നല്ലാതെ അയ്യപ്പന് ആരാണെന്നോ അയാള്‍ ഒരു കവിയാണെന്നോ ഒരിക്കലും ഞാന്‍ അറിഞ്ഞിരുന്നില്ല. എല്ലാ ദിവസവും രാവിലെ അയ്യപ്പന് എഴുന്നേല്ക്കും. ഞാന്‍ കാപ്പിയോ ചായയോ ഇടും. ഞങ്ങള്‍ രണ്ടുപേരും അതു കുടിക്കും. അയ്യപ്പന് രാവിലേ തന്നെ എല്ലാ ദിവസവും മിനിമം ഒരു കവിതയെങ്കിലും എഴുതിയിരിക്കും! അതൊരല്‍ഭുതം തന്നെയായി എനിക്ക് ഇന്നും തോന്നുന്നു. ഞാന്‍ ആദ്യ കാലങ്ങളില്‍ അയ്യപ്പന് മദ്യാസക്തിയില്‍ നിന്നു രക്ഷപെടുവാനായി ഡയസപ്പാം കൊടുക്കുമായിരുന്നു. അത് അയാള്‍ക്ക് നല്ലതുപോലെ ഫലിച്ചിരിക്കാം. എന്റെ കൂടെ നിന്ന ആ ആറുമാസവും അയ്യപ്പന് മദ്യപിച്ചില്ല. ഇടക്കെല്ലാം ഒരുപാട് ആളുകള്‍ അയ്യപ്പനെ കാണുവാനായി വരുമായിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യമായതിനാല്‍ എല്ലാം അവ്യക്തമായി എനിക്കിന്നു തോന്നുന്നു.
അന്ന് ഒരു ചില്‍ഡ്രന്‍സ് സിനിമയുടെ സ്ക്രിപ്റ്റ് ഞാന്‍ എഴുതുവാന്‍ ആഗ്രഹിച്ചിരുന്നു. അത് ഇന്നും പൂര്‍ണ്ണമല്ല. അതിലേക്കായി “കാട്ടിനകത്ത്..കാട്ടിന്നകത്ത്..കാക്കത്തൊള്ളായിരം കൂടുണ്ട്..” എന്ന ഒരു കവിത എനിക്കു തന്നതായി അയ്യപ്പന് എന്നോട് പറയുമായിരുന്നു. എന്നും രാത്രി അതു പാടുവാന്‍ ഞാന്‍ അയ്യപ്പനോടു പറയും. അയ്യപ്പന് അതെന്നും എനിക്കായി പാടും. ഞാനത് ഒരിക്കലും റെക്കാര്‍ഡു ചെയ്തില്ല. എന്റെ മനസ്സില്‍ അതിന്നും മുഴങ്ങുന്നു. എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് എന്ന കവിത കേള്‍ക്കുമ്പോള്‍ ഞാന്‍ ഇപ്പോള്‍ ഞെട്ടിപ്പോകുന്നു. അയ്യപ്പന് എന്റെ മുന്നില്‍ നിന്നു പാടുന്നതായാണ് എനിക്കതനുഭവമാകുന്നത്. ആയ്യപ്പന്റെ ശവസംസ്കാരത്തിനെത്താന് പറ്റാത്തത് വളരെ വിഷമം തന്നെയാണ്.സുനില്‍ പോകുന്നുണ്ട്. നമ്മുടെ ദിലീപ് നമൂക്കായി അവിടെ ഉണ്ടാകും.
അയ്യപ്പനെന്താണ് നമ്മോട് പറഞ്ഞത്?
മരണത്തെ നാം ഒരിക്കലും ഭയപ്പെടരുത്. വിശ്വാസ പ്രമാണങ്ങളെ തീര്‍ച്ചയായും ചോദ്യം ചെയ്യണം. അതിലും ഉപരിയായി നാം ആരെയും പേടിക്കാതെ നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണം. ഭയം പാടില്ല. മരണത്തെ നാം എന്നും മുന്നില്‍ കാണുക. ആത്മവിശ്വാസം, സ്നേഹം എന്നിവ ഏറ്റവും പ്രധാനം.
129 total views, 1 views today
