തണ്ണിമത്തനിലെ വിഷം; എന്തായിരിക്കാം വാസ്തവം?

606

എഴുതിയത് : സുരേഷ് സി പിള്ള

ഇന്ന് ഒരു സുഹൃത്ത് ശ്രദ്ധയിൽ പെടുത്തിയ മെസ്സേജ് ആണ് ഇത് “റോഡരുകിലെ കടകളിൽ മാസങ്ങളോളം കാറ്റും വെയിലു മേറ്റാലും ഫ്രഷ് ആയിത്തന്നെ തണ്ണി മത്തൻ ഇരിക്കുന്നു. ഇവ മാരകമായ വിഷം അടിച്ചതാണ്…. ” ഇങ്ങനെ, തണ്ണിമത്തൻ കഴിച്ചാൽ വരാത്ത രോഗങ്ങളില്ല എന്നുള്ള രീതിയിൽ മെസ്സേജുകൾ നിങ്ങളും വാട്ട്സാപ്പ് വഴി കണ്ടിട്ടുണ്ടാവുമല്ലോ?

ആദ്യം തണ്ണിമത്തൻ എന്താണ് എന്ന് നോക്കാം?

Citrullus lanatus എന്ന ശാസ്ത്രീയ നാമം ഉള്ള തണ്ണിമത്തൻ അഥവാ വാട്ടർ മെലൺ Cucurbitaceae എന്ന ഫാമിലിയിൽ പെട്ടതാണ്. പൾപ്പിൽ 90 ശതമാനത്തോളം വെള്ളവും, ആറു ശതമാനത്തോളം ഷുഗറും ഉണ്ട്. ഇത് കൂടാതെ ചെറിയ അളവിൽ vitamins A, B6, C, magnesium, potassium എന്നിവയും അടങ്ങിയിട്ടുണ്ട്. Lycopene എന്ന pigment ആണ് ഇതിന് ചുവന്ന കളർ കൊടുക്കുന്നത്. 3,6-nonadienal എന്ന കോമ്പൗണ്ട് ആണ് ഇതിന് വിശിഷ്ടമായ ഗന്ധം കൊടുക്കുന്നത്.

ഇതിന്റെ ഷെൽഫ്-ലൈഫ് എത്ര ആണ്?

സാധാരണ വിളവെടുത്താൽ പത്തു ദിവസം വരെ കേടു കൂടാതെ ഇരിക്കും. ഫ്രിഡ്ജിൽ വച്ചാൽ മൂന്ന് ആഴ്ച വരെ ഇരിക്കും.

അപ്പോൾ കെമിക്കൽ ഉപയോഗിച്ചു ഷെൽഫ്-ലൈഫ് കൂട്ടാമോ?

ഇല്ല. അങ്ങിനെ പഴങ്ങളുടെ ഷെൽഫ്-ലൈഫ് മാസങ്ങളോളം കൂട്ടാനുള്ള ഒരു കെമിക്കലും ശാസ്ത്ര ഡേറ്റാബേസിൽ തിരഞ്ഞിട്ട് കണ്ടില്ല. അങ്ങിനെ ഒരു കെമിക്കൽ ഇല്ല എന്നു തന്നെ പറയാം. പ്രത്യേകിച്ചും ഒരു കെമിക്കൽ കുത്തി വച്ചും മാസങ്ങളോളം തണ്ണിമത്തൻ കേടു കൂടാതെ വയ്ക്കാൻ പറ്റില്ല. അത് കൂടതെ എന്തെകിലും മുറിവോ (കുത്തി വയ്ക്കുമ്പോൾ ഉണ്ടാവുന്ന), ചതവോ ഉണ്ടായാൽ പെട്ടെന്ന് ചീഞ്ഞു പോകാനും സാധ്യത ഉണ്ട്. അപ്പോൾ ഈ വാർത്തകൾ ഒക്കെ ഒരു ഹോക്സ് എന്ന് പറയാം (ഷെൽഫ്-ലൈഫ് കൂട്ടും എന്ന് പറഞ്ഞു, ഏതെങ്കിലും തരത്തിൽ ഉള്ള കെമിക്കലുകൾ വിറ്റ് ചെറുകിട വ്യാപാരികളെ ആരെങ്കിലും പറ്റിക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ കമന്റായി എഴുതുക).

ഇനി കളർ കൂട്ടാനായി കെമിക്കൽ ചേർക്കുന്നുണ്ടോ?

തണ്ണിമത്തൻ വിളഞ്ഞാൽ അതിന്റെ അകം ചുവപ്പു കളറാണ്. Lycopene എന്ന pigment ആണ് ഇതിന് ചുവന്ന കളർ കൊടുക്കുന്നത് എന്ന് മുകളിൽ പറഞ്ഞല്ലോ? ഇനി വിളയാതെ പറിച്ചു പുറത്തു നിന്നും കുത്തി വച്ചു കളർ മാറ്റാനുള്ള സാധ്യതയും കുറവാണ്, കാരണം കളർ കയറ്റിയാൽ അത് homogeneous ആയി എല്ലായിടത്തും ഒരേ പോലെ വ്യാപിക്കില്ലല്ലോ? നിങ്ങൾ ഒരു വെള്ളരിക്ക എടുത്തിട്ട് അതിൽ ചുവന്ന ഡൈ കുത്തി വച്ചു നോക്കാം. അത് എല്ലായിടത്തും ഒരേ പോലെ വ്യാപിക്കില്ല. ഇനി കളർ ചേർത്തതെങ്കിൽ മുറിക്കുമ്പോൾ homogeneous അല്ലെങ്കിൽ അതിൽ നിന്നും കളർ ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാം. കൂടാതെ പുറത്തു നിന്നും കളർ ചേർത്താൽ തണ്ണിമത്തന്റെ അകത്തെ തോടിന്റെ വെള്ള ഭാഗങ്ങളിലും കളർ വ്യാപിക്കാം. ഇതിൽ നിന്നൊക്കെ കളർ ചേർത്തോ എന്ന് തിരിച്ചറിയാം.

പ്ലാസ്റ്റിക്ക് മുട്ട/ കാബേജ്, HIV കലർന്ന ഓറഞ്ച് ഇവയൊക്കെ പോലെ ഇതും ഒരു ഹോക്സ് ആകാനാണ് സാധ്യത.

എന്നിരുന്നാലും, ആരോഗ്യ വകുപ്പും, പ്രാദേശിക ഗവൺമെന്റ് ലാബുകളും അടിയന്തിരമായി ലാബുകളിൽ ടെസ്റ്റുകൾ നടത്തി പൊതു ജനങ്ങളെ ഇതിന്റെ നിജസ്ഥിതി കൃത്യമായി ബോധ്യപ്പെടുത്തണം.

കൂടുതൽ വായനയ്ക്ക്
Perkins‐Veazie, P., Collins, J. K., Pair, S. D., & Roberts, W. (2001). Lycopene content differs among red‐fleshed watermelon cultivars. Journal of the Science of Food and Agriculture, 81(10), 983-987.

Sipahi, R. E., Castell-Perez, M. E., Moreira, R. G., Gomes, C., & Castillo, A. (2013). Improved multilayered antimicrobial alginate-based edible coating extends the shelf life of fresh-cut watermelon (Citrullus lanatus). LWT-Food Science and Technology, 51(1), 9-15.

Panghal, A., Yadav, D. N., Khatkar, B. S., Sharma, H., Kumar, V., & Chhikara, N. (2018). Post-harvest malpractices in fresh fruits and vegetables: food safety and health issues in India. Nutrition & Food Science, 48(4), 561-578.

Previous articleനമ്മുടെ കുട്ടികൾക്ക് എന്തുപറ്റി ?
Next articleലോകത്തിലെ അപകടകാരികളായ 10 ജീവികൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.