ജാമിയ മിലിയ കാമ്പസിനുള്ളിൽ അമിത് ഷായുടെ ഗുണ്ടാ പോലീസ് നരനായാട്ട്

239

Sreejith Divakaran 

കാമ്പസില്‍ കയറിയ പോലീസ് അഴിഞ്ഞാടുകയാണ്. ടോയ്‌ലെറ്റില്‍ ഒളിച്ചിരിക്കുന്ന പെണ്‍കുട്ടികളെ പോലും, കാമ്പസിനകത്തെ ലൈറ്റുകള്‍ കെടുത്തി പോലിസ് ഉപദ്രവിക്കുന്നു- ഇത്തിരി നേരം മുന്നേ ജാമിയ മിലിയയില്‍ നിന്ന് ഒരു പെണ്‍കുട്ടി എഫ്.ബിയില്‍ പോസ്റ്റ് ചെയ്ത വാചകമാണിത്. ജാമിയയില്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുന്ന വിദ്യാര്‍ത്ഥികളെയാണ് അമിത്ഷായുടെ കിങ്കരന്മാര്‍ വേട്ടയാടുന്നത്.


മനുഷ്യരെ മതത്തിന്റെ പേരില്‍ വേര്‍ തിരിക്കരുത് എന്നാവശ്യപ്പെട്ട് സി.എ.എ എന്ന സിറ്റിസണ്‍ അമെന്റ്‌മെന്റ് ആക്ടിനെതിരെയാണ് ജാമിയയില്‍ പ്രക്ഷോഭം നടക്കുന്നത്. തല്ലിച്ചതയ്ക്കപ്പെട്ട ഒരു കുട്ടി മരിച്ചുവെന്നൊക്കെ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ശരിയാണോ എന്നറിയില്ല. പക്ഷേ കാമ്പസിനകത്ത് ഗുണ്ടാ പോലീസ് നരനായാട്ട് നടത്തുകയാണെന്നുള്ളത് ശരിയാണ്. സുഹൃത്തുക്കള്‍ അതിനകത്തുണ്ട്. ജാമിയ മിലിയയ്ക്ക് അതൊരു പുത്തരിയല്ല. നേരത്തേയും കേന്ദ്രസര്‍ക്കാരുകളുടെ കണ്ണിന്റെ കരടാണ് അവിടത്തെ അക്കാദമിക് മെറിറ്റില്‍ ഉജ്ജ്വലരായ വിദ്യാര്‍ത്ഥികള്‍. അവരുടെ രാഷ്ട്രീയം എളുപ്പത്തില്‍ പോലീസിനെ, സര്‍ക്കാരിനെ പ്രകോപിതരാക്കുന്നതാണെന്ന് തെറ്റിദ്ധരിക്കകരുത്. അവരുടെ സര്‍വ്വകലാശാലയുടെ പേരിലുള്‍പ്പെടുന്ന മതമാണ് ഭരണവര്‍ഗ്ഗത്തിന്റെ പ്രകോപനം. ജാമിയ മിലിയ എന്നതിന് യഥാര്‍ത്ഥത്തില്‍ ദേശീയ സര്‍വ്വകലാശാല എന്നതേ ഉര്‍ദ്ദുവില്‍ അര്‍ത്ഥമുള്ളൂ. പക്ഷേ ബനാറസ് ഹിന്ദു എന്നത് പോലെ ജാമിയ മിലിയ ഇസ്ലാമിയ എന്നത് ഉള്‍ക്കൊള്ളാന്‍ ഈ ജനാധിപത്യ സമൂഹം ആയിട്ടില്ല. സമൂഹത്തിന് വിദ്യാഭ്യാസം വേണമെന്ന് നിശ്ചയിച്ചവര്‍ ആരംഭിച്ചതാണത്. പുരോഗമനാശക്കാരായിരുന്നു ജാമിയയിലെ മേധാവികളേറെയും.

Image result for jamia millia islamia"കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ ദിവസങ്ങളില്‍ അന്തരിച്ച പ്രൊഫ. മുശ്‌റുള്‍ ഹസനാണ് ഈയടുത്ത കാലത്ത് ജാമിയ നിയന്ത്രിച്ചിരുന്നതില്‍ ഏറ്റവും ശ്രദ്ധേയനായ മനുഷ്യന്‍. കമ്മ്യൂണിസ്റ്റും ലിബറലുമായിരുന്നു. ലിബറല്‍ എന്നത് എന്തോ ചീത്തവാക്കാണ് എന്ന് ധരിച്ച് വശായവര്‍ക്ക് വരെ മുശ്‌റുള്‍ ഹസന്‍ ബഹുമാന്യനായ നേതാവായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണറായി നിശ്ചയിച്ച, ഒന്നാം മോഡി സര്‍ക്കാരിന്റെ പ്രിയങ്കരനായിരുന്ന നജീബ് ജുങ്ങും ജാമിയയുടെ വൈസ് ചാന്‍സിലര്‍ ആയിരുന്നു. അഥവാ, രാഷ്ട്രീയാഭിമുഖ്യത്തില്‍ കോണ്‍ഗ്രസ്, ഇടത്പക്ഷം എന്നത് മാത്രമല്ല, ബി.ജെ.പിയോട് വരെ ആഭിമുഖ്യം പുലര്‍ത്തിയിരുന്നവര്‍ ജാമിയ മിലിയയില്‍ മേധാവികളായിട്ടുണ്ട്. എന്നിട്ടും തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന സര്‍വ്വകലാശാല എന്നാണ് മിഡില്‍ക്ലാസ്, സവര്‍ണ്ണ രാഷ്ട്രീയം ജാമിയ മിലിയയെ ചൂണ്ടിക്കാണിക്കുന്നത്.

Image result for jamia millia islamia"ജാമിയ മിലിയയും ബനാറസ് ഹിന്ദുവും കേന്ദ്രസര്‍വ്വകലാശാലകളാണ്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ഏതെങ്കിലും വൈസ് ചാന്‍സിലര്‍മാര്‍ റൈറ്റ് വിങ്ങിനപ്പുറം സംസാരിച്ച ചരിത്രം ഉണ്ടോ? ആ സോഫ്റ്റ് ലൈന്‍ ലംഘിച്ച ആരെങ്കിലും? എന്റെ പരിമിതമായ അറിവിലില്ല. ഇക്കാലത്ത് ബനാറസ് ഹിന്ദു സര്‍വ്വകലാശാല നടത്തിയ വിജയകരമായ പ്രക്ഷോഭം പൂര്‍ണ്ണമായ യോഗ്യതകളോടെ സംസ്‌കൃതം വിഭാഗത്തില്‍ അധ്യാപകനായ ഫിറോസ് ഖാന്‍ എന്ന അധ്യാപകനെ സമരം ചെയ്ത് പുറത്താക്കിയതാണ്. ഒരു കേന്ദ്രസര്‍വ്വകലാശാലയില്‍ യു.ജി.സിയുടെ പൂര്‍ണ്ണമായ യോഗ്യതകളോടെ, അംഗീകാരത്തോടെ അധ്യാപകനായ ഒരാളെ പുറത്താകനുള്ള ആ സമരത്തിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ഉണ്ടായിരുന്നില്ല, സമരം ചെയ്ത പെണ്‍കുട്ടികളെ തിരഞ്ഞ് പിടിച്ച് ഉപദ്രവിക്കാന്‍ ഒരു ഭരണവര്‍ഗ്ഗകിങ്കരന്മാരും എത്തിയില്ല. ഒരു മാധ്യമവും ഹൈന്ദവ തീവ്രവാദി വിദ്യാര്‍ത്ഥി സമൂഹമാണ് ഈ സമരം നടത്തുന്നതെന്നും അവര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കും ദേശീയതയ്ക്കും അപമാനമാണെന്നും പറഞ്ഞില്ല. അവര്‍ രാജ്യദ്രോഹികളാണ് എന്ന് തീര്‍ച്ചയായും പറഞ്ഞില്ല. അവര്‍ സമരത്തിന് പിന്തുണ നല്‍കിയ ഒരു ദളിത് അധ്യാപകനെ ഓടിച്ചിട്ട് ആക്രമിച്ചിട്ടും ആരും ഒന്നും ശബ്ദിച്ചില്ല.

പക്ഷേ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സമരം വിജയിച്ചു. കാരണം ആ സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ മദന്‍മോഹന്‍ മാളവ്യയാണ്. ആര്‍.എസ്.എസിന്റെ കുലഗുരു. ഇടക്കാലത്ത് കോണ്‍്‌ഗ്രൊസൊക്കെയായിരുന്നു. പക്ഷേ അടിവേര് തൊട്ട് നില്‍ക്കുന്നത് ബ്രാഹ്മണ്യ ഹൈന്ദവതയിലാണ്. അവിടത്തെ വിദ്യാര്‍ത്ഥിയും അധ്യാപകനും മാളവ്യയുടെ ശിഷ്യനും ആയിരിക്കെയാണ് മാധവസദാശിവ ഗോള്‍വാള്‍ക്കര്‍ സംഘപരിവാറില്‍ ആകൃഷ്ടനായി, അതിന്റെ രണ്ടാമത്തെ സര്‍സംഘചാലകായി ഹൈന്ദവ ഇന്ത്യയെന്ന ആശയത്തിന്റെ പതാകയേന്തുന്നത്. സ്വാതന്ത്ര്യസമരം കത്തിജ്ജ്വലിക്കുന്ന കാലമായിരുന്നുവെങ്കിലും ഒരിക്കല്‍ പോലും അതിന്റെ ഭാഗമാകണമെന്ന് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴോ തുടര്‍ന്ന് അധ്യാപകനായപ്പോഴോ ഗോള്‍വാള്‍ക്കറിന് തോന്നിരുന്നില്ല. പക്ഷേ ദേശസ്‌നേഹിയായാണ് ഇന്ന് കണക്കാക്കുന്നത്.

നോക്കൂ, ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കുന്ന നിയമത്തിനെതിരെ ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഒന്നും മിണ്ടില്ല. പക്ഷേ അവര്‍ ആദരണീയരാണ്. രാജ്യസ്‌നേഹികളാണ്. ജാമിയ മിലിയ ഇസ്ലാമിയ അഥവാ ദേശീയ മുസ്ലീം സര്‍വ്വകലാശാല ദേശദ്രോഹത്തോളം പോന്ന പാപഭാരം പേറുന്നവരാണ്.

ജാമിയയിലെ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്ക്, പ്രിയ സഖാക്കള്‍ക്ക്, അഭിവാദ്യങ്ങള്‍.