മലയാള സിനിമയിലെ രാഷ്ട്രീയക്കാർ

0
52

രോഹിത്ത് കെ പി

മലയാള സിനിമയിലെ രാഷ്ട്രീയക്കാർ

അരാഷ്ട്രീയ വാദികളെ സൃഷിക്കുന്നതിൽ സിനിമകൾ നല്ല രീതിയുള്ള പങ്ക് വഹിച്ചിട്ടുണ്ട് . ചെറുപ്പം മുതലേ ഒരാളും രാഷ്ട്രീയം നിരീക്ഷിച്ച് രാഷ്ട്രീയ ചരിത്രം പഠിക്കാൻ ശ്രമിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്താനുള്ള പരിശ്രമത്തിൽ ഏർപ്പെടില്ല .എന്നാൽ എല്ലാവരും ചെറുപ്പം മുതലേ സിനിമ ആസ്വദിക്കുകയും സിനിമ കാണാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് . എന്നാൽ ഈ സിനിമ കുത്തിവെക്കുന്ന അരാഷ്ട്രീയതയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ . ഇവിടെ ബാഹുബലിയെപ്പോലെ ഉള്ള രാജാവ് വരണം ,ഗൾഫിലെ നിയമം വരണം ,സർക്കാരിന് ഞാൻ കാശ് കൊടുക്കില്ല എന്നൊക്കെ ഫേസ്‌ബുക്കിലെഴുതുന്ന ആളുകളിൽ മലയാള സിനിമകൾ എങ്ങനെയല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ . മലയാള സിനിമ എങ്ങനെ രാഷ്ട്രീയക്കാരനെ ചിത്രീകരിക്കുന്നു എന്ന് നമുക്ക് നോക്കാം .

█ രാഷ്ട്രീയക്കാരൻ പല സിനിമകളിലും വില്ലനാണ് .കൊലപാതകം പോലുള്ള കാര്യങ്ങൾ ചെയ്താലും ഒരൊറ്റ ഫോൺ കോളിൽ അത് ഒതുക്കി തീർക്കുന്നതൊക്കെ അത്തരം സിനിമകളിൽ കാണാം .(സ്റ്റേഷൻ ജാമ്യം പോലുമില്ലാത്ത ഒട്ടേറെ കേസുകൾ രാഷ്ട്രീയക്കാരനാൽ ഒതുക്കപ്പെടും .) രാഷ്ട്രീയക്കാരന്റെ മകനാണ് വില്ലനെങ്കിൽ അച്ഛന്റെ സ്വാധീനത്തെക്കുറിച്ചൊക്കെ ഒരു വലിയ പ്രസംഗം കേൾക്കാം .പിന്നെ നേതാവിന്റെ ഗുണ്ടകളായിരിക്കും മിക്കവാറും അണികൾ . പാർട്ടി കമ്മറ്റി മീറ്റിങ്ങൊന്നും അത്തരം സിനിമകളിൽ കാണിക്കാറില്ല .രാജാവിന്റെ പ്രജകളെപ്പോലെയായിരിക്കും അണികൾ .

█ രാഷ്ട്രീയക്കാരന്റെ സാക്ഷരതയെ ട്രോളുന്നത് വേറെ ഒരു വിനോദമാണ് . ജനങ്ങളെ നയിച്ചിട്ടാണ് ഒരാൾ നേതാവാകുന്നത് എന്ന കാര്യമൊന്നും സിനിമാക്കാർ ഓർക്കാറില്ല . ബ്യുറോക്രാറ്റുകളായ നായകനെയോ സഹ താരത്തെയോ ബൂസ്റ്റ് ചെയ്യാനായിരിക്കും ഇത്തരം രംഗങ്ങൾ . ലയൺ എന്ന സിനിമയിൽ രാഷ്ട്രീയക്കാരന് എൻട്രൻസ് ടെസ്റ്റ് വേണം എന്ന വിഡ്ഢിത്തം വരെ പറയുന്നുണ്ട് .

█ എല്ലാ മന്ത്രിമാരുടെയും ബിനാമി ഇടപാടുകളെക്കുറിച്ച് പൊലീസുകാരനായ നായകന് കാണാപ്പാഠമായിരിക്കും .ഒരു സ്ഥലത്തിന്റെ ആധാരം എഴുതിയവന് പോലും ഓർമ്മ വരാൻ സാധ്യതയില്ലാത്ത കൃത്യതയോടെ പോലീസ് ഉദ്യോഗസ്ഥൻ അഴിമതിക്കാശിൽ വാങ്ങിയ സ്ഥലത്തെക്കുറിച്ച് വിവരിക്കും . മന്ത്രിമാർക്ക് സ്ഥലം വാങ്ങാൻ പറ്റിയ സ്ഥലങ്ങൾ ഊട്ടി,മൂന്നാർ എന്നിവിടങ്ങളാണ് . സ്ഥലം മാറ്റുന്ന കാര്യം പറയുമ്പോൾ നായകന് എടുത്തിട്ട് അലക്കാനുള്ളതാണ് ഈ ഡയലോഗ് .

█ കഞ്ഞിപ്പശ മുക്കിയ എന്ന ഡയലോഗ് കോൺഗ്രസ്സുകാരനോടും അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ വിയർപ്പ് വെച്ചുള്ള ഡയലോഗ് കമ്യൂണിസ്റ്റുകാരനോടും മസ്റ്റ് ആണ് .

█ സിനിമ കാരണം ഏറ്റവും കൂടുതൽ ആക്രമണം നേരിട്ടിട്ടുള്ളത് ഇടതുപക്ഷമാണ് . ഇടതുപക്ഷത്തിന്റെ ലേബലിൽ വരുന്ന ഭൂരിഭാഗം സിനിമകളും ഇടതുപക്ഷം എന്തോ വലിയ അപകടത്തിലാണ് ഇപ്പോഴുള്ള നേതൃത്വം മോശമാണ് എന്നൊക്കെയാണ് പറയാറ് .നായകനെപ്പോലുള്ള ആളുകളാണ് യഥാർത്ഥ ഇടതുപക്ഷം എന്നാണ് കാണിക്കുക .(അതായത് കയ്യടി നായകന് ,കൂവൽ പാർട്ടിക്ക് …ആഹാ എന്താ ബുദ്ധി ). പിന്നെ അഭിപ്രായ വ്യത്യാസമുണ്ടായാൽ ഉടൻ വെട്ടിക്കൊല്ലുന്നത് കാണിക്കും .

█ മന്ത്രി ഇപ്പോഴും കാശ് കയ്യിട്ട് വാരി വലിയ വീടൊക്കെ വെക്കും .എന്നാൽ നായകൻ (മിക്കവാറും ബ്യുറോക്രാറ്റ് ) ഉള്ള ശമ്പളത്തിന് പാവങ്ങളെ സഹായിക്കും .വേണമെങ്കിൽ കുറച്ച് ഉപദേശവും കൊടുക്കും .

█ മന്ത്രിയുടെ വീട്ടിലേക്ക് ശുപാർശയുമായി വരുന്ന സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതായി കാണിക്കും .

█ രാഷ്ട്രീയക്കാരന്റെ മകൻ മഹാ തെമ്മാടിയായിരിക്കും ,ഭാര്യ വഴിവിട്ട ജീവിതം നയിക്കുന്ന ആളായിരിക്കും . (ഇത് പറഞ്ഞ് ഇടയ്ക്ക് നായകന് കുത്തി രാഷ്ട്രീയക്കാരനെ നോവിക്കാനുള്ളതാ …)

█ ഈ സിനിമകളിലൊക്കെ ബ്യുറോക്രാറ്റുകളൊക്കെ മഹാ നല്ലവരായിരിക്കും . അത് വിദ്യാഭ്യാസത്തിന്റെ ഗുണമാവുമെന്ന് നമ്മൾ അങ് വിശ്വസിക്കണം .

█ കൊച്ചിയിലെ ബോൾഗാട്ടി പാലസാണ് പല മന്ത്രിമാരുടെയും ബംഗ്ലാവ്‍ .

█ തീവ്രവാദിക്കൊക്കെ മന്ത്രി ഭവനത്തിലേക്ക് ഫ്രീ എൻട്രിയാണ് . അവിടെ വന്ന് സ്യൂട്ട് കേസിൽ പണമൊക്കെ കൊടുക്കും . അപ്പൊ മന്ത്രി സ്വന്തം നാട്ടിൽ ബോംബിട്ടോളാൻ പറയും .

ഒരു പ്രായത്തിന് ശേഷം പത്രം വായന തുടങ്ങിയില്ലെങ്കിൽ ഈ സിനിമകളുടെ സ്വാധീനത്തിൽ ഏത് മലയാളിയും അരാഷ്ട്രീയ വാദി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ …
നന്ദി