പ്രിയപ്പെട്ട മാതൃഭൂമിക്ക്, നായർക്ക് അർഹതപ്പെട്ട അംഗീകാരം ചാനലിലൂടെ നിങ്ങൾ വാര്യർക്ക് നൽകുന്നതിൽ കലശലായ സങ്കടമുണ്ട്

56

Pongummoodan Hareesh Sivaraman

പ്രിയപ്പെട്ട മാതൃഭൂമിക്ക്,

നായർക്ക് അർഹതപ്പെട്ട അംഗീകാരം ചാനലിലൂടെ നിങ്ങൾ വാര്യർക്ക് നൽകുന്നതിൽ കലശലായ സങ്കടമുണ്ട്. ഈയുള്ളവന്റെ പ്രതിഷേധം നീറുന്ന മനസ്സോടെ അറിയിക്കുകയാണ്. സക്കർബർഗർ ഫെയ്സ്ബുക്ക് കണ്ടുപിടിച്ച നാളുമുതൽ തുടങ്ങിയതാണ് മാതൃഭൂമീ…, നായന്മാരുടെ ശനിദശ. സകലജാതി മനുഷ്യരും കൂടി നായന്മാരുടെ നെഞ്ചത്താണ് പൊങ്കാലയിടൽ. ലക്ഷണമൊത്ത മതേതരരാവണമെങ്കിൽ നായർവിരുദ്ധത കൂടിയേ തീരൂ എന്നാണെത്രെ വയ്പ്പ്! മാതൃഭൂമിക്ക് അറിയാമല്ലോ, പണ്ടുകാലത്ത് രാജാധിപത്യവും മറ്റും അല്ലായിരുന്നോ. ശേഷിയും ശേമുഷിയുമുള്ള കുറച്ച് നായന്മാർ രാജാവിനോട് സേവ പിടിച്ച് പദവിയും പ്രമാണവും എല്ലാം ഉണ്ടാക്കി.എന്നാലും ബഹുഭൂരിപക്ഷം നായന്മാർക്കും വാലുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പം വാലിൽ കെട്ടിയ ദാരിദ്ര്യവും കഷ്ടതകളും മാത്രം.

ചരിത്രത്തിൽ കുളിച്ചുനിൽക്കുന്നവരായ ചില അറുപഴഞ്ചൻ നായന്മാർ പണ്ടെങ്ങോ കാലത്ത് ചെയ്ത അപരാധങ്ങൾക്ക് ഞങ്ങൾ നവമാധ്യമകാല നായന്മാർ എന്തുപിഴച്ചു? പണ്ടുകാലത്ത് സവർണ്ണർ എന്ന ജഴ്സിയിൽ വിലസിയവർ അവർണ്ണർ എന്ന ജഴ്സിയിൽ വലഞ്ഞവരോട് കാണിച്ച അതേ അയിത്തബുദ്ധിയും വെറുപ്പുമല്ലേ ഇപ്പോൾ നായന്മാർ ഇതരജാതികളിൽ നിന്നും സൈബറിടങ്ങളിലൂടെ അനുഭവിച്ചുവരുന്നത്. അതിൽ ന്യായമെന്ത്? അതെന്ത് അന്യായമാണ്?രാജാധിപത്യം മാറി. ജനാധിപത്യം വന്നു. എന്താ അതിന്റെ വ്യത്യാസം എന്ന് ചോദിച്ചാൽ മന്ത്രിമാർ രാജാക്കന്മാർ ആയെന്ന് മാത്രം.‘ആരെവിടെ..’ എന്ന ഗർജ്ജനവും ‘അടിയൻ..’ എന്ന ഞരക്കവും ഇല്ലാതായി. അതുപോലെ ‘തലകൊയ്യലി‘ന് പകരം എണ്ണം പറഞ്ഞ വെട്ടിക്കൊല ആയെന്ന് മാത്രം. രഥത്തിന് പകരം ഇന്നോവ.
ബാക്കിയെല്ലാം ഒരുപോലെ…

അന്ന് രാജാക്കന്മാരോട് സേവപിടിച്ച് യോഗ്യന്മാരായ നായന്മാരുടെ സ്ഥാനത്ത് ഇന്ന് ജനാധിപത്യത്തിലെ രാജാക്കന്മാരായ മന്ത്രിമാരുടെ സേവപിടിച്ച് ആളാവുകയും അർത്ഥമുണ്ടാക്കുകയും ചെയ്യുന്ന ശേഷിയും ശേമുഷിയുമുള്ള നാനാജാതി മതസ്ഥരുണ്ട്. അക്കാലത്തെ അവർണ്ണരാണ് ഇക്കാലത്തെ നായന്മാർ.ഞങ്ങൾക്ക് അഭിമാനിക്കാൻ ഇന്നൊന്നുമില്ല. കോലിയക്കോട് കൃഷ്ണൻ എന്ന ഒരു നായർ പ്രമാണി ഇന്നത്തെ രാജാവുമായി ക്ഷമിക്കണം… ചക്രവർത്തിയുമായി ഏറെ അടുപ്പം പുലർത്തുന്നുണ്ടെന്ന് കേൾക്കുന്നു. നാളിതുവരെ അങ്ങനെ ഒരാളെ ഈയുള്ളവൻ കണ്ടിട്ടില്ല. ആമസോൺ പോലെയാണ് ഈയുള്ളവന് കോലിയക്കോട് കൃഷ്ണൻ നായർ. ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. കാണാനുണ്ടോന്ന് ചോദിച്ചാൽ ഇല്ല. അതാ നില.

ഇന്ന് നായന്മാർക്ക് എണ്ണിപ്പറയാൻ കാര്യമായ നേട്ടങ്ങൾ ഒന്നുമില്ല മാതൃഭൂമി. ഉയർത്തിക്കാട്ടാൻ കഴിയുന്ന ആളുകളുമില്ല.  പണ്ട് സോളാർ കൃഷി നടത്തിയിരുന്ന ഒരു നായർ നാരി ഉണ്ടായിരുന്നു. ഭരണത്തിൽ സ്വല്പം പിടിപാടൊക്കെ ഉണ്ടായിരുന്നവളാണ്. പക്ഷേ പെട്ടെന്ന് ഒളി മങ്ങിപ്പോയി. ഇപ്പോൾ പിന്നെയുള്ളത് 80K എന്ന് അറിയപ്പെടുന്ന ഒരു നായർ മങ്കയാണ്. വ്യഭിചാര വ്യവസായത്തിൽ ശരീരം നിക്ഷേപിച്ച് കോടികൾ കൊയ്യുന്നവളാണ്. പക്ഷേ പെരുന്നയുമായി ബന്ധമില്ല. സമുദായവിരോധിയാണ്. ശരീരം സമ്പാദിക്കുന്നതൊക്കെ ഇതരജാതിക്കാരനായ തന്റെ ‘നായർ’ ആണെത്രെ അനുഭവിക്കുന്നത്. ഞങ്ങൾ നായന്മാർക്ക് അതുകൊണ്ടെന്ത് ഗുണം മാതൃഭൂമീ.

അങ്ങനെ ആറ്റുനോറ്റിരിക്കുമ്പോഴാണ് ലക്ഷണമൊത്ത ഒരു പുരുഷനായർ ഞങ്ങൾ നായന്മാരുടെ അഭിമാനമുയർത്തുന്ന നിലയിൽ വളർന്നുവന്നത്. സന്ദീപ് നായർ കുലപുരുഷൻ ആണ്. സ്വർണ്ണത്തിന് വില കല്പിക്കുന്നവൻ. അതുകൊണ്ട് മൂലത്തിൽ കയറ്റില്ല. നയതന്ത്ര ബാഗിൽ തന്നെ സ്വർണ്ണം പൊതിഞ്ഞ് കൊണ്ടുവരുന്നവൻ. ഞങ്ങൾ നായന്മാരുടെ വാരിയംകുന്നൻ ആണ് സന്ദീപ് നായർ.
എന്നാൽ മാതൃഭൂമീ… നിങ്ങൾ ആ ക്രെഡിറ്റ് അത്രയും സന്ദീപ് വാര്യർക്ക് നൽകി വരികയാണ്. സന്ദീപ് വാരിയർ അല്ല ഞങ്ങളുടെ വാരിയംകുന്നൻ. അത് സന്ദീപ് നായർ മാത്രമാണ്.

നായരുടെ നേട്ടം കണ്ട വാര്യന്മാർക്ക് കൊടുക്കാൻ ഞങ്ങൾ മാതൃഭൂമിയെ ഞങ്ങൾ അനുവദിക്കില്ല. വാര്യർമാരുമായി ഞങ്ങൾ നായന്മാർക്ക് യാതൊരു ഇടപാടുമുള്ളതല്ല. അബദ്ധമാണെങ്കിൽ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മനപ്പൂർവ്വമാണെങ്കിൽ… മാതൃഭൂമീ… ഭയക്കണം. ജയ് ജയ് കരയോഗം.. ജയ് ജയ ഞങ്ങടെ പോപ്പ്…എന്ന് കണ്ണുകകളിൽ എരിയുന്ന കനലുമായി ഒരു കൊടും‌നായർ.
(നല്ല ചുട്ട ഒപ്പ്)