പൊന്നിയിൻ സെൽവൻ – നോവലും സിനിമയും
Vishnu M Krishnan
ഈ വരുന്ന സെപ്റ്റംബർ 30-ന് മണിസാറിന്റെ ഡ്രീം പ്രൊജക്റ്റ് ആയ ‘പൊന്നിയിൻ ശെൽവൻ – ഭാഗം 1’ റിലീസാവുകയാണ്. എന്നാപ്പിന്നെ നോവലിനെയും സിനിമയെയും കുറിച്ചുള്ള ചില ചിന്തകൾ പങ്കുവെക്കാമെന്നു കരുതി.
പുസ്തകത്തെക്കുറിച്ച് :
തമിഴ്നാട് അടക്കിവാണിരുന്ന ചേരചോഴപാണ്ഡ്യരിൽ പ്രധാനമായും ചോഴ പരമ്പരയുടെ കഥയാണ് കൽക്കി കൃഷ്ണമൂർത്തി തന്റെ ഇതിഹാസതുല്യമായ നോവലിൽ പറഞ്ഞിരിക്കുന്നത്. 5 ഭാഗങ്ങളായി പുറത്തിറങ്ങിയ പുസ്തകത്തിന്റെ പേര് പ്രതിപാദിക്കുന്നത് തഞ്ചാവൂരിലെ വിശ്വപ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രം പണികഴിപ്പിച്ച രാജരാജചോളൻ അഥവാ അരുൾമൊഴിവർമ്മനെയാണെങ്കിലും, നോവൽ മുന്നോട്ടുപോകുന്നത് വല്ലവരയൻ വന്ദ്യദേവൻ, ആഴ്വാർ കടിയാൻ നമ്പി എന്നീ കഥാപാത്രങ്ങളുടെ യാത്രയിലൂടെ, ചരിത്രവും ഭാവനയും ഇടകലർത്തിക്കൊണ്ടാണ്.
വായനാനുഭവം :
എന്റെയൊരു കൂട്ടുകാരൻ, വെട്രിമാരന്റെ വടചെന്നൈ സിനിമയെ ഉദ്ധരിച്ച് പറഞ്ഞതോർക്കുന്നു; തുടർന്ന് പറയുന്നതാണതിന്റെ രത്നച്ചുരുക്കം — ആദ്യം ഒരു പ്രധാനപ്പെട്ട സംഭവമങ്ങ് കാണിച്ചുതരും (റെസ്റ്റോറന്റിലെ കൂട്ടക്കൊല സീൻ). പിന്നെ ആ സംഭവത്തിൽ കലാശിക്കാനുണ്ടായ കാരണം, തുടക്കം മുതൽ വിശദമായിത്തന്നെ. പിന്നീട് ആ പ്രധാന സംഭവത്തിനു ശേഷം നടക്കുന്ന കാര്യങ്ങളും. അവന്റെ അഭിപ്രായത്തിൽ ഇത്തരം ആഖ്യാനരീതി നമുക്ക് സമ്മാനിക്കുക രണ്ട് സിനിമകൾ ഒരുമിച്ച് കണ്ട ഫീലാണ് എന്നതായിരുന്നു. ഇപ്പറഞ്ഞ ശൈലിയിലാണ് പൊന്നിയിൻ ശെൽവനും പുരോഗമിക്കുന്നത്. ഞാൻ വായിച്ചത് ഡിസി ബുക്സ് രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ജി. സുബ്രഹ്മണ്യന്റെ സംഗ്രഹമായിരുന്നു. ചിലയിടങ്ങളിൽ ചുരുക്കിയത് പ്രകടമായിരുന്നെങ്കിലും മൂലഗ്രന്ഥത്തിന്റെ സത്ത ചോർന്നുപോകാതെതന്നെ അനായാസവായന സാധ്യമാക്കുന്ന തരത്തിലായിരുന്നു എഴുത്ത്. ആടിമാസത്തിൽ (കർക്കിടകം) കഥ പറഞ്ഞുതുടങ്ങുന്ന നോവൽ ആടിമാസത്തിൽ തന്നെ വായിച്ചുതുടങ്ങി അവസാനിപ്പിക്കാൻ കഴിഞ്ഞത് യാദൃശ്ചികം.
വരാനിരിക്കുന്ന സിനിമയെപ്പറ്റി :
തമിഴകത്തിന്റെ ‘ഗെയിം ഓഫ് ത്രോൺസ്’ എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന, രാജ്യാവകാശത്തർക്കങ്ങളും ഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങളുമൊക്കെ അടങ്ങിയ പക്കാ ഡ്രാമയെ എങ്ങനെ മണിരത്നം സിനിമയായി ചിത്രീകരിക്കുമെന്നറിയാൻ കൗതുകമുണ്ട്. നാലോ അഞ്ചോ സീസണുകളടങ്ങിയ സീരീസായിരുന്നു ഉചിതം. നേരത്തെ സൂചിപ്പിച്ചപോലെ വിക്രം (ആദിത്യകരികാലൻ), ജയം രവി (അരുൾമൊഴിവർമ്മൻ) എന്നിവരേക്കാൾ റോൾ കാർത്തിയ്ക്കും (വന്ദ്യദേവൻ), ജയറാമിനും (ആഴ്വാർ കടിയാൻ) ആയിരിക്കും. ജയറാമേട്ടന്റെ അത്യുഗ്രൻ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. DC ഇറക്കിയ സംഗ്രഹത്തിൽ ചുരുക്കത്തിൽ പറഞ്ഞുപോയിരിക്കുന്ന ആദിത്യകരികാലന്റെ വീരശൂരപരാക്രമങ്ങൾ വിക്രത്തെ കാസ്റ്റ് ചെയ്ത സ്ഥിതിക്ക് വിശദമായിത്തന്നെ വെള്ളിത്തിരയിൽ കാണാമെന്നുറപ്പാണ്. ടീസറിൽ കണ്ട ആ glimpses — “ഇന്ത കള്ളും, പാട്ടും, രത്തമും, പോർക്കളവും…” എന്ന ഡയലോഗ് അടങ്ങിയത് — ഒരു ഗംഭീര സീനിന്റെ മണിരത്നം style of portrayal ആണ്. ഒരൂഹം വച്ച് PS-1 ന്റെ ഇന്റർവൽ ബ്ലോക്ക് ആവാൻ സാധ്യതകാണുന്നുണ്ട്. അതുപോലെ കോരിത്തരിപ്പിച്ച രംഗം നോവലിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വേറെ കണ്ടിട്ടില്ല (അഭിപ്രായം വ്യക്തിപരം). ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐശ്വര്യ റായിയുടെ പെർഫോമൻസ് കാണാനാണ്. പുസ്തകം വായിച്ചവർക്കറിയാം നന്ദിനി എന്ന ക്യാരക്ടറിന്റെ ഡെപ്ത്ത്!
NB :
1. കുന്തവൈ ദേവി, പൂങ്കുഴലി, ചെമ്പിയിൻ മഹാദേവി, ഈഴത്ത് റാണി തുടങ്ങി ഒട്ടേറെ ശക്തമായ സ്ത്രീകഥാപാത്രങ്ങളും നോവലിലുണ്ട്. അവരെ പരാമർശിക്കാതെ പോകുന്നത് ശരിയല്ലല്ലോ.
2. സിനിമ കാണുന്നതിനു മുന്നേ ക്യാരക്ടേഴ്സിനെ അറിഞ്ഞു വെക്കാമെന്നു കരുതി ആരും വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്ന family tree നോക്കരുത്. നല്ലപോലെ സ്പോയിലേർസ് കിട്ടും.