ഒരു സുഖപര്യവസാന പ്രണയ പൂക്കാലം

Shyam Zorba

സംവിധായകൻ ഗണേഷ് രാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭം ആണ് പൂക്കാലം. തിയേറ്ററുകളിൽ നിന്നും സിനിമ OTT യിലേക്ക് എത്തിയിരിക്കുന്നു. പൂർണ്ണമായും ഒരു അതി ഗംഭീര സിനിമ എന്ന് അവകാശപ്പെടാൻ പൂക്കാലത്തിന് സാധിക്കില്ല. ആദ്യ സിനിമയിൽ നിന്നും മേക്കിങ്ങിൽ കാര്യമായ പുരോഗതി വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ സംശയം തന്നെയാണ്. എങ്കിലും ഒരു വളർച്ച കാണാൻ ചിലയിടങ്ങളിൽ സാധിക്കുന്നുമുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടൻ വിജയരാഘവനും നടി KPAC ലീലയും യഥാക്രമം ഇട്ടൂപ്പും കൊച്ചുത്രേസ്യയും ആയി പ്രധാന വേഷത്തിൽ അവതരിപ്പിക്കപ്പെടുന്നു. ഒപ്പം ബേസിലും, വിനീത് ശ്രീനിവാസനും അന്നു ആന്റണി , ശരത് സഭയും റോഷൻ,അരുൺ ഉൾപ്പെടെ ഒരു യുവ താരനിരയും, ജഗദീഷ്, സുഹാസിനി, അബു സലിം, ജോണി ആന്റണി, സരസ ബാലുശ്ശേരി തുടങ്ങിയ തഴക്കം വന്ന അഭിനേതാക്കളും സിനിമയുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

തൊണ്ണൂറുകളുടെ അവസാനത്തിലും മനോഹരമായി പ്രണയിക്കുന്ന ഇട്ടൂപ്പും കൊച്ചുത്രേസ്യയും അവരുടെ പ്രണയവും ഉൾപ്പെടെ ഉള്ള വികാരനിമിഷങ്ങൾ തന്നെയാണ് പ്രേക്ഷകരെ സിനിമ ഇഷ്ടപ്പെടുത്തുന്നത് എന്ന് പറയേണ്ടി വരും. തികച്ചും പാട്രിയാർക്കൽ ചിന്തക്കാരൻ ആയ ഇട്ടൂപ്പിന് തന്റെ ഭാര്യ കൊച്ചുത്രേസ്യയിൽ വരുന്ന ഒരു സംശയത്തെ ചുറ്റിപറ്റി, കൊച്ചുത്രേസ്യക്ക് അൻപത് വർഷങ്ങൾക്ക് മുൻപ് കിട്ടിയ ഒരു കത്ത് ചുറ്റിപ്പറ്റി ഒക്കെ ആണ് കഥ മുന്നോട്ട് പോകുന്നത്. യുവതലമുറകൾക്ക് അംഗീകരിക്കാൻ ആവാത്ത ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രശ്നങ്ങളുമായി ഇട്ടൂപ്പ് എല്ലാവരെയും ശരിക്കും വട്ടം കറക്കുന്നു എന്ന് തന്നെ പറയാം.

സിനിമയിലെ മറ്റെന്തിനെക്കാളും എടുത്തു പറയേണ്ടത് നടൻ വിജയരാഘവന്റെ അഭിനയം തന്നെ ആണ്. മനോഹരമായ ചമയത്തിലൂടെ ഗംഭീര മെക്കോവർ നടത്തിയ മേക്കപ്പ് മാനും കയ്യടി അർഹിക്കുന്നു. ചില സീനുകളിൽ വളരെ വികാരത്തോടെ കൈവിരലുകൾ മാത്രം ചലിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചില അവതരണങ്ങൾ അതി ഗംഭീരം എന്ന് തന്നെ പറയാം. ശരിക്കും തന്റെ ഇത്രയും വർഷത്തെ അഭിനയജീവിതവും എക്സ്പീരിയൻസും എടുത്തു കാണിക്കുന്നുണ്ട് ഈ അഭിനയത്തിൽ. സിനിമക്ക് ശേഷവും മനസ്സിൽ നിൽക്കുന്നത് എന്ത് എന്ന ചോദ്യത്തിന് അത് ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യയുടെയും അഭിനയം തന്നെ ആണ് എന്നതാണ് ഉത്തരം. അവർ തന്നെ ആണ് കഥയെക്കാൾ ആ സിനിമയുടെ ആകർഷണവും. വളരെയേറെ നാടകീയത സംഭവിക്കാൻ സാധ്യതയുള്ള കഥാപാത്രം ആണ് KPAC ലീല അവതരിപ്പിച്ച കൊച്ചുത്രേസ്യയുടെ കഥാപാത്രം. ചിലയിടങ്ങളിൽ ഒക്കെ വലിച്ചിൽ തോന്നി എങ്കിൽ കൂടെ പരമാവധി കയ്യടക്കത്തോടെ കഥാപാത്രം അവർ മനോഹരമാക്കി.

തമാശകൾക്ക് വേണ്ടി ചിത്രീകരിച്ച പല രംഗങ്ങളും വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല എന്ന് തോന്നിപോകും. ഒരു ശുദ്ധഹാസ്യം കൃത്യമായ രീതിയിൽ വർക്ക്‌ഔട്ട്‌ ആയിട്ടില്ല എങ്കിൽ കൂടെ ചില ഇടങ്ങളിൽ ഒക്കെ ചിരി പടർത്തുന്നുമുണ്ട്.ഒരു വലിയ കഥാപാത്രനിര തന്നെ സിനിമയിൽ ഉണ്ട്.ഒരു ഫീൽഗുഡ് സിനിമ ആയി കണ്ടിരിക്കാവുന്ന സിനിമ തന്നെ ആണ് പൂക്കാലം.അഭിനേതാക്കളുടെ പ്രകടനങ്ങൾ, ഇമോഷണൽ ട്രീറ്റ്മെന്റ് എന്നിവയൊക്കെ തന്നെയാണ് സിനിമയിൽ വിജയിച്ചു നിൽക്കുന്നത്.ഒരു ഘട്ടം വരെ സംവിധായകൻ തന്റെ സിനിമയിൽ, അതിന്റെ നിർമാണത്തിൽ വിജയിച്ചു എങ്കിലും കൂടുതൽ മെച്ചപ്പെടുത്താൻ, അത് വരും സിനിമകളിൽ കാണാൻ ഇടയുണ്ടാവട്ടെ.

 

Leave a Reply
You May Also Like

അലങ് ചിത്രത്തിലെ ആദ്യ ഗാനം “കാളിയമ്മ” റിലീസായി

അലങ് ചിത്രത്തിലെ ആദ്യ ഗാനം “കാളിയമ്മ” റിലീസായി ചെമ്പൻ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ ,ഗുണനിധി…

മണിയെ കുറിച്ച് മോശമായൊരു ഉപമ പടച്ചു വിടുന്നതിൽ യാതൊരു ശരികേടും തോന്നിയില്ലേ നാദിർഷാക്ക് ?

വിപിൻ കല്ലിങ്ങൽ വെട്ടം എന്ന പ്രിയദർശൻ ചിത്രത്തിലെ മക്കസായി മക്കസായി റമ്പമ്പോ എന്ന ഗാനം.നാദിർഷയുടെ വരികൾക്ക്…

കിംഗ് ഓഫ് കൊത്തയുടെ സ്‌ക്രീനിങിനൊപ്പം വേലയുടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

കിംഗ് ഓഫ് കൊത്തയുടെ സ്‌ക്രീനിങിനൊപ്പം വേലയുടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് ഷെയിൻ നിഗം സണ്ണി വെയ്ൻ എന്നിവർ…

ചില സിനിമകൾ നമ്മുടെ മനസിനെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കുമായി കേന്ദ്രീകരിച്ചു നിർത്തും

sAnJeEv ചില സിനിമകൾ നമ്മുടെ മനസിനെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കുമായി കേന്ദ്രീകരിച്ചു നിർത്തും. അത് അഭിനേതാക്കളുടെയും സംവിധായകരുടേയും…