Ragesh
ഇതൊരു സിനിമയല്ല. കവിതയാണ്. ആ കവിതയുടെ അലങ്കാരം പൂർണിമയുമാണ്. ഇത്രയും വർഷം ഇവിടെയുണ്ടായിരുന്നിട്ടും പൂർണിമ ഇന്ദ്രജിത്ത് എന്ന നടിയുടെ അഭിനയ മികവ് ഇത്ര ഗംഭീരമായി ഉപയോഗിച്ച മറ്റൊരു സിനിമയില്ല. സിനിമയുടെ ആദ്യത്തെ 15 മിനിറ്റ് ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ആ ഫസ്റ്റ് ആക്റ്റിൽ തന്നെ പൂർണിമയുടെ സ്വാഭാവിക അഭിനയത്തിന് മുന്നിൽ അത്ഭുതപ്പെട്ടുപോയി. ഒപ്പം “കരയ്ക്കന്നെ തനിച്ചാക്കീട്ട്” എന്ന സയനോര പാടിയ ഷഹബാസ് അമൻറെ ആ ഗാനവും. തുടക്കത്തിലെ ടൈറ്റിൽ ഗ്രാഫിക്സ് മുതൽ സിനിമ അവസാനിക്കുന്ന രംഗം വരെ രാജീവ് രവിയുടെ ചിത്രരചനയാണ് തുറമുഖം. ഓരോ ഫ്രെയിമും വരച്ചുവെച്ച ഓരോ ചിത്രങ്ങൾ.
1920 മുതൽ 60 വരെയുള്ള മട്ടാഞ്ചേരിയുടെ ചരിത്രം പറയുന്ന, ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന കലാപങ്ങളുടെ ദൃശ്യാവിഷ്കാരമായ ഈ ‘തുറമുഖ’ത്ത് എല്ലാ കാലഘട്ടത്തിലും ഒരേപോലെ ഉള്ളത് സുദേവ് നായരും പൂർണിമയും ആണ്. പിന്നെ മണികണ്ഠൻ ആചാരിയും. മൂന്നുപേരും —കിടിലൻ പെർഫോമൻസ്!! പ്രത്യേകിച്ച് പൂർണിമയുടേത്- എനിക്ക് തോന്നുന്നു ഈ അതുല്യ നടിയുടെ കരിയർ ബെസ്റ്റ് ആണ് തുറമുഖത്തിലെ ഉമ്മ. വലിയ രാഷ്ട്രീയം ഒന്നും കളിച്ചില്ലെങ്കിൽ ഒരു ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസിനുള്ള നാഷണൽ അവാർഡ് പ്രതീക്ഷിക്കാവുന്ന ഒരു കഥാപാത്രം. തുടക്കം മുതൽ ഒടുക്കം വരെ പൂർണിമയുടെ ക്യാരക്ടർ ആണ് സിനിമ കൊണ്ടുപോകുന്നത് .നമ്മൾ എപ്പോഴും അവരുടെ ഭാഗത്താണ് നിൽക്കാനും ആഗ്രഹിക്കുക. ആ വാനിന്റെ പിറകെയുള്ള ഓട്ടം. സുദേവ് നായർ എന്ത് ഇരുത്തം വന്ന നടൻ ആണെന്നുള്ളതും തുറമുഖം തെളിയിക്കുന്നുണ്ട്. അല്പനേരമുള്ള ജോജു ജോർജും.
നിവിൻ പോളിയും അർജുൻ അശോകനും തമ്മിലൊരു പ്രകടന മത്സരവും നടക്കുന്നു. നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, ഇന്ദ്രജിത്ത് പേരറിയാത്ത ഒരുപാട് നടി നടന്മാർ ഉൾപ്പെടെ അഭിനയിച്ച എല്ലാവരുടെയും നാച്ചുറൽ പ്രകടനം. കെയുടെ ക്ലാസിക് പശ്ചാത്തല സംഗീതവും. മോശം അഭിപ്രായങ്ങൾ എവിടെയെങ്കിലും കേട്ട് മിസ്സ് ആക്കരുത്. ഒരു ഫിലിം ഫെസ്റ്റിവൽ മെറ്റീരിയൽ ആണിത്. ഇപ്പോഴും ആദ്യത്തെ ആ കറുപ്പും വെളുപ്പും കലർന്ന ദൃശ്യങ്ങൾ മനസ്സിൽ നിന്നും മായുന്നില്ല.