സ്നേഹത്തിന്റെ മധുരമാണ് എനിക്ക് പോപ്പിന്‍സ് മിഠായികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ എവിടെ കണ്ടാലും ഒരു പാക്കറ്റ് ഞാനറിയാതെ വാങ്ങിപോകും എന്റെ കുട്ടികള്‍ക്ക് വേണ്ടി.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഹിമായത്ത് സ്കൂളില്‍ നിന്നും ഉപ്പ ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത് അതിനു വേണ്ടിയായിരുന്നു. അതിന്റെ പലവിധ വര്‍ണ്ണങ്ങളില്‍ ഒളിപ്പിച്ച സ്നേഹത്തെ ആയിരുന്നു. ഇന്ന് എന്റെ കുട്ടികള്‍ അത് നുണയുമ്പോള്‍ അവരുടെ ചുണ്ടില്‍ വിരിയുന്ന മധുരമുള്ള ചിരി കാണുമ്പോള്‍ ഞാനോര്‍ക്കുക എന്റെ ഉപ്പയെ ആണ്.
പോപ്പിന്‍സ്കാലം കഴിഞ്ഞെത്തിയത് ബാലരമയും പൂമ്പാറ്റയും മലര്‍വാടിയും നല്കിയ ചിത്രകഥകളുടെ ലോകത്തേക്കാണ്. പിന്നെയുള്ള കാത്തിരിപ്പുകള്‍ അതിനുവേണ്ടിയായിരുന്നു. ബാലരമയില്‍ ഒരു പദപ്രശ്നം പൂരിപ്പിച്ചയച്ചതിന് ഒരിക്കല്‍ സമ്മാനം കിട്ടി. എന്റെ പേരതില്‍ അച്ചടിച്ച് വന്നപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. സമ്മാനമായി കിട്ടിയ പതിനഞ്ചു രൂപയില്‍ നിന്നും ഞാനൊരു നോട്ട്ബുക്ക് വാങ്ങിയത് സച്ചിന് ടെണ്ടുല്‍ക്കറുടെ ചിത്രം ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. ആ അനാവിശ്യത്തിന് കിട്ടിയ അടിക്ക് ഒരു സച്ചിന് സിക്സറിന്റെ ചൂടും ഉണ്ടായിരുന്നു.
ഇന്ന് ഉപ്പ വിടപറഞ്ഞിട്ട് മൂന്നു വര്‍ഷം കഴിയുന്നു. എനിക്ക് നഷ്ടപ്പെട്ടത് ഒരു സുഹൃത്തിനെ കൂടിയായിരുന്നു. എന്റെ വഴികളില്‍ വെളിച്ചം വിതറിയ ഒരു വിളക്കുമാടത്തെ. ആ ശൂന്യത ഇന്നും ജീവിതത്തില്‍ നിറയുന്നത് കൊണ്ടാണ് മൂന്നു വര്‍ഷത്തെ ഒരു മുന്നൂറു വര്‍ഷമായി എനിക്ക് തോന്നുന്നത്. ഒരു അവധിക്കാലം കൂടി അടുക്കുന്നു. ഞങ്ങളുടെ വരവും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം സന്തോഷം നല്കുന്നെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഉമ്മറത്തെ കസേര എനിക്ക് നല്കുന്ന വിഷമം ചെറുതല്ല.
എഴുത്തിനെയും വായനയേയും ഒരു പാട് ഇഷ്ടപെട്ടിരുന്ന ഉപ്പാക്ക് എന്റെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങള്‍ വരികളാക്കി ഒരു ഓര്‍മ്മകുറിപ്പ്. ഒപ്പം മനസ്സില്‍ വരുന്നത് അക്ഷരങ്ങളാവുമ്പോള്‍ ഉള്ള ആശ്വാസം. പ്രാര്‍ഥനയോടെ.